
തലശ്ശേരിയിലെ “”മീൻകൂക്കി”യും ഉണ്ണിമേരിയും
ഭാഗം ഒന്ന്

ഡോ. സാജൻ എൻ
ഭാരതീയ കാവ്യശാസ്ത്രത്തിൽ കാവ്യാസ്വാദനത്തെക്കുറിച്ചുള്ള ശ്ലോകം രുചിയറിവിനെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രസക്തിയേറെയുള്ള വർണ്ണനയായി കരുതാവുന്നതാണ്.
“”ഇക്ഷു, ക്ഷീര, ഗുഡാദീനാം
മാധുര്യസ്യാന്തരം മഹത്
തഥാപിനതദാഖ്യാതും
സരസ്വത്യപിശക്യതേ”
കരിമ്പ്, പാൽ, ശർക്കര എന്നിവയുടെ മധുരതരമായ രുചി എല്ലാവരും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാൽ അവ ഓരോന്നിന്റെയും മാധുര്യത്തെ വിവരിച്ച് വർണ്ണിക്കാൻ ജ്ഞാനദേവതയായ സരസ്വതിക്ക് പോലും സാധിക്കില്ല. ശരീരഘടനാശാസ്ത്രം പരിശോധിക്കുകയാണെങ്കിൽ നാവിന്റെ ഉപരിതലത്തിൽ വിവിധയിടങ്ങളിലായി രുചികളെ തിരിച്ചറിയാൻ ശേഷിയുള്ള സംവേദ കോശങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം.
മധുരം, കയ്പ്, എരിവ്, പുളി, ചവർപ്പ്, ഉപ്പ് രസം എന്നിവ സംവേദകോശങ്ങളുമായി ബന്ധപ്പെടുമ്പോഴാണ് നമുക്ക് രുചി എന്ന അനുഭവം ഉണ്ടാവുന്നത്. രുചിയുടെ തത്വശാസ്ത്രം ഉപയോഗിച്ചാണ് ഭാരതീയകാവ്യമീമാംസ സാഹിത്യത്തെയും കലകളെയും അപഗ്രഥനവിധേയമാക്കുന്നത് എന്നും നമുക്ക് അറിയാവുന്നതാണ്. ഓരോ ഭക്ഷണവിഭവവും വിചിത്രവും നവീനവുമായിരിക്കുന്നതുപോലെ തന്നെയാണ് ഓരോ സാഹിത്യകൃതിയും ഓരോ അനുവാചകനും ആത്മനിഷ്ഠമായി അത് അനുഭവവേദ്യമായി ഉരുത്തിരിയുന്നത്. കുമാരനാശാൻ സാഹിത്യാസ്വാദനത്തെ വിവരിക്കുന്നതുപോലെ തന്നെയാണ് ഓരോ രുചിയനുഭവവും.
“”ക്ഷിതിയിലഹഹ മർത്യജീവിതം
പ്രതിജനഭിന്ന വിചിത്രമാർഗമാം
പ്രതിനവരസമാമതോർക്കുകിൽ
കൃതികൾ മനുഷ്യകഥാനുഗായികൾ”
മല്ലിയും മുളക്പൊടിയും കറിവേപ്പിലയും പുളിയുമെല്ലാം ഒത്തുചേർന്ന് ഇതൊന്നുമല്ലാത്ത ഒരു പുതിയ രുചി ഉരുത്തിരിഞ്ഞു വരുന്നതുപോലെ തന്നെയാണ് വിഭവാനുഭാവാദികളാകുന്ന പല ഘടകങ്ങളും ചേർന്ന് പുതിയൊരു രസാനുഭവം സാഹിത്യത്തിലും കലയിലും ഉണ്ടായിത്തീരുന്നത്. തലശ്ശേരി ഉത്തരമലബാറിന്റെ സാംസ്കാരിക തലസ്ഥാനം എന്നതുപോലെ തന്നെ മീൻ വിഭവങ്ങളുടെ തലസ്ഥാനമായി ആളുകളുടെ ബോധ അബോധ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു ആശയരൂപകമാണ്. ഇങ്ങനെ വിവക്ഷിക്കുവാൻ വേണ്ടി ഒട്ടേറെ കാരണങ്ങളും ന്യായീകരണങ്ങളും യുക്തിയും കണ്ടെത്താൻ നിഷ്പ്രയാസം സാധിക്കുമെന്നതിൽ തർക്കമില്ല. തലശ്ശേരിക്ക് ചുറ്റുമുള്ള കടലിന്റെയും പുഴകളുടെയും തോടുകളുടെയും വയലുകളുടെയും വകയായുള്ള വരദാനമാണ് മീൻ സമ്പത്ത്. തലശ്ശേരിയുടെ പരിസ്ഥിതി, സംസ്കാരം, തൊഴിൽ, വിനോദം, ചരിത്രം, പാരമ്പര്യം തുടങ്ങിയവയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മീൻ എന്ന പ്രകൃതിജന്യ ജൈവവസ്തു. തലശ്ശേരി, ധർമ്മടം, മുഴപ്പിലങ്ങാട്, ചാൽ, തലായി എന്നീ തീരപ്രദേശങ്ങളിലെല്ലാം തന്നെ മത്സ്യബന്ധനവും മത്സ്യസംസ്കരണവും നൂറ്റാണ്ടുകളായി ധീവര, തീയ്യ, മുസ്ലീം, ലത്തീൻ കൈ്രസ്തവ സമുദായങ്ങളുടെ പ്രധാന തൊഴിലുകൾ തന്നെയായിരുന്നിരിക്കാം. ഇൗ കടൽ തീരപ്രദേശങ്ങളിലും അതുപോലെ കൊടുവള്ളി, ധർമ്മടം, മേലൂർ എരഞ്ഞോളി, മമ്പറം, പിണറായി, അഞ്ചരക്കണ്ടി എന്നീ പ്രദേശങ്ങളിലെ പുഴകളുടെ തീരപ്രദേശങ്ങളിലും മീൻ പിടിത്തവും മീൻസംസ്കരണവും മീൻ ഭക്ഷണ സംസ്കാരവും ജാതി മത ഭേദമന്യേ തലശ്ശേരി രുചി ബോധത്തെയും രുചി സംസ്കാരത്തെയും രുചിയറിവുകളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള വസ്തുത സംസ്കാരിക വൈവിധ്യത്തെയും ബഹുസ്വരതയേയും സൂചിപ്പിക്കുന്നു.

ചക്കയും കപ്പയും ധാരാളമായി പ്രകൃതിയുടെ വരദാനമായും കൃഷിചെയ്തും കിട്ടുന്ന തീരദേശപ്രദേശമായത് കാരണം മീനാഹാര പാചകത്തിൽ അൽഭുതപൂർവ്വമായ വൈവിധ്യവും വൈജാത്യങ്ങളും കാലാകാലങ്ങളായി ഉണ്ടായിത്തീർന്നു. “”രുചിയുടെ ഫോക്ലോറും രുചിഭേദത്തിന്റെ പ്രത്യയശാസ്ത്രവും” എന്ന പഠനത്തിൽ ഡോ. കെ.എം.ഭരതൻ മീൻ രുചിബോധത്തിന്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നത് ഘടനാവാദ നരവംശശാസ്ത്രത്തിന്റെ ചുവടുപിടിച്ചു കൊണ്ടാണ്: “”മീൻ സ്ഥിരമായി ലഭിക്കുന്ന സമൂഹം ഭക്ഷണത്തിൽ ചക്കയെ ഇഷ്ടപ്പെടുകയും ചക്ക സ്ഥിരമായി കഴിക്കുന്നവർ മീൻ ഇഷ്ടപ്പെടുകയും ചെയ്യുന്നതായി കാണാം”. ചക്ക പോലെ തന്നെയാണ് തലശ്ശേരി സമൂഹത്തിന് മരക്കിഴങ്ങ് (കപ്പ). ചക്കയും മരക്കിഴങ്ങും പല മത്സ്യങ്ങളുടെ കൂടെ ചേർത്ത് പല രൂചികളോടെ പല ആഘോഷ വേളകളിലും രുചിയുടെ രസമുകുളങ്ങളെ സന്ദർഭങ്ങൾക്ക് അനുസൃതമായി വികാര-വിചാര-ഒാർമ്മകളെ ഉദ്ദീപിപ്പിച്ച് വിളമ്പാവുന്നതാണ്. മരക്കിഴങ്ങ് പുഴുങ്ങിയെടുത്ത് സൗരഭ്യമാർന്ന വെളിച്ചെണ്ണ ചാലിച്ച് ഉപ്പും ചേർത്ത് വിളമ്പാവുന്നതാണ്. ഏറ്റവും ലളിതമായതും പെട്ടെന്ന് ആക്കിയെടുക്കാൻ പറ്റുന്നതുമായ പാചകവിധിയാണ് ഇത്. ഇങ്ങനെ പുഴുങ്ങിയ കിഴങ്ങ് കടുക് പൊട്ടിച്ച് വറവ് കഴിച്ചെടുക്കുക, അല്ലെങ്കിൽ മഞ്ഞളും മുളകും ചേർത്തെടുക്കുക, ഇനി അതല്ലെങ്കിൽ ഉള്ളിയും തേങ്ങയും അമ്മിയിൽ ഒതുക്കിയിട്ട് വേവിക്കുക, അല്ലെങ്കിൽ ചുട്ടു കഴിക്കുക, ഉള്ളിച്ചമ്മന്തിയോ അച്ചാറോ മുളക് ചാലിച്ച് ചേർത്തോ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞെടുത്ത് ദൂരെ എവിടെയെങ്കിലും സഞ്ചരിച്ച് പോയി കൂട്ടമായി ഇരുന്ന് കഴിക്കുക എന്നീ രീതിയിൽ മരക്കിഴങ്ങിന് അനന്തമായ രുചിഭേദസാധ്യതകൾ ഉള്ളതായി തിരിച്ചറിയേണ്ടിയിരിക്കുന്നു. മരക്കിഴങ്ങിലും ചക്കയിലും മത്തി, മത്തിത്തല, അയല, അയലത്തല, ഏട്ടയുടെ കാക്റാംപരണ്ട (ലിവർ), ഏട്ടത്തല, സ്രാവിന്റെ നെയ്യ് ഇവയിലേതെങ്കിലും ഒന്ന് ചേർത്തുള്ള പാചകം മഴക്കാലത്തും വേനൽക്കാലത്തും പൊതുവായി തീയ്യ ഭവനങ്ങളിൽ കാണപ്പെടുന്നു.

ആളുകൾ ഉണരുന്നതും അല്ലെങ്കിൽ ദേശങ്ങളുടെ ദിവസം ആരംഭിക്കുന്നതും മീൻവില്പ്പനക്കാരന്റെ “”കൂക്കി” (കൂവൽ) എന്ന പ്രഭാത അലാറം കേട്ടുകൊണ്ടാണ്. ഓരോ ദേശത്തും ഓരോ മീൻവില്പ്പനക്കാരനാണ് “”ബീറ്റ്” ഡ്യൂട്ടി. തോളിൽ മീൻ “”കാവു”മായി അയാൾ എത്തുന്നതോടെ ദേശത്തുള്ള സ്ത്രീകൾ ഉച്ചത്തിൽ മറുപടി ശബ്ദമുണ്ടാക്കി ഗ്രീക്ക് നാടകത്തിലെ “”കോറസ്” പോലെ “”മീൻകൂക്കിക്ക്” മറുപടിയായി പുറത്തേക്ക് വരുന്നത് മൂർക്കോത്ത് കുമാരന്റെ ആത്മകഥയിൽ പ്രത്യേകം വിവരിച്ചിരിക്കുന്നു. പുരുഷ•ാരും ചിലപ്പോൾ സ്ത്രീകളും തലശ്ശേരി കടപ്പുറത്തിനടത്തുള്ള വിശാലമായ മീൻമാർക്കറ്റിൽ രാവിലെ ഏഴ് മണിമുതലെ എത്തിച്ചേരുന്നു. ശബ്ദം, ഗന്ധം, കാഴ്ച എന്നിവലയിച്ചു ചേരുന്ന കാർണിവാലക്സ് അന്തരീക്ഷമാണ് അവിടത്തേത്. മീനുകളുടെ കാഴ്ച തന്നെ മീൻ തീറ്റ സംസ്കാരത്തിന്റെ (“”പൈസിക്കൾച്ചർ”) പ്രധാന സവിശേഷതകളിൽ ഒന്നായി വായിക്കേണ്ടിയിരിക്കുന്നു. മത്സ്യമാർക്കറ്റിലെ ദൃശ്യ ശ്രാവ്യ വിരുന്നിന്റെ ഭാഗമായി വേണം ചുമപ്പ് നിറവും വലിയ കണ്ണുകളോടെയുമുള്ള കറ്റ്ല എന്ന മീനിന് പഴയകാല സിനിമാനടി ഉണ്ണിമേരിയുടെ പേര് വന്ന് ചേരുന്നത്. വിടർന്ന മിഴികളോടെയുള്ള ഉണ്ണിമേരിയേയും വർണ്ണാഭമായ കുപ്പായമണിഞ്ഞ് അറയിൽ എത്തിച്ചേരുന്ന പുതുമണവാളനെയും ചേർത്ത് വച്ച്കൊണ്ടാണ് “”കറ്റ്ല” മീനിന് “പുയാപ്പ്ള കറ്റ്ല’ അല്ലെങ്കിൽ “ഉണ്ണിമേരി’ എന്ന പേരിട്ട് വിളിക്കുന്നത്
(അടുത്ത ലക്കത്തിൽ തുടരും)