
“എന്താ ജോൺസാ കള്ളില്ലേ കല്ലുമ്മക്കായില്ലേ”

ഡോ. എന്‍. സാജന്
കല്ല്മ്മക്കായ് അരിക്കടുക്ക, മുരു സ്റ്റിയൂ, എളമ്പക്ക വറവ്തലശ്ശേരി വിഭവങ്ങള്‍: ഒന്ന്
സശരീരമാക്കുന്ന അനുഭവമാണ് ഭക്ഷണം കഴിക്കുക എന്ന പ്രക്രിയ. ഭക്ഷിക്കപ്പെടുന്ന വിഭവവും അതിന്റെ അര്ഥതലവുമായ് സന്ധിചെയ്ത് യാഥാര്‍ത്ഥ്യമാക്കപ്പെടുന്ന അവസ്ഥയാണ് സശരീമമാക്കപ്പെടുന്ന അനുഭവം (Embodied experience). എന്ത് ഭക്ഷിക്കണമെന്നും/ഭക്ഷിക്കാതിരിക്കണമെന്നും എങ്ങിനെ ഭക്ഷിക്കണമെന്നുമൊക്കെയുള്ള അറിവുകളും തിരിച്ചറിവുകളും ബന്ധപ്പെട്ടു കിടക്കുന്നത് സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യ ശരീരത്തിന്റെയും ഭക്ഷണത്തിന്റെ ഭൗതിക സ്വഭാവത്തിന്റെയും സാംസ്കാരിക അറിവുകളുടെയും അടിസ്ഥാനപ്പെടുത്തിയാണ്.
വ്യക്തികളും സമൂഹങ്ങളും സാമൂഹിക സ്ഥാപനങ്ങളും ഉത്പ്പാദിപ്പിച്ചെടുക്കുന്നതാണ് ഭക്ഷണസംബന്ധിയായ അറിവുകള്‍. അങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ സംബന്ധിയായ അറിവുകളുടെ പിന്നാമ്പുറങ്ങളില്‍ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ അധികാരത്തിന്റെ സൂക്ഷ്മസുഷിരങ്ങള്‍ ഉണ്ടായേക്കും. അവ പ്രത്യക്ഷവും പരോക്ഷവുമായ് ഓരോ സമൂഹത്തിന്റെയും ഭക്ഷണ സംസ്കാരത്തെയും ഭക്ഷണ സൗന്ദര്യാവബോധത്തേയും രസജ്ഞാനത്തേയും സ്വാധീനിച്ചിരിക്കും. എന്നാല്‍ ഇങ്ങനെയുള്ള സ്വാധീനം ചെലുത്തുന്ന കര്തൃസ്ഥാനത്തുള്ള ആള് ആര് എന്ന് പലപ്പോഴും നിര്ണ്ണിയിച്ചെടുക്കുന്നത് വിഷമകരമായ വ്യായാമം തന്നെ. മാനവവംശ ശാസ്ത്രത്തില്‍ Interdisciplinary ആയ് വ്യവഹരിച്ചെടുക്കേണ്ട പഠനശാഖയാണ് ഭക്ഷണ സംസ്കാരം. ഭക്ഷണം കഴിക്കുന്ന വ്യക്തിക്കാണോ അതോ ഭക്ഷണ വിദഗ്ദ്ധനാണോ അതോ ഭക്ഷണ വിഭവത്തിന് തന്നയാണോ അധികാരത്തിന്റെ കര്‍തൃത്ത്വം ഉള്ളത് എന്ന് പ്രശ്നവത്ക്കരിച്ച് കാണേണ്ട കാര്യം തന്നെയാണ്.
ഭക്ഷണം വയറ്റിലാക്കുക വിശപ്പടക്കുക എന്ന സാമാന്യയുക്തിയുടെ തലത്തില്‍ നിന്ന് മാറിനിന്ന് വീക്ഷിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് സാംസ്കാരികമായ അറിവുകളും സാമൂഹികമായ അനുഭവങ്ങളും ശരീരത്തിലേക്കും മനസ്സിലേക്കും ആഗിരണം ചെയ്യുന്ന ഒര് പ്രവര്‍ത്തനം തന്നെയായ് വേണം നമ്മള് മനസ്സിലാക്കാന്‍.
മിഷേല്‍ ഫൂക്കോവിന്റെ ജൈവാധികാരത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ ഭക്ഷണവും ശരീരവും ഭക്ഷ്യ അറിവുകളും തമ്മിലുള്ള അധികാര ബന്ധങ്ങളെ ഭക്ഷണ സംബന്ധിയായ വ്യവഹാരങ്ങളുടെയും നരകുല ശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ അപഗ്രഥന വിധേയമാക്കിയിട്ടുണ്ട്. ഭക്ഷണ സംസ്കാരം ഒര് സമൂഹത്തേ മനസ്സിലാക്കാനുള്ള ജനാലകളായിട്ടാണ് Emma Jane Abbots അവരുടെ The Agency of Eating: Mediation, Food and the Body എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഭക്ഷണത്തിന് പ്രതീകാത്മകമായും അതുപോലെ തന്നെ അനുഷ്ഠാനക്രമവും ആചാരപരതയും വ്യവഹാരാത്മകതയുമുള്ളതായ് Claude Levi Strauss അഭിപ്രായപ്പെടുന്നുണ്ട്. ഇവരുടെ നിരീക്ഷണങ്ങളുടെയും സംസ്കാരപഠന സങ്കല്പനങ്ങളുടെയും ചുവട് പിടിച്ചുകൊണ്ടാണ് ഈ ലേഖന പരമ്പര എഴുതാന്‍ മുതിരുന്നത്.
ഓലമേഞ്ഞ ചായക്കടകളിലും കള്ള്ഷാപ്പുകളും തുറസ്സായ സ്ഥലങ്ങളിലുള്ള തട്ടുകടകളിലും നിന്ന് ശരീരത്തിലേക്കും ബോധ/അബോധ മനസ്സിലേക്കും സശരീരമാക്കപ്പെടുന്ന ഗന്ധവും രുചിക്കൂട്ടുകളും ചേര്‍ന്ന് അദൃശ്യമായ ബന്ധങ്ങള്‍ തലശ്ശേരിക്കാരുടെ ശരീരങ്ങള്‍ തമ്മില്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്നു. ആ ബന്ധങ്ങളെ ആീൗിറലറ ഢശമേഹശാെ ആശീ അൗവേീൃശ്യേ എന്നീ രണ്ട് സങ്കല്പനങ്ങളെ ഉപയോഗപ്പെടുത്തി കാണേണ്ടിയിരിക്കുന്നു. Emma Jane Abbots ന്റെ പുസ്തകത്തിലുടനീളം ഭക്ഷണത്തിലൂടെയുണ്ടാവുന്ന സാമുദായിക ബന്ധങ്ങളെയും കൂട്ടായ്മകളെയും ഈ രണ്ട് പരികല്പനകളുടെ വെളിച്ചത്തില്‍ പരിശോധിച്ചിട്ടുണ്ട്. പ്രസ്തുത ആശയങ്ങളുടെയും പരിപ്രേക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തലശ്ശേരിയിലെ ഭക്ഷണ സംസ്കാരത്തെക്കുറിച്ച് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണിവിടെ.

തലശ്ശേരിയുടെ ഭക്ഷണ സാംസ്കാരം, ആതിഥേയ രീതികള്‍, സാമൂഹിക സാമ്പത്തിക സാമുദായിക പ്രാദേശിക സവിശേഷതള്‍ പ്രതിഫലിക്കുന്ന പഴഞ്ചൊല്ലുകളും പാട്ടുകളും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മുതല്‍ പലരും പഠന ഗവേഷണങ്ങള്‍ക്ക് വിഷയമായ് സ്വീകരിച്ചു. നവ മാധ്യമ വേദികളിലൂടെ ലോക മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ച പാട്ടില്‍ തലശ്ശരി കല്ല്മ്മക്കായും പുട്ടും പുഴുങ്ങിയ കിഴങ്ങും അന്തിക്കള്ളും എങ്ങിനെ ജാതിമതലിംഗ വിവേചനങ്ങള്‍ക്ക് അതീതമായ് പൊതുയിടങ്ങള്‍ നിര്‍മ്മിച്ച് അവ സാമുദായിക കൂട്ടായ്മകളുടെ ആഘോഷവേദികളായ് മാറ്റി എടുക്കുന്നു എന്ന് ശ്രോതാക്കളോട് പറയുന്നു.
മാധ്യമങ്ങളുടെയും സന്ദര്ഭങ്ങുളുടെയും ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന തരത്തില്‍ വിവിധ ഈണങ്ങളില്‍ പല വാക്കുകളില്‍ ഈ പാട്ട് സാധാരണക്കാര്‍ മുതല്‍ സിനിമാ നടന് മമ്മൂട്ടി വരെ അവതരിപ്പിച്ചിട്ടുണ്ട്:
എന്താ ജോണ്സാ കള്ളില്ലേ കല്ല്മ്മക്കായില്ലേ,
കള്ളിന് കൂട്ടാന്‍ പുട്ടില്ലേ പുയ്ങ്ങിയ കേങ്ങില്ലേ ;
ഉണ്ടക്കുപ്പി രണ്ടെണ്ണം കൊണ്ടുവാ വേഗത്തില്‍,
കോട്ടിന് ഉള്ളില്‍ സൂക്ഷിച്ചോ,
ആരും കാണണ്ടാ!
നേരം സന്ത്യാ മയങ്ങുമ്പോള്‍....
ജോണീ മാസ്റ്റര്‍ റോഡ് വഴിയായ്,
ജാനകി ടീച്ചര്‍ റെയ്ല് വഴിയായ്....
കൊടൂവള്ളീ പാലത്തിന് കീഴില്‍ വന്നൂ ചേരും...
കല്ല്മ്മക്കായ് അരിക്കടുക്കയും അതോടൊപ്പം ചായക്കടകളിലും കള്ള്ഷാപ്പുകളിലും വിളമ്പുന്ന പുകപാറുന്ന അരി പുട്ടും പുഴുങ്ങിയ പൂളക്കിഴങ്ങും ചുക്ക് കാപ്പിയും തെങ്ങിന് കള്ളും തലശ്ശേരിയുടെ തദ്ദേശീയ ആധുനികതയുടെയും കോസ്മോപൊളീറ്റന്‍ ജനകീയ സംസ്കാരത്തിന്റെയും മൂര്‍ത്തമായ സൂചകങ്ങളായ് ഇന്നും പലയിടങ്ങളിലും നമ്മള് അനുഭവിച്ച് ആസ്വദിക്കുന്നു.
ഉണ്ടക്കുപ്പികളില് കള്ളും വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ എരിവുള്ള കല്ല്മ്മക്കായ് അരിക്കടുക്കയും പുട്ടും പൂളക്കിഴങ്ങും ആസ്വദിക്കാന്‍ വന്നു ചേരുന്ന ജോണിമാസ്റ്ററും ജോണ്‍സണും ജാനകി ടീച്ചറും തലശ്ശേരി ഋവേിീഴൃമുവ്യ യുടെ സവിശേഷഘടകങ്ങള്‍ തന്നെ.
പാര്‍ക്ക് റെസ്റോറന്റ് കഫേ പബ്ബ് എന്നിവ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്ത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ പണിത കൊടുവള്ളി പാലത്തിന്റ താഴെ അഴിമുഖ അസ്തമയക്കാഴ്ച്ചയുടെ ദൃശ്യ വിരുന്ന് അനുഭവിച്ച് നാവില്‍ രുചികുളുടെ അലങ്കാര സിംഫണി നുകര്‍ന്ന ആധുനിക സമുദായത്തെ കാണുവാന്‍ സാധിക്കുന്നു ഇന്ന് നമ്മള് തിരിഞ്ഞ് നോക്കുമ്പോള്‍.
ഇത്പോലെയുള്ള സ്വച്ഛമായ കൂടിച്ചേരലുകള്‍ക്ക് വേദികള്‍ ഉണ്ടായി വന്നത് തന്നെ തലശ്ശേരിയിലെ ഭക്ഷണ സംസ്കാരം കൊണ്ടാണ് എന്ന് നിസ്സംശയം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ കടലില്‍ പോയി കല്ല്മ്മക്കായ് പറിക്കലും, കടലോരത്ത് ചെന്ന് ഇളമ്പക്ക വാരലും, പുഴയില്‍ ഇറങ്ങി മുരു മുട്ടലും എല്ലാവിഭാഗം ആളുകളുടെയും നിത്യവൃത്തിയായ് പരിണമിച്ചതാവാം.
കല്ല്മ്മക്കായും മുരുവും ഇളമ്പക്കയും ഓരിക്കയും തലശ്ശേരി സമൂഹത്തിന്റെ സാമ്പത്തിക ശ്രോതസ്സ് മാത്രമായിട്ടല്ല കാണേണ്ടിയത്, അതിനെക്കായും അവ തലശ്ശരിയിലെ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ജൈവീക മായ ഭൗതിക ഘടകം തന്നെയായ് പരിഗണിക്കണ്ടിയിരിക്കുന്നു.

കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള തീരപ്രദേശത്ത് കടലില്‍ സ്ഥിതിചെയ്യുന്ന പാറക്കട്ടുകളില് കൂട്ടം കൂട്ടമായ് വളരുന്ന കല്ല്മ്മക്കായ പുറ്റുകള്‍ നൂറ്റാണ്ടുകള്‍ മുമ്പുണ്ടായത് തന്നെ ആയിരിക്കാം. തലശ്ശരിയില്‍ ധര്‍മ്മടം, കിഴക്കേ പാലയാട്, മുഴപ്പിലങ്ങാട്, പിണറായി, കൊടുവള്ളി, കുയ്യാലി എന്നീ പഴയ ഗ്രാമങ്ങള്‍ അറബിക്കടലും അഞ്ചരക്കണ്ടി പുഴയുടെ കൈവഴികളും വന്ന് സംഗമിക്കുന്ന ഭൂപ്രദേശങ്ങളില്ണ് നിലകൊള്ളുന്നത്. ഭൂമിശാസ്ത്രപരമായ ഈ സവിശേഷ സ്ഥാനം കാരണം ഇവിടെയുളള ആളുകള്‍ അവരുടേതായ ജീവിത മാര്‍ഗ്ഗവും ഭക്ഷണവും കണ്ടെത്തുവാനുളള ശ്രോതസ്സുകളായ് കടലിനെയും പുഴയേയും ആശ്രയിച്ചു പോരുന്നു.
കല്ല്മ്മക്കായ്, മുരു, ഇളമ്പക്ക, ഓരിക്ക തീന്മേശയിലെ വിശിഷ്ട വിഭവങ്ങളായ് വൈവിധ്യമാര്‍ന്ന രുചികളിലും സംസ്കരിക്കപെട്ട രൂപ ഭാവങ്ങളിലും വന്നെത്താന്‍ സാമ്പത്തികവും സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ പല പ്രേരണാ ഘടകങ്ങളും പല കാലങ്ങളിലായ് പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
തീരദേശ പ്രദേശമായ തലശ്ശേരിയില്‍ കടലിലെ കായ്ഖനികള്‍ എന്ന നിലയിലായിരുന്നു ഈ നാല് ഭക്ഷ്യ വിഭവങ്ങളെ സമീപിച്ചിരുന്നത്. സസ്യ വിഭാഗത്തിലോ സസ്യേതര വിഭാഗത്തിലോ പെടാത്ത രീതിയില്‍ ആയിരുന്നു തലശ്ശേരിയുടെ സാംസ്കാരിക ഭൂമികയില്‍ അവ നാലും ഇടംപിടിച്ചത്. ഇവിടെ നിലനിന്നിരുന്ന പ്രാദേശിക ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ആന്തരിക ഘടന കടല്‍ വിഭവങ്ങളാലും ഭൂവിഭവങ്ങളാലും നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ ഭക്ഷണ വിഭവങ്ങളിലും സങ്കരസ്വഭാവം സന്നിവേശിപ്പിക്കപെട്ടു. സപ്തംബര്‍ മാസം ആരംഭിക്കുമ്പോള്‍ ധര്‍മ്മടം, മുഴപ്പിലങ്ങാട്, പിണറായി, കൊടുവള്ളി, കിഴക്കേ പാലയാട്, കുയ്യാലി എന്നീ പ്രദേശങ്ങളിലെ കടലും പുഴകളും കല്ല്മ്മക്കായ ഇളമ്പക്ക, മുരു, ഓരിക്ക കൊണ്ട് സമൃദ്ധമാവുമ്പോള്‍ അവിടെ എല്ലാം കൊയ്ത്തും ചിലപ്പോള്‍ ചാകരയും കൊണ്ട് ലിംഗ ഭേദമോ ജാതിമത വേര്‍തിരിവുകളോ ഇല്ലാത്ത തൊഴില്‍ കൂട്ടായ്മകള്‍ രൂപപ്പെടുന്നു. കടല്‍ തീരങ്ങളിലും പുഴയോരങ്ങളിലും പുരുഷന്മാരും സ്ത്രീളും മുതിര്‍ന്ന കുട്ടികളും ഇളമ്പക്ക വാരാനും മുരുമുട്ടാനും രാവിലെയും വൈകുന്നേരവും കൂട്ടമായ് എത്തുന്ന പതിവ് ഇപ്പോഴും തുടര്‍ന്ന് പോരുന്നു. ഇവയുടെ സംസ്കരണ പ്രക്രിയയിലും ഇതേ കൂട്ടായ്മയക്ക് തന്നെയാണ് പ്രാമുഖ്യം. കത്തി കൊണ്ട് തോട് പിളര്‍ന്ന് ചേറും ചെപ്പിയും ഒഴിവാക്കിയ ശേഷം അതില്‍ നിറയ്ക്കുന്ന കൂട്ടിന് ആവശ്യമായ് വരുന്നത് കരയിലെ മണ്ണില്‍ വിളഞ്ഞ് സംസ്കരിച്ചെടുത്ത അരിപ്പൊടിയും തേങ്ങയും പെരും ജീരകവും വെളുത്തുള്ളിയും തന്നെ. അരിപ്പൊടി കൂട്ടും അതിലെ കടുക്കയും പുഴുങ്ങി വേവിച്ച ശേഷം വീണ്ടും അത് മുളക് പൊടി കൂട്ടില്‍ മുക്കി എടുത്ത് വെളിച്ചെണ്ണയില്‍ പൊരിച്ച ശേഷമേ രുചിയുള്ള അരിക്കടുക്ക ആകുന്നുള്ളൂ. ഒര് നാടിന്റെ കടലിലെയും മണ്ണിലെയും ഭൗതിക അസംസ്കൃത പദാര്‍ഥങ്ങള്‍ ഇങ്ങനെ സങ്കലനം ചെയ്ത് കഴിഞ്ഞ ശേഷമുള്ള സ്വത്ത്വമാണ് കല്ല്മ്മക്കായ അരിക്കടുക്കയ്ക്ക് ഉള്ളത്.

‘ഇളമ്പക്ക’ എന്ന പേരില്‍ സൂചിതമാവുന്നത് ഇളം പരുവത്തിലുളള കായ എന്നോ അല്ലെങ്കില്‍ ഇളം ചൂടില്‍ വേവുന്ന കായ എന്നോ ആയിരിക്കാം. ഇളമ്പക്ക പച്ചക്കറി തോരന്‍ പോലെ ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തി, പൊറോട്ട, പുട്ട്, ഗോതമ്പ് ദോശ, ബ്രഡ് എന്നിവയുടെ കൂടെ വീടുകളിലും ചായക്കടകളിലും കള്ള്ഷാപ്പുകളിലും ആധുനിക ബാറുകളിലും കാണുന്നതും ആളുകള്‍ക്ക് ഏറെ പ്രിയമുള്ള വിശിഷ്ട ഇനം ഭക്ഷണം തന്നെ. മുരു വിന്റെ മുരുമുരുത്ത പരുക്കന്‍ പുറം തോടിന്റെ പ്രകൃതം കൊണ്ടായിരിക്കാം പാശ്ചാത്യര്‍ക്ക് ഏറെ പ്രീയമുള്ള ഛ്യേെലൃ എന്ന ഈ കടല്‍ വിഭവം ‘ മുരു’ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത്..
കടല്‍ വിഭവങ്ങളിലൂടെ വലിയതോതില്‍ വടക്കേമലബാറിലെ സമുദായങ്ങള്‍ക്ക് തമ്മില്‍ ഇണങ്ങിച്ചേരാനും അതുപോലെ പല ചരിത്രസന്ധികളില്‍ പറങ്കികളെയും ഡച്ചുകാരെയും ഫ്രഞ്ച്കാരെയും ബ്രിട്ടീഷ്കാരെയും അടുപ്പിച്ച് പിടിക്കാനും സാധിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന ജൈവീകമായ പ്രവര്‍ത്തനം ആന്തരികമായ അംശങ്ങളെ ബാഹ്യമായ അംശങ്ങളോട് കൂട്ടിയിണക്കുന്ന ഒര് ‘Liminal Activity’ ആയ് വേണം കരുതേണ്ടത്. ജൈവീകമായ കൊടുക്കല്‍-വാങ്ങലുകളിലൂടെ ഇന്ന് മുരുസ്റ്റ്യൂ, മുരുഫ്രൈ, ഇളമ്പക്ക ഫ്രൈ, കല്ല്മ്മക്കായ ബിരിയാണി എന്നിവയൊക്കെ വടക്കേ മലബാറിന്റെ സാംസ്കാരികമായ സംശ്ലേഷണ സവിശേഷതയായ് പരിണമിച്ചിരിക്കുന്നു. കടലിലെ കായ് ഖനികളും അന്നവും മറ്റ് കാര്‍ഷികവിളകളും സമജ്ഞസമായ് സമ്മേളിച്ചിരുന്നു എന്നകാര്യം തെളിയിക്കുന്നതാണ് ഉത്തരമലബാറിലെ ഭക്ഷണസംസ്കാരം. ഒരു ജാതിക്ക് മറ്റൊരു ജാതിയുമായ് ചേരുവാനോ ചങ്ങാത്തമുണ്ടാക്കുവാനോ തൊട്ടുണ്ണാനോ വ്യവസ്ഥാപിതമായ കുറേ കടമ്പകളും അലിഖിത വ്യവഹാരങ്ങളുമുണ്ടായിരുന്നു. തൊട്ടുകൂടായ്മയും തൊട്ടുഭക്ഷിക്കായ്മയും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളം നിലനിന്നിരുന്ന മലയാളക്കരയിലെ ഉത്തരമലബാര്‍ ഭക്ഷണസംസ്കാരം ഐത്തത്തേയും ജാതിവിവേചനത്തോയും വലിയ രീതിയില്‍ തകിടം മറിച്ചിരുന്നു എന്ന് തന്നപറയാം.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മലബാറില്‍ നൂറ്റി മുപ്പത്തിയെട്ട് നായര്‍ വിഭാഗങ്ങളുണ്ടായിരുന്നു എന്ന് പി.ഭാസ്ക്കരനുണ്ണി പത്തൊമ്പതാ നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈഴവരിലും ഇതുപോലെ കുറേ ഉപജാതികള്‍ ഉണ്ടായിരുന്നു എന്ന് അദ്ദേഹം വിവക്ഷിക്കുന്നു. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ആയപ്പോഴേക്കും ഈ രണ്ട് വിഭാഗങ്ങളിലുള്ള ഉപജാതികള്‍ ഏറേകുറേ നാമാവശേഷമായി. ഇങ്ങനെ ഒരു മാറ്റത്തിന് വലിയ രീതിയില്‍ വേദി ഒരുക്കിയത് ഇവിടെയുണ്ടായിരുന്ന ഭക്ഷണ സംസ്കാരം തന്നെയായിരിക്കാം. സസ്യഭോജനമെന്നും സസ്യേതരഭോജനമെന്നും ഭക്ഷണവിവേചനമുണ്ടായ കേരളത്തില്‍ ഇതുപോലെയുള്ള പക്ഷരഹിത ഭക്ഷണ സംസ്കാരം (Neutral Food Culture) ജാതി വ്യവസ്തയേയും ദാരിതദ്ര്യത്തെയും വലിയ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ണ്ണായക ശക്തിയായ് പ്രവര്ത്തിച്ചതായ് കാണാം. സാമൂഹികമായ ചലനാത്മകതയുടെ ചാലകശക്തിയായും ഇവിടെ ഉണ്ടായിരുന്ന ജനകീയ ഭക്ഷണ സംസ്കാരം പ്രതിപ്രവര്‍ത്തനം നടത്തിയത് ആരെയും അതിശയിപ്പിക്കുന്നു. ആഢ്യസവര്ണ്ണ സംസ്കാരത്തിന്റെ മുഖമുദ്രയായ സദ്യയേയും ഗോരസസംബന്ധിയായ (പാല്, തൈര്, മോര്, വെണ്ണ, നെയ്യ്) ഭക്ഷണക്രമത്തേയും നിരാകരിക്കുന്നതായിരുന്നു തലശ്ശേരിയിലെ കടല്‍വിഭവങ്ങള്‍. ഈ വിഭവങ്ങള്‍ കാരണം ആഗോള സ്വത്ത്വം (Global Identity) തന്നെ നവ മാധ്യമങ്ങളിലൂടെ തലശ്ശേരിക്കും തലശ്ശേരിയിലെ കോസ്മോപൊളീറ്റല് സമൂഹത്തിനും കൈവന്നിരിക്കുകയാണ്.
(തുടരും…)