
കോഫി ആന്റ് മട്ടണ്‍ കട്ലറ്റ് : കൊളോണിയല്‍ ആധുനികതയുടെ പരിഛേദങ്ങള്‍
ഡോ. എന്‍. സാജന്
വടക്കേ മലബാറിന്റെ ആധുനികവത്ക്കരണത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിച്ച ഭക്ഷണശാലകളായിരുന്നു തലശ്ശേരി രജിസ്റ്ററാപ്പീസിന് എതിര്‍വശത്തുണ്ടായിരുന്ന കോഫി ഹൗസും, ബീച്ച് റോഡിലുണ്ടായിരുന്ന എംപയര്‍ ഹോട്ടലും പട്ടണമദ്ധ്യത്തില്‍ ഉണ്ടായിരുന്ന മെജസ്റ്റിക് ഹോട്ടലും കോടതിക്ക് സമീപമുണ്ടായിരുന്ന ഹോട്ടല്‍ വിക്ടോറിയയും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍, കോടതിയിലെ ന്യായാധിപന്മാര്, മജിസ്ട്രേട്ടുമാര്‍, തഹ്ഷില്ദാര്മാര്, വക്കീലന്മാര്, പട്ടാള ഭരണാധികാരികള്‍, ഇംപീരിയല്‍ ബാങ്കിലെ (ഇന്നത്തെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ) ഓഫീസര്‍മാര്‍ അതുപോലെ അഭ്യസ്തവിദ്യരായ മദ്ധ്യവര്ഗ്ഗവിഭാഗത്തില്പ്പെടുന്ന പലരുടെയും നിത്യവിഹാര ഇടങ്ങളായിരുന്നു ആദ്യകാലത്തെ ഈ ഭക്ഷണശാലകളൊക്കെ. കേവലം ഭക്ഷണശാലകള്‍ എന്ന നിലയിലായിരുന്നില്ല അവയൊക്കെ പൊതുയിടങ്ങളായി പ്രവര്‍ത്തിച്ചു വന്നത്. തലശ്ശേരിയുടെയും ഉത്തരമലബാറിന്റെയും ആധുനിക സംസ്കാര രൂപീകരണത്തിനും തുറന്ന സാമൂഹിക വ്യവഹാരങ്ങള്‍ക്കും വാണിജ്യബന്ധങ്ങള്‍ക്കും കൂടുതല്‍ സ്വത്വര സാഹചര്യങ്ങള്‍ ഒരുക്കിയിരുന്ന പൊതുയിടങ്ങള്‍ (Public Sphere) ആയിരുന്നു ഈ ഹോട്ടലകളും ക്ലബ്ബുകളും.
തലശ്ശേരി കോസ്മോപൊളീറ്റന്‍ ക്ലബ്ബ് അതിന് സമീപമുള്ള ടെന്നീസ് കോര്‍ട്ട്, സബ്ബ് രജിസ്ട്രാറുടെ ആപ്പീസ്, ക്രിക്കറ്റ് സ്റ്റേഡിയം, സബ്ബ് കളക്ടറുടെ കാര്യാലയം എന്നീ സ്ഥാപനങ്ങളും ഇടങ്ങളുമായി ബന്ധപ്പെടുന്ന മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ ഇടമായിരുന്നു പഴയ വലിയ ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ”കോഫി ക്ലബ്ബ്്”. കോഫിയും ലഘുഭക്ഷണവും പ്രത്യേകിച്ച് ബ്രഡ്ഡ്, ജാം, ഓംലെറ്റ്, കെയ്ക്ക്, ബിസ്ക്കറ്റ്, കട്ലറ്റ്, സമൂസ പോലുള്ള ലഘുഭക്ഷണം കഴിച്ച് ജോലിക്ക് ഇടയിലുള്ള ഇടവേളകളും സായാഹ്നങ്ങളും ചിലവഴിക്കാനും പത്രം വായിച്ച് അതിലെ വിശേഷങ്ങളും വിഷയങ്ങളും ”കോഫി ടേബിളിന്” ചുറ്റും ഇരുന്ന് ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ജാതിമത വര്‍ണ്ണ വിവേചനമില്ലാതെ ആളുകള്‍ സന്ദര്‍ശിച്ചിരുന്ന സ്ഥാപനമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ചിരുന്ന കോഫി ക്ലബ്ബ്. ഈ ലഘുഭക്ഷണശാലയുടെ തൊട്ടടുത്ത് തന്നെ ആയിരുന്നു തലശ്ശേരിയിലെ ആദ്യത്തെ ”മിനി സിനിമാ തിയേറ്റര്‍” സ്ഥിതി ചെയ്തിരുന്ന ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചി കോസ്മോ പൊളീറ്റന്‍ ക്ലബ്ബ്. അതുപോലെ തന്നെ ഇന്നത്തെ സാന്‍ജോസ് സ്കൂളിന് സമീപത്തുള്ള ക്രൈസ്തവ സഭയുടെ കീഴിലുള്ള മൈനര്‍ സെമിനാരിയുടെ അതിവിശാലമായ ഹാളുകള്‍ ഉള്ള കെട്ടിടമായിരുന്നു പഴയകാല യൂറോപ്യന്‍ ക്ലബ്ബ്. ബ്രിട്ടനിന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജ്ഞാനോദയ കാലത്ത് ഉണ്ടായ ക്ലബ്ബ് ഹൗസുകളും കോഫി ഹൗസുകളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദമായപ്പോള് തലശ്ശേരിയിലും സ്ഥാപിക്കപ്പെടുകയുണ്ടായി.

കൊളോണിയന്‍ ആധുനികതയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ”പബ്ലിക് സ്ഫിയര്‍” സ്ഥാപനങ്ങളായി വേണം ക്ലബ്ബ് ഹൗസുകളെയും കോഫി ഹൗസുകളെയും പ്രാദേശിക ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്. യൂറോപ്യന്‍ മെനു മാത്രം ഉണ്ടായിരുന്ന കോഫി ക്ലബ്ബുകളില്‍ ”കോഫി ടൈം” അല്ലെങ്കില്‍ ‘leisurely coffee cipping’എന്ന അലസമായ കാപ്പി ഉറുഞ്ചിക്കുടിക്കല് രീതിയായിരുന്നു തദ്ദേശീയരുടെ ഇടയില്‍ അവ വളര്‍ത്തിയെടുത്ത കൊളോണിയല്‍ ഉപചാരഭാവം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ ഉപചാരഭാവം ഇവിടെയുള്ള ആളുകളുടെയിടയില്‍ സുജനമായ സന്മര്യാദ തീന്മേശയ്ക്ക് ചുറ്റും എങ്ങിനെ സ്വായത്തമാക്കിത്തിര്ക്കാം എന്നതിന്റെ ഉത്തമ മാതൃക തന്നെ അവതരിപ്പിച്ചു. പാശ്ചാത്യ തീന്മേശ രീതികളുടെ സംസ്കാരവത്ക്കരണം (acculturation) ഉത്തരമലബാറില്‍ യാഥാര്ത്ഥ്യമാക്കിയെടുക്കാന് വലിയ വേദി ഒരുക്കിയത് കോഫി ക്ലബ്ബുകള്‍ തന്നെ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
Sipping coffee and munching snacks at leisure എന്ന പതിയേയുള്ള എയ്സ്തെറ്റിക് ആസ്വാദനക്രമം ഇംഗ്ലണ്ടിലും ഫ്രാന്‍സിലും പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ “Manners” എന്ന ശൈലീകൃതമായ ദൈനംദിന ജീവിതക്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നതായിരുന്നു. എങ്ങിനെ പൊതുയിടങ്ങളില്‍ പെരുമാറണം, ഭാഷാപ്രയോഗം ഏതൊക്കെ രീതിയില്‍ രസകരമാക്കാം, ഭക്ഷണം കഴിക്കുന്ന രീതിയില്‍ എങ്ങിനെ പരിഷ്ക്കാരങ്ങള്‍ നിര്‍മ്മിച്ചെടുക്കാം എന്നൊക്കെ ആയിരുന്നു ഈ കാലഘട്ടത്തില്‍ യൂറോപ്യന്‍ നാടുകളില്‍ പരിഷ്കൃത സമൂഹം ആലോചിച്ചിരുന്നത്. ഔചിത്യം (decorum) കൂട്ടംകൂടി ഇരുന്നുള്ള ചര്‍ച്ച, ശാസ്ത്ര-സാഹിത്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഗദ്യസാഹിത്യത്തിന്റെ ആവിര്‍ഭാവം ആഴത്തിലുള്ളതും പരന്നതുമായ വായന എന്നിവയൊക്കെ ”കോഫി ഹൗസ്”/ ക്ലബ്ബ് സംസ്കാരത്തെ ഉദ്ദീപിപ്പിച്ചിരുന്നു. ഈ പാശ്ചാത്യ സാഹചര്യങ്ങള്‍ ഒക്കെത്തന്നെ ബ്രിട്ടീഷ് കൊളോണില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇവിടെ പുനഃസൃഷ്ടിക്കുകയാണ് (simulate) ചെയ്തത്. ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ 1650 ലും അതിനുശേഷം ലണ്ടന്‍ പട്ടണത്തില്‍ 1652 ലുമായിരുന്നു ആദ്യത്തെ ”കോഫി ഹൗസു”കള്‍ സ്ഥാപിക്കപ്പെട്ടത്. പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ അവിടെ ഒത്തുകൂടുന്നവര്‍ ലഘുഭക്ഷണം കഴിച്ച് ശാസ്ത്ര-സാഹിത്യ- രാഷ്ട്രീയ-പൊതുകാര്യ ചര്‍ച്ചകളില്‍ സക്രിയമായി തന്നെ പങ്കെടുത്തുകൊണ്ട് ”കോഫി ഹൗസ് കള്‍ച്ചറിന്” തുടക്കം കുറിച്ചു. Bedford Coffee House, Button’s Coffee House എന്നീ രണ്ട് സ്ഥാപനങ്ങള്‍ Covent Garden ലെ നാടക അഭിനേതാക്കളുടെയും ജോസഫ് ആഡിസണ്‍ തുടങ്ങി പല എഴുത്തുകാരുടെയും സ്ഥിര സന്ദര്‍ശന ഇടങ്ങളായി ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചിരുന്നു. T.B.Macaulay യുടെ History of England ലും B. Lillywhile ന്റെ London Coffee Houses എന്ന പുസ്തകത്തിലും കോഫി ഹൗസുകളെയും കോഫി ഹൗസ് സംസ്കാരത്തിന്റെ ചരിത്ര സാംസ്കാരിക പ്രാധാന്യത്തേയും ഏറെ വിശദമായി പ്രതിപാദിച്ച് എഴുതിയിട്ടുണ്ട്.

ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, സാന്ദര്യാസ്വാദനം എന്നിവയെല്ലാം പൊതുയിടങ്ങളില്‍ ജനാധിപത്യ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന സംസ്കാരം തലശ്ശേരിയിലും ഉത്തരമലബാറിലും ഉണ്ടാക്കി എടുക്കുന്നതില്‍ പ്രഥമഗണനീയമായ പങ്ക് വഹിച്ചിട്ടുള്ളത് കോഫി ക്ലബ്ബുകളും ക്ലബ്ബ് ഹൗസുകളും തന്നെയായിരുന്നു. കൊളോണിയല്‍ ആധുനികതയുടെ സ്വാധീനം കൊണ്ട് തന്നെ ബംഗാളിലെ വിദ്യാസമ്പന്നരായ ”ഭദ്രലോക്” എന്ന മദ്ധ്യവര്‍ഗ്ഗത്തിന് സമാനമായ ”മിഡില്‍ ക്ലാസ്സ്” തലശ്ശേരിയില്‍ ഉയര്‍ന്നുവരികയുണ്ടായി. വിദ്യാഭ്യാസം, സ്ഥിരവരുമാനമുള്ള ഉദ്യോഗം, സ്വന്തമായി പുരയും, പുരയിടവും ജീവിതത്തെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ട് പോകുന്നതിലുള്ള ലാവണ്യശാസ്ത്ര ബോധം രാഷ്ട്രീയ കാഴ്ചപ്പാട് എന്നീ സവിശേഷതകളുള്ള ”മിഡില്‍ ക്ലാസ്സ്” വിഭാഗത്തിലെ ആളുകള്‍ കോഫി ഹൗസുകളും ക്ലബ്ബുകളുമായി ബന്ധപ്പെട്ടതിന്റെ ഫലമായി കാലക്രമേണേ ഇവിടെയുള്ള പൗരസമൂഹം (Civil Society) തന്നെ രൂപപ്പെട്ടു. കോസ്മോ പൊളീറ്റന്‍ ക്ലബ്ബിനെ പോഷിപ്പിച്ചിരുന്ന അയല്സ്ഥാപനം തന്നെ ആയിരുന്നു കോഫി ക്ലബ്ബ് എന്ന് പഴയ തലമുറയിലെ പല വ്യക്തികളും അഭിപ്രായപ്പെടുന്നു.
1956 ല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കോഫി ബോര്‍ഡിലെ തൊഴിലാളികളെ ഘട്ടം ഘട്ടമായി പിരിച്ചുവിട്ടപ്പോള്‍ സഖാവ് എ.കെ. ഗോപാലന് തൊഴിലാളികളെ സംരക്ഷിക്കുവാന്‍ വേണ്ടിയും ഉത്തരമലബാറില്‍ ”കോഫി ഹൗസ്സ് സംസ്കാരത്തെ” കൂടുതല്‍ ജനകീയാടിത്തറ ഉളവാക്കി തീര്‍ക്കുന്ന ശ്രമത്തിന്റെ ഭാഗമായും തലശ്ശേരിയിലും കോഴിക്കോടും കണ്ണൂരിലും പുതിയ തൊഴില്‍ ഘടനയോടെ സഹകരണാടിസ്ഥാനത്തില്‍ ”ഇന്ത്യ കോഫി വര്‍ക്കേഴ്സ് സൊസൈറ്റി”യുടെ ആഭിമുഖ്യത്തില്‍ വടക്കന്‍ കേരളത്തിലെ പുതിയ കോഫി ഹൗസുകളെ വാര്‍ത്തെടുത്തു. തൊഴിലാളികളെ സംരക്ഷിച്ചു നിര്‍ത്തുന്നതോടൊപ്പം തന്നെ അവര്‍ക്ക് സോഷ്യലിസ്റ്റ് രീതിയില്‍ എല്ലാ ജോലികളിലും തുല്യപങ്കാളിത്തം ഉറപ്പുവരുത്തുന്ന ക്രമത്തില്‍ ആഴ്ചതോറും കുശിനിയിലും കൗണ്ടറിലും വിളമ്പല്‍ ജോലിയിലും പ്രവൃത്തിയുടെ ഊഴം മാറ്റി മാറ്റി ക്രമീകരണം സജ്ജമാക്കിയിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ ”ബട്ലര്‍മാര്‍” (Butlers) ധരിച്ചിരുന്ന തൂവെള്ള ഷര്‍ട്ട്, പാന്റ് , വിശറിപോലെ ഉയര്‍ന്നു നില്ക്കുന്ന തലപ്പാവ്, പച്ചനിറത്തിലുള്ള അരപ്പട്ട, ഷൂസ് എന്നിവയായിരുന്നു ”കോഫി ഹൗസില്‍” വെയിറ്റര്‍മാരുടെ ഔദ്യോഗികമായ വേഷവിതാനം. ഇവയൊക്കെ തന്നെ മുമ്പേ സൂചിപ്പിച്ച കൊളോണിയല്‍ മോഡേണിറ്റിയുടെ ”മാനേര്സ്” ന്റെ ഭാഗമായി ഇവിടെ തദ്ദേശീയവത്ക്കരിക്കപ്പെട്ടു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എ.കെ.ജി പ്രാവര്‍ത്തികമാക്കിയ ദൗത്യം കൊണ്ട് ഉത്തര മലബാറില്‍ ആധുനിക പാശ്ചാത്യ കൊളോണിയല്‍ സംസ്കാരം തദ്ദേശവത്ക്കരിക്കപ്പെടുകയാണ് ഉണ്ടായത് (indigenisation of colonial modern culture). കോഫി ബോര്‍ഡ് വിതരണം ചെയ്തിരുന്ന കാപ്പി പൊടി തന്നെ അന്ന് ഉപയോഗിച്ച് പാശ്ചാത്യരുടെ മട്ടണ്‍ കട്ലറ്ററും സ്വന്തമായി tomato sauce ഉം ബ്രഡ്ഡ്-ബട്ടര്‍-ജാമും ഓംലെറ്റും പോച്ച്ഡ് എഗ്ഗും ബുള്‍സ് ഐയ്യും ഒക്കെ വിളമ്പിയത് കത്തിയും മുള്ളും (knife and fork) ഉപയോഗിച്ച് ധൃതിയില്ലാതെ leisurely ആയി ആഹരിക്കുന്ന രീതിയായിരുന്നു ഇവിടത്തെ ഭക്ഷണസംസ്കാരത്തിന്റെ ശ്രദ്ധേയമായ കൊളോണിയല്‍ സവിശേഷത. തൊള്ളായിരത്തി എഴുപതുകളുടെ അവസാന ഘട്ടത്തിലായിരുന്നു കോഫി ഹൗസ് ഏവര്‍ക്കും യഥേഷ്ടം കയറി ഊണും ചപ്പാത്തിയും പൂരിയും ഒക്കെ കഴിക്കാന്‍ ഉചിതമായ സ്ഥാപനമായി പരിണമിച്ചത്. അതിന് മുമ്പ് ബ്രിട്ടീഷുകാര്‍ ”നിര്‍മ്മിച്ചെടുത്ത മിഡില്‍ ക്ലാസ് എലീറ്റ്” വിഭാഗത്തിലെ ആളുകള്‍ മാത്രം പോയി കോഫിയും മട്ടണ്‍ കട്ലറ്റും കഴിച്ച് പുകവലിച്ച് പലതരം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന ഇടമായിരുന്നു കോഫി ഹൗസ്. കോടതിയിലെ വക്കീലന്മാര്, ബ്രണ്ണന്‍ കോളേജിലെ പ്രൊഫസര്‍മാര്‍, മുനിസിപ്പല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കന്മാര് അങ്ങിനെ സമൂഹത്തിന്റെ ഉപരിവിഭാഗങ്ങളില് പെട്ടവര്‍ മാത്രമായിരുന്നു ഒരു കാലത്ത് ഇവിടത്തെ അതിഥികളും സന്ദര്‍ശകരും. പ്രാദേശിക ചരിത്രം ഓര്മ്മിയിലൂടെ ആഖ്യാനിച്ച് എടുക്കുമ്പോള്‍ ഇവിടെ എത്താറുള്ള സ്ഥിരം സന്ദര്‍ശകരുടെ പട്ടികയില്‍ ഉള്ളത് ഓറിയന്റല്‍ ചന്ദ്രന്, ശിവകേശവര്, കെ.ടി. രമേശ്, പ്രൊഫ. രാമന് മേനോന്, പ്രൊപ. വി. രാജകൃഷ്ണന്, പ്രൊഫ. കെ. കുഞ്ഞിപ്പക്കി, പ്രൊഫ. എം.എന്‍.വിജയന് എന്നിവരൊക്കെയാണ്. പല അപൂര്‍വ്വ സുഹൃദ് ബന്ധങ്ങളും കോഫി ഹൗസില്‍ വച്ച് ഉണ്ടായിട്ടുണ്ട് എന്ന് ചിത്രകലാ പണ്ഡിതനായ ശ്രീ.കെ.കെ.മാരാര്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ കോഫി ഹൗസ് ഓര്‍മ്മച്ചിത്രങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്.
കോഫി ഹൗസിലെ വെയ്റ്റര്‍മാരുടെ വേഷം പഴയകാലത്തെ നാട്ട് രാജാക്കന്മാരുടേതുമായി അടുത്ത സാമ്യമുള്ളതായിട്ടാണ് മാരാര്‍ മാസ്റ്റര്‍ അഭിപ്രായപ്പെടുന്നത്. രാജാവിന്റെ ആതിഥേയത്വം സ്വീകരിക്കാന്‍ ഏവര്‍ക്കും സന്ദര്‍ഭം ഒരുക്കുക എന്ന അനുകരണാത്മകമായ യാഥാര്‍ത്ഥ്യത്തെ (simulated reality) നിര്‍മ്മിച്ചെടുക്കുന്നതില്‍ വിജയം കൈവരിച്ചിരിക്കുന്ന സ്ഥാപനം എന്ന സവിശേഷത കൂടെ ഇതിനുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മാസ്റ്റരുടെ ഓര്‍മ്മയില്‍ ഇവിടെ എത്താറുള്ള തായാട്ട് ശങ്കരന് മാഷ്, പ്രൊഫ. ആര്. വിശ്വനാഥന്, പ്രൊഫ. സി.പി. ശിവദാസന്‍, പ്രൊഫ. വി. രാജകൃഷ്ണന് എന്നിവരൊക്കെയാണ് തെളിഞ്ഞു വരുന്നത്. പ്രൊഫ.വി. രാജകൃഷ്ണന് ബ്രിട്ടണിലെ പ്രി റാഫേയലൈറ്റ് കവികളെ കുറിച്ച് വിവരിച്ച് കൊടുക്കുന്നതും അതുപോലെ ഇമവ്യേ ടുമഴിീഹശ എന്ന കാഥികേയെ പരിചയപ്പെട്ടതും അതിന് ശേഷം അവരെ തെയ്യം കാണാന്‍ കൊണ്ട് പോയതും ഒക്കെ കോഫി ഹൗസുമായി ഇഴുകി ചേര്‍ന്ന് കിടക്കുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകളാണ്. പ്രൊഫ. ആര്.വിശ്വനാഥനുമായുള്ള ദീര്‍ഘകാലത്തെ സംസ്കാരിക സൗഹൃദത്തിന് തുടക്കം കുറിച്ചതും കോഫി ഹൗസിലെ കോഫി ടേബിളില്‍ നിന്നായിരുന്നു എന്നു കൂടി മാസ്റ്റര്‍ വിവരിക്കുന്നു.

വലിയ ചരിത്രമുള്ള ചെറിയ നഗരമാണ് തലശ്ശേരി. ചെറിയ സ്ഥലത്ത് പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചിരുന്നത് കൊണ്ടുതന്നെ എല്ലാവരും കോഫി ഹൗസില്‍ എത്തുക സ്വാഭാവികമായിരുന്നെങ്കിലും അത് പല വേദികളിലും ശ്രേണികളിലുമായി ജോലി നോക്കിയിരുന്നവരെ അടുപ്പിക്കുന്നതിലും അങ്ങിനെ ഒരു അയല്‍ക്കൂട്ട സംസ്കാരം (Neighbourhood Culture) ഊട്ടി ഉറപ്പിച്ച് എടുക്കുന്നതിലും വലിയ രീതിയില്‍ വേദി ആയി. കറന്റ് ബുക്സില്‍ എത്തിയിരുന്ന എഴുത്തുകാരും വായനക്കാരും ഒത്തുചേരുന്ന ഇടംകൂടി ആയിരുന്നു കോഫി ഹൗസ്, തലശ്ശേരിയില്‍ നിന്ന് പിന്നീട് പാലക്കാടും തൃശ്ശൂരും ഇതിന്റെ പുതിയ ശാഖകള്‍ തുടങ്ങുകയുണ്ടായി. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് കാര്യാലയത്തിന്റെ കീഴില്‍ പതിനാറെണ്ണവും തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്യാലയത്തിന്റെ കീഴില്‍ അമ്പതെണ്ണവും ഇന്ന് നിലവില്‍ ഉണ്ട്.
കേരളത്തിലെ തന്നെ Coffee Drinking Culture ന് തുടക്കം കുറിച്ച സ്ഥലം തലശ്ശേരി തന്നെ ആയിരിക്കാം. തലശ്ശേരി കോഫി ഹൗസ് 1958 ആഗസ്റ്റ് 7-ാം തീയ്യതി ആരംഭിച്ചതാണെങ്കില്‍ പോലും ഒന്നര നൂറ്റാണ്ടിന് മുമ്പേ വയനാട്ടിലെയും കുടകിലെയും പോളി ബേറ്റയിലെയും വിരാജ്പേട്ടയിലെയും കാപ്പിത്തോട്ടങ്ങളിലെ കാപ്പി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ വേണ്ടി തലശ്ശേരിയിലെ കടല്‍ തീരത്തുള്ള പാണ്ഡിക ശാലകളില്‍ എത്തിയിരുന്നു. 1926 ആയപ്പോഴേക്കും ബോംബെയിലും തലശ്ശേരിയിലും സ്വിറ്റസര്‍ലാന്റിലെ Volkart Brothers കമ്പനി അവരുടെ കയറ്റുമതി യൂണിറ്റുകള്‍ തലശ്ശേരി കടല്‍ തീരത്തും മോറക്കുന്നിലും സ്ഥാപിച്ചിരുന്നു. കുടകിലെയും വയനാട്ടിലെയും കാപ്പിക്കുരു കയറ്റുമതിക്ക് മുമ്പേയുള്ള ഉണക്കലിനും തോട് കളയുന്ന (de-husking) പ്രക്രിയകള്‍ക്കുമായി മോറക്കുന്നിലെ വോള്‍ക്കാര്‍ട്ട് ബ്രദേഴ്സ് കമ്പനിയിലേക്ക് എത്തിച്ചിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് കുറേവര്ഷങ്ങള്ക്ക് ശേഷം ഈ കമ്പനി കോഫി ബോര്‍ഡ് ഏറ്റെടുക്കുകയാണ് ചെയ്തത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തില്‍ ടാറ്റ കമ്പനി വാങ്ങി ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങളോളം നടത്തിയ ശേഷം റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വില്ക്കുകയാണുണ്ടായത്.
”കൊളോണിയലിസത്തിന്റെ സാസ്കാരിക ഇടപെടലുകളോട് ചേര്‍ത്ത് മാത്രമേ ചായയുടെയും കാപ്പിയുടെയും ചരിത്രം വായിച്ചെടുക്കാന്‍ കഴിയൂ” എന്ന് സുമാ ശിവദാസ് ”കേരള ഭക്ഷണ ചരിത്രം” എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. കാപ്പിയുടെ ഉത്ഭവം ആഫ്രിക്കയിലാണെങ്കില്‍ കൂടി ഇന്ത്യയിലേക്ക് അത് ഒരു പാനീയമായി എത്തുന്നത് പേര്‍ഷ്യന്‍ സൂഫി സന്യാസിയായ അബുധന് വഴിയാണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അബുധന് ഇന്ത്യയില്‍ ആദ്യമായി എത്തുന്നത് മൈസൂരിലാണെന്നും അദ്ദേഹം അവിടെ കാപ്പിച്ചെടികള്‍ നട്ടുപിടിപ്പിച്ചു എന്നും ചരിത്രരേഖകള്‍ പറയുന്നു. അറബി ഭാഷയില്‍ കാപ്പിക്ക് പറയുന്നത് ”കാഹൂത്ത്” എന്നാണ്. എന്നാല്‍ ഇതിന് വൈന്‍ എന്ന അര്‍ത്ഥം കൂടെയുണ്ട് എന്ന് അറിയുന്നു. കാപ്പി സുഖവും ഉന്മേഷവുമുളവാക്കുന്ന പാനീയമാണെന്നും, മനസ്സിനും ശരീരത്തിനും ആശ്വാസം പകരുന്നതോടൊപ്പം വാര്‍ദ്ധക്യത്തിന്റെ അവശതയെ ലഘൂകരിക്കുകയും ചെയ്യും എന്ന് പഴയകാല പേര്‍ഷ്യന്‍ പുസ്തകങ്ങളില്‍ പറയുന്നു. പരിഷ്കൃത മധ്യവര്‍ഗ മലയാളി അവരുടെ ജീവിതശൈലിയുടെ ഭാഗഭാക്കാക്കിയ കാപ്പി തലശ്ശേരിയില്‍ വച്ചാണ് ഇഷ്ടക്കേടോ ചെറുത്തുനില്പോ ഒന്നും കൂടാതെ കേരളീയ സംസ്കാരത്തിന്റെ ഭാഗമായി തദ്ദേശീയവത്ക്കരിക്കപ്പെടുന്നത്.
കൊളോണിയല്‍ കോഫി ഹൗസ്/ ക്ലബ്ബ് സംസ്കാരത്തിന്റെയും ”മാനേഴ്സ്” എന്ന ശൈലീകൃത ജീവിത വീക്ഷണത്തിന്റെയും സ്വാധീനത്തിന്റെ ഫലമായി തലശ്ശേരിയില്‍ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട ഭക്ഷണശാലകള്‍ വേറെയും ഉണ്ടായിരുന്നു. ഹോട്ടല്‍ മെജസ്റ്റിക്, ഹോട്ടല്‍ വിക്ടോറിയ എംപയര്‍ ഹോട്ടല്‍ എന്നിവയാണ് ശ്രദ്ധേയമായ വിധത്തില്‍ ആളുകളുടെ സ്മൃതി പഥത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത്. കടപ്പുറം റോഡിലുള്ള ഡോ. സുന്ദരത്തിന്റെ ബംഗ്ലാവ് പോലുള്ള ഭവനത്തില്‍ ആയിരുന്നു യൂറോപ്യന്‍ കോഫി ഹൗസ് മാതൃകയില്‍ ഉള്ള എംപയര്‍ ഹോട്ടല്‍ നിലനിന്നിരുന്നത്. വയനാട്ടിലെ യും കുടകിലേയും തോട്ടം തൊഴിലാളികളും മുതലാളിമാരും ധാരാളമായി എത്തിയ പട്ടണമായത് കൊണ്ടുതന്നെ പുറമെ നിന്ന് രുചിയുള്ള ഭക്ഷണം കഴിക്കുന്ന പതിവ് (eating out habits) പഴയകാലം മുതല്‍ തന്നെ കാണപ്പെട്ടിരുന്നു.

കോസ്മോ പൊളീറ്റന്‍ ക്ലബ്ബില്‍ ബ്രിഡ്ജ് റമ്മി പോലുള്ള ശീട്ടുകളിയും ബില്ല്യാഡ്സ് സ്നൂക്കര്‍ കളിയുമൊക്കെ ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പേ ഇവിടെ ഉണ്ടായിരുന്നതിന്റെ ഫലമായി പുരുഷന്മാരുടെ ഇടയില്‍ ‘ dine out’ സംസ്കാരം ജൈവ പ്രക്രിയയുടെ വിസ്തരണം പോലെ ഉടലെടുത്തിരുന്നു. അങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഒരു കാലത്ത് നടത്തിയ കോടതിക്ക് സമീപമുള്ള ഹോട്ടല്‍ വിക്ടോറിയയില്‍ മദ്യവും നിശാനൃത്തവും സായാഹ്ന വിനോദാഘോഷങ്ങളുടെ ഭാഗമായി സമ്പന്നരായ ചെറിയ വിഭാഗം ആളുകള്‍ സ്വീകരിച്ചത്. കടല്‍ തിരമാലകളുടെ കാറ്റും തല്ലജവുമേറ്റ് മദ്യവും മദിരാക്ഷിയും ദൂരെയെങ്ങും പോകാതെ തന്നെ നാട്ടില്‍ നിന്ന് ആസ്വദിച്ച് എലീറ്റിസ്റ്റ് ആയ രീതിയില്‍ ജീവിതശൈലി മെനെഞ്ഞെടുത്ത ചെറുസമൂഹവും തലശ്ശേരി സംസ്കാരത്തില്‍ ലയിച്ചുചേര്‍ന്ന കൊളോണിയല്‍ ആധുനികതയുടെ അടരുകളായി പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. മുണ്ടും കോട്ടും ധരിച്ചിരുന്ന ”ഭദ്രലോക്” വിഭാഗത്തിലെ വ്യക്തികള്‍ പോയി ഭക്ഷണ കഴിച്ചിരുന്ന Majestic Hotel വിശാലമായ ഹാളുകളില്‍ വട്ടമേശകളില്‍ ആയിരുന്നു ഭക്ഷണം വിളമ്പി നിത്യസന്ദര്‍ശകരായ ഉദ്യോഗസ്ഥരേയും മറ്റ് വ്യക്തികളേയും ആകര്‍ഷിച്ചിരുന്നത്. ആംഗ്ലോ ഇന്ത്യന്‍ വംശജനും പ്രസിദ്ധ ഹോക്കിതാരവുമായ റോയ് ഹേ ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ സുഹൃത്തുക്കളുമായി ഇവിടെ സാഹാഹ്നങ്ങളില് പതിവായി എത്താറുള്ളതായി പറയപ്പെടുന്നു. തലശ്ശേരി സമൂഹവും സംസ്കാരവും നിര്‍മ്മിക്കപ്പെടുന്നതില്‍ രുചി ഓര്‍മ്മകള്‍ക്ക് അന്തര്‍ഗ്ഗതമായ പ്രസക്തിയും പ്രാധാന്യവും തന്നെ ഉണ്ട് എന്നത് അര്‍ത്ഥശങ്കയ്ക്ക് ഇടം നല്‍കാത്ത വസ്തുതയാണ്. തലശ്ശേരിയുടെ ചരിത്രവും സംസ്കാരവും സാമൂഹിക രൂപീകരണവും ഇവിടെ ജീവിച്ചിരുന്ന പല വിഭാഗങ്ങളിലുംപെട്ട പല തുറകളിലും പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ ”ആര്‍ക്കൈവല്‍” ആയ സ്മൃതി മണ്ഡലത്തില്‍ നിന്നും കോര്‍ത്തിണക്കി ആഖ്യാനിക്കേണ്ടിയിരിക്കുന്നു.