
വാക്സിൻ കൊണ്ട് തീരുമോ ഈ മരണ’കലി’

ഡോ. അജേഷ് കെ.
വൈറൽ രോഗങ്ങൾ എന്നും പൊതുജനാരോഗ്യത്തിന് ഭീണിയാണ്, പ്രത്യേകിച്ചും വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന അപകടകാരികളായ, സാർസ്, എബോള, ഇൻഫ്ലുവൻസ പോലുള്ളവ. എബോള ബാധിച്ച തൊണ്ണൂറ് ശതമാനത്തോളം പേരും മരണപ്പെടുമ്പോൾ, കോവിഡ് 19 കുറഞ്ഞ മരണ നിരക്കിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുകയും ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. കോവിഡ് മൂലം ശരാശരി ഇരുപത്തഞ്ചോളം മരണങ്ങൾ ഒരുദിവസം കേരളത്തിൽ സംഭവിക്കുന്നു. ആകെ മരിച്ചവരുടെ എണ്ണം അടുത്തിടെ മൂവായിരം കടക്കുകയും ചെയ്തു.
2020ന്റെ തുടക്കത്തിൽ ശാസ്ത്രജ്ഞർ SARS COV-2 കൊറോണ വൈറസിന് എതിരെ വാക്സിൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങിയപ്പോൾ പെട്ടന്നുള്ള ഒരു വിജയം സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ റെക്കോർഡ് വേഗത്തിൽ സുരക്ഷയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ വാക്സിൻ വികസിപ്പിക്കാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ശാസ്ത്രജ്ഞർക്ക് സാധിച്ചു. നൂതന സാങ്കേതിക വിദ്യയും, സമാന്തരമായി ഒന്നിലധികം ട്രിയലുകൾ നടത്താൻ കമ്പനികൾക്കുള്ള ഉയർന്ന സാമ്പത്തിക സഹായവും ഇതിന് ആക്കം കൂട്ടി. ഇത് മഹാമാരിയെ പൂർണ്ണമായും തുടച്ചുനീക്കുവാനുള്ള പ്രതീക്ഷകൾ നൽകുന്നു. വാക്സിൻ പകർച്ചവ്യാധികളെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലതും ഒരുപക്ഷേ ഏക മാർഗവുമാണ്. വസൂരി ഉന്മൂലനം ചെയ്യപ്പെടുകയും പോളിയോ ബാധയെ വരുതിയിലാക്കാൻ സാധിച്ചതും ഉത്തമ ഉദാഹരണങ്ങളായി കണക്കാക്കാം. എന്നാൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കോവിഡ് വാക്സിനുകൾ ആഗോളതലത്തിൽ തുല്യമായി വിതരണം ചെയ്യപ്പെടുമെന്ന് നമുക്ക് കരുത്താനാകില്ല.
സമ്പന്നരാജ്യങ്ങൾക്ക് ഏകദേശം മുഴുവൻ രോഗികൾക്കും ആവശ്യമായ വാക്സിൻ ഡോസുകൾ സമാഹരിക്കാൻ സാധിക്കുന്നതുപോലെ മൂന്നാം ലോകരാജ്യങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. എത്രയും വേഗത്തിൽ എഴുപതു ശതമാനത്തിലധികം ആളുകൾക്കെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സാധിച്ചാലെ രോഗവ്യാപനത്തിന് വിരാമമിടാൻ കഴിയൂ.
ഇന്ത്യയിൽ ഇപ്പോൾ രണ്ട് ബ്രാന്റുകൾക്കു മാത്രമേ വാക്സിൻ ഉപയോഗത്തിനുള്ള അനുമതി നല്കിയിട്ടുള്ളൂ. നൂറ്റിമുപ്പത്തിയെട്ട് കോടി ജനങ്ങൾക്ക് സമയബന്ധിതമായി വാക്സിൻ എത്തിക്കാൻ ഇവർക്കു കഴിഞ്ഞെന്നുവരില്ല. ഈ അടിയന്തര സാഹചര്യം മുൻനിർത്തി തൊണ്ണൂറ് ശതമാനത്തിന് മുകളിൽ ഫലപ്രാപ്തിയുള്ളതും, ലോകാരോഗ്യ സംഘടന അംഗീകരിച്ചതുമായ ‘ഫൈസർ വാക്സിൻ’ പോലുള്ളവ കൂടി പരിഗണിക്കേണ്ടതുണ്ട്.
SARS COV- 2 പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കും എന്നതിന് ഗവേഷകർക്ക് ഇതുവരെ വ്യക്തമായ ഉത്തരമില്ല. ആയതിനാൽ ഒരു അംഗീകൃത വാക്സിൻ എത്രത്തോളം ഫലപ്രദമായിരിക്കും എന്ന് വരുംനാളിൽ കാണേണ്ടിയിരിക്കുന്നു. കുറഞ്ഞ തോതിലാണെങ്കിലും വൈറസിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം ഇതിന് മറ്റൊരു കാരണമാണ്. അതുകൊണ്ട്, എന്നെന്നേക്കുമായി ഈ വൈറസ് ഇവിടെ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥിരമായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതും, മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും, മറ്റ് സാധാരണ സാംക്രമിക രോഗങ്ങൾ ബാധിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചതായി പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ പാലിക്കുന്ന വ്യക്തിഗത ശുചിത്വം തുടരേണ്ടതുണ്ട്.
മനുഷ്യൻ പരിണാമകാലത്തിൽ നിന്ന് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് രൂപന്തരപ്പെട്ടപ്പോൾ വൈറസുകൾ മനുഷ്യരുമായുള്ള ബന്ധം ദൃഢമാക്കി. മനുഷ്യസമൂഹത്തിന്റെ വിവിധ മേഖലകളിലെ മുന്നേറ്റം പുതിയതരം വൈറസുകളെ നമുക്ക് പരിചയപ്പെടുത്തി. ഇന്ന് നമ്മുടെ അറിവിലുള്ളതും ഇനി കണ്ടെത്താനിരിക്കുന്നവയുമടക്കം പല വൈറസുകൾ മനുഷ്യന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തി ഭൂമിയിൽ തുടർന്നുകൊണ്ടേയിരിക്കും. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് സംഭരിച്ച അറിവും പരിചയവും ഇതുപോലൊരു പ്രതിസന്ധി മറികടക്കാൻ നമ്മളെ സഹായിക്കുക തന്നെ ചെയ്യും.
(ലൈഫ് സയൻസ് വിഭാഗം ഗവേഷകനാണ് ലേഖകൻ)