
കണ്ടാച്ചേരി ചാപ്പൻ

ഡോ. അജയ് നാരായണൻ
“കൂട്ടരേ, നമുക്കിനി വടക്കൻപ്പാട്ടിലെ ഒതേനന്റെ ചങ്ങായി ചാപ്പന്റെ കഥ പാടാം, ട്ടോ…
കാറ്റ് കാതുകൂർപ്പിച്ചു. തേങ്ങോലത്തുമ്പിലിരുന്നു ഓലഞ്ഞാലികൾ തലയാട്ടി. പൂച്ചം പൂച്ചം കുട്ട്യോളും അടുത്തുകൂടി.
മൂത്താര് തുടങ്ങി, കഥ…
“ചാപ്പനെ അറിയില്യേ? തച്ചോളി മേപ്പയിൽ കുഞ്ഞൊതേനന്റെ ഉറ്റ ചങ്ങായി? പറയാലോ ഇനി ചാപ്പന്റെ കഥ. തലയ്ക്കു വെടിയേറ്റ്, മരിക്കാൻ കെടക്കണ ഒതേനക്കുറുപ്പ് എല്ലാർക്കും ഓന്റെ മൊതലെല്ലാം വീതം വച്ചുത്രേ! തേയിക്ക് കൊടുത്തില്ലാട്ടോ, ചതിച്ചോളല്ലേ, ഉറുക്കും നൂലും എടുത്തോളല്ലേ. പലർക്കും എണ്ണിക്കൊടുത്തു, ബാക്കി പറഞ്ഞും കൊടുത്തു. ഏട്ടൻ കോമകുറുപ്പ് വേണ്ടത് പോലെ ചെയ്തോളും”.
മൂത്താര് കഥ പറഞ്ഞ് ഒന്നു നിർത്തി. കഥയ്ക്ക് ഒരു താളം കിട്ടണേല് കുട്ട്യോള് മൂളണം. അല്ലെങ്കിൽ ചോദിക്കണം, ഉത്തരം തേടിയുള്ള ചോദ്യങ്ങൾ! കുട്ട്യോളല്ലേ, ഏറെ ചോദിക്കും.
“അപ്പോ ഒതേനക്കുറുപ്പിന്റെ ചങ്ങായി ചാപ്പന് എന്താ കിട്ട്യേ, മൂത്താരേ…?”, കേട്ടുനിക്കണ കുട്ട്യോള് ആകാംക്ഷയോടെ ചോദിച്ചു.
“പാവം ചാപ്പൻ, എന്താപ്പോ പറയ്യാ…”. മൂത്താര് കഥ പറഞ്ഞു തുടങ്ങി. കേട്ട് പഴകിയ കഥ, ചാപ്പന്റെ കഥ…ചാപ്പൻ പറയാത്ത കഥ!
ചാപ്പൻ നോക്കി നിന്നു, തൊഴുകയ്യോടെ. മരണകിടക്കയിൽ തേനൻ കിടക്കുന്നു. ജനിച്ചനാൾ മുതൽ കൂടെക്കൂട്ടിയോൻ, ഒറ്റയ്ക്ക് യാത്രയാകുന്നു. ഇനി പൊയ്ത്തില്ല, വീരകഥകൾ ഈടെ തീരും. തന്റെ കഥയും!
ചാപ്പൻ കഥയില്ലാത്തോനായി തീരണ നിമിഷം ഇതാ അടുത്തു.
‘കൂട്ടരേ, എനക്കല്ലേ നീയാദ്യം നീട്ടേണ്ടത്, നിന്റെയെല്ലാം, എനക്കല്ലേ തേനാ!
എന്നിട്ടും തനിക്ക്, ഉറ്റ ചങ്ങായിക്ക് മാത്രം ഒയിഞ്ഞ കയ്യ്! എന്തേ…?’
“തച്ചോളിളയ കുറുപ്പന്നോരെ
എല്ലാരേം കൊണ്ടപ്പറഞ്ഞു നിങ്ങൾ
എന്നകൊണ്ടൊന്നും പറഞ്ഞില്ലല്ലോ…”
ചാപ്പന്റെ ഇടനെഞ്ഞു മുറിഞ്ഞു ചോര കിനിഞ്ഞു.
ഓർമ്മകൾ പൂഴിക്കടകൻച്ചോടു പോലെ ചാപ്പനെ കുലുക്കി. ചാപ്പൻ കാല് തെറ്റി വീണു, ഓർമയുടെ മണൽക്കൂമ്പാരത്തിലേക്ക് പൂഴിയുടെ കുത്തൊഴുക്കിലേക്ക്.
“ഓർമ്മയുണ്ടോ തേനാ, ഓമനക്കുഞ്ഞൊതേനാ, ഒളവന്നൂർ ഭഗവതീടെ കാവൂട്ടുംവേലയ്ക്കു നീയല്ലേ പന്തലൊരുക്കീത്. കയ്യാളായി എന്നും ഞാനുംണ്ടല്ലോ. എന്റമ്മ പറഞ്ഞീനിം, നെന്റെ കൂടെ മരിക്കുംവരെ ണ്ടാവണംന്ന്, ആര് മരിക്കണ വരേന്ന് പറഞ്ഞില്ലേനീം…
ചീനംവീട് തങ്ങൾക്ക് ഉപ്പാട്ടിയമ്മേനേം കിട്ടി, കൂട്ടിരിക്കണ തീയത്തിപ്പെണ്ണിനേം കിട്ടി, ല്ലേ! എന്നാലെന്ത്, എനിക്ക്ന്റെ ചങ്ങായി തേനനും. നീ കാട്ടിയ കുര്ത്തക്കേടിനു കൊട്ടെനിക്കും, ല്ലേ…
തോല് വെളുത്ത പെണ്ണിനെക്കണ്ടാല് ഒതേനനു വശപ്പെടണം ന്ന് പേരുംണ്ടല്ലോ. ന്ന്ട്ടോ തേനാ, കുഞ്ഞികുങ്കിനെ കാക്കേന പോലെ കറുത്തൊള് ന്നല്ലേ നീ നാട്ടാര്ടെ നുമ്പില് വച്ച് വിളിച്ചത്! എന്നിട്ടും ഓൾടെ കുടീല് ങ്ങളെ തച്ചോളിപ്പൊട്ടനാക്കി മാറ്റീലേ ഞാന്… ങ്ങടെ മാഗല്യം കഴിച്ചീലെ ഞാന്? ചോദിച്ചീനോ, എനക്കിഷ്ടായോ ന്ന്? ന്റെ നെഞ്ചിലെ വേവ് നീയറിഞ്ഞീനോ, തേനാ?
ന്നാലോ തേനാ, നീ പൊന്നിയത്തങ്കം കുറിച്ചപ്പോ ഓർമണ്ടോ? മതിലൂർ കുരുക്കളുമായാണ് അങ്കം കുറിച്ചേക്കണ്ത്. ആരു പറഞ്ഞാലും നീ കൂട്ടാക്കില്ലാല്ലോ, ഞാൻ പറഞ്ഞാ പണ്ടേ കേൾക്കില്ല, ല്ലേ”.
ചാപ്പന്റെ തൊണ്ട കുറുകി. ലോകനാർ കാവിലമ്മേ, ചതിക്കല്ലേ…
ഓർമ്മകൾ വീണ്ടും പൊയ്ത്തിന്റെ കഥകളിലേക്ക് ചാപ്പനെ പറഞ്ഞു വിട്ടു, ഒതേനൻ അവിടെ കിടന്നു. നിവർന്ന്, കണ്ണടച്ച്!
“കോയിക്കോട്ടങ്ങാടീന്ന് ചമയങ്ങള് വാങ്ങാൻ പോയതോർമ്മേണ്ടോ? പുലിമുണ്ടൻ ചാത്തൂനേം കൂട്ടാളികളേം വഴിക്ക് വച്ചു തച്ചോടിച്ചു. ന്നാലോ തേനാ, ക്ഷീണം കൊണ്ടു അന്ന് നീ എന്റെ മടീലല്ലേ കെടന്നേർന്നെ, ന്നിട്ടിപ്പോഴോ?
തേയീന്റെ വീട്ടില് മറന്നു വച്ചില്ലേ മന്ത്രിച്ച ഉറുക്കും നൂലും? ന്നിട്ടോ തേനാ, ഞാൻ പോയി നോക്കീലോ. എന്നെയെന്തിനു വിട്ടു നിയ്യ്? എല്ലായിടത്തും മൂകസാക്ഷിയായി ഭൂമിയും സൂര്യചന്തിരന്മാരും ഞാനും! ന്നിട്ടിപ്പോ, നീയെന്നെ ചതിച്ചല്ലോ…
അങ്കം കുറിച്ചപാടെ ദുരിശങ്ങളും ദുശ്ശകുനങ്ങളും തോനെ കണ്ടേർന്നല്ലോ ചങ്ങായീ. ഏട്ടനും നാട്ടാരും പറഞ്ഞേർന്നു, പൊയ്ത്ത് വേണ്ടാന്ന്. കാവിലമ്മേം കാണിച്ചു ദുശ്ശക്നങ്ങള്, ന്നിട്ടോ തേനാ?
ഒതേനൻ മിണ്ടൂലാ. മിണ്ടാൻ പറ്റൂലാ. മായിൻക്കുട്ടീടെ തോക്ക് തേനന്റെ നെറ്റീലാ കൊണ്ടത്…”.
ചാപ്പന്റെ നെഞ്ചിലൊരു ചിരി തെളിഞ്ഞു, വല്ലാത്ത ചിരി.
“തച്ചോളി കോമക്കുറുപ്പിന്റെ വെഷമം വംശം മുടിഞ്ഞൂന്നാണല്ലോ. പയ്യംവെള്ളിക്കും കോട്ടയിലെ മരിക്കാരിക്കും വലംകയ്യാത്രേ പോണത്. അപ്പോ തീരുമാനം ആയല്ലേ തേനാ… എനിക്കോ, നീയെനിക്കാരാണ് തേനാ, തങ്ങൾക്ക് മോഹം കൂടിയപ്പോ അടിയാളത്തിക്ക്ണ്ടായ പെഴച്ച സന്തതിയല്ലേ, കൂട്ടിക്കൊടുപ്പ്കാരനോ, മാറ്റാന്റെ വാളറിയാത്ത പോങ്ങനോ ആവാം. അതോ ശബ്ദമില്ലാത്ത നിന്റെ നിഴലോ. എന്നെ നീയറിഞ്ഞില്ലേ, ഇനിയും”?
ചാപ്പൻ ചുഴിഞ്ഞു നോക്കി. മായൻകുട്ടീടെ തോക്കീന്ന് തറച്ച ഉണ്ട തേനന്റെ മണ്ടേല് ഒരു കുഴികുത്തീട്ട്ണ്ട്, അമ്മേ… കാവിലമ്മേ… ചാപ്പന്റെ നെറ്റി മൊഴച്ചു വന്നു.
“എന്തേലും മൊഴിയിൻ ചങ്ങാതീ”, ചാപ്പൻ തൊണ്ടയനക്കി. ശബ്ദം വിറച്ചു.
കുഞ്ഞൊതേനൻ ഒന്നു പിടഞ്ഞു.
പയ്യംവെള്ളി തൊണ്ടയിടറി ചോദിച്ചു, “കയ്യ് പിടിച്ചു നടത്തട്ടെ, കുഞ്ഞൊതേനാ…”.
പിറകിൽ നിന്ന ചാപ്പന്റെ കൈ നീണ്ടു വന്നു, തേനനെ ഒന്നു താങ്ങാൻ. കാറ്റ് വന്നെത്തി നോക്കി. കതകിന്നപ്പുറം കൂട്ടരു കൂടി. ചന്നം പിന്നം മഴേം പെയ്യണ്.
“വേണ്ടാ, ചന്തൂ”, ഉറച്ച ശബ്ദം മരണത്തിന്റെതായിരുന്നു. നീണ്ടുവന്ന തന്റെ കൈ ചാപ്പൻ പിൻവലിച്ചു, ഒരൊച്ച് പോലെ ചാപ്പന്റെ മനസ്സും ചുരുണ്ടു.
കണ്ണു ചുവന്നു. ചുണ്ടിന്റെ കോണിലൊരു വേദന ഊറി വന്നു. ഒരു വരണ്ട ചിരിയായി ഒഴുകി. പുഴ തേടി, ആത്മാവ് തേടി, തേനന്റെ പിന്നാലെ…
കോമക്കുറുപ്പ് പിന്നേം തിരക്കി, “ഇനിയോ പൊന്നനുജാ…?”
വിഷമിച്ചെങ്കിലും തൊണ്ട കുറുകിയെങ്കിലും ഒതേനൻ എല്ലാം പറഞ്ഞേൽപ്പിച്ചു. എല്ലാരും കേട്ട് നിന്ന് തലകുലുക്കി സമ്മതിച്ചു. ചാപ്പന് നെഞ്ചിലാകെ ഒരു തരിപ്പ് കേറി.
“മാതൂനു കൊടുത്തതും കുങ്കിക്ക് കൊടുക്കേണ്ടതും തേയിക്ക് കൊടുക്കേണ്ടാത്തതും പറഞ്ഞല്ലോ നിയ്യ്. എനക്കോ തേനാ… എന്നെയെന്താ പറഞ്ഞേപ്പിക്കണേ? എനക്കെന്താ തരണേ, തേനാ… ഒതേനാ, എന്റെ ചങ്ങായീ…”.
കുഞ്ഞോതേനൻ ചാപ്പനെ നോക്കി. ഒതേനന്റെ കണ്ണിൽ നിന്നും വേർപ്പോഴുകി, മൂടല് വീണ കണ്ണൊന്നു തുടച്ച്, ചാപ്പന്റെ കൈപ്പിടിച്ചു. ഒതേനന്റെ നെഞ്ചിലെ തണുപ്പ് അവന്റെ ഞരമ്പിലൂടെ തരിച്ചു കയറി. ഓന്റെ ദേഹി ചാപ്പന്റെ ദേഹത്തേക്ക് കൂടിയെന്ന് അറിഞ്ഞു, ചാപ്പൻ.
“തേനാ, എന്റെ ഒതേനാ…”, ചാപ്പൻ മന്ത്രിച്ചു. ഒതേനനു വിമ്മിഷ്ടം കൂടി, കഷ്ടപ്പെട്ട് പറഞ്ഞു,
കൊണ്ടുനടന്നതും നീയേ ചാപ്പാ
കൊണ്ടോയ് കൊല്ലിച്ചതും നീയേ ചാപ്പാ
നിനക്കേതും തരാനില്ലല്ലോ ചാപ്പാ
ഒറ്റയ്ക്ക് പോകട്ടേ പൊന്നും ചാപ്പാ…”
എന്ന് പറഞ്ഞ്, തലേക്കെട്ടഴിച്ചു. കിടന്നു മരിച്ചു കുഞ്ഞിഒതേനൻ.
ഏതൊരു ദിക്കിലും പോകുന്നേരം ഒതേനൻ
കൂടെക്കൊണ്ട് നടന്ന കണ്ടാച്ചേരി ചാപ്പൻ മുള ചീന്തും വണ്ണം കരഞ്ഞു, പൊട്ടി പൊട്ടി കരഞ്ഞു…
കരച്ചിലൊടുങ്ങിയപ്പോൾ ചാപ്പൻ ഏതുമില്ലാതേ നടന്നു, ഏകനായി ഒഴിഞ്ഞ കയ്യോടെ, ഒഴിഞ്ഞ മനസ്സോടെ…
ചാപ്പന്റെ കഥയും കഴിഞ്ഞു!
“എന്നിട്ടോ മൂത്താരെ…”, കുട്ടികൾ വിതുമ്പി.
“കുട്ട്യോളെ, എനക്കൊന്നും അറിഞ്ഞൂടാ. ചാപ്പനെ പിന്നെയാരും കണ്ടിട്ടില്ലാത്രേ. പോയി എങ്ങോ പോയി…”. മൂത്താരുടെ ഒച്ച താണു.
കുട്ടികൾ നിശബ്ദരായി കാറ്റിനൊപ്പം അകന്നു പോയി.
ഏതോ വാതായനത്തിന്റെ ഒരു പാളി ചെറുതായി ഞരങ്ങി, ‘തേനാ… എന്റെ കുഞ്ഞോതേനാ…’