
യെഹൂദാ അമിഖായിയുടെ രണ്ട് കവിതകളുടെ പരിഭാഷ

പരിഭാഷക: ഡോണ മയൂര
1. ഒരു വീടിന്റെ ചുമരിനരികിൽ – യെഹൂദാ അമിഖായി
കല്ലുപോലെ ചിത്രീകരിച്ചു വച്ചിരുന്നൊരു
വീടിന്റെ ചുമരിനരികിൽ,
എനിക്ക് ദൈവദർശനങ്ങളുണ്ടായി.
മറ്റാർക്കായാലും തലവേദന നൽകുന്ന
നിദ്രാരഹിതമായ രാത്രികൾ
എനിക്ക് മനസ്സിനുള്ളിൽ മനോഹരമായി വിടരുന്ന
പൂവുകൾ തന്നു.
തെരുവിലൊറ്റപ്പെട്ട് പട്ടിയെപ്പോലെയലഞ്ഞു
നടന്നിരുന്നൊരുവനെ മനുഷ്യനെന്ന പോലെ കണ്ടത്തി
വീട്ടിലേക്ക് മടക്കി കൊണ്ടു വന്നു.
പ്രണയമൊരവസാനയിടമല്ല:
അതിനപ്പുറവുമനേകയിടങ്ങളുണ്ട്,
നടന്നെത്തുന്നതിനൊടുവിൽ നീണ്ടുകിടക്കുന്നൊരു
നടവഴിയാണത്.
2. കഷ്ട്ടം. അതി നൂതനമായൊരു ആവിഷ്ക്കാരമായിരുന്നു നമ്മൾ – യെഹൂദാ അമിഖായി
അവർ നിന്റെ തുടകൾ
എന്റെ അരക്കെട്ടിൽ നിന്നും
മുറിച്ചുകളഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും ശസ്ത്രക്രിയ നടത്തുന്നവരാണ്, എല്ലാവരും.
നമ്മളിൽ നിന്നിരുവരെയുമവർ
അടർത്തി മാറ്റി.
എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും എഞ്ചിനിയർമാരാണ്, എല്ലാവരും.
കഷ്ട്ടം. അതി നൂതനവും
പ്രിയമുള്ളതുമായൊരു ആവിഷ്ക്കാരമായിരുന്നു നമ്മൾ.
ദമ്പതികളിൽ നിന്നും മെനഞെടുത്തൊരു വിമാനം.
ചിറകുകളും സർവ്വതും.