
ഉടുപ്പ്

ഡോണ മയൂര
ഉടുപ്പിലെ
നൂലിഴകളും തയ്യൽ വഴികളും
മത്സരിച്ച് ശരീരത്തെ
വിവർത്തനം ചെയ്യുന്നനേരം.
കനമുള്ള ലാഘവം
നൂലിഴകളിൽ നിറഞ്ഞു,
ഉടലിന്റെ ഭാരമെല്ലാം
ഉടുപ്പിലേക്ക്.
ഭാരം കൊണ്ട്
പിഞ്ഞിയ ഉടുപ്പിനെ
പുതിയ തയ്യലിഴകളാൽ
ഉടൽ ചേർത്തുപിടിച്ചു.
അതിശൈത്യത്തിൽ
നൂലിഴകളും
തയ്യൽ പൊഴികളും
ഉടുപ്പിനൊപ്പം
ശരീരത്തോട് ചേർന്ന്
ശിശിരനിദ്രയിലാണ്ടു.
ശിശിരം കഴിഞ്ഞെത്തിയ
വേനലിൽ ഉടലയഞ്ഞു,
ഉടുപ്പിന്റെ ഇഴകളകന്നു
തയ്യലഴിഞ്ഞു.
ഉടുപ്പ്
ശരീരത്തെ ഉപേക്ഷിച്ച്
വസന്തത്തെ
തിരഞ്ഞുപോയി.
പക്ഷെ ,
നട്ടുച്ചയുടെ ഉച്ചിയിലൂടെ
പറന്നു പോയ
വസന്തത്തിന്റെ തൂവൽ
ഒറ്റപ്പെട്ടശരീരത്തിന്റെ
ശിരോലിഖിതങ്ങളെ
മാറ്റിയെഴുതി.
പൂവുടലിലെ
നിത്യഹരിതഭൂപടത്തിലിപ്പോൾ
വസന്തത്തിന്റെ വീട്,
ശലഭത്തിന്റെ ഉടുപ്പ്.