
ബഷീർ: അനുഭവത്തിന്റെ വൻകരകൾ

ഡോ. ധനുഷ. സി.എം
“കണ്ണും തലയും ഇരുട്ടിച്ചുപോയി ! വല്ലാത്ത വിഷമം. അസ്ഥികൾ വേവുന്നു ! ദാഹം! വിശപ്പ്! ആർത്തി! ലോകം വിഴുങ്ങാനുള്ള ആർത്തി! ” – വിശപ്പ് എന്ന ദയനീയാവസ്ഥയുടെ ഭീകരമുഖം വരച്ചു കാട്ടുകയാണ് ജന്മദിനം എന്ന കഥയിലൂടെ വൈക്കം മുഹമ്മദ് ബഷീർ. ഇത്തരത്തിലുള്ള സവിശേഷ പ്രമേയങ്ങളും അവയുടെ ലളിതാവതരണ രീതികൊണ്ടും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.
ജന്മദിനം എന്ന കഥയിലൂടെ വിശപ്പ് എന്ന സാമൂഹിക യാഥാർത്ഥ്യത്തിന്റെ ഭീകരത വരച്ചു കാട്ടുകയാണ് വൈക്കം മുഹമ്മദ് ബഷീർ. ഒപ്പം, മാനവികത, വിശപ്പിന്റെ രാഷ്ട്രീയം, അസ്തിത്വദുഃഖം തുടങ്ങി ഒട്ടേറെ പ്രമേയങ്ങൾ ഈ കഥയുടെ അന്തർധാരയായി കാണാം.
നവോത്ഥാനകാല എഴുത്തുകാരിൽ നിന്ന് തീർത്തും വ്യത്യസ്തമായ സ്വരം കേൾപ്പിക്കുകയും ഭാഷയിലും ആവിഷ്ക്കാരരീതിയിലും സ്വകീയമായ പാതവെട്ടി തെളിയിക്കുകയും ചെയ്ത സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. മറ്റൊരർത്ഥത്തിൽ, മിനുക്കുപണികളോ അതിഭാവുകത്വമോ കലരാത്ത മാനവികതയെ ഇന്ധനമായി സ്വീകരിച്ചുകൊണ്ട് സാഹിത്യത്തെ നവീകരിച്ചു എന്നതാണ് ബഷീറിന്റെ പ്രസക്തി. ആഴവും തെളിച്ചവുമേറിയ അനുഭവമണ്ഡലമാണ് അതിനദ്ദേഹത്തെ സജ്ജനാക്കിയത്.
‘അനുഭവങ്ങളിൽ രാഷ്ട്രീയമുരുക്കിയൊഴിച്ചാണ് ‘ ബഷീർ എഴുതിയതെന്ന കെ പി അപ്പന്റെ പ്രസ്താവന ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്.
മലയാളി വായനക്കാരന് തീർത്തും അപരിചിതമായ അനുഭവത്തിന്റെ വൻകരകൾ തന്നെ ബഷീർ തന്റെ രചനകളിലൂടെ ആവിഷ്ക്കരിച്ചു. ജീവിതാനുഭവങ്ങളാണ് തൻ്റെ എഴുത്തിന് ആധാരമെന്ന് ബഷീർ തന്നെ വലവുരു വ്യക്തമാക്കീട്ടുണ്ട്. അനുഭവങ്ങളിൽ നിന്നു ഉരുത്തിരിയുന്ന സമൂഹത്തിൻ്റെ ചിത്രീകരണവും മാനവികതയ്ക്കു പ്രാധാന്യം നല്കുന്ന രാഷ്ട്രീയ ദർശനത്തിൻ്റെ ഉൾച്ചേരലും
ബഷീർ രചനകളെ വ്യത്യസ്തമാക്കുന്നു.
സമകാലീകരായ കേശവ് ദേവ് , പൊൻകുന്നം വർക്കി, തകഴി എന്നിവരിൽ നിന്ന് ബഷീറിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം കൃത്യതയോടെ ഉന്നയിച്ച ലിംഗ സാംസ്കാരികാതിർത്തികളെ ഭേദിച്ച സഹവർതിത്വത്തിന്റെ രാഷ്ട്രീയ ധാരയാണ്. അത് തീർത്തും പ്രയോഗികമാണ്. അതിൽ കൂട്ടിച്ചേർക്കലുകളില്ല, അതിന് വേരുറപ്പുണ്ട്, സ്വാതന്ത്രമായൊരു ചിന്തപദ്ധതിയെതന്നെ വികസിപ്പിക്കാനുള്ള കരുത്തുമുണ്ട്. ഹാസ്യത്തിന്റെ നേർത്ത വിരൽസ്പർശം അതിനെയാർദ്രമാക്കുന്നു, ബഷീറിൽ നൈസർഗികമായി പരുവപ്പെട്ട സൂഫിമനോഭാവത്തിന്റെ
മിസ്റ്റിക് തലം അതിനെ ലളിതവൽക്കരിക്കുകയും അതോടൊപ്പം നിഗൂഢമാക്കുകയും ചെയ്യുന്നു.
തന്റെ രചനയെ വായനക്കാരൻ്റെ അനുഭവമാക്കി തീർക്കുവാനുള്ള വൈഭവം, ഹസ്യാത്മകമായ അവതരണം, സ്വതസിദ്ധമായ സംഭാഷണരീതി
എന്നിവയിലൂടെ ജീവിതത്തെ വ്യാഖ്യാനിക്കുവാനും അതിൻ്റെ നിഗൂഢ അറകൾ തുറക്കുവാനുമാണ് ബഷീർ ശ്രമിച്ചത്.
ഒപ്പം, ആഢ്യഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിക്കുകയും സാധാരണക്കാരന്റെ ഭാഷയിൽ അസാമാന്യമായി
രചന നിർവ്വഹിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇത്തരം വ്യതിരിക്തത കളാണ് ബഷീറിനെ ജനകീയ എഴുത്തുകാരനാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച അടിസ്ഥാന ഘടകങ്ങൾ.
ഭാഷയ്ക്കുള്ളിൽ ഭാഷ സൃഷ്ടിച്ച്, ഭാഷയുടെ വ്യാകരണം തിരുത്തി എതൊരു മലയാളി വായനക്കാരൻ്റെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ എഴുത്തുകാരനാണ് ബഷീർ.
ജയിൽപ്പുള്ളികൾ, ഭിക്ഷക്കാർ, വേശ്യകൾ, പട്ടിണിപ്പാവങ്ങൾ, ഹിജഡകൾ, സന്ന്യാസിമാർ ,രാഷ്ട്രീയക്കാർ ,സ്വവർഗ്ഗാനുരാഗികൾ, കള്ളന്മാർ തുടങ്ങി ജീവിതത്തിന്റെ ഭിന്ന മേഖലകളിൽ വ്യാപരിക്കുന്ന മനുഷ്യരുടെ അനുഭവ ലോകം തന്റെ രചനകളിലൂടെ ബഷീർ ആവിഷ്ക്കരിക്കുകയുണ്ടായി.
1945 ൽ പ്രസിദ്ധീകരിച്ച ജന്മദിനം എന്ന കഥാസമാഹാരത്തിലേതാണീ കഥ. പ്രസ്തുത സമാഹാരത്തിലെ ഐഷുകുട്ടി, ഒരു ചിത്രത്തിന്റെ കഥ മുതലായ പ്ലോട്ടിലും ക്രാഫ്റ്റിലും പ്രകടമായ പ്രത്യേകതകളുള്ള കഥകളിൽ ഉൾപ്പെട്ട ഒന്നാണിത്. സുകുമാർ അഴീക്കോടിന്റെ വാക്കുകൾ കടമെടുത്തുപറഞ്ഞാൽ, ‘സമാഹാരത്തിലെ പലതിൽ ഒന്നല്ലാത്ത, ഏറ്റവും മുന്തിയകഥ’.
കയ്യിൽ കാശില്ലാത്ത ഒരെഴുത്തുകാരൻ, തന്റെ പിറന്നാൾ ദിനത്തിൽ വിശപ്പകറ്റാനായി പ്രയോഗിച്ച ഉപയങ്ങളൊന്നും ഫലിക്കാതെ വന്നപ്പോൾ ഒരടുക്കളയിൽ കയറി ചോറ് കട്ടുതിന്നുന്നതാണ് കഥയുടെ പ്രമേയം. ഉത്തമ പുരുഷ ഏകവചനത്തിൽ വിശപ്പെന്ന യാഥാർഥ്യത്തെ ഹൃദയസ്പർശിയായ ജീവിതാനുഭവമായി ചിത്രീകരിക്കുന്ന ചെറുകഥയാണ് ജന്മദിനം.
വിശപ്പ് വ്യക്തിയുടെ ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും അക്കാലഘട്ടത്തിലെ മൂർത്തമായ സാമൂഹിക യാഥാർഥ്യമാണെന്നുമുള്ള വസ്തുതയാണ് വിശപ്പ് പ്രമേയമായിട്ടുള്ള ജന്മദിനം അടക്കമുള്ള കഥകളിലൂടെ ബഷീർ സമർത്ഥിക്കുന്നത്.
ജന്മദിനദിവസം മുഴുപ്പട്ടിണി കിടക്കേണ്ടിവരികയും, രാജ്യദ്രോഹത്തിന് പോലീസ് പിടിച്ച് കൊണ്ടുപോയി ചോദ്യം ചെയ്യുകയും തിരിച്ച് ലോഡ്ജിലെത്തി പണക്കാരായ മാതാപിതാക്കളുടെ മക്കൾ ആഹ്ലാദിക്കുന്നത് കണ്ട് നെടുവീർപ്പിട്ട് അതിലൊരുത്തൻ്റെ ഭക്ഷണം കട്ടു തിന്നുകയും ചെയ്യുന്ന ഒരാളുടെ കഥയാണ് ഇത്.
പ്രഭാതത്തിലാരംഭിച്ച് രാത്രിയിൽവസാനിക്കുന്ന തികച്ചും ജൈവീകമായൊരു സംഘട്ടനത്തെ ആവിഷ്കരിക്കുന്നൊരു കഥയാണിതെന്ന് ഒറ്റവായനയിൽ തോന്നാം. എന്തുകൊണ്ടെന്നാൽ വിശപ്പ് എന്നൊരു ജൈവീകചോദനയിലാണത് തുടങ്ങുന്നതും ഒടുങ്ങുന്നതും.
എന്നാൽ കഥയിൽ കടന്നുവരുന്ന ഈ വിശപ്പ്, കേവലമൊരു പാധി മാത്രമാണ്. കാരണം വിശപ്പിനെ ഉപയോഗിച്ച് എഴുത്തുകാരന്റെ
ദാരിദ്ര്യത്തെ കഥ പ്രകടമായി അടയാളപ്പെടുത്തുന്നില്ല. വിഷയം കഥകാരൻ പങ്കുവെയ്ക്കുന്ന അദൃശ്യമായ വിശപ്പാണ്. അത് ഒരേ സമയം എഴുത്തുകാരന്റെ വ്യക്തിജീവിതത്തിന്റെ ഭൗതിക ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, നിലനിൽക്കുന്നത് അതിനെ നിഷേധിച്ചുകൊണ്ടാണ്. അതിന്റെ സ്വഭാവം ഏകശിലാബദ്ധമല്ല. ആത്മാവിന്റെ/സ്വത്വത്തിന്റെ വിശപ്പിനേയാണ് അത് അഭിമുഖീകരിക്കുന്നത്.
ഭയാനകമയൊരു രൂപകമായി വിശപ്പിന് മാറാൻ കഴിയുന്നത് അതുകൊണ്ടാണ്.
കട്ടുതിന്നത് കാരണം വിശപ്പിന് ശമനം കിട്ടിയ എഴുത്തുകാരന്റെ സ്തോഭജനകമായ നാളെയെക്കുറിച്ച് ആശങ്കപ്പെടാൻ നമുക്ക് പഴുതുകിട്ടുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിശപ്പ് അവസാനിച്ചിട്ടില്ല, ഇടവേളകളുടെ നൈര്യന്തര്യത്തിൽ അത് ആരംഭിക്കുന്നു. ഭാവിയെ കുറിച്ചുള്ള അവസാനമില്ലാത്ത ചോദ്യമായി രൂപം മാറുന്നു. അതുവഴി സ്വഭാവികമായൊരന്ത്യം കൈവരിക്കാൻ കഥയ്ക്കു കഴിയാതെ വരുന്നു.
വെല്ലുവിളികളോ ആക്രോശങ്ങളോ കൂടാതെ ഒരു സാമൂഹിക യാഥാർഥ്യത്തെ അവതരിപ്പിച്ച് അതിൽ സൗമ്യനായി വ്യാകുലപ്പെടാൻ വായനക്കാരനെ അനുവദിക്കുന്നതാണ് കഥയുടെ രീതി. വിശപ്പിനെയോ ദാരിദ്ര്യത്തെയോ പ്രതി നടത്തുന്ന ഉദ്ഘോഷങ്ങളില്ലാതെ വിശപ്പിന്റെ അലട്ടലിനെ/ ഭീകരതയെ വസ്തുനിഷ്ഠമായി സന്നിവേശിപ്പിക്കാൻ അതിനാവുന്നു.
എഴുത്തുകാരനെ കടന്നുപോകുന്ന ഭൂരിഭാഗം മനുഷ്യരും അയാളിലെ വിശപ്പിന്റെ വേവിനെ ഉൾക്കൊണ്ടിട്ടില്ല. ഒരു വേള അവരറിഞ്ഞിരുന്നെങ്കിൽ തന്നെ വിശ്വസിക്കുമായിരുന്നോ എന്ന സംശയം പോലും വായനക്കാരന് വരാം. അത്രമേൽ സ്വാഭാവികമായാണ് എഴുത്തുകാരനുമായി ബന്ധപ്പെട്ട ഓരോരുത്തരും കഥയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ജന്മദിനാശംസയർപ്പിച്ച മാത്യുവും വിപ്ലവകാരിയായ സുഹൃത്തും ചെരിപ്പ് വിൽക്കാൻ വന്ന കുട്ടിയും അയാളുമായി ഇടപെടുന്നത് അത്ര സ്വഭാവികമായിട്ടാണ്.
ഇവരെ മുഴുവൻ പ്രതിരോധിക്കുന്നത് അയാളിലെ ആത്മാഭിമാനത്തിന്റെ കട്ടികുറഞ്ഞൊരു മറയാണ്. ഈ മറ ശരീരം വിൽക്കാൻ വന്ന പെണ്ണിനോടും ചായ തനിച്ചു വരുത്തിച്ചു കുടിച്ച സുഹൃത്തിനോടും അയാൾ യഥേഷ്ടം കാണിക്കുന്നുണ്ട്. ഈ മറയുടെ സുരക്ഷിതത്വത്തിൽ മാത്രമാണ് അയാളിലെ വിശപ്പ് പോലും നിർവീര്യമാകുന്നത്. ആത്മാഭിമാനം സമ്മാനിക്കുന്ന ടോക്സിസിറ്റിയിലാണ് ആത്മഹത്യായെക്കുറിച്ചുള്ള ചിന്തായിലേക്ക് എഴുത്തുകാരൻ വളരുന്നത്. വിശപ്പാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്ന് തോന്നാമെങ്കിലും അതിന്റെ അടിത്തറ താൻ അനാവൃത നായേക്കുമോയെന്ന നാഗരികന്റെ കേവല ഭയമാണ്.
ലോകമഹായുദ്ധങ്ങളും അതുമൂലമുണ്ടായ വിശ്വാസതകർച്ചകളുo ജന്മം നൽകിയ എക്സിസ്റ്റൻഷ്യൽ ക്രൈസിസ് അഥവാ അസ്തിത്വവ്യഥ യൂറോപ്പിന്റെ സാഹിത്യ സാംസ്കാരിക മേഖലയുടെ ലാവണ്യദർശനങ്ങളെ ആക്രമിച്ചുതുടങ്ങിയത് 1940 കളിലാണ്. കഫ്ക, കമ്യു,സാർത്ര് എന്നീ പാശ്ചാത്യ രചയിതാക്കളുടെ കൃതികളിൽ ഇതിന്റെ സ്വാധീനം കാണാം. അവരാവിഷ്ക്കരിച്ച വ്യക്തിശൂന്യതയുടേതായ(identity crisis) ഭാവതലമാണ് 1945 ൽ എഴുതപ്പെട്ട ജന്മദിനത്തിൽ നിറഞ്ഞുനിൽക്കുന്നത്.
സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയുടെ സാംസ്കാരിക മുഖമാണ് ജന്മദിനം ആവിഷ്കരിക്കുന്നത്. വിശപ്പ് ഒരു രാഷ്ട്രീയ പ്രശ്നമായിത്തന്നെ വ്യവഹരിക്കപ്പെട്ട സാമൂഹികപരിസരത്തുനിന്നാണ് ജന്മദിനം ഉടലെടുക്കുന്നത്. ഇത്തരം രൂക്ഷമായ ജീവിത പ്രതിസന്ധികളെ മനുഷ്യന്റെ ദാർശനിക പരിസരവുമായി ബഷീർ ചേർത്തുകെട്ടുന്നത് അങ്ങേയറ്റം സരളമായാണ്.
എത്രാമത്തെ പിറന്നാളാണ് താൻ ആഘോഷിക്കുന്നതെന്ന് തിട്ടമില്ലാത്ത എഴുത്തുകാരൻ തന്നെയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
ഇതിനെ ഓർമിപ്പിക്കുന്നൊരു സന്ദർഭം കാമുവിന്റെ ഔട്ട്സൈഡർ എന്ന പ്രശസ്തമായ നോവലിലുണ്ട്. അമ്മ മരിച്ച ദിവസമെ തായിരുന്നെന്ന് സംശയിക്കുന്ന കഥാനായകൻ. ഭൗതിക യുക്തികൾക്ക് വിലയില്ലാതാകുന്ന സന്ദർഭങ്ങളായാണ് രണ്ടുപേരും അസ്തമിച്ച വേദനകളെ സമീപിക്കുന്നത്. ജന്മദിനത്തിലാകട്ടെ വ്യക്തിബോധത്തെ തന്നെ അട്ടിമറിക്കുന്ന തരത്തിൽ വിശപ്പ് സഞ്ചരിക്കുന്നു എന്നു സാന്ദർഭികമായി കൂടി രേഖപ്പെടുത്തപ്പെടുന്നു.
ഭീമമായ അസ്തിത്വദുഃഖങ്ങളിലേക്ക് ജീവിതത്തെ കൊണ്ടെത്തിക്കുന്ന വാതിലായാണ് വിശപ്പ് എന്ന ബിംബത്തെ ബഷീർ സ്വീകരിച്ചത്. ഭക്ഷണത്തിനുവേണ്ടി മാത്രമാണോ എഴുത്തുകാരൻ വിശന്നിരുന്നത് എന്ന ചോദ്യം വായനക്കാരനിൽ അടിപാകിയെടുക്കാനാണ് ജന്മദിനം പരിശ്രമിക്കുന്നത്.
തീർച്ചയായും മനുഷ്യസമൂഹത്തിന്റെ എക്കാലത്തെയും അടിസ്ഥാന പ്രശ്നം വിശപ്പാണ്. അസ്തിത്വത്തിൻ്റെ ആധാരമായികൂടി അത് വ്യവഹരിക്കപ്പെടുന്നു. ഈ ആശയത്തെ ശക്തമായി അടയാളപ്പെടുത്തുന്നു എന്നതാണ് ജന്മദിനത്തിന്റെ
പ്രത്യേകത. ജന്മദിനത്തിനണിയാൻ പ്രത്യേകം കരുതിവച്ച തൂവെള്ള ഖദർ വസ്ത്രങ്ങളണിഞ്ഞ്, വേവുന്ന ഹൃദയവും കത്തിക്കാളുന്ന വയറുമായി
കുടുസ്സായ ലോഡ്ജ് മുറിയിലെ ചാരു കസാലയിൽ കഥാനായകൻ കിടക്കുന്നു. അയാളെ അലോസരപ്പെടുത്തുന്ന ഒരേയൊരു വികാരം വിശപ്പാണ്.
അതിന്റെ തീവ്രമായ അലട്ടലിലാണ്
“ഈ നിലയിലുള്ള ജന്മദിനത്തിൻ്റെ അനേകം പുനരാവർത്തനങ്ങൾ
ഉണ്ടാവട്ടെ എന്നു മാത്യു ആശംസിച്ചപ്പോൾ എൻ്റെ ഹൃദയത്തിൻ്റെ
അകക്കാമ്പു ലേശം വേദനിച്ചു.”എന്ന് എഴുത്തുകാരൻ പറയുന്നത്.
ഒരു ചായയ്ക്കുള്ള വകപോലും കണ്ടെത്താനാകാതെ തളർന്നുകിടക്കുമ്പോൾ ‘ജോഡിക്ക് മൂന്നണയേയുള്ളൂ, എന്ന പ്രലോഭനവുമായി മെതിയടിവില്ക്കാൻ രണ്ടു പൈതങ്ങൾ കയറി വരുന്നു . അവരെ നോക്കി ‘നഗ്നനായ ഞാനും എൻ്റെതാണോ? എന്നു ചിന്തിച്ചുപോകുന്ന അസ്തിത്വ വ്യഥയിൽ വിശപ്പ് ബഷീറിനെ എത്തിക്കുന്നുണ്ട്. അസ്ഥിത്വത്തിൻ്റെ, സ്വത്വ പ്രതിസന്ധിയുടെ ഈ അന്തർധാരയാണ്
ജന്മദിനത്തെ പൂർണ്ണമാക്കുന്നത്.
അപതീക്ഷിതമായി ഉച്ചയൂണിനു ക്ഷണിച്ച ഹമീദിൻ്റെ വീട്ടിൽ പതിനൊന്നരയ്ക്കു തന്നെ എത്തിച്ചേരുന്ന കഥാനായകൻ അവിടുന്ന് മടങ്ങുമ്പോൾ സ്വത്വാന്വേഷണം നടത്തുകയും തൻ്റെ അസ്ഥിത്വം തിരിച്ചറിയാൻ കഴിയാതെ പ്രതിസന്ധിയിലാവുകയും ചെയ്യുന്നുണ്ട്. വിശപ്പിന്റെ പതർച്ച അയാളെ എത്തിക്കുന്നത് അസ്തിത്വ ശൂന്യതയിലേക്കാണ്. കഥ ഇവിടെ കേവല മനുഷ്യൻ്റെ നില വിട്ട് സാമൂഹിക
വിതാനങ്ങളിലേക്കുയരുന്നു.
കൊച്ചു കൊച്ചു വാക്യങ്ങളിലൂടെ അനുഭവങ്ങളെ തീവ്രമായി ആവിഷ്കരിക്കുന്നു. സംസാരഭാഷയുടെ സാർവ്വത്രികമായ ഉപയോഗം ഈ കഥയിലുടനീളം കാണാവുന്നതാണ്. ഇത്തരം ഭാഷാശൈലി പിൻപറ്റുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് അവരിലൂടെ രാഷ്ട്രീയവും സാമുദായികവും സന്മാർഗികവുമായ ആക്ഷേപഹാസ്യം നിർമ്മിക്കാനും കഥാകൃത്തിനാകുന്നുണ്ട്.
ഭൂമി മനുഷ്യൻ്റെ മാത്രം വാസയിടമല്ലെന്നും മണ്ണിനെയും പാറകളെയും ജലപ്രവാഹങ്ങളെയും മറ്റും ചരാചരങ്ങളേയും ഉൾകൊള്ളുന്ന
സഹജാവമേഖലയാണെന്നുമുള്ള ബഷീർ രചനകളിലെ ദാർശനീകബോധം ജന്മദിനവും പിന്തുടരുന്നുണ്ട്.
“ആകാശ ചുംബികളായ കൂറ്റൻ മണിമേടകൾ നിറഞ്ഞ മഹാനഗരം. അതിൻ്റെ നടുക്കു ശിരസ്സുയർത്തി നിൽക്കുന്ന ഒരു മനുഷ്യൻ. ഇരുമ്പു
ചങ്ങലകളാലയാളെ വരിഞ്ഞുമുറുക്കി ഭൂമിയോട് ചേർത്തു ബന്ധിച്ചിരിക്കയാണ്.’ എങ്കിലും അയാളുടെ നോട്ടം ബന്ധനത്തിലോ, ഭൂമിയിലോ അല്ല. വിദൂരതയിൽ, ഉയരെ സൗരയൂഥങ്ങൾക്കപ്പുറത്ത്, അന്തമില്ലാത്ത ദൂരത്തിൽ കതിരുകൾ ചിതറുന്ന മഹാതേജ : പുഞ്ജത്തിൽ”എന്നെഴുത്തുകാരൻ കുറിക്കുന്നത് ഈ ബോധത്തിലാണ്.
ബഷീർ രചനകളിൽ എടുത്തു പറയേണ്ട സവിശേഷതയാണ് ഓർമ്മയെ അവതരിപ്പിക്കുന്ന രീതി. ഓർമ്മയനുഭവങ്ങൾ കഥ എന്ന മാധ്യമത്തിൽ
ആഖ്യാന തന്ത്രമായി ഉപയോഗിക്കുന്നു. ഇത്തരമൊരു രീതി ജന്മദിനം എന്ന കഥയിലും കാണാം. ആത്മഭാഷണത്തിലൂടെ ഗൗരവമേറിയ ആശയങ്ങൾ നിരന്തരം സമൂഹവുമായി പങ്കുവച്ചാണ് ഓർമ്മയെ അദ്ദേഹം സമാഹരിക്കുന്നത്. ഓർമ്മകളുടെ സംഭരണിയായാണ് ബഷീർ ഭൂതകാലത്തെ പോലും വിലയിരുത്തുന്നത്.
വിശപ്പ് എന്ന സാർവ്വലൗകിക വികാരത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ കൂടി ജന്മദിനത്തിന്റ ഉള്ളടക്കത്തിൽ അസ്തിത്വ പ്രതിസന്ധികളുടേയും മനുഷ്യൻ അനുഭവിക്കുന്ന സകല ദാർശനികവ്യഥകളുടേയും ചൂരുണ്ട്. വിശപ്പ് മുഖാന്തരമുണ്ടാകുന്ന വ്യതിരിക്തമായ ഉദാത്തതയിലേക്ക് അതിന് മനുഷ്യനെ ആ യാസരഹിതമായി നയിക്കാൻ കഴിയുന്നതതുകൊണ്ടാണ്.
സഹായകഗ്രന്ഥങ്ങൾ
1.ചെറുകഥ ഇന്നലെ ഇന്ന്- എം.അച്യുതൻ
2.ചെറുകഥ വാക്കും വഴിയും -കെ എസ് രവികുമാർ
3.ചെറുകഥയുടെ ഛന്ദസ്സ് -വി.രാജകൃഷ്ണൻ
- മലയാള ചെറുകഥാ സാഹിത്യ ചരിത്രം – ഡോ.എം.എം.ബഷീർ
- ജന്മദിനം – ബഷീർ
- ബഷീർ ദ മാൻ -എം.എ റഹ്മാൻ (ഡോക്യുമെൻ്ററി)
7.വൈക്കം മുഹമ്മദ് ബഷീർ ദാർശനികനായ സാഹിത്യകാരൻ -പി.കെ.പാറക്കടവ് - ബഷീർ സമ്പൂർണ കൃതികൾ