
Forrest Gump- ഒരു മിഠായിപൊതി പോല്‍ മധുരിതമായ ജീവിതം

സിവിക്ക് ജോൺ
കാറ്റില്‍ പറന്നുയരുന്ന ഒരു തൂവലിന്റെ ദൃശ്യത്തില്‍ നിന്നുമാണ് forrest gump എന്ന ചലച്ചിത്രം തുടങ്ങുന്നത്. ഇളംകാറ്റില്‍ പലയിടങ്ങള്‍ കടന്ന് ആ തൂവല്‍ ഒടുവില്‍ വിശ്രമിക്കുന്നത് ഒരു ബസ് സ്റ്റോപ്പിലാണ്. അവിടെ സ്യൂട്ട്ധാരിയായ ഒരു യുവാവുണ്ട്. അയാള്‍ ബസ്സ്റ്റോപ്പിലെ ബെഞ്ചില്‍ വന്നിരിക്കുന്നവരോട് സങ്കോചമേതുമില്ലാതെ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്, സ്വന്തം ജീവിതകഥ പറയുന്നുണ്ട്. “My mama always said, life was like a box of chocolates. You never know what you’re gonna get.” എന്ന ആമുഖത്തോടെയാണ് ഫോറസ്റ്റ് തന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. അതുവരെയും താന്‍ ജീവിച്ചുതീര്‍ത്ത ജീവിതത്തെ, അതിശയകരമെന്ന് ആര്‍ക്കും തോന്നാവുന്നൊരു ജീവിതത്തെ, യാതൊരുവിധ പാരുഷ്യവുമില്ലാതെ അങ്ങേയറ്റം പ്രസന്നമായാണ് അയാള്‍ അവതരിപ്പിക്കുന്നത്.

വിന്‍സ്റ്റണ്‍ ഗ്രൂം 1986 ല്‍ എഴുതിയ നോവലില്‍ നിന്നാണ് ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിന്റെ പിറവി. എന്നാല്‍ എറിക് റോത്ത് എഴുതിയ തിരക്കഥ യഥാര്‍ത്ഥ നോവലില്‍ നിന്നും വളരെയധികം വ്യത്യസ്തമായ ഒന്നാണ്. ആദ്യമായി ഫോറസ്റ്റ് ഗമ്പ് കാണുന്ന കാലത്ത് അതൊരു നോവലില്‍ നിന്നുമാണ് രൂപപ്പെട്ടതെന്ന് അറിയില്ലായിരുന്നു. വളരെ യാദൃശ്ചികമായാണ് മൂന്ന് വര്‍ഷം മുന്‍പ് fantasminta യിലെ ബുക്ക് ഷെല്‍ഫില്‍ ഫോറസ്റ്റ് ഗമ്പിന്റെ ഒരു കോപ്പി കാണുന്നത്. ശ്രീകാന്തേട്ടന്റെ കോപ്പി. കുഞ്ഞുണ്ണിയുടെ പിറന്നാളാഘോഷം കഴിഞ്ഞ് രാത്രി fantasmintaയില്‍ എത്തിയപ്പോള്‍ വായിക്കാന്‍ എടുത്ത പുസ്തകം പകുതിയോളം വായിച്ചാണ് പിറ്റേന്ന് അവിടം വിട്ടത്.
ചെറുപ്പത്തില്‍ നടുവിന്റെ വളവ് പരിഹരിക്കാനായി ലെഗ് ബ്രേസ് അണിഞ്ഞ് നടന്നിരുന്ന കുട്ടിയായാണ് ചിത്രത്തില്‍ ഫോറസ്റ്റിനെ കാണിച്ചിരിക്കുന്നതെങ്കിലും വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവലില്‍ അങ്ങനെയൊരു വൈകല്യത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. മറ്റ് കുട്ടികളുടെ ആക്രമണത്തിന് വിധേയനായിരുന്ന ഫോറസ്റ്റ് അവരില്‍ നിന്നും രക്ഷപെടാനാണ് ഓടിതുടങ്ങുന്നത്. ആ ഓട്ടത്തില്‍ ലെഗ് ബ്രേസ് അഴിഞ്ഞുവീഴുകയും തനിക്ക് അതിശയിപ്പിക്കുന്ന വേഗമുണ്ടെന്നു ഫോറസ്റ്റ് മനസിലാക്കുകയും ചെയ്യുന്നു. മുതിര്‍ന്നിട്ടും ഫോറസ്റ്റിന് ആ ഓട്ടം തുടരേണ്ടിവരുകയാണ്. മാനസികവളര്‍ച്ച കുറഞ്ഞൊരാളെ ഉപദ്രവിക്കുന്നത് ചുറ്റുമുള്ളവര്‍ക്ക് ഒരു രസമുള്ള കാര്യമാണല്ലോ. അത്തരം ഒരു ഓട്ടത്തിനിടയില്‍ ഫോറസ്റ്റ് കോളേജ് ഫുട്ബോള്‍ ടീം കോച്ചായ ബീര്‍ ബ്രയന്റിന്റെ കണ്ണില്‍ പെടുന്നു. അതിവേഗം ഓടാനുള്ള ഫോറസ്റ്റിന്റെ കഴിവില്‍ ആകൃഷ്ടനായ കോച്ച് ഫോറസ്റ്റിന് ഫുട്ബോള്‍ സ്കോളര്‍ഷിപ്പ് തരപ്പെടുത്തി നല്കുന്നു.

സിനിമയില്‍ നിന്നും വ്യത്യസ്തമായി ആറടി ആറിഞ്ച് ഉയരവും 242 പൗണ്ട് തൂക്കവും ഉള്ള ഒരു അതികായനാണ് നോവലിലെ ഫോറസ്റ്റ്. എഴുത്തുകാരന് വിന്‍സ്റ്റണ്‍ ഗ്രൂമും ഏകദേശം അതേ ഉയരമുള്ള ആളായിരുന്നു എന്നത് കൗതുകകരമായി തോന്നാം. വിന്‍സ്റ്റണിന്റെ അച്ഛന് പറഞ്ഞ ഒരു കഥയില്‍ നിന്നുമാണ് അദ്ദേഹം ഫോറസ്റ്റ് ഗമ്പ് എന്ന നോവലില്‍ എത്തിച്ചേരുന്നത്. വിയറ്റ്നാം യുദ്ധത്തില്‍ ഫോര്‍ത്ത് ഇന്ഫന്റ്രി ഡിവിഷനൊപ്പം സേവനമനുഷ്ഠിച്ച വിന്‍സ്റ്റണ്‍ ആ അനുഭവങ്ങളും നോവലിന്റെ രചനാകാലത്ത് സഹായകമായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. conversations with the enemy പോലുള്ള രചനകളിലൂടെ അതിനോടകം ശ്രദ്ധപിടിച്ചുപറ്റിയിരുന്ന വിന്സ്റ്റന്റെ രചനാപാടവം അതുല്യമായിരുന്നു.
നിര്‍ബന്ധിത സൈനികസേവനത്തിനായി വിയറ്റ്നാമില്‍ എത്തുന്ന ഫോറസ്റ്റ് അവിടെ വെച്ചാണ് ബബയെ കണ്ടുമുട്ടുന്നത്. നാട്ടില്‍ തിരികെയെത്തിയ ശേഷം ഒരു ഷ്രിമ്പ് ബോട്ടിന്റെ ഉടമയാവണം എന്ന് സ്വപ്നം കണ്ടിരുന്ന ബബ പക്ഷെ യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഭീകരമായ വെടിവെപ്പിനിടയില്‍ പ്രാണരക്ഷാര്‍ത്ഥം എല്ലാവരും ഓടുമ്പോഴും ഫോറസ്റ്റ് തന്റെ സുഹൃത്തിനെ തിരഞ്ഞിരുന്നു. സുരക്ഷിതസ്ഥാനത്ത് എത്തിയിട്ടും ബബക്ക് വേണ്ടി തിരിച്ചു പോയ ഫോറസ്റ്റ് പലപ്പോഴായി മൃതപ്രായരായ പലരെയും രക്ഷപെടുത്തി തിരികെയെത്തിക്കുന്നു. അതില്‍ അവരുടെ ചീഫ് ആയിരുന്ന ല്യൂട്ടനന്റ് ഡാനും ഉണ്ട്. ഏറ്റവുമൊടുവില്‍ ബബക്ക് അരികിലെത്തുമ്പോഴേക്കും അയാള്‍ മരണത്തോടടുത്തിരുന്നു. I wanna go home എന്ന് പറഞ്ഞ് ഫോറസ്റ്റിന്റെ കയ്യിലാണ് ബബ മരിച്ചുവീഴുന്നത്. ആരുടെയോ യുദ്ധങ്ങളില്‍ രക്തസാക്ഷികളായ അനേകരെപ്പോലെ ബബയും. ഒരു പരിധിക്കപ്പുറം ഒന്നിനെയും കുറിച്ച് ആലോചിക്കാന്‍ കഴിയാത്തത് കൊണ്ടാവണം യുദ്ധത്തിലേറ്റ മാനസികാഘാതം അയാളെ കാര്യമായി ബാധിക്കാഞ്ഞത്.
വിയറ്റ്നാം യുദ്ധത്തിന്റെ ആഘാതത്തില്‍ പെട്ട് PTSD ബാധിച്ച് തിരികെയെത്തിയ സൈനികന് വീരനായകനായി പരിണമിക്കുന്ന കഥകള്‍ക്ക് അനേകം ആവശ്യക്കാരുണ്ടായിരുന്ന കാലത്താണ് ഫോറസ്റ്റ്ഗമ്പ് പുറത്ത് വന്നത് എന്നതും കൗതുകകരമാണ്. ഡേവിഡ് മോറല്‍ എഴുതിയ ഫസ്റ്റ് ബ്ലഡ് തന്നെ അതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോപ് കള്‍ച്ചര്‍ ഐക്കണിനെയാണ് മോറല്‍ സൃഷ്ടിച്ചത്, ജോണ്‍ റാംബോ. ഫസ്റ്റ് ബ്ലഡ് എന്ന നോവലിനവസാനം ജോണ്‍ മരണപ്പെടുമെങ്കിലും ആദ്യത്തെ ചലച്ചിത്രാവിഷ്കാരത്തില്‍ തന്നെ അത് തിരുത്തിയതിനാല്‍ പിന്നീട് 4 വട്ടം കൂടി ജോണ്‍ റാംബോ തിരശീലയിലെത്തി. ഓരോ തവണയും തന്റെ മനസിലെ ദുര്ഭൂതങ്ങളുമായും അനേകം മനുഷ്യരുമായും ഏറ്റുമുട്ടി. ആക്ഷന്‍ സിനിമ പ്രേമികളുടെ പ്രിയചിത്രമായി റാംബോ മാറിയെങ്കിലും ജോണ്‍ റാംബോ എന്ന കഥാപാത്രത്തിന്റെ മാനസികസഞ്ചാരങ്ങളെ കുറച്ചുകൂടി ഗൌരവത്തോടെ സമീപിക്കേണ്ടതായിരുന്നു എന്ന് വ്യക്തിപരമായ ഒരു അഭിപ്രായം കൂടിയുണ്ട്.

ഫോറസ്റ്റിലേക്ക് തിരികെയെത്താം. ബബയുടെ അടുത്ത് നിന്നു മടങ്ങും വഴി ചന്തിക്ക് വെടിയേറ്റ് വീഴുന്ന ഫോറസ്റ്റ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. അവിടെ വെച്ച് അയാള്‍ പിങ്ങ് പോങ്ങ് കളിയില്‍ ആകൃഷ്ടനാവുകയും മികച്ചൊരു പിങ്ങ് പോങ്ങ് പ്ലെയര്‍ ആവുകയും ചെയ്യുന്നു. ല്യൂട്ടനന്റ് ഡാനും അതേ ആശുപത്രിയില്‍ തന്നെയുണ്ട്. യുദ്ധത്തില്‍ മരിച്ചുവീഴുക എന്നത് ഒരു നിയോഗമായി കണക്കാക്കുന്ന ഡാന്‍ തന്റെ ജീവന് രക്ഷിച്ചതില്‍ ഫോറസ്റ്റിനോട് വഴക്കിടുന്നുപോലുമുണ്ട് ഒരു ഘട്ടത്തില്‍. ഇരുകാലുകളും മുട്ടിനു താഴെ വെച്ചു മുറിച്ചു മാറ്റപ്പെട്ട നിലയില്‍ പരസഹായമില്ലാതെ ജീവിതം മുന്നോട്ട് നയിക്കാനാവാത്ത ഒരു നിസഹായാവസ്ഥ അയാള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് ചുരുക്കം. പക്ഷെ എന്നിട്ടും കഥാന്ത്യത്തില്‍ ജീവിതം അയാള്‍ക്ക് സംതൃപ്തമായ ഒന്നായി മാറുന്നുണ്ട് എന്നത് മനസ് നിറക്കുന്ന കാഴ്ചയാണ്.
ഫോറസ്റ്റിന്റെ പിങ്ങ്-പോങ്ങ് പാടവം അയാളെ ചൈനയിലേക്കുള്ള നയതന്ത്രസംഘത്തില്‍ അംഗമാക്കുന്നു. നദിയില്‍ മുങ്ങിപ്പോവുന്ന ചെയര്മാന് മാവോയെ ഫോറസ്റ്റ് രക്ഷിക്കുന്ന രംഗമുണ്ട് വിന്‍സ്റ്റണ്‍ എഴുതിയ നോവലില്‍, സിനിമയില്‍ അങ്ങനെയൊരു രംഗം ഇല്ലെങ്കിലും. സിനിമ നോവലില്‍ നിന്നും വ്യത്യസ്തമായി സഞ്ചരിക്കുകയാണ് ഇവിടെ. നോവലില്‍ നിന്നും വളരെ വ്യത്യസ്തമാണ് സിനിമ എന്ന് മുന്നേ പറഞ്ഞുവല്ലോ. അതില്‍ പലതും കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും വിധം വിചിത്രമാണ്. ആറടി ആറിഞ്ച് ഉയരവും 242 പൗണ്ട് തൂക്കവും എന്ന ശരീരവലിപ്പത്തില്‍ നിന്ന് തന്നെ തുടങ്ങാം. പഠനത്തില്‍ തീര്‍ത്തും ശരാശരിക്കാരനാണ് ചലച്ചിത്രത്തിലെ ഫോറസ്റ്റ് എങ്കില്‍ നോവലില്‍ അതില്‍ നിന്നും വിഭിന്നമാണ് അവസ്ഥ. ബേസിക് ആയ കാര്യങ്ങള്‍ പോലും കൃത്യമായ് ചെയ്യാന്‍ കഷ്ടപ്പെടുന്ന ഫോറസ്റ്റ് പക്ഷെ വളരെ ഉന്നതനിലവാരത്തിലുള്ള ഭൗതികശാസ്ത്രപ്രശ്നങ്ങള്‍ പോലും നിസാരമായി കുരുക്കഴിക്കുന്നുണ്ട്. നാസക്ക് വേണ്ടി ഒരു സ്പേസ്ഷിപ്പില്‍ യാത്ര ചെയ്യാനായി ഫോറസ്റ്റ് തിരഞ്ഞെടുക്കപ്പെടാന്‍ പോലും ഈ കഴിവുകള്‍ കാരണമാവുന്നുണ്ട്.

2018ല്‍ ഫോറസ്റ്റ് ഗമ്പ് വായിച്ച് ഫോറസ്റ്റ് സ്പേസ് ഷിപ്പില്‍ യാത്ര ചെയ്യുന്ന ഘട്ടമെത്തിയപ്പോള്‍ തൊട്ടുമുന്‍പത്തെ വര്‍ഷം വായിച്ച അലന് ബീന്‍ പ്ലസ് ഫോര്‍ എന്ന കഥയുമായി വല്ലാത്തൊരു സാമ്യം തോന്നിയിരുന്നു. സമാനമായ കഥാസന്ദര്‍ഭം എന്നതിലുമുപരിയായി ആ കൗതുകത്തിന് ഒരു വലിയ കാരണം ആ കഥ എഴുതിയ ആളാണ്-ടോം ഹാങ്ക്സ്. ഫോറസ്റ്റ് ഗമ്പിലൂടെ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വട്ടവും കരസ്ഥമാക്കിയ ടോം 3 പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തില്‍ അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ലോകമെമ്പാടും ആരാധകരുള്ള താരമാണ്. എന്നാല്‍ നിര്‍മാതാവ്, സംവിധായകന്, അഭിനേതാവ് എന്ന നിലകളിലെ സംഭാവനകള്‍ക്കപ്പുറം മനോഹരമായ ചെറുകഥകള്‍ എഴുതുന്ന ഒരു എഴുത്തുകാരന് കൂടിയാണ് ടോം. uncommon type- some stories എന്ന ടോമിന്റെ സമാഹാരത്തിലെ കഥകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ടൈപ്പ്റൈറ്ററുകളെക്കുറിച്ച് പരാമര്‍ശിക്കാത്ത ഒരു കഥ പോലും ആ സമാഹാരത്തിലില്ല എന്നതാണത്. ചിലപ്പോള്‍ ഒരു വരി, ചിലപ്പോള്‍ ഒരു ഖണ്ഡിക, ചിലപ്പോള്‍ ഒരു മുഴുനീളന്‍ കഥ പോലും ( these are the meditations of my heart എന്ന് പേരുള്ള ആ ചെറുകഥ പ്രസ്തുതസമാഹാരത്തില് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.) അറിയപ്പെടുന്ന ഒരു ടൈപ്പ്റൈറ്റര്‍ കളക്ടര്‍ കൂടിയായ ടോം തന്റെ ടൈപ്പ്റൈറ്റര്‍ ഭ്രമത്തെക്കുറിച്ച് വാചാലനാവുന്ന കാഴ്ച കാലിഫോര്‍ണിയ ടൈപ്പ്റൈറ്റര്‍ എന്ന ഡോകുമെന്ററിയില്‍ കണ്ടതിനാലും മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നുന്ന കൌതുകങ്ങള്‍ സ്വന്തമായുണ്ടാവുക എന്നത് ജീവിതത്തിന്റെ താളം തെറ്റാതെ സൂക്ഷിക്കാന്‍ അത്യാവശ്യമാണ് എന്നത് ജീവിതത്തില്‍ നിന്നും തന്നെ പഠിച്ചതിനാലും എനിക്ക് അതില്‍ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല.

സിനിമയുമായുള്ള വ്യത്യാസങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. സ്പേസ്ഷിപ്പില്‍ ഫോറസ്റ്റിനൊപ്പം sue എന്ന് പേരുള്ള ഒരു ഒറാങ്ങ് ഉട്ടാനും ജാനറ്റ് ഫ്രിച്ച് എന്ന ശാസ്ത്രജ്ഞയുമുണ്ട്. sue ന്റെ കൈത്തെറ്റ് മൂലം സ്പേസ്ഷിപ്പ് അപകടത്തില്‍ പെടുകയും അവര്‍ മൂന്നുപേരും ഓസ്ട്രേലിയക്ക് അടുത്തുള്ള ഒരു കാട്ടില്‍ എത്തിച്ചേരുകയും ചെയ്യുന്നു. വര്‍ഷങ്ങളോളം അവിടുത്തെ പ്രാകൃതവംശജരുടെ തടവുകാരായി ജീവിക്കുന്ന അവര്‍ സാഹസികമായി പിന്നീട് രക്ഷപെടുന്നു. അവിടം കൊണ്ടും നോവലിലെ വിചിത്ര സംഭവങ്ങള്‍ അവസാനിക്കുന്നില്ല. ഭീമാകാരമായ ശരീരത്തിന്റെ ആനുകൂല്യത്താല്‍ ഫോറസ്റ്റ് ഒരു പ്രൊഫഷണല്‍ റസ്ലര് ആയും രകേല് വെല്‍ച്ച് സിനിമയിലെ വില്ലനായും എല്ലാം മാറുന്നുണ്ട്.

ഇത്തരം അസംബന്ധങ്ങളെയെല്ലാം ഒഴിവാക്കി നാം ഇപ്പോള്‍ കാണുന്ന രൂപത്തില്‍ ഫോറസ്റ്റ് ഗമ്പിനെ രൂപപ്പെടുത്തിയത് തിരക്കഥാകൃത്തായ എറിക് റോത് ആണ്. അദ്ദേഹം പില്ക്കാലത്ത് Munich, The Insider, The Curious Case Of Benjamin Button, A Star Is Born എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതുകയുണ്ടായി. അനാവശ്യമെന്ന് തോന്നിയ ഭാഗങ്ങള്‍ ഒഴിവാക്കിയെന്നത് മാത്രമല്ല സിനിമയുടെ ആത്മാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന റണ്ണിങ്ങ് സീക്വന്‍സ് എഴുതിയുണ്ടാക്കി എന്നത് കൊണ്ട് കൂടിയാണ് എറിക് ഒരു മികച്ച തിരക്കഥാകൃത്താവുന്നത്. നോവലില്‍ പലപ്പോഴും ജെന്നി ക്യുറന്‍ എന്ന നായിക കഥാപാത്രത്തിന് വേണ്ടത്ര ആഴം ലഭിക്കുന്നില്ല എങ്കിലും സിനിമയില്‍ അത് അങ്ങനെയാവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് എറിക്കിന്റെ തിരക്കഥയാണ്.

ആര്‍മിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരു പിങ്ങ്-പോങ്ങ് റാക്കറ്റ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചു കിട്ടിയ പണം കൊണ്ട് ബബയുടെ ഓര്‍മ്മക്കായി ഫോറസ്റ്റ് ഒരു ബോട്ട് വാങ്ങുന്നു. ല്യൂട്ടനന്റ് ഡാനൊപ്പം അവര്‍ ഷ്രിമ്പ് ബിസിനസില്‍ ഇറങ്ങുന്നു, ഫോറസ്റ്റ് വളരെ വേഗം പണക്കാരനാവുന്നു. അപ്പോഴും ജെന്നി അയാളുടെ ജീവിതത്തില്‍ സ്ഥിരസാന്നിധ്യമല്ല. വളരെയധികം പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ബാല്യം കടന്നുവന്നതിനാല്‍ തന്നെയാവണം ഒരിടത്തും സ്ഥിരമായി നില്ക്കാനാവാത്ത ഒരു ഹിപ്പിയായി ജെന്നി മാറുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഒരു ദിവസം ഫോറസ്റ്റിനെ കാണാന്‍ വരുന്നുണ്ട് ജെന്നി. അന്ന് രാത്രി പരസ്പരമുള്ള പ്രണയം തുറന്നുപറഞ്ഞതിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ, ഫോറസ്റ്റ് വീണ്ടും ഒറ്റക്കാണ്. ഇത്തവണയെങ്കിലും ജെന്നി തനിക്കൊപ്പമുണ്ടാവും എന്ന ഫോറസ്റ്റിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണ്.
ജീവിതത്തില്‍ പ്രത്യേകിച്ചൊന്നും ബാക്കിയില്ല എന്ന് തോന്നുന്നൊരു നിമിഷത്തില്‍ അയാള്‍ ഓടാന്‍ തുടങ്ങുകയാണ്. പ്രത്യേകിച്ചൊരു ലക്ഷ്യവും മനസിലില്ലാതെ. നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ അയാള്‍ പലവട്ടം അമേരിക്കക്ക് കുറുകെ ഓടി. അയാള്‍ എന്തിനാണ് ഓടുന്നത് എന്ന് മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പലരും അയാളെ പിന്തുടര്ന്നു. അപ്പോഴും അയാള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു.
അതിനോട് സദൃശ്യമായ ഒരു ദൃശ്യം കൂടി സമകാലീനസാഹിത്യത്തില് ഉണ്ട്. The Unlikely Pilgrimage of Harold fry എന്ന Rachel Joyce നോവല്‍. 65കാരനായ ഹാരോള്‍ഡ് ഫ്രൈ തന്റെ പഴയ സുഹൃത്ത് ക്വീനി ഹെന്നസിയെ കാണാനായി നടത്തുന്ന യാത്ര. ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായ ക്വീനിയോട് ഞാന്‍ അവിടെ എത്തുന്നത് വരെ ജീവനോടിരിക്കൂ എന്നൊരു കത്തെഴുതി നടത്തം തുടങ്ങുന്ന ഹാരോള്‍ഡിന്റെ യാത്ര നീണ്ട 87 ദിവസങ്ങള്‍ക്കും 627 മൈലുകള്‍ക്കും ശേഷമാണ് അവസാനിക്കുന്നത്. ഫോറസ്റ്റിനെ പോലെ ഹാരോള്ഡിനെയും പിന്തുടരാന് ആളുകളുണ്ട്. ഫോറസ്റ്റ് ഒരുദിവസം ഓട്ടം നിര്ത്തുന്നുവെങ്കിലും ഹാരോള്‍ഡിനെ പിന്തുടരുന്നവരെ ഒഴിവാക്കാന്‍ അയാള്‍ പാടുപെടുന്നുണ്ട്. “You got to put the past behind you before you can move on. And I think that’s what my running was all about.” എന്ന് ഫോറസ്റ്റ് ഗമ്പ് പറയുന്നതിന് സമാനമാണ് ഹാരോള്‍ഡിന്റെ യാത്രയും. തന്റെ തെറ്റുകള്‍ തിരിച്ചറിയാനും അതിനോട് പൊരുത്തപ്പെടാനും ഹാരോള്‍ഡിനും കഴിയുന്നുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട ഓട്ടത്തിന് ശേഷം തിരിച്ചെത്തുന്ന ഫോറസ്റ്റിനെതേടി ഒരു കത്ത് വരുന്നു. ജെന്നിയുടെ കത്ത്. അതില്‍ ജെന്നിയുടെ വിലാസമുണ്ട്. അവിടെക്ക് ജെന്നിയെ തേടി പോകുന്നതിനിടെയാണ് ഫോറസ്റ്റ് തന്റെ കഥ പറയുന്നത്. ജെന്നിയെ കാണാനെത്തുന്ന ഫോറസ്റ്റ് ജെന്നിക്കൊപ്പം ഒരു കുഞ്ഞിനെ കൂടി കണ്ട് അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ തന്റെ മകനാണതെന്നു ഫോറസ്റ്റ് തിരിച്ചറിയുന്ന നിമിഷം, തീര്‍ച്ചയായും ടോം ഹാങ്ക്സിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്.. ല്യൂട്ടനന്റ് ഡാനിനെയും മറ്റ് സുഹൃത്തുക്കളെയും സാക്ഷിയാക്കി ഫോറസ്റ്റ് ജെന്നിയെ വിവാഹം കഴിക്കുന്നു. എന്നാല്‍ അധികം വൈകാതെ ഒരു വൈറസ് ബാധയാല്‍ (HIV) ജെന്നി മരണപ്പെടുന്നു. രോഗക്കിടക്കയില്‍ വെച്ച് ജെന്നി ഫോറസ്റ്റിനോട് ചോദിക്കുന്നുണ്ട് “were you scared in Vietnam?” എന്ന്
“ sometimes it would stop raining long enough for the stars to come out. And then it was nice. It was like just before the sun goes to bed down on the bayou. There was always a million sparkles on the water. Like that mountain lake, it was so clear jenny. It looked like there were two skies, one on top of the other. And then in the desert, when the sun comes up, I couldn’t tell where heaven stopped and the earth began. It was so beautiful”
എന്നാണ് ഫോറസ്റ്റ് മറുപടിയായ് പറയുന്നത്.
“I wish I could’ve been there with you.” എന്ന് തെല്ല് നഷ്ടബോധത്തോടെ ജെന്നി പറയുമ്പോള്‍
“you were.” എന്ന് ഏറെ സ്നേഹത്തോടെ ഓര്‍ക്കുന്നുണ്ട് ഫോറസ്റ്റ്.
ജെന്നിയുടെ മരണശേഷം മകനെ സ്കൂള്‍ ബസ് കയറ്റിവിടാന്‍ നില്ക്കുന്ന ഫോറസ്റ്റിന്റെ ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്. 1994 ല്‍ പുറത്തിറങ്ങിയ ചിത്രം 13 നോമിനേഷനുകളിലായി മികച്ച ചിത്രം, നടന്, സംവിധായകന്, അവലംബിത തിരക്കഥ, സ്പെഷ്യല്‍ ഇഫക്ട്സ്, എഡിറ്റിംഗ് എന്നിങ്ങനെ 6 ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഓസ്കാര്‍ പുരസ്കാരങ്ങളില് ഫോറസ്റ്റ് ഗമ്പിനൊപ്പം മത്സരിച്ചിരുന്നത് ഷോഷങ്ക് റിഡംഷന്‍ ആയിരുന്നു. ഷോഷങ്കിലെ ആന്‍ഡിയുടെ റോളിലേക്ക് ആദ്യം ടോം ഹാങ്ക്സിനെയും പരിഗണിച്ചിരുന്നു എന്നത് മറ്റൊരു കൌതുകം.
ചലച്ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം വിന്‍സ്റ്റണ്‍ ഗ്രൂം ഫോറസ്റ്റ് ഗമ്പിന്റെ തുടര്‍ച്ചയായി ഗമ്പ് ആന്‍ഡ് കോ എന്ന പേരില്‍ ഒരു നോവല്‍ കൂടി എഴുതിയിരുന്നു. ആദ്യഭാഗത്തെ നോവലില്‍ നിന്നും വ്യത്യസ്തമായി ഗമ്പിന്റെ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ കുറച്ചുകൂടി സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ എറിക് റോത്തിന്റെ സ്വാധീനം ഇതില്‍ നിന്നും വ്യക്തമാണ്. ആദ്യഭാഗതിലെന്നത് പോലെ രണ്ടാം ഭാഗത്തിലും നിരവധി സംഭവങ്ങളിലൂടെ ഫോറസ്റ്റ് കടന്നുപോകുന്നുണ്ട്. എന്‍സൈക്ലോപീഡിയ വില്പ്പനക്കാരനായും, കൊക്കക്കൊള കമ്പനിയ്ക്ക് വേണ്ടി ഒരു പുതിയ രുചി കണ്ടുപിടിക്കുന്ന ഗവേഷകനായും പന്നിക്കാഷ്ടത്തില് നിന്നും ഊര്ജ്ജമുല്പ്പാദിപ്പിക്കാനുള്ള യന്ത്രം നിര്‍മിക്കുന്ന ആളായുമെല്ലാം ഫോറസ്റ്റ് നോവലില്‍ പ്രത്യക്ഷപ്പെടുന്നു. അയത്തൊള്ള ഖോമെനിയുമായി കൂടിക്കാഴ്ച നടത്തുകയും ശീതയുദ്ധകാലത്തെ ചാരവൃത്തിക്കിടയില് ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്ക് കാരണമാവുകയും, ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത് സദ്ദാം ഹുസൈനെ നേരിടുകയും ചെയ്യുന്ന ഫോറസ്റ്റ് വായനക്കാരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. ഒരു മെറ്റാ ഫിക്ഷന്‍ എന്ന് പോലും വിളിക്കാവുന്ന തരത്തില്‍ ബിഗ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടോം ഹാങ്ക്സ് എന്ന നടനെ ഫോറസ്റ്റ് ഗമ്പ് പരിചയപ്പെടുക പോലും ചെയ്യുന്നുണ്ട് ഒരുഘട്ടത്തില്‍. ഒടുവില്‍ നോവലിന്റെ അന്ത്യത്തില്‍ ഫോറസ്റ്റിന്റെ ജീവിതം സിനിമയായെന്നും അതില്‍ ഫോറസ്റ്റ് മുന്‍പ് പരിചയപ്പെട്ട നടന് ഫോറസ്റ്റ് ആയി അഭിനയിച്ചുവെന്നും പറയുമ്പോള്‍ ഒരു നിമിഷം, തിരശീലയും പുസ്തകത്തിന്റെ പേജുകളും തമ്മിലുള്ള നേര്‍ത്ത അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു.

ഫോറസ്റ്റ് ഗമ്പിന്റെ രണ്ടാം ഭാഗവും ചലച്ചിത്രമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ട്വിന്‍ ടവര്‍ ആക്രമണത്തിന് ശേഷം അമേരിക്കയുടെ സാമൂഹികപരിതസ്ഥിതിയില് സംഭവിച്ച മാറ്റങ്ങള്‍ മൂലം ആ ചിത്രം നടക്കാതെ പോവുകയായിരുന്നു.
ഇപ്പോള്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഫോറസ്റ്റ് ഗമ്പിന് ഒരു റീമേക്ക് വരികയാണ് ലാല്‍ സിംഗ് ഛദ്ദ എന്ന പേരില്‍. അതുല്‍ കുല്‍ക്കര്‍ണിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ ആമിര്‍ ഖാനാണ് നായകന്. മുന്‍പും പല ചിത്രങ്ങളിലും ടോം ഹാങ്ക്സിന്റെ അഭിനയശൈലിയോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഒഫീഷ്യല്‍ റീമേക്കില്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യത വളരെയധികമാണ്. അമേരിക്കന്‍ കള്‍ച്ചറുമായി വളരെ ബന്ധപ്പെട്ടുനില്ക്കുന്ന ഒന്നാണ് ഫോറസ്റ്റ് ഗമ്പ്. അന്‍പതുകള്‍ മുതല്‍ ഇങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അമേരിക്കയില്‍ നടന്നിട്ടുള്ള സുപ്രധാനസംഭവങ്ങളുടെയെല്ലാം സാക്ഷി കൂടിയാണ് ഫോറസ്റ്റ്. ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് കഥ പറിച്ചുനടുമ്പോള്‍ ഏതൊക്കെ സംഭവങ്ങളാണ് ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുക എന്ന് അത്ഭുതം എനിക്കുണ്ട്. ഓരോ ശ്വാസത്തിലും മുറിപ്പെടാന്‍ തയ്യാറായി നില്ക്കുന്ന മതവികാരമുള്ള ഒരു രാജ്യത്ത്, ബോക്സ് ഓഫീസ് വിജയം ഒരു താരനിര്‍മ്മിതിയുടെ അത്യന്താപേക്ഷിതഘടകമായി നിലനില്‍ക്കേ, ഇന്ത്യന്‍ ചരിത്രത്തിലെ ഏതെല്ലാം സംഭവങ്ങളെ ധൈര്യപൂര്‍വ്വം പരാമര്‍ശിക്കാന്‍ ലാല്സിംഗ്ഛദ്ദ തയ്യാറാകും എന്നറിയില്ല. ട്രെയിലറില്‍ ഒരിടത്ത് കെ ആര് നാരായാണനെ കാണിക്കുന്നതിനാല്‍ കാര്‍ഗില്‍ യുദ്ധകാലം സിനിമയില്‍ പശ്ചാത്തലമാവും എന്നത് മാത്രമേ ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയൂ. മൂന്ന് വട്ടം റിലീസ് തിയതി മാറ്റിയശേഷം ഇന്ന് പുറത്തിറങ്ങുകയാണ്. ചിത്രത്തിന് എറിക് റോത്ത് എഴുതിയ ചലച്ചിത്രത്തിനോടാകുമോ അതോ വിന്‍സ്റ്റണ്‍ ഗ്രൂം എഴുതിയ നോവലിനോടാകുമോ കൂടുതല്‍ സാദൃശ്യം? കാത്തിരിക്കുന്നു…