
The Curious Case of Benjamin Button- ജനനം, ജീവിതം, നിത്യത

സിവിക് ജോണ്‍
But just think how it would be if every one else looked at things as you do- what would the world be like- F Scott Fitzgerald, The curious case of Benjamin button
ഇക്കഴിഞ്ഞ മെയ് ഇരുപത്തിയേഴിന്, അധികം ആരാലും ഓര്‍മ്മിക്കപ്പെടാതെ ഒരു കഥ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു. വെറും നാല്പ്പതിനാല് വയസ് വരെ മാത്രം ജീവിച്ചു മരിച്ചു പോയൊരു മനുഷ്യന്, തന്റെ സാഹിത്യ ജീവിതത്തില്‍ വന്‍വിജയങ്ങളും തുടര്‍പരാജയങ്ങളും ഒരുപോലെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്, എഴുതിയ ഒരു കഥ, The curious case of benjamin button.
1922 മെയ് ഇരുപത്തിഏഴിന് കോളിയെര്സ് മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട The curious case of benjamin button യാതൊരു സാഹചര്യത്തിലും സംഭവിക്കാന്‍ ഇടയില്ലാത്ത ഒരു അസംബന്ധ കഥയാണ്.

1860 ല്‍ റോജര്‍ ബട്ടണ്‍ എന്നയാള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. ജനിക്കുമ്പോള്‍ ആ കുഞ്ഞിനു ഒരു എഴുപത് വയസുകാരന്റെ രൂപഭാവങ്ങളായിരുന്നു. നെഞ്ചോളം നീളുന്ന നരച്ച താടിയും തിമിരം ബാധിച്ച കണ്ണുകളുമുള്ള ഒരു അഞ്ചരയടിക്കാരനായിരുന്നു ആ കുഞ്ഞ്. പ്രസവശുശ്രൂഷ നടത്തിയ ഡോക്ടര്‍ക്കോ റോജര്‍ ബട്ടണോ, പ്രസവത്തില്‍ മരണപ്പെടുന്ന അയാളുടെ ഭാര്യക്കോ ഇങ്ങനെയൊരു അത്ഭുതപ്രവര്‍ത്തി സംഭവിക്കാനുള്ള കാരണമെന്തെന്ന് ഒരിക്കല്‍ പോലും മനസിലാക്കാന്‍ കഴിയുന്നില്ല. പക്ഷെ റോജര്‍ ബട്ടണ്‍ അത്തരമൊരു വിധിയെ അംഗീകരിച്ചുകൊണ്ട് തന്നെ ജീവിതം മുന്നോട്ട് നീക്കാനാണ് തീരുമാനിക്കുന്നത്. വീട്ടിലെത്തുന്ന അയാള്‍ തന്റെ മകന് ബെഞ്ചമിന്‍ എന്ന് പേരിടുന്നു. ചുറ്റുമുള്ള കുട്ടികളെപ്പോലെ ഒരു സാധാരണകുട്ടിക്കാലം ബെഞ്ചമിനും വേണം എന്ന് ശഠിക്കുന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും അത് ബെഞ്ചമിന്‍ സാധിക്കുന്നില്ല. സമപ്രായക്കാരായ കുട്ടികളെക്കാള്‍ അവന് സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത് തന്റെ മുത്തശ്ശനോപ്പമാണ്. കളിപ്പാട്ടങ്ങളെക്കാള്‍ പ്രിയം എന്സൈക്ലോപീഡിയയും. പോകെപ്പോകെ ബെഞ്ചമിന്‍ അതിശയകരമായ ഒരു കാര്യം മനസിലാക്കുന്നു. ഓരോ വര്‍ഷം കഴിയുംതോറും താന്‍ കാഴ്ചയില്‍ കൂടുതല്‍ ചെറുപ്പമാകുന്നുണ്ട്.
പതിനെട്ടാം വയസില്‍ യേല്‍ യൂണിവേര്സിറ്റിയില് അഡ്മിഷന് വേണ്ടിചെല്ലുന്ന ബെഞ്ചമിനെ അയാളുടെ രൂപവൈചിത്ര്യത്തിന്റെ പേരില്‍ ഒഴിവാക്കുന്നുണ്ട്. പിന്നീട് അയാള്‍, തന്നെ നിഷ്കരുണം പുറത്താക്കിയ യൂണിവേര്സിറ്റിയോട് പ്രതികാരം വീട്ടുന്നത് കഥയിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. മകനോട് ആദ്യം തോന്നിയ അകല്‍ച്ച മറികടന്ന് സാവധാനം റോജര്‍ മകന്റെ നല്ല സുഹൃത്താവുന്നുണ്ട്. പൊതുപരുപാടികളില്‍ ഒരുമിച്ച് പങ്കെടുത്തുപോന്നിരുന്ന അച്ഛനും മകനും പക്ഷെ കാഴ്ചയില്‍ സഹോദരങ്ങള്‍ എന്നേ തോന്നിച്ചിരുന്നുള്ളൂ. അത്തരം ഒരു സായാഹ്നത്തില്‍ ബെഞ്ചമിന്‍ ഹില്ഡേഗര്ഡെയേ കാണുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ക്ക് അവളെ ഇഷ്ടമാകുന്നു എങ്കിലും തന്റെ രൂപം അവളെ തന്നില്‍ നിന്നും അകറ്റും എന്ന് അയാള്‍ ശങ്കിക്കുകയാണ്. ആശ്ചര്യമെന്നു പറയട്ടെ, കുറച്ചു പ്രായക്കൂടുതല്‍ ഉള്ളവരെയാണ് എനിക്കിഷ്ടം, ചെറുപ്പക്കാര്‍ക്കൊന്നും പ്രേമിക്കാനേ അറിയില്ല എന്ന് പറഞ്ഞുകൊണ്ട് അവള് ബെഞ്ചമിനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പിനെ അവഗണിച്ചു വിവാഹിതരാവുന്ന അവരുടെ ജീവിതം ആദ്യമൊക്കെ സന്തോഷം നിറഞ്ഞതായിരുന്നു.
എന്നാല്‍ യുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതോടെ ഭാര്യയുടെ രൂപഭാവങ്ങള്‍ അയാളെ മടുപ്പിച്ചു തുടങ്ങുന്നു. കാലം കടന്നുപോകെ ബെഞ്ചമിന്‍ കൂടുതല്‍ ചെറുപ്പമായി വരികയും അത് അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കഥ പുരോഗമിക്കും തോറും ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ഒരു ഘട്ടത്തില്‍ അയാളുടെ മകന് അയാളോട് തന്നെ ഇനി മുതല്‍ പേര് വിളിക്കരുത്, അങ്കിള്‍ എന്ന് വിളിക്കണം എന്ന് ആജ്ഞാപിക്കുക പോലും ചെയ്യുന്നുണ്ട്. ഇതിനിടെ ഭാര്യ അയാളെ വിട്ടുപോകുന്നു. പിന്നീട് തന്റെ കൊച്ചുമകനോപ്പം അയാള്‍ നേഴ്സറിയില്‍ പോകുന്നു. ഒരുകാലത്ത് തന്റെ മുത്തശ്ശനോപ്പമുള്ള സമയം അയാള്‍ എങ്ങനെ ആസ്വദിച്ചോ അതുപോലെ തന്നെ കൊച്ചുമകനോപ്പം അയാള്‍ സമയം ചിലവിട്ടു. പിന്നെയും അയാളുടെ പ്രായം കുറഞ്ഞുവന്നു. ഒടുവില്‍ ഒരു തൊട്ടിലില്‍ കിടന്നു അയാള്‍ മരണപ്പെടുന്നു.
ഒരുപോലെ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ കഥയായിരുന്നിട്ടും ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത് ബ്രാഡ് പിറ്റ് നായകവേഷത്തിലെത്തിയ പ്രണയചിത്രം എന്ന പേരിലാണ് പുതുതലമുറ ബെഞ്ചമിന്‍ ബട്ടണെ ഓര്‍ക്കുന്നത്.
( foto. Movie poster)

അത് എത്രത്തോളം നീതിപൂര്‍വ്വമായ കാര്യമാണ് എന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരത്തിനുള്ള ശ്രമങ്ങള്‍ നടന്നുവന്നിരുന്നുവെങ്കിലും പല എഴുത്തുകാരും സംവിധായകരും അതിന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചിരുന്നു. ഒടുവില്‍ ആ അന്വേഷണം അവസാനിച്ചത് എറിക് റോത്തിനും ഫിഞ്ചറിനും മുന്‍പിലാണ്. ഫോറസ്റ്റ് ഗംബും അലിയും പോലുള്ള ചിത്രങ്ങളുടെ പേരിലാണ് എറിക് അറിയപ്പെട്ടിരുന്നതെങ്കില്‍ ഫിഞ്ചര്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനായിരുന്നു.
2008 ല്‍ പുറത്തുവന്ന ചലച്ചിത്രാവിഷ്കാരം ഫിറ്റ്സ്ജെറാള്‍ഡിന്റെ കഥയില്‍ നിന്നും കാര്യമായി വ്യതിച്ചലിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ആ മാറ്റങ്ങള്‍ കഥയ്ക്ക് പുതിയ മാനങ്ങള്‍ നല്കുമ്പോള് ചില മാറ്റങ്ങള്‍ കഥയുടെ ആത്മാവിനെ തന്നെ ചോര്‍ത്തിക്കളഞ്ഞു. കഥയില്‍ ബെഞ്ചമിന്‍ ബട്ടണ്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ നന്നായി സംസാരിക്കാന്‍ കഴിയുന്ന ആളായാണ് ജനിക്കുന്നതെങ്കില്‍ ചിത്രത്തില്‍ ബെഞ്ചമിന്റെ ജനനം ഒരു വയസന്റെ ലക്ഷണങ്ങളുള്ള കുഞ്ഞായാണ്. കഥയില്‍ അച്ഛന് മകനെ തനിക്കൊപ്പം വളര്‍ത്തുന്നുവെങ്കിലും സിനിമയില്‍ ഇത്തരം ഒരു വിചിത്ര ജീവിയുടെ പിതാവായതിലെ അപമാനത്തില്‍ ഒരു കെയര്‍ഹോമിനു മുന്നില്‍ ബെഞ്ചമിനെ ഉപേക്ഷിക്കുന്ന ആളായിട്ടാണ് ബെഞ്ചമിന്റെ പിതാവിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പ്രധാനം ബെഞ്ചമിന്റെ ഭാര്യയുടെ കഥാപാത്രമാണ്. കഥയില്‍ ബെഞ്ചമിന്‍ അസ്വാരസ്യങ്ങള്‍ നിറഞ്ഞ ഒരു വിവാഹജീവിതത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ ചിത്രത്തില്‍ അയാള്‍ പ്രണയിക്കുന്നതും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുന്നതും കഥയിലില്ലാത്ത പുതിയൊരു കഥാപാത്രവുമായിട്ടാണ്.
ചലച്ചിത്രരൂപത്തിനായി എറിക് റോത്ത് മൂലകഥയില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ബെഞ്ചമിന്റെ ജീവിതത്തില്‍ കടന്നുവരുന്ന വ്യക്തികളാണ്. കെയര്‍ ഹോമിന്റെ നടത്തിപ്പുകാരിയായ ക്വീനിയും അവിടെ അയാള്‍ കണ്ടുമുട്ടുന്ന ഡെയ്സി എന്ന കുട്ടിയും (ആ കുട്ടി വളരുകയും അവര്‍ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ട്.) ബോട്ടില്‍ അയാളുടെ ക്യാപ്റ്റന്‍ ആയ മൈക്കും, ഇടക്കാലത്ത് ബെഞ്ചമിന്‍ പ്രണയിക്കുന്ന എലിസബത്തും എല്ലാം അത്തരത്തില്‍ എറിക് സ്വന്തമായി നിര്‍മിച്ച കഥാപാത്രങ്ങളാണ്.

ഒരു ചലച്ചിത്രമെന്ന നിലയില്‍ വളരെയധികം പ്രശംസ നേടുകയുണ്ടായി The curious case of benjamin button. പതിമൂന്നോളം ഓസ്കാര്‍ നാമനിര്‍ദേശം നേടിയ ചിത്രം പക്ഷെ മൂന്ന് വിഭാഗത്തില്‍ മാത്രമാണ് വിജയിച്ചത്. എങ്കിലും ചിത്രത്തിന്റെ പ്രേക്ഷകപ്രീതി ഇന്നും കുറഞ്ഞിട്ടില്ല. പക്ഷെ ഒരു പ്രണയ ചിത്രം എന്ന ലേബലിലേക്ക് ഈ കഥാപാത്രത്തെ ചുരുക്കുന്നത് ഫ്രാന്‍സിസ് സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ് എന്ന പ്രതിഭയോട് ചെയ്യുന്ന നീതികേടാണ്. മനോഹരങ്ങളായ അനവധി പ്രണയകഥകള്‍ എഴുതിയിരുന്നെങ്കിലും അയാള്‍ അത് മാത്രമായിരുന്നില്ല എന്നത് തന്നെ കാരണം. പ്രണയകഥകളുടെ പേരില്‍ മാത്രം ഓര്‍മ്മിക്കപ്പെടുന്നതില്‍ അയാള്‍ വളരെയധികം അസ്വസ്ഥനുമായിരുന്നു. കോളിയര്‍ മാഗസിന്റെ എഡിറ്റര്‍ ആയിരുന്ന കെന്നെത്ത് ലിറ്റൊറിന് 1939ല്‍ എഴുതിയ കത്തില്‍ അയാള്‍ കുറിക്കുന്നത് ഇങ്ങനെയാണ്,
it ins’t particularly likely that i’ll write a great many more stories about young love. i was tagged with that by my first writings upto 1925. Since then i’ve written stories about young love. they have been done with increasing difficulty and increasing insincerity. I would either be a miracle man or a hack if i could go on turning out an identical product for three decades.
I know that is what’s expected of me, but in that direction the well is pretty dey and i think i am much wiser in trying not to strain for it but rather to open up a new well, a new vein… nevertheless, an overwhelming number of editors continue to associate me with an absorbing interest in young girls- aninterest that my age would probably land me behind bars.
അയാള്‍ എഴുതിയത് അക്ഷരംപ്രതി സത്യമായിരുന്നു. ഇത്ര ചെറിയ കാലയളവില്‍ തന്റെ പ്രതിഭയെ അതിതീവ്രമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞവര്‍ അധികമുണ്ടായിരുന്നില്ല. ഇരുപത്തിനാലാം വയസില്‍ പുറത്തിറങ്ങുന്ന this side of paradise എന്ന അയാളുടെ ആദ്യ നോവല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റഴിയുന്നത് നാല്‍പ്പതിനായിരം കോപ്പികളോളം ആണ്. ആ വിജയം അയാള്‍ ആഘോഷിക്കുന്നത് യുദ്ധകാലത്ത് അയാള്‍ കണ്ടുമുട്ടിയ സെല്ഡയേ വിവാഹം കഴിച്ചുകൊണ്ടും. പിന്നീട് ന്യൂയോര്‍ക്ക് നഗരത്തിന്റെ എല്ലാവിധ ഉന്മാദവും അനുഭവിച്ചും ആഘോഷിച്ചുമുള്ള ജീവിതം. ഹെമിംഗ്വെയും ജെര്‍ട്രൂഡ് സ്റ്റെയ്നും ഇസഡോറ ഡങ്കനുമെല്ലാം അടങ്ങുന്ന സൗഹൃദവലയം. ജാസ് ഏജ് എന്നറിയപ്പെട്ട ഒരു മുന്നേറ്റത്തിന്റെ പ്രധാനവക്താവായിരുന്നു അയാള്‍. അത്തരമൊരു കാലത്തെക്കുറിച്ച് വൂഡി അലന് സംവിധാനം ചെയ്ത മിഡ്നൈറ്റ് ഇന്‍ പാരിസ് എന്ന ചലചിത്രത്തില്‍ കാണുന്നത് വരെ എനിക്ക് തീര്‍ത്തും അപരിചിതനായിരുന്നു ഫ്രാന്‍സിസ് സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ് എന്ന എഴുത്തുകാരന്.
പിന്നീട് സ്വന്തമാക്കിയും അല്ലാതെയും വായിച്ച പുസ്തകങ്ങളിലൂടെ എപ്പോഴോ കൂടുതല്‍ മിഴിവേറിയ ഒരു ചിത്രം തെളിയിചെടുക്കാന് കഴിഞ്ഞു.

അങ്ങനെയാണ് ഹെമിംഗ്വെയുമായുണ്ടായിരുന്ന സൌഹൃദവും ഒരാളുടെ വളര്‍ച്ചയും മറ്റെയാളുടെ തളര്‍ച്ചയും ആ സൗഹൃദത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്നതും, സെല്ഡയുമായുണ്ടായിരുന്ന പ്രശ്നങ്ങളും കടബാധ്യതകളും മൂന്നുവട്ടം ഹോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചിട്ടും അവിടെ നിലയുറപ്പിക്കാന്‍ കഴിയാതെ പോയതും പിന്നെ തീര്‍ത്തും യാദൃശ്ചികമായുണ്ടായ അയാളുടെ മരണവും-ഒരുപക്ഷെ ഏറെക്കാലമായി ഉണ്ടായിരുന്ന ക്ഷയരോഗവും അവസാനത്തെ നോവല്‍ എഴുതിപ്പൂര്ത്തിയാക്കാനുള്ള അത്യധ്വാനവും ചേര്‍ന്ന് വേഗത്തിലാക്കിയ ഒന്ന്- എല്ലാം അറിയുന്നത്.
നിസ്സീമമായ പ്രതിഭയോടൊപ്പം ഒഴിയാബാധയായി പിന്തുടര്ന്നിരുന്ന അച്ചടക്കമില്ലാത്ത ജീവിതശൈലിയാണ് ഒരു തരത്തില്‍ അയാളുടെ അകാലമരണത്തിന് കാരണമെന്ന് പറയാം. വന്‍ വിജയമായ this side of paradise, the beautiful and the damned എന്നീ നോവലുകള്‍ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ എഴുതിപ്പൂര്‍ത്തിയാക്കിയ the great gatsby വേണ്ടത്ര ശ്രദ്ധ നേടാതെ പോയതും സെല്‍ഡയുടെ സാനിട്ടോറിയം വാസവും വര്‍ധിച്ച മദ്യപാനവുമെല്ലാം അതിന്റെ വേഗം കൂട്ടിയിരുന്നിരിക്കാം.

1936 മെയില്‍ എഴുതിയ ഒരു കത്തില്‍
The business of debt is awful. it has made me lose confidence to an appalling extent. I used to write for myself- now i write for editors because i never have time to really think what i do like or find anything to like. it’s like a man drawing water out in drops because he is too thirsty to wait for the well to fill. Oh, for one lucky break.
എന്ന് അയാള്‍ എഴുതുന്നുണ്ട്. ഒരിക്കല്‍ സ്വന്തമായിരുന്ന വിജയം അകന്നുപോകുന്നതില്‍ ഖിന്നനായ ഒരാളെ ഇതില്‍ കാണാം. ഒരേതരം കഥകള്‍ എഴുതാന്‍ എഡിറ്റര്‍മാരാല്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു കാലം, പുതിയ കാലത്തെ വായനക്കാരെ തന്നില്‍ നിന്നും അകറ്റിയെന്ന് തെല്ല് കുറ്റബോധത്തോടെ അവസാനകാലത്ത് സെല്ഡയ്ക്കുള്ള കത്തില്‍ അയാള്‍ സമ്മതിക്കുന്നത് വായിക്കുമ്പോള്‍ അയാളോട് അനുഭാവപ്പെടാതെ വയ്യ.
The curious case of benjamin button ലേക്ക് തിരിച്ചുവരാം. Tales of jazz age എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ ‘how unfortunate it is that the best part of life is the beginning and the worst part is the end’ എന്ന മാര്‍ക്ക് ട്വെയ്നിന്റെ വാചകമാണ് ഇങ്ങനെയൊരു കഥയെഴുതാന്‍ തനിക്ക് പ്രചോദനമായത് എന്ന് F Scott Fitzgerald പറയുന്നുണ്ട്. ഒരു ചെറുപരാമര്ശത്തില് നിന്നും രൂപം കൊണ്ട കഥ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുമായിരുന്ന ഉയരങ്ങളെക്കുറിച്ചുമാത്രമാണ് എന്റെ ചിന്ത. ഇരുപത്തിയാറാം വയസില്‍ അയാളുടെ ഭാവനയില്‍ വിരിഞ്ഞ കഥയ്ക്ക് ദൃശ്യഭാഷയൊരുക്കാന്‍ നീണ്ട എണ്പത്തിയാറു വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്ന വസ്തുത പരിശോധിക്കുമ്പോഴാണ് അയാളുടെ അനുപമമായ കഴിവിനെക്കുറിച്ചുള്ള നഷ്ടബോധം അധികരിക്കുക.
അതുകൊണ്ടാണ് തന്റെ എഡിറ്ററായിരുന്ന മാക്സ്വെല് പെര്‍ക്കിന്‍സിന് മരണത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പെഴുതിയ കത്തില്‍
Once i bilileved… I could (if i didn’t always) make people happy and it was more fun than anything. Now even that seems like a vaudevillian’s cheap dream of heaven, a vast minstrel show in which one is the perpetual Bones…
But to die, so completely and unjustly after having given so much. Even now there is little published in american fiction that doens’t slightly bare my stamp- in a small way I was an original.
എന്ന് പറയുമ്പോള്‍ സ്വയമറിയാതെ എന്നില്‍നിന്നും ഒരു നെടുവീര്‍പ്പുയരുന്നത്. സമാനതകളില്ലാത്ത ഒരു പ്രതിഭ, താന്‍ അവഗണിക്കപ്പെടുന്നുവെന്നും അര്‍ഹമായ അംഗീകാരങ്ങളും വിപണിവിജയവും തന്നെ ഇനി തേടിവരാനിടയില്ല എന്നുമുള്ള സത്യം അംഗീകരിച്ചുകൊണ്ട് ഞാന്‍ മുന്മാതൃകകള് ഇല്ലാത്ത ഒരാളായിരുന്നുവല്ലോ എന്നതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന സാഹചര്യം ഒരിക്കലും അത്ര സുഖകരമായ കാഴ്ചയല്ല. മരണശേഷം പുതുതായി അയാളെ തേടിയെത്തിയ ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്നത് വിസ്മരിക്കുന്നില്ല. എങ്കിലും എന്തോ, അനുകല്പ്പനകള്ക്ക് ലഭിക്കുന്ന സ്വീകാര്യത സാവധാനം അയാളെ വീണ്ടും മറവിയിലേക്ക് തള്ളിവിടുന്നുണ്ടെന്ന സത്യം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇനിയും എത്ര പ്രതിഭകളാണ് നിരന്തരമായ അവഗണനയിലൂടെ അനിവാര്യമായ മറവിയിലെക്കുള്ള ഈ ഇടുങ്ങിയ പാത തിരഞ്ഞെടുക്കുന്നത് എന്ന ചിന്ത അതിന്റെ ആക്കം കൂട്ടുന്നു.