
കഴുക്കോൽച്ചതുരങ്ങളിൽ ആകാശം നിറഞ്ഞ പകലിന്റെ ഓർമക്ക്

ചിത്തിര കുസുമൻ
എനിക്കുമുന്നിലൂടെ
ചുവടു പൊട്ടിച്ച വീടിനെ
വാടിയ മഷിത്തണ്ടെന്നപോലെ
കോരിയെടുത്തു കൊണ്ടുപോകുന്നു
പേരെടുത്തുവിളിക്കാൻ പേടിതോന്നുന്നൊരു യന്ത്രം.
പനിച്ചാലും കരഞ്ഞാലും
വളഞ്ഞുകുത്തിക്കിടക്കുമ്പോ
മുട്ടുകാല് ചുമരിലുരയും,
ആ പാട് ഇപ്പോഴുമുണ്ട്.
ഉറങ്ങാൻ കിടക്കുമ്പോ
കവിള് ചുമരിലമർത്തണം,
ആ തണുപ്പാണ്
ഉമ്മയെന്ന്
ഓർക്കാൻ ഇഷ്ടമുള്ളത്.
മുന്നിലെപ്പടി ചാടിയിറങ്ങുന്നതിന്
നിത്യം വഴക്കുകേൾക്കും,
ഇതുനല്ല കൂത്തെന്ന് ഞാനോടിപ്പോകും.
അകത്ത് തൊങ്ങല്ലേടീയെന്ന്
എന്നെയെപ്പോഴുമിറക്കിവിടും,
തൊങ്ങിയാലീത്തറ കുഴിഞ്ഞുപോകുമോയെന്ന്
ഞാൻ തർക്കുത്തരം പറയും.
ഇറയത്തെ തിണ്ണയിൽ കൊത്തങ്കല്ലു കളിക്കും,
അടുക്കളത്തിണ്ണയിൽ മുറുക്കാൻ ചവക്കും,
അവിടെയുമിവിടെയും പെണ്ണുങ്ങൾ കാണും,
തിണ്ണക്ക് കീഴെ കുഴിയാനകളും.

കിടപ്പുമുറി ഒന്നേയുള്ളു,
അവിടെയാരും കിടക്കാറുമില്ല,
ഇറയത്തു നീട്ടിപ്പാവിരിക്കും
അവിടെക്കിടന്നാൽ നിലാവുകാണാം.
നേരംവെളുക്കുമ്പോൾ
ഷെമ്മീസ് പൊങ്ങിപ്പോയതിന്
തുടയിൽ നുള്ളുകിട്ടും,
പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണം.
പൊങ്ങിപ്പോയ ഷെമ്മീസിനെ നുള്ളാതെ
എന്നെ നുള്ളുന്ന ന്യായമേതാണ്!
അടുപ്പ് രണ്ടെണ്ണമുണ്ട്,
പുകയിൽ വെയില് വീഴുമ്പോ കാണാൻ രസമാണ്.
അതിലേക്ക് വിരല് നീട്ടിപ്പിടിക്കണം,
ചോന്നു കാണാം എന്നത്തേയും കഥയിലെ യക്ഷിയെപ്പോലെ.
അടുപ്പിൻമൂട്ടിൽ വിറകുകൂട്ടും,
ഒളിച്ചുകളിക്കുമ്പോ മുട്ടിലിഴഞ്ഞുകേറണം,
നാര് കേറും, ചിലപ്പോ തുമ്മലും വരും
അവിടിരിക്കുമ്പോ ഞാനൊരു കുട്ടിച്ചാത്തനാണെന്നു തോന്നും,
അതുകൊണ്ടാണല്ലോ ഇറങ്ങിവാ കുട്ടിച്ചാത്താ എന്ന് വിളിക്കുന്നത്.
കുഞ്ഞിപ്പനി വന്നതിനാണ് ഈ കൊഞ്ചലെന്ന്
എന്നെയുമെടുത്തിട്ടുണ്ട് ഇതുപോലെ,
ഞാനുമന്ന് കുഴഞ്ഞുകിടപ്പായിരുന്നു.
അഞ്ചാംപനിയാണെന്നു കേട്ടപ്പോ വീട് പേടിച്ചു മിണ്ടാതായി,
വീടിനിപ്പോ എന്തുപറ്റിയിട്ടാണോ
വാരിയെടുത്തുകൊണ്ടുപോകുന്നത്,
ഓർമക്കേടാണെന്നു തോന്നുന്നുണ്ട്,
പകുതി അവിടെയിട്ടിട്ടാണ് പോകുന്നത്.
ഒന്നുമില്ലാതിരുന്നാൽ മതിയായിരുന്നു,
പേടിച്ചിട്ടിപ്പോൾ എനിക്കാണ് മിണ്ടാൻ പറ്റാത്തത്.