
ചിഞ്ചു റോസയുടെ കവിത

ചിഞ്ചു റോസ
ദേ എന്റെ ചെക്കാ കേട്ടോ
അവറ്റകൾ പിന്നെയും വന്നു നൂറു ആവശ്യങ്ങളുമായി
നിന്റെ ഇരട്ട പെണ്‍കുട്ടികൾ
കറുത്തു നുണക്കുഴിയുള്ള ചിത്രം പെരുക്കുന്ന മിണ്ടാപെണ്ണും
കവിത വരയ്ക്കുന്ന പൂച്ചകണ്ണിയും
പറഞ്ഞതു പൊലെ :
വയലറ്റ് ലേസ് പാകി
മൾബെറി തുന്നലിട്ടു
കിടക്കയൊരുക്കിയിരുന്നു
കണ്ണു മിഴിയുമ്പോൾ
കിലുക്കിയറിയിക്കാൻ
വെള്ളിചിലങ്ക കോർത്തു
വെച്ചിട്ടുണ്ട്
നനുത്ത ചെമ്പക പൂവിന്റെ
മൂന്നാം ഇതളുകൾ
ചേർത്തൊരു
ആവണി കൂടു ഒരുക്കിയതുണ്ട്
മഴപ്പാറ്റ ചിറകിന്റെ
തൊങ്ങലുടിപ്പിച്ചു
മെത്ത മൃദുവാക്കിയിട്ടുണ്ട്
ആമ്പൽ കനത്തിലൊരു
കളി വഞ്ചി നെയ്തു തീർന്നിട്ടുണ്ട്
നാലു കുഞ്ഞി പാദങ്ങളിൽ
മുത്തമിടാനായി
കളിമണ്‍ മുറ്റം
കാത്തിരിക്കുന്നുണ്ട്
എന്നെ കാണുമ്പോൾ
അവരെ തിരയുന്ന പൂവാം കുരുന്നിനോടും
കാലംപട്ടയോടും
സ്നേഹം കടം പറഞ്ഞു വെച്ചിട്ടുണ്ട്
ഇത്രയും ഒരുക്കി വിളിച്ചപ്പോഴാണ് അടുത്തത്
“എന്നോടന്തും ആവാലോ,”
നിന്നെ പോലെ തന്നെ
കിഴക്കോട്ടു നോക്കുമ്പോൾ
വെളിച്ചം പൊഴിയുന്ന
നമ്മുടെ നീല ജനൽ വരിയുടെ അടുത്തു
വെള്ള പൂശിയിടണമത്രേ
പടം വരക്കാനാണ് പോലും
(ഇതു ഞാൻ നിന്നെ ഏല്പിച്ചതാണ്)
ഹാ ഇതൊന്നും പോരാഞ്ഞ്,
വരുമ്പോൾ കാണാൻ
ബഡ്ഡു ചെയ്ത റോസായിൽ
ഓറഞ്ചും ചുവപ്പുമുള്ള
പൂക്കളെ ഒരുക്കി നിറുത്തണമത്രെ
ഓശാന പാടാൻ
വളർത്തിയിട്ടും വളമിട്ടിട്ടും
പൂക്കാത്ത പന്നൽ റോസകളിൽ കരഞ്ഞു
നീറ്റി ഞാൻ പൂത്തു തളിർപ്പിച്ചു വന്നപ്പോൾ
ദേ അടുത്തത്,
നീലയും പച്ചയും
കണ്ണുകളുള്ള
നമ്മുടെ പൂച്ച കുട്ടന്
മാല ഒരുക്കണം പോലും
സമ്മതിച്ചു:
ഒരിക്കൽ പോലും നിന്നു
തരാത്ത
അവനെ പിടിച്ചു കെട്ടി
എന്റെ പാദസ്വരത്തിലെ
കുഞ്ചരി മണി ഞാനൊരു
മാലയാക്കി ഇട്ടു കൊടുത്തിട്ടുണ്ട്
ഇത്രയും ഒരുക്കി
വിളിച്ചപ്പോഴും വരാൻ കൂട്ടാക്കാതെ
നമ്മളെ പറ്റിച്ചു കൊണ്ടു
ഒളിച്ചു നടക്കുകയാണ്
എനിക്കറിയാം !
പെണ്ണല്ലേ കുറച്ചേറെ
നിഗളിച്ചോ എന്ന നിന്റെ
കൊഞ്ചിക്കൽ കാരണമാ
ഈ അഹങ്കാരം..
വിളിച്ചിട്ടും ഒരുക്കിയിട്ടും
അവളുമാർക്കു
വരാൻ ഭാവമില്ലെങ്കിൽ
നമ്മളെന്ത് ചെയ്യുമെന്റെ പൊന്നേ?
ഇങ്ങു വരട്ടെ നല്ല അടി ഞാൻ കാത്തു വെച്ചിട്ടുണ്ട്