
വെറ്റിലക്കൊടി വിപ്ലവം: ഒരു ചരിത്രരേഖ

ബിനുരാജ്. ആർ. എസ്.
ഭാഗം 1
”സുരേ, ഈ പരിപാടിക്ക് അവനേം കൂടെ വിളിക്കാനാണ് നിന്റെ പ്ലാനെങ്കീ, എന്നെക്കിട്ടൂല പറഞ്ഞേക്കാം. പഴേതെല്ലാം മറന്ന് നീ അവനുമായി ലോഹ്യമായിക്കാണും. ഞാമ്പക്ഷേ വാക്കിന് വിലയുള്ളോനാ”. ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞ് തീര്‍ത്ത് വിരലുചൂണ്ടി ആയ്ച്ച് നില്ക്കുന്ന കുമാരപിള്ളയെ തോളില്‍ കൈയ്യിട്ട് സുര വീട്ടിന്റെ സിറ്റൗട്ടിലേക്ക് കയറ്റിയിരുത്തി.
”കുമാരേണ്ണാ, നിങ്ങള്‍ വിചാരിക്കുമ്പോലത്ര എളുപ്പോന്നുമല്ല ഈ പരിപാടി. അവനാണെങ്കീ ഇതിന്റെ വശമൊക്കെ അറിയേം ചെയ്യാം. പിന്നെ, കൊന്നു കഴിഞ്ഞാ വേറേം ചെല നടപടികളൊണ്ടല്ല, അവനാണെങ്കീ അതൊക്കെ ഒതുക്കത്തിലങ്ങ് ചെയ്യും. വേറാരും അറിയേം ഇല്ല.”
സുര പറഞ്ഞത് ഒട്ടും അംഗീകരിക്കാന്‍ പറ്റിയില്ലെങ്കിലും, ഈ പരിപാടിയില്‍ എല്ലാ കാര്യവും താന്‍ കൂട്ടിയാല്‍ കൂടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടും, തന്റെ മനസില്‍ കുറച്ച് നാളായുള്ള ഒരു പ്രതികാരം നടപ്പിലാക്കാന്‍ ഈ പരിപാടിക്കിടയില്‍ കഴിഞ്ഞേക്കുമെന്നൊരുള്വിളി കിട്ടിയതിനാലും മനസില്ലാമനസോടെയെന്നതുപോലെ കുമാരപിള്ള അതംഗീകരിച്ചു- പരിപാടിയില്‍ അവനേം കൂട്ടാം.
പരിപാടി
തൊട്ടുതൊട്ടു കിടക്കുന്ന പുരയിടങ്ങളാണ് കുമാരപിള്ളയ്ക്കും സുരയ്ക്കും. രണ്ടുപേരും സാമാന്യം വിറ്റുവരവുള്ള, എടുത്തുണ്ണാനുള്ള മധ്യവര്‍ഗ്ഗ ബൂര്‍ഷ്വാസികള്‍. സ്കൂളിലും കോളേജിലുമായി പഠിക്കുന്ന രണ്ടു മക്കള്‍ കുമാരപിള്ളയ്ക്കും സ്കൂളില്‍ പഠിക്കുന്ന രണ്ടുപേര്‍ സുരയ്ക്കും. പലവ്യഞ്ജനമായും, ചില്ലറ പണമായും പരദൂഷണമായും കൈമാറ്റം നടത്തി രണ്ടുപേരുടെയും പെണ്ണുങ്ങളും നല്ല ലോഹ്യത്തിലാണ്. അത്യാവശ്യത്തിന് ഒരു വീട്ടില്‍ ആളില്ലെങ്കില്പ്പോലും മറ്റേയാളിനെ ഏല്‍പ്പിച്ചു പോകാവുന്നത്ര ഇഴചേര്‍ന്ന അടുപ്പം. അങ്ങനെയിരിക്കെയാണ് സുരയുടെ പറമ്പിലെ കുറച്ച് വാഴയും ചേമ്പുമൊക്കെ ഇടിച്ചൊടിച്ചും, മാന്തി വെളിയിലിട്ടുമൊക്കെ കാണുന്നത്.
”കുടം വന്ന വാഴയായിരുന്നല്ല്”,
സുരയുടെ ഭാര്യ സൗധ തലയില്‍ കൈവെച്ചു. ഇതെങ്ങനെ വന്നെന്ന് കുന്തിച്ചിരുന്നാലോചിക്കുമ്പോഴായിരുന്നു കുമാരപിള്ളയുടെ പശുവിന്റെ അലറിക്കരച്ചില്‍ വാഴപ്പണയിലൂടെ തട്ടിത്തടഞ്ഞ് സുരയുടെ കാതില്‍ വന്നിടിച്ചുവീണത്.
”ടാ സുരേ, നെനക്ക് പശുവൊന്നുമില്ലല്ലാ, പെരേടത്തില പുല്ലക്ക വെറ്തേ കളയണ്ട, ഞാന്‍ പശൂന കേറ്റി മേയ്ക്കട്ടാ..?”
ഒരു മാസം മുന്‍പ് പശുവിനെ വാങ്ങിയപ്പോള്‍ കുമാരപിള്ള ചോദിച്ചത് സുരയോര്ത്തു. ഇടയ്ക്കിടെ പുല്ലറുക്കാനും പശുവിനെ തീറ്റാനുമൊക്കെയായി പിള്ളയും മക്കളും പുരയിടത്തില്‍ കയറാറുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊന്നുമുണ്ടായിട്ടില്ല. വേറെന്തും സുര സഹിക്കും, പക്ഷേ നട്ടുപിടിപ്പിച്ച മൊതല് നശിപ്പിച്ചാ… അന്നാദ്യമായി സുര പിള്ളയോട് മുഖം കറുപ്പിച്ച് സംസാരിച്ചു. കുടുംബ വഴക്കോളമെത്താമായിരുന്ന ആ സംഭവം ഒത്തുതീര്‍ത്തത് പെണ്ണുങ്ങള് മുന്‍ കൈയ്യെടുത്തായിരുന്നു. പക്ഷേ അടുത്ത ദിവസം പിള്ളയുടെ പുരയിടത്തിലുമുണ്ടായി അതുപോലെ നാശനഷ്ടങ്ങള്‍. ഇതാരോ മന:പൂര്‍വ്വം ചെയ്യുന്നതല്ലേ എന്ന സ്വാഭാവിക പുരുഷയുക്തിക്കു പിന്നാലെ പിള്ളയും സുരയും പുകഞ്ഞു കയറുമ്പോള്‍ പെണ്ണുങ്ങള് തന്നെയായിരുന്നു അവിടെയും സത്യം കണ്ടുപിടിച്ചത്- പന്നികളാ, കാട്ടുപന്നികള്‍!
”പന്നിക്കഴുവേറികള്, കൊല്ലും ഞാന്‍, നോക്കിക്കോ”,
സുര മുഷ്ടി ചുരുട്ടി കൈവെള്ളയിലിടിച്ചു. പന്നിശല്യം ഒഴിവാക്കുക എന്നതിലുപരി പന്നികളെ എങ്ങനെ ജീവനോടെയോ അല്ലാതെയോ പിടിച്ച് പ്രതികാരം ചെയ്യാം എന്നതിനെക്കുറിച്ച് സുരയും കുമാരപിള്ളയും ആലോചന തുടങ്ങി. കാട്ടുപന്നിയാണെങ്കില് കെണി വെച്ച് പിടിച്ചാല്‍ ഇറച്ചിക്ക് നല്ലതാണ്. പക്ഷേ, ഫോറസ്റ്റ്കാരോ പോലീസോ മറ്റോ അറിഞ്ഞാല്‍ വെറുതേ പുലിവാലാകും. അത്യാവശ്യം ആര്ഭാടത്തിനുള്ള വകയൊക്കെയുള്ളതു കൊണ്ട് ഈ രണ്ട് വീട്ടുകാരും നാട്ടിലെ പരദൂഷണ സംഘടനകളുടെ സ്ഥിരം ഇരകളുമാണ്. അവര്‍ തമ്മിലുള്ള സൗഹൃദമാണെങ്കില്‍, പലര്ക്കുമങ്ങോട്ട് ദഹിക്കുന്നുമില്ല. ജാതി പറഞ്ഞ് തെറ്റിക്കാന്‍ പോലും ശ്രമം നടന്നിട്ടുണ്ട്. എന്നിട്ടും സുരയേം കുമാരപിള്ളേം ഇതൊന്നും തൊട്ടില്ല.
”ഒറ്റയെണ്ണമറിയാതെ വേണം ചെയ്യാന്‍”, കുമാരപിള്ള സുരയോട് ഗൗരവപ്പെടുമ്പോള് പിള്ളയുടെ കോളേജില്‍ പഠിക്കുന്ന മകന് മൊബൈല്‍ ഫോണില്‍ വിവിധയിനം പോര്‍ക്ക് റെസിപ്പികള്‍ സേവ് ചെയ്യുകയായിരുന്നു.
അവന്
പൊന്താന്‍ സുനി എല്ലാവര്ക്കും ഒരുപകാരിയാണ്. കുട്ടികളോടൊപ്പം ഗോലി കളിക്കാന്‍ മുതല്‍ വീട്ടില്‍ കയറിയ പാമ്പിനെ അടിച്ചു കൊല്ലാന്‍ വരെ എന്തിനും തയ്യാര്‍. പക്ഷേ, ചിലപ്പോള്‍ നിന്ന നില്പ്പില് അവനൊരു ബാദ്ധ്യതയാകും. ആളും, തരവും, സഭയും നോക്കാതെ സംസാരിക്കും. വിഴുങ്ങാനും തുപ്പാനും വയ്യാത്ത ഗതിയാവും. അതുകൊണ്ട്, കുളത്തില്‍ നിന്ന് പച്ചപ്പൊന്താനെപ്പിടിക്കാന് ചെറുപ്പത്തില്‍ നേടിയ വൈദഗ്ദ്ധ്യത്തിന്റെ പേരില്‍ പൊന്താന്‍ സുനി എന്നറിയപ്പെട്ടിരുന്ന സുനിക്ക് പിന്നീട് മറ്റൊരു പേര് കൂടി വീണു- അള്ക്കട്ട സുനി.
സുനിയോട് പിള്ളയ്ക്ക് വിരോധമുണ്ടാവാനുള്ള കാരണങ്ങള്‍ അക്കമിട്ടു പറഞ്ഞാല്‍ ഇങ്ങനെയാണ്:-

കാരണം -1
പിള്ളയുടെ പറമ്പിന്റെ പടിഞ്ഞാട്ട് സുരയുടെ പറമ്പും, കിഴക്ക് നോക്കെത്താ ദൂരം കിടക്കുന്ന സായിപ്പിന്റെ റബ്ബര്‍ തോട്ടവുമാണ്. റബ്ബര്‍ തോട്ടത്തിന്റെ ഉടമസ്ഥനും, മാസത്തിലൊരിക്കല്‍ തോട്ടം നോക്കാന്‍ വയറും കുലുക്കി വരുന്നവനുമായ സലീമിനെ തൊലിയുടേം മുടിയുടേം നിറം കണ്ട് സായിപ്പെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പിള്ളയ്ക്കും സുരയ്ക്കുമൊക്കെ പറമ്പിനോട് ചേര്‍ന്നും അല്ലാതെയുമായി റബ്ബര്‍ തോട്ടങ്ങളുണ്ട്. എല്ലാവരും റബ്ബര്‍ ഷീറ്റടിക്കുന്നത് പിള്ളയുടെ തൊടിയിലുള്ള ഷീറ്റ് പുരയിലാണ്. പ്രത്യേകതകളൊന്നുമില്ലാതിരുന്ന ഒരു ഞായറാഴ്ച ഉച്ചനേരം തെങ്ങിന്റെ മൂട്ടില് ചിലച്ചുകൊണ്ട് നില്ക്കുന്ന തടിയന് കോഴിയെക്കണ്ട്, ഉണക്കാനിട്ടിരിക്കുന്ന തേങ്ങാപ്പൂളോര്ത്ത പിള്ളയുടെ ഭാര്യ സീതയുടെ ”ഈ കോഴിയെപ്പോഴുമെന്തിനാണിവിടെ വരണത്? എറിഞ്ഞോടിക്കെടാ” എന്ന മുറവിളി കൂട്ടിപ്പിടിച്ചൊരു കല്ലാക്കി കോളേജുകാരന്‍ മകനെറിഞ്ഞത്, എന്തുകൊണ്ടോ കൃത്യം കോഴിയുടെ തലയ്ക്ക് കൊള്ളുകയും, കോഴി വീണ് ചാവുകയും, അങ്ങനെ അതൊരു പ്രത്യേകതയുള്ള ഞായറാഴ്ച്ചയായിത്തീരുകയും ചെയ്തു. ചത്ത കോഴിയെക്കണ്ട് ഒന്ന് പകച്ചെങ്കിലും ഉടനടി നിയന്ത്രണം വീണ്ടെടുത്ത് ”ഓലവീണ് കോഴി ചത്തോ?” എന്ന് സീത ചോദിക്കുകയും മകന് അതേന്ന് സമ്മതിക്കുകയും ചെയ്തു.
കോഴിയുടെ ഉടമസ്ഥ റോഡിനപ്പുറം താമസിക്കുന്ന സൈനബത്താത്തയെ ഉടനടി വിവരമറിയിക്കുകയും, മതവിശ്വാസിയായ താത്തയും മകള്‍ മുംതാസും ഹലാലാക്കാത്ത കോഴിയെ കഴിക്കാത്ത കാരണത്താല്‍ സീത തന്നെ കോഴിയെ കറിവെയ്ക്കുകയും, മുഴുവനും ഒറ്റയ്ക്ക് തിന്നാനുള്ള മനോവിഷമം കാരണം കുറച്ച് കോഴിക്കറി സൗധയ്ക്ക് കോരിക്കൊടുക്കുകയും ചെയ്തു. പണവും പലവ്യഞ്ജനവും, ഉടുതുണി പോലും പങ്കുവെയ്ക്കുമെങ്കിലും കറിവെച്ച കോഴി സീത ഒരിക്കലും സൗധയ്ക്ക് കൊടുത്തു വിട്ടിട്ടില്ല.
”ഇവിടെ വന്നിരുന്ന് കഴിക്കാം, അല്ലാതെ കോഴിയിറച്ചി കോരി വീട്ടില്ക്കൊടുത്തു വിട്ടാല്‍ ആവശ്യമില്ലാതെ വീട്ടുകാര്‍ തമ്മില്‍ പിണക്കമുണ്ടാവും”, സീത ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ആ സിദ്ധാന്തം ആദ്യമായും അവസാനമായും തെറ്റുന്നതും ആ ഞായറാഴ്ചയാണ്.
അങ്ങനെ കാര്യങ്ങളൊക്കെ ആരുമറിയാതെ ഒത്തുതീര്‍ത്തെങ്കിലും ഈ സംഭവങ്ങള്‍ക്കെല്ലാം ഒരു ദൃക്സാക്ഷിയുണ്ടായിരുന്നു- മെഷീന്പുരയില് ഷീറ്റടിച്ചു കൊണ്ടിരുന്ന പൊന്താന്‍ സുനി. ഒന്നും സംഭവിക്കാത്ത മട്ടില്‍ സുനി പോയപ്പോള്‍ എല്ലാരുമൊന്ന് സമാധാനിച്ചെങ്കിലും അടുത്ത ദിവസം തന്നെ പിള്ളയുടെ മോനോട് സുനി സത്യമെനിക്കറിയാമെന്ന് പറഞ്ഞു. ആവശ്യത്തിനും അനാവശ്യത്തിനും സൈനബത്താത്തയുടെ വീട്ടുപരിസരത്ത് ചുറ്റിപ്പറ്റാറുള്ള സുനി ഈ വിവരം പറയുമോ എന്ന് പിള്ളയും വീട്ടുകാരും ഭയന്നു. ഒരു കോഴിയുടെ വില കൊടുക്കാവുന്നതേയുള്ളൂ. പക്ഷേ, ഇവന് പറഞ്ഞ് മാനം കെടുത്തിക്കളയും. സൈനബത്താത്തയുടെ ചില നേരത്തെ പെരുമാറ്റം കണ്ടാല്‍ അവരെല്ലാം അറിഞ്ഞെന്നും തോന്നും. ഒന്നും തീര്‍ച്ചപ്പെടുത്താന്‍ പറ്റാതിരിക്കുമ്പോഴാണ് വാഴയും ചേമ്പും പന്നി നശിപ്പിച്ചതിന്റെ പേരില്‍ സുരയും പിള്ളയും തമ്മില്‍ വഴക്ക് നടക്കുന്നത്. കോഴിയിറച്ചി കൊടുത്തുവിട്ടതുകൊണ്ടാണിതൊക്കെ സംഭവിച്ചതെന്നുറച്ചു വിശ്വസിച്ച സീത സ്വയം മുന്‍കൈയ്യെടുത്ത് സൗധയുമായിച്ചേര്ന്ന് സംഗതി രമ്യതയിലെത്തിച്ചെങ്കിലും പിള്ളയുടെ മനസില്‍ അപ്പോഴും അവന് തന്നെയായിരുന്നു വില്ലന്‍- അള്ക്കട്ട സുനി.
”അവനെന്തെങ്കിലും കൃത്രിമം ഒപ്പിക്കും, തീര്‍ച്ച”, പിള്ള മനസില്‍ പറഞ്ഞു.
ഈ സംഭവത്തിന്റെ സത്യാവസ്ഥയും, സുനിയ്ക്ക് ഇതിലുള്ള റോളും പിള്ളയ്ക്കും കുടുംബത്തിനും മാത്രമറിയാവുന്നതാണെങ്കില്, മറ്റൊരു കാരണം സുരയും പിള്ളയും സുനിയും നേരിട്ട് കഥാപാത്രങ്ങളാവുന്ന സംഭവമാണ്, കുറച്ചുകൂടി മുന്‍പ് നടന്നത്.
കാരണം- 2
സ്ഥലത്തെ പ്രധാന പരദൂഷണ പ്രമാണിയും, എത്രയോ ആള്‍ക്കാരെ മൂര്‍ഖന്‍ പാമ്പ് കൊത്തുന്നു, ഇയാളെയെന്താ കൊത്താത്തതെന്ന് നാട്ടിലുള്ള എല്ലാ സ്ത്രീകളെയും കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്ന പച്ച രവിയുടെ പലചരക്ക് കടയില്‍ വല്ലപ്പോഴുമുള്ള ചീട്ട് കളി നിര്‍ത്തി സംസാരിച്ചിരിക്കുമ്പോഴാണ് പഞ്ഞകാലമായതു കൊണ്ടും, പരക്കെ കേള്‍ക്കുന്ന വാര്‍ത്തകളോര്‍ത്തു കൊണ്ടും മോഷണത്തെക്കുറിച്ചും, എടുക്കേണ്ട മുന്കരുതലുകളെക്കുറിച്ചുമായി വിഷയം വഴിപിരിഞ്ഞത്. പട്ടിയെ വാങ്ങി തീറ്റിപ്പോറ്റുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും, ഒടുക്കം അതിന്റെ മരണം കാണേണ്ടി വരുന്ന വിഷമത്തെക്കുറിച്ചുമൊക്കെയുള്ള സംസാരത്തിന് അവസാനമുണ്ടാക്കാനാണ് സുര ഇങ്ങനെ പറഞ്ഞത്-
”ഏയ്, നമ്മുടെ ഈ ഇരുട്ടുമൂലയിലൊക്കെ ആര് വന്ന് മോട്ടിക്കാനാ? ഇവിടേക്ക ഒരെലയനങ്ങിയാ നമ്മളറിയൂലേ..?”
പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ സുനി അതേറ്റു പിടിച്ചു.
”സുരേണ്ണന്റ വീട്ടിന്റെ മുമ്പീന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ ഒരു സാധനം മോഷണം പോവും, കാണണോ?”
”കാണണം”, അതല്ലാതൊരു മറുപടി പറയാന്‍ സുരയ്ക്കില്ലായിരുന്നു.
അന്നു രാത്രി തന്നെ സുരയുടെ വീട്ടിന് മുന്നില്‍ ഉണക്കാനിട്ടിരുന്ന റബ്ബര്‍ഷീറ്റുകളും, വിളവെത്താത്ത ഒരു പൂവന് കുലയും വെട്ടി ചാക്കിലാക്കി വീട്ടിനു മുന്നില്‍ കെട്ടിത്തൂക്കിയിട്ടു സുനി. എന്നിട്ട് പാതിരാത്രി പിള്ളയെ വിളിച്ചുണര്‍ത്തി സുരയെ ഫോണ്‍ ചെയ്ത് വെളിയിലിറങ്ങി നോക്കാന്‍ പറയിച്ചു. മയക്കത്തോടെ വാതില്‍ തുറന്ന് നോക്കിയ സുര പിന്നെ ഉറങ്ങിയത് നേരം വെളുത്ത് ടാപ്പിംഗ് കത്തിയുമായി സുനിയുടെ വീട്ടില്‍ച്ചെന്ന് കണ്ണില്‍ക്കണ്ട ചക്കയും മാങ്ങയുമൊക്കെ വെട്ടിത്തള്ളിയ ശേഷമാണ്. അതില്ത്തൊട്ട് പിന്നെ സുനിയുമായി സുര അത്ര സുഖത്തിലായിരുന്നില്ല, പിള്ളയും. എന്നാല്‍ ഒന്നരയേക്കറോളം വരുന്ന റബ്ബര്‍ തോട്ടം ടാപ്പിംഗിനാളില്ലാതെ കിടക്കുന്നതു കണ്ട് നെഞ്ചുപൊട്ടിയ സുര എല്ലാം മറന്ന് സുനിയെ പണിക്ക് വിളിച്ചു. അങ്ങനെ സുനിയും സുരയും മൗനത്തിന്റെ ഒരു കരാറൊപ്പിട്ട് ലോഹ്യത്തിലായി. സുരയുടെ ഈ പ്രവൃത്തിയോട് ഉള്ളാലെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും സുനിയുടെ സ്വഭാവം വെച്ച് ഇതധിക നാളൊന്നും പോകില്ലെന്നുറപ്പുള്ളതുകൊണ്ട് പിള്ള അത് മനസില്‍ തന്നെ വെച്ചു.
മേല്‍ പ്രസ്ഥാവിച്ച രണ്ട് കാരണങ്ങളും ഈ ചരിത്രരേഖയിലെ പ്രധാന സംഭവങ്ങളാണെങ്കിലും പിള്ളയ്ക്ക് സുനിയോടുള്ള പകയുടെ പെട്ടെന്നുണ്ടായ കാരണം തികച്ചും വ്യക്തിപരമായിരുന്നു.
പെട്ടെന്നുണ്ടായ കാരണം
”സെക്കന്റ് ഷോയും കണ്ടിറ്റ് സാബൂന്റ കൂട ബൈക്കില്‍ വന്ന് കടമ്പാട്ട് കാവിന്റ കയറ്റം തീരണടത്തെറങ്ങീറ്റ് ഞാന്‍ നടന്ന് വരേയിര്ന്ന്. ഏകദേശം സായിപ്പിന്റ എസ്റ്റേറ്റിന്റടുത്തെത്തിയപ്പം മോളീന്നൊരട്ടഹാസോം മനസിലാവാത്ത ഭാഷേല് എന്തെരാ വര്‍ത്താനോം… ഞാന്‍ നിന്ന്… വീണ്ടും ചിരി… ഞാന്‍ അനങ്ങീല… അപ്പക്കാണാം… മരങ്ങളങ്ങന നിന്ന നിപ്പി ആടണ്, അടീന്നങ്ങ് മോളറ്റം വര… സുനി അനങ്ങോ… അനങ്ങീല. കൊറച്ച് കഴിഞ്ഞപ്പം ആള് വേറേണന്ന് മനസിലായി, അപ്പം നെര്‍ത്തി.”
കറണ്ട് പോയ ഒരു രാത്രിയില്‍ ടോര്‍ച്ചും മുളന്തോട്ടയുമായി ഇലക്ട്രിക് പോസ്റ്റിന്റെ താഴെ നിന്ന് അഭ്യാസം കാണിക്കുന്ന പിള്ളയുടെ മുന്നില്‍ ബൈക്ക് നിര്‍ത്തിയിറങ്ങിയ സുരയും സുനിയും തമ്മില്‍ തുടങ്ങിയ ഇരുട്ട് പേടികളെക്കുറിച്ചുള്ള ചര്‍ച്ച അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ സുനി പറഞ്ഞ അനുഭവ കഥയുടെ അവസാനമിങ്ങനെയായിരുന്നു. പതുക്കെ സംസാരിക്കാന്‍ തുടങ്ങിയാലും അറിയാതെ സുനിയുടെ സ്വരം ഉച്ചത്തിലാകും. ആളു കൂടി നില്ക്കുന്നതു കണ്ട് അയല്‍ വീടുകളിലെ മുതിര്‍ന്നവരും കറണ്ടന്വേഷിച്ച് പുറത്തേക്കിറങ്ങി. പോസ്റ്റിനടുത്തുള്ള വീട്ടില്‍ നിന്നും സൈനബത്താത്തയും മോളും പുറത്തിറങ്ങി കാറ്റ് കൊണ്ട് കഥ കേട്ടു. സുനി അല്പം ഉച്ചത്തിലായിരുന്നു സംസാരം. സുരയുടെ ബൈക്കിനു പിറകിലിരുന്നുള്ള അവന്റെ വരവ് കണ്ടതിലുള്ള അമര്‍ഷം കൊണ്ടും, ആളു കൂടുമ്പോള്‍ സ്വതവേ സുനി കാണിക്കുന്ന ആളാവലിന് ഒരു താങ്ങ് കൊടുക്കാനും പിള്ള ഒരു പ്രസ്താവനയിറക്കി-
”ഇവിടെ പ്രേതോമില്ല, യക്ഷീമില്ല. ചുമ്മാ പേടിത്തൊണ്ടന്മാര് ഓരോന്ന് പറഞ്ഞൊണ്ടാക്കണേണ്”.
അത് സുനിക്കൊരു ക്ഷീണമായിപ്പോയി. കുറച്ചു കൂടി വീറോടെ സുനി തിരിച്ചടിച്ചു.
”ഈ പറയണ ആര്‍ക്കെങ്കിലും രാത്രി പന്ത്രണ്ട് മണിക്ക് സായിപ്പിന്റെ എസ്റ്റേറ്റിന്റെ തെക്കേ മൂലേല് പോയി മരത്തിത്തൊട്ടിറ്റ് വരാമ്പറ്റോ..?”
ആള്‍ക്കാരുടെ മധ്യത്തില്‍ വെച്ച് അങ്ങനൊരു തുറന്ന വെല്ലുവിളി പിള്ളയും പ്രതീക്ഷിച്ചില്ല. പക്ഷേ മാനം പോണ കേസാണ്. പിള്ള വെല്ലുവിളി ഏറ്റെടുത്തു, ”ഞാന്‍ പോവാം, നാളെത്തന്നെ”.
അറിവു വെച്ച കാലം മുതലേ സുനിക്ക് പിള്ളയോട് വെറുപ്പാണ്. അതിന് പല കാലത്ത് പല കാരണങ്ങളുണ്ടായിട്ടുണ്ട്. വളര്‍ച്ചയുടെ ഓരോ പടവിലുമുണ്ടായ ഭാവനകള്‍ക്കനുസരിച്ച് കേട്ടാലറപ്പ് തോന്നുന്ന ഇരട്ടപ്പേരുകളും കഥകളും പിള്ളയെക്കുറിച്ച് പല കാലങ്ങളിലായി ഉണ്ടാക്കിയും പറഞ്ഞ് പരത്തിയുമാണ് ആ വെറുപ്പ് സുനി പ്രകടിപ്പിച്ചത്. അയാള്‍ക്കിട്ട് നല്ലൊരു പണി കൊടുക്കാന്‍ സുനി എന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സീതേച്ചി എന്ന് അവന് വിളിച്ചിരുന്ന പിള്ളയുടെ ഭാര്യ സീതയോട് സുനിക്ക് പെറ്റമ്മയോടെന്നപോലൊരിഷ്ടവും, പിച്ചവെച്ചു നടന്ന കാലം മുതല്‍ വാരിക്കൊടുത്തും വിളമ്പിക്കൊടുത്തും ശമിപ്പിച്ച ഒരായുസ്സിന്റെ വിശപ്പിന്റെ കടപ്പാടുമുണ്ടായിരുന്നു. സീതയുടെ മക്കളെയും സുനിക്ക് ജീവനായിരുന്നു. പണ്ട് കുളത്തില്‍ പച്ചപ്പൊന്താനെപ്പിടിക്കാനും, മഴക്കാലത്ത് തോട്ടില്‍ മീന്‍ വെട്ടാനുമൊക്കെ പോയി വരുമ്പോള്‍ ഒരു പങ്ക് സീതേച്ചിയെ ഏല്‍പ്പിക്കാന്‍ അവന് ഒരിക്കലും മറന്നിട്ടില്ല. പക്ഷേ, ആ സ്നേഹം ഒരിക്കലും പിള്ളയോടുള്ള വെറുപ്പിന് ഒരു ശമനവുമുണ്ടാക്കിയില്ല.
”അയാള്‍ പോവും, ആയുഷ്ക്കാലത്ത് മറക്കാത്ത രീതീല് അയാളെ പേടിപ്പിച്ച് തൂറിക്കണം”, സുനി മനസില്‍ ചിത്രീകരണം തുടങ്ങി.
അടുത്ത രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ഒരു തീപ്പെട്ടിയും രണ്ട് സിഗററ്റും ടാപ്പിംഗ് കത്തിയും കൈയ്യിലെടുത്ത് പിള്ള നടന്നു. പോകുന്ന വിവരം മുന്‍പേ തന്നെ സുരയേം, സുരയിലൂടെ സുനിയേം അറിയിച്ചിരുന്നു. എസ്റ്റേറ്റിന്റെ തെക്കേ അറ്റത്തുള്ള റബ്ബര്‍ മരം ചീവിയിട്ട് തിരിച്ചു വരണം. പിറ്റേന്ന് രാവിലെ നിറഞ്ഞിരിക്കുന്ന ചിരട്ടയായിരിക്കണം തെളിവ്. അത്ര പെട്ടെന്നൊന്നും ഭയക്കുന്നയാളല്ലെങ്കിലും ആ സന്ദര്‍ഭത്തിലുണ്ടായ ഒരുത്കണ്ഠ പുകച്ചുകളയാന്‍ പിള്ള ഒരു സിഗററ്റ് കൊളുത്തി വലിച്ച് ആഞ്ഞു നടന്നു.
പിള്ളയുടെ പുരയിടം കഴിഞ്ഞ്, മനക്കാവ് പറമ്പില്‍ ശങ്കുപ്പിള്ളയുടെ രണ്ടേക്കറോളം വരുന്ന പറമ്പിനും, സായിപ്പ് സലീമിന്റെ റബ്ബര്‍ എസ്റ്റേറ്റിനും ഇടയിലുള്ള വെട്ടുവഴിയേയാണ് എസ്റ്റേറ്റിന്റെ തെക്ക് ഭാഗത്തേക്ക് പോകേണ്ടത്. അതിലേ നേരെ നടന്നാല്‍ ടാറിട്ട റോഡില്‍ എത്താം. ബസ്സ് കയറി ടൗണിലേക്ക് പോകേണ്ടവര്‍ സാധാരണ ആ വഴിയാണ് നടക്കാറ്. ഒരുവശത്ത് കാട്ടിരിട്ടും മറുവശത്ത് നിലാവെളിച്ചവും. മനക്കാവ് പറമ്പ് കഴിഞ്ഞ് എസ്റ്റേറ്റിന്റെ വടക്കേകോണ് ചേര്‍ന്ന് വഴി തിരിയുന്ന ഭാഗത്തായി രണ്ട് തട്ട് മുകളിലാണ് എസ്റ്റേറ്റിന്റെ ഷെഡ്. ഷീറ്റ് പുരയായും, പണിസാധനങ്ങള്‍ സൂക്ഷിക്കാനുമൊക്കെയാണ് ഇതുപയോഗിക്കുന്നത്. മാസത്തിലൊരിക്കല്‍ സായിപ്പ് വന്ന് ഷീറ്റെല്ലാം കൊണ്ടുപോകും. നരിച്ചീറും ഊളനുമൊക്കെ രാപ്പാര്‍ക്കുന്ന ഇടമായതുകൊണ്ട് സ്വതവേ ഒരു പ്രേതഭവനത്തിന്റെ ഒറ്റപ്പെട്ട പ്രകൃതമുള്ള ആ രണ്ടുമുറി ഷെഡ് രാത്രിയാത്രക്കാരുടെ കാല്‍വെയ്പ്പുകള്‍ക്ക് എക്കാലവും ആക്കം കൂട്ടിയിരുന്നു. തിരിച്ചുവരുമ്പോള്‍ വലിക്കാന്‍ കരുതിവെച്ച രണ്ടാമത്തെ സിഗരറ്റ് ചുണ്ടില്‍ വെച്ച് തീപ്പെട്ടി കൊളുത്താന്‍ നിമിഷനേരത്തേക്കൊന്ന് വേഗം കുറച്ച പിള്ള ഷെഡ്ഡിനുള്ളില്‍ നിന്നൊരൊച്ച കേട്ടു. ചിരിയുടെ, അല്ല കരച്ചിലിന്റെ, അതോ ചിരി തന്നെയോ? രണ്ടിലൊന്നുറപ്പിക്കാന്‍ പിള്ള നിന്നില്ല. പാതിരാത്രിയുടെ തണുപ്പിലും വിയര്പ്പുചാലൊഴുക്കിക്കൊണ്ട് പാഞ്ഞോടുമ്പോള്‍ തീപ്പെട്ടിയും, സിഗരറ്റും, ടാപ്പിംഗ് കത്തിയും വഴിയില്‍ വീണത് പോലും പിള്ളയറിഞ്ഞില്ല. വീട്ടിലെത്തി പേടിയൊന്നൊഴിഞ്ഞപ്പോള് അതോര്‍ത്ത് പിള്ളയ്ക്ക് കുണ്ഠിതം തോന്നി. ”സിഗററ്റും തീപ്പെട്ടീം കത്തീം വഴീക്കണ്ടാ ആ കള്ള സുനി അതെന്റെതാണെന്ന് പറഞ്ഞ് ഒരു നൂറ് കഥയുണ്ടാക്കും. അതവിട വീണില്ലായിരുന്നെങ്കീ, ഇന്ന് പോവാന്‍ പറ്റീലായിരുന്നെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെടായിരുന്ന്”, അയാള്‍ ചിന്തിച്ചു. ആ സമയം സായിപ്പിന്റെ ഷെഡ്ഡിന്റെ ആസ്ബറ്റോസ് ഷീറ്റിനും ആള്‍പ്പൊക്കം വരുന്ന താബൂക്ക് ചുവരിനുമിടയിലൂടെ പുറത്തേക്ക് ചാടിയ സുനി ലക്ഷ്യമില്ലാതെ റബ്ബര്‍ കാടിലൂടെ അലഞ്ഞ്, നടന്ന് വെട്ടുവഴിയിലേക്ക് വന്നെത്തുകയായിരുന്നു. ആ പാതിരാത്രിയില്‍ സുനിയും വിയര്‍ത്തിരുന്നു. മുഖം നനഞ്ഞ് വീര്‍ത്തിരുന്നു. വിയര്‍പ്പ് കൊണ്ടല്ല, കണ്ണീരുകൊണ്ട്. സുനി കരയുകയായിരുന്നു. കരഞ്ഞുകൊണ്ട് വേച്ചുവേച്ചുള്ള നടത്തയില്‍ അള്ക്കട്ട സുനി ഇടയ്ക്കിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ക്കിടന്ന ആ വസ്തുവിനെ നെഞ്ചോട് ചേര്‍ത്തുകൊണ്ടിരുന്നു. സുനിയുടെ കണ്ണീരിന് പിന്നില്‍ ഒരു കഥയുണ്ട്. കാലം ഗണിച്ചാല്‍ സുനിയുടെ കൗമാരത്തോളം ചെന്നെത്തുന്ന കഥ- ഒരു പ്രണയകഥ.
ഒരു പ്രണയകഥ
ഒന്‍പതാം ക്ലാസില്‍ അവസാനിച്ച സ്കൂള്‍ ജീവിതത്തിനിടയില്‍ സുനില്‍കുമാര്‍. കെ. പി. എന്ന സുനി ചെയ്തിട്ടില്ലാത്ത തല്ലുകൊള്ളിത്തരങ്ങളൊന്നുമില്ല. നേരത്തെ വീട്ടില്‍ നിന്നിറങ്ങി, വഴിവക്കത്തെ മരത്തില്‍ കയറിനിന്ന് പിന്നാലെ വരുന്ന കുട്ടികളുടെ തലയിലേക്ക് മൂത്രമൊഴിച്ചു കൊടുക്കലായിരുന്നു അവന്റെ ബാല്യകാല വിനോദം. സ്കൂളിലെ തല്ലുകേസുകളിലും, വഴിനീളെയുള്ള മാങ്ങയേറുസംഘങ്ങളിലുമൊക്കെ സ്ഥിരം അംഗമായിരുന്ന സുനി പലപ്പോഴും കുട്ടിത്തം വിട്ടുള്ള കളികളും കളിച്ചു. സ്കൂളിന്റെ മുള്ളുവേലി പൊട്ടിക്കലും, ഹെഡ്മാസ്റ്ററുടെ സ്കൂട്ടറിന്റെ സീറ്റ് കീറലുമൊക്കെ ഒരിക്കലും പിടിക്കപ്പെട്ടിട്ടില്ലാത്ത അവന്റെ തോന്നിവാസങ്ങളായിരുന്നു. സ്കൂളിലെ കുട്ടികളൊക്കെ സുനിയുടെ വികൃതികളെ കൈയ്യടിച്ചും പേടിച്ചുമൊക്കെ കണ്ടുനില്‍ക്കുമ്പോഴും, സുനി ഇതൊക്കെ ചെയ്തു കൂട്ടിയത് രണ്ടു കണ്ണുകളിലെ കൗതുകവും ഒരു മുഖം നിറഞ്ഞുള്ള പുഞ്ചിരിയും കാണാനായിരുന്നു- നാലാം ക്ലാസുകാരന് സുനിയോടൊപ്പം ഒന്നാം ക്ലാസുകാരിയായി സ്കൂളില്‍ പോയിത്തുടങ്ങിയ മുംതാസിന്റെ. അവളെ എപ്പോഴും സന്തോഷിപ്പിച്ച്, അവളുടെ മുഖം നിറച്ചുള്ള ചിരി എപ്പോഴും നിലനിര്‍ത്താന്‍ ചെയ്യേണ്ടതൊക്കെ ചെയ്യലാണ് തന്റെ ജീവിതമെന്ന് അന്നാളുതൊട്ടേ സുനി തിരിച്ചറിഞ്ഞു. ആ ഇഷ്ടം സുനി വളരുന്നതിനനുസരിച്ച് പ്രണയമായി പരിണമിച്ചു. പഠിത്തം നിന്നതോടെ ഒന്നിച്ചുള്ള പോക്കും വരവും നിന്നെങ്കിലും അഞ്ചുവീട് അപ്പുറമുള്ള അയല്പക്കമായ സൈനബ മാമിയുടെ മകള്‍ മുംതാസിനെ കാണിക്കാനും അറിയിക്കാനുമായിരുന്നു സകല താന്തോന്നിത്തരങ്ങളും പറഞ്ഞും ചെയ്തും സുനി നടന്നത്. അടുത്ത വീട്ടിലെ അന്യമതക്കാരി പെണ്ണിനെ വിളിച്ചിറക്കി വീട്ടില്‍ കേറ്റുമ്പോള് ”ആ തെമ്മാടി അതും ചെയ്യും” എന്ന സാമാന്യവാചകം പറഞ്ഞ് നാട്ടുകാര്‍ സമാധാനിച്ചോളും എന്ന് സുനി കരുതി.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള നാടും കാടും കയറിയുള്ള നടത്തത്തിനിടയിലെപ്പോഴോ ആണ് സായിപ്പ് സലീമിന്റെ ഷെഡ്ഡിലെ ആ അനാശാസ്യം സുനിക്ക് മണത്തത്. പലപ്പോഴായി ഷെഡ്ഡിന്റെ അരികിലും, റബ്ബര്തോട്ടത്തിനിടയിലുള്ള പൂച്ചടിക്കാടിലുമൊക്കെയായി ഉറകള്‍ കിടക്കുന്നത് സുനി കണ്ടുപിടിച്ചിരുന്നു. ഈയിടെ സായിപ്പിന്റെ മാസത്തിലൊരിക്കലുള്ള വരവ് ആഴ്ചയിലൊരിക്കലായി മാറിയിട്ടുണ്ടെന്നും അവനോര്‍ത്തു. ”ഈ സായിപ്പിനിങ്ങനെയൊരെടപാടുണ്ടാ? എന്നാലിതൊരു ദിവസം പിടിക്കണമല്ലോ”, തരം നോക്കിയിരിക്കുകയായിരുന്നു സുനി. അതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ അവനത് കണ്ടെത്തിയത്- കുമാരപിള്ളയെ പേടിപ്പിച്ചോടിക്കാന് നേരത്തേകൂട്ടി ഷെഡ്ഡില്‍ കയറിയിരിക്കവേ മെഴുകുതിരി വെളിച്ചത്തില്‍- മുംതാസിന്റെ കാലില്‍ നിറഞ്ഞുചിരിച്ചുകിടന്ന പച്ചക്കല്ലുള്ള കൊലുസ്. അതിനി ഈ നാട്ടിലാരും കാണരുതെന്ന് കരുതി കയ്യിലെടുക്കുമ്പോള്‍ അവന് അതവളുടേതായിരിക്കരുതേയെന്ന് കരഞ്ഞു കൊണ്ടാശിച്ചു. ”ഇല്ല, ഇത് മുംതാസിന്റതായിരിക്കില്ല. അവളെന്തിനാ ഇങ്ങനേക്കെ; പക്ഷേ വേറാര്ക്കാ ഈ പച്ചക്കൊലുസ്? അവളാണോ?”
അവള്
സ്വാതന്ത്ര്യം വേണം, ആരേം പേടിക്കാതെ വെളീലെറങ്ങി നടക്കാമ്പറ്റണം, വാപ്പച്ചിക്കതിന് പറ്റീട്ടില്ല, ജീവിതകാലം മുഴുവന്‍ ഒളിച്ച് നടക്കാന്‍ എനിക്ക് വയ്യ, സുനി നല്ലോനാ, എന്ത് തെമ്മാടിത്തരം കാണിച്ചാലും ഉള്ളില്‍ നല്ലോനാ, ഒരു കയറ്റിലും അവന് കുരുങ്ങൂല, ജീവിക്കണങ്കീ അവനപ്പോല ജീവിക്കണം, അവന്റൊപ്പം…ഇല്ല, വേണ്ട, എനിക്കൊറ്റയ്ക്ക് ജീവിക്കണം, കടലീപ്പോയി കുളിക്കണം, മഴ നനയണം, പാതിരാത്രി വീട്ടിത്തിരിച്ച് വരണം, ഇവിടെയല്ല, വേറേതെങ്കിലുമൊരു നാട്ടില്‍, അതിന് സായിപ്പ് വേണം, അയാളുടേ പൈസയൊണ്ട്, ഇവിടത്തെ നെഴ്സ്പണി അന്യനാട്ടിച്ചെയ്താ നന്നായിറ്റ് ജീവിക്കാം, അവിട ഒറ്റയ്ക്ക്, മനസ് തൊറന്ന് ജീവിക്കാം, ഒറ്റയ്ക്ക് മതി എന്നും, ഉമ്മച്ചിയിനി ഇവിടെത്തന്നെയായിരിക്കും, വാപ്പച്ചി തൂങ്ങിയ വീട്ടില്‍, അവസാനം വരേം, ഉമ്മച്ചിക്ക് വേണ്ടതൊക്കെ അയച്ചു കൊടുക്കാം, സായിപ്പിനോടിതുവരെ പൈസ ചോദിച്ചിട്ടില്ല, പ്രേമമാണന്ന് വിചാരിക്കുന്നുണ്ടോ കിളവന്, ചോദിക്കണം, അയാള്‍ തരും, സുനിയുടെ കണ്ണിലൊരിഷ്ടമുണ്ട്, അത് പുറത്തുവരും മുമ്പേ നാട്ടീന്ന് പോണം, ഇല്ലെങ്കില്‍ ഞാന്‍… ഇല്ല, ഇനി മറ്റൊരു തീരുമാനമില്ല, ന്റ വാപ്പച്ചിയെപ്പോലെ പേടിച്ച് ജീവിച്ച് മരിക്കാന്‍ വയ്യ, വാപ്പച്ചി ശരിക്കും മതം മാറീട്ടുണ്ടോ, ഉമ്മച്ചിക്ക് പോലും സത്യമറിയാന്‍ വഴിയില്ല, നക്സലേറ്റാണോ, പിടികിട്ടാപ്പുള്ളിയാണോ, ആര് പറയണത് വിശ്വസിക്കും, ആരേക്കെയോ പേടിച്ച് എല്ലാം തീര്‍ത്ത്, എനിക്ക് പേടിക്കാതെ ജീവിക്കണം, നാട് വിടണം, പന്ന കുമാരന് സ്കൂട്ടറിലങ്ങന വരണ കാണുമ്പ എനിക്ക് പെര്‍ത്ത് വരേണ്, ആ പട്ടിക്ക് ഉമ്മച്ചിയേം എന്നേം നോട്ടോണ്, അവന് സ്കൂട്ടറീന്ന് വീണിര്ന്നെങ്കീ.., സുനീരോട മിണ്ടീറ്റെത്ര നാളായി.., അവന്റോട പറഞ്ഞാ…, വേണ്ട, അവനിങ്ങോട്ടൊന്നും പറയാന്‍ തരം കൊടുക്കണ്ട, പോണേന് മുമ്പേ കുമാരപിള്ളക്ക് ഞാന്തന്ന ഒര് താങ്ങ് കൊടുക്കും, അയാള്ട വെറ്റക്കൊടി ഞാനറ്ത്തിടും, നോക്കിക്കോ, നടന്ന് നടന്ന് കാല് കഴച്ച്.., ഉമ്മച്ചി അകത്തില്ലേ…”ഉമ്മാ..”

ഭാഗം 2
കുമാരപിള്ളയുടെ പകുതി സമ്മതം മുഴുവന്‍ സമ്മതമായിത്തന്നെ കണക്കാക്കി സുര സുനിയെ കാര്യമറിയിച്ചു.
”കാട്ടുപന്നി, അപ്പം അതാണ് കാര്യം. ചുമ്മാതല്ല, ആ കുണ്ടണി കുമാരന് എന്നത്തന്ന വിളിപ്പിച്ചത്. കാട്ടുപന്നിയെക്കണ്ടാ അങ്ങേര് പേടിച്ച് തൂറും. ചീവ്കത്തീം തറേലിട്ടിറ്റ് ഓടിയതോര്മ്മയൊണ്ടല്ല്..”
ആ സംഭവത്തിനുശേഷം സുനി പ്രതീക്ഷിച്ച പോലെ കഥകളിറക്കാനും, കളിയാക്കാനുമൊന്നും നടന്നില്ലെന്നത് സുരയ്ക്ക് അത്ഭുതമായിരുന്നു, പിള്ളയ്ക്ക് ആശ്വാസവും. കുറച്ചുനാള്‍ സുനി അല്പം ക്ഷീണിച്ച മട്ടായിരുന്നു. അധികം പുറത്തിറങ്ങാതെയും പണിക്ക് പോകാതെയും വീട്ടില്‍ത്തന്നെ കൂടി. റബ്ബര്‍ ടാപ്പിംഗിനുപോലും സുര വന്ന് നിര്‍ബ്ബന്ധിച്ച് വിളിച്ചപ്പോള്‍ മാത്രമാണ് പോയത്. അതുകൊണ്ട് കാര്യം പറഞ്ഞയുടനേ അവനില്‍ നിന്നുണ്ടായ ഈ മറുപടി സുരയ്ക്ക് ഒരു പ്രതീക്ഷയായിരുന്നു.
” പിന്ന സുരേണ്ണാ, ഞാനൊര് കാര്യം പറഞ്ഞേക്കാം. ഇതെങ്ങന ചെയ്യണോന്നും, എപ്പ ചെയ്യണോന്നും ഞാന്‍ തീരുമാനിച്ച് പറയും. അതിനെടേല് കേറി താളം വിടാനെങ്ങാനം അയാള്‍ വന്നാ…”
”ഇല്ലടാ സുനീ, നീ പറഞ്ഞാ മതി. നമുക്കൊരുമിച്ച് കാര്യം നടത്താം. വല്യ പന്നിയാണെങ്കീ കുറേ ദിവസത്തേക്ക് തെകയും. വേറെ ആരേം അറിയിക്കണ്ട. ആര്‍ക്കും കൊടുക്കേം വേണ്ട. അപ്പൊ എങ്ങനാ, കെണിവെച്ച് പിടിക്കാമ്പറ്റോ, അതോ വേറേ പരിപാടി നോക്കണോ?”
”അതക്ക ഞാമ്പറയാം, എന്തായാലും രണ്ട് ദെവസം കഴിയട്ട്. കൊറച്ച് കയറും സാധനങ്ങളുമക്ക വേണം. ഒരുപാട് താമസിക്കാനും പറ്റൂല, മഴക്കാലം തൊടങ്ങണേന് മുമ്പേ വേണം”
പുതിയതായി വന്ന ഈ പരിപാടി സുനിയെ പഴയ ഉഷാറിലേക്ക് ഒരു പരിധി വരെ തിരികെക്കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും, മുംതാസിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സുനിക്ക് കഴിഞ്ഞിരുന്നില്ല. അത് മുംതാസാണോ എന്നു പോലും ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും, പിന്നീട് അവളുടെ മുഖത്തേക്കവന്‍ നോക്കിയില്ല. ഉള്ളിന്റെയുള്ളില്‍ അത് തന്റെ മുംതാസായിരിക്കില്ലെന്ന് തീവ്രമായി അവന് ആഗ്രഹിക്കുകയും ചെയ്തു. താനൊരുപാട് കരഞ്ഞ ആ പാതിരാത്രിക്ക് നേരിട്ടല്ലെങ്കില്‍ക്കൂടി കാരണക്കാരനായ പിള്ളയോട് സുനിക്ക് അതുവരെയുണ്ടായിരുന്നതിനേക്കാള് കലിയും കയറിയിരുന്നു.
”പന്നിയെപ്പിടിക്കാന്‍ ചെല്ലട്ടെ, പന്നിയല്ല, ഞാനായിരിക്കും അയാളുടെ വാഴ വെട്ടിയിടാന്‍ പോണത്”, സുനി തന്നത്താന്‍ പറഞ്ഞു.
സുനി പറഞ്ഞതുപോലെ മഴക്കാലത്തിനു മുന്‍പേ പന്നിവേട്ട നടത്താന്‍ പിള്ളയും സുരയും തീരുമാനിച്ചു. ആയുധങ്ങളൊക്കെ സുനി ശരിപ്പെടുത്തിക്കോളും. പന്നിശല്യം തുടങ്ങീട്ടധികനാളൊന്നുമായിട്ടില്ലെങ്കിലും ഇതിനോടകം പിള്ളയുടേം സുരയുടേം പുരയിടത്തില്‍ പല നാശനഷ്ടങ്ങളും സംഭവിച്ചു കഴിഞ്ഞിരുന്നു. താമസിയാതെ പിടിക്കാമെന്നുള്ളതിനാല് രണ്ടുപേരും അതൊന്നും അത്ര കാര്യമാക്കിയില്ല. സന്ധ്യയായിക്കഴിഞ്ഞാല്‍ കുറ്റാക്കുറ്റിരുട്ടാകുന്ന റബ്ബര്‍ തോട്ടത്തിന്റെ മുകളിലെവിടെയോ നിന്ന് രാത്രിയെത്തും മുന്‍പ് തന്നെ പന്നികളിറങ്ങുന്നുണ്ടെന്നാണ് സുനിയുടെ കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ സന്ധ്യയ്ക്ക് മുന്‍പേ കെണിയൊരുക്കി ആയുധങ്ങളുമായി റെഡിയാവണം. പന്നിക്കൂട്ടമാണെങ്കില് കെണിമാത്രം പോരാതെ വരും. സായിപ്പിന്റെ എസ്റ്റേറ്റില്‍ തൊട്ടുകിടക്കുന്ന പിള്ളയുടെ തോട്ടം വഴിയായിരിക്കണം പന്നികളിറങ്ങുന്നത്. അതിനടുത്തുതന്നെയാണ് പിള്ളയുടെ ആറുപാത്തി വെറ്റിലക്കൊടി. ഇതുവരെ വെറ്റിലക്കൊടികള്‍ ആക്രമിക്കപ്പെടാത്തതില് പിള്ളയ്ക്ക് വലിയൊരാശ്വാസമുണ്ട്. പന്നിയെപ്പിടിക്കാന്‍ പോകുമ്പോഴും വെറ്റിലവള്ളി നശിക്കരുതെന്ന് പിള്ള ഇടയ്ക്കിടെ കൂട്ടാളികളെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് കെണി വെയ്ക്കാന്‍ തെരഞ്ഞെടുത്തതുപോലും വെറ്റിലക്കൊടി മാറി ദൂരെയൊരിടമാണ്. പക്ഷേ, സുനിക്ക് ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു; പിള്ളയ്ക്കും. അങ്ങനെ രണ്ടുദിവസം കഴിഞ്ഞുള്ള ഞായറാഴ്ച അതിനായി തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച്ച
- പ്രതികാരം
അന്ന് വൈകുന്നേരമാണ് തുലാവര്‍ഷം തുടങ്ങിയത്. ജോലികഴിഞ്ഞ് തിരികെ വരും വഴി, മുന്‍പേ പറഞ്ഞു വെച്ചതിന് പ്രകാരം സായിപ്പിന്റെ ഷെഡ്ഡിലേക്ക് കയറിച്ചെല്ലുമ്പോള്‍ മുംതാസിന്റെ മനസിലുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ വിദേശജോലിക്കുള്ള പണം സായിപ്പിനെക്കൊണ്ട് തരപ്പെടുത്തണമെന്നും, അയാളോടുടനേ പറയുന്നില്ലെങ്കിലും, ഇതവസാനത്തെ വരവായിരിക്കണമെന്നുമായിരുന്നെങ്കിലും, ഷെഡ്ഡിലേക്ക് കയറുന്നതിനിടയില്‍ ദേഹത്തുവീണ ഒന്നുരണ്ട് മഴത്തുള്ളികളും, മുകളില്‍ ഇരുണ്ടുകൂടി നില്ക്കുന്ന ആകാശം നല്കിയ ഇരുട്ടിന്റെ ബലത്തിലും അവള് ഒന്നുകൂടി ആഗ്രഹിച്ചു- മഴ നനയണം.
സായിപ്പുമൊത്ത് അവള് ഷെഡ്ഡില്‍ നിന്ന് പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ വെട്ടുവഴി മുറിച്ച് തട്ടുതട്ടായിക്കിടക്കുന്ന റബ്ബര്‍ പ്ലാറ്റ്ഫോമിലൂടെ താഴേക്ക് നടന്നു. പച്ചത്തഴപ്പു നിറഞ്ഞ വെറ്റിലപ്പാത്തികള് കണ്ടപ്പോള്‍ മുംതാസിന് അഞ്ച് വര്‍ഷം മുന്‍പുള്ള ഒരോര്‍മ്മ മനസിലേക്ക് വന്നു. ആടിന് തോലൊടിക്കാന്‍ ഉമ്മച്ചിയോടും, സീതേച്ചിയോടുമൊപ്പം നടക്കുന്നതിനിടയിലാണ് കൊഴുത്ത, കണ്ടാലിമ്പം തോന്നുന്ന ഇളംപച്ച വെറ്റില ഒരെണ്ണം നുള്ളിയെടുക്കാന്‍ മുംതാസിന് തോന്നിയത്. നിര്‍ഭാഗ്യവശാല്‍ പിള്ള അത് കണ്ടു. വെറ്റില നുള്ളിയതിന് വഴക്കു പറയുമ്പോഴും അയാളുടെ കണ്ണുകള്‍ അവളെയും ഉമ്മയേയും മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
”വെറ്റില കട്ടു പറിച്ചാല്‍ പറിക്കുന്നവനും, ഉടയക്കാരനും നശിക്കുമത്രേ; സത്യമുള്ള മുതലാണുപോലും, ഈ വെറ്റിലപ്പാത്തിക്കിടയില് ഞാനിന്ന് ചെയ്യണത് അയാള്‍ വന്ന് കാണട്ടെ..”, വെറ്റിലക്കൊടിയുടെ മൂട് മറച്ച്, നന നില്ക്കാന് കണക്കിന് കൂട്ടിയിട്ടിരിക്കുന്ന കൊന്നത്തോലിനും കുതിരപ്പുല്ലിനും മുകളിലേക്ക് അവള് സായിപ്പിനെ മലര്‍ത്തിക്കിടത്തി. മഴയോടൊപ്പം കാറ്റും വീശാന്‍ തുടങ്ങി.
- പന്നിവേട്ട
കെണിയുമൊരുക്കി, കൈയ്യില്‍ ആയുധങ്ങളുമായി സൗകര്യപ്രദമായൊരിടത്ത് ഒളിച്ചിരിക്കുകയായിരുന്നു പിള്ളയും സുരയും സുനിയും. ഇടയ്ക്ക് കേറിവന്ന മഴയെ മൂന്നുപേരും കണക്കിന് തെറി പറഞ്ഞു. അന്നുതുടങ്ങിയ മഴ ഉടനെയൊന്നും നില്ക്കാന് പോകുന്നില്ലെന്നും, പരിപാടിക്ക് മഴയൊരു തടസമല്ലെന്നും അറിയാമായിരുന്നതിനാല്‍ അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. മഴ നനഞ്ഞു കൊണ്ടൊരു പന്നിവേട്ട നടത്തുന്നതിന്റെ രസം മനസില്‍ കണ്ട് പിള്ളയുടേയും സുരയുടേയും മക്കളും കൈയ്യില്‍ക്കിട്ടിയ കുറുവടികളുമായി പലയിടങ്ങളില്‍ മറഞ്ഞിരിപ്പുണ്ടായിരുന്നു. കെണിയായി വെച്ചിരിക്കുന്ന പൊട്ടിച്ച തേങ്ങയ്ക്കും കപ്പയ്ക്കുമടുത്തേക്ക് പന്നി വന്നു കൊള്ളണമെന്നില്ല, മഴയായതുകൊണ്ട് പ്രത്യേകിച്ചും. അതുകൊണ്ട് നാലുപാടും കണ്ണുവേണം, ഇലയനങ്ങിയാ നോട്ടം വീഴണം. പന്നിയെ കണ്ടാപ്പിന്നെ ഓട്ടിച്ചിട്ടടിച്ചോളണം. ഓരോരുത്തരും മുഖത്തേക്കിറ്റു വീഴുന്ന മഴവെള്ളം ഇടയ്ക്കിടെ തുടച്ചു കൊണ്ട് കാത്തിരുന്നു.
സുരയാണത് കണ്ടത്. പിള്ളയുടെ വെറ്റിലപ്പാത്തികള്ക്കിടയില് ഒരനക്കം. അവിടെ എന്തോ ഉണ്ട്. സുരയുടെ നോട്ടത്തിന്റെ ദിക്കുപിടിച്ച് കണ്ണെത്തിച്ച പിള്ളയും അത് കണ്ടു.
”പണ്ടാരപ്പന്നികള് എന്റ വെറ്റക്കൊടി മറിച്ചിടണടാ, വാടാ സുരേ…” പിള്ളയുടെ അലര്‍ച്ച വെറ്റിലക്കൊടിയും കടന്ന് സായിപ്പിന്റെ റബ്ബര്‍തോട്ടം വരെയെത്തി. ആയുധങ്ങളുമായി സൈന്യം ഒന്നാകെ ഓടിത്തുടങ്ങി.
- പരിണാമ ചിത്രം
തുലാവര്‍ഷ മഴയുടെ ആദ്യദിവസങ്ങളില്‍ നല്ല കാറ്റ് വീശും. എത്ര കനത്ത മഴയാണെങ്കിലും, ഇടയ്ക്ക് കാറ്റ് വീശിയാല്‍ നാട്ടിലെ തടിമിടുക്കുള്ള പെണ്ണുങ്ങളൊക്കെ പുറത്തിറങ്ങി ചെവിയോര്‍ക്കും. അടുത്തുള്ള റബ്ബര്‍ എസ്റ്റേറ്റുകളില്‍ ഉണക്കമരം ഒടിഞ്ഞു വീഴുന്നുണ്ടോന്നറിയാനാണ്. റബ്ബര്‍ തടിയേക്കാള്‍ നല്ല വിറകില്ല. വീടുകളില്‍ ഗ്യാസും ഇലക്ട്രിക് സ്റ്റൗവുമൊക്കെയായെങ്കിലും ഇപ്പോഴും സീതയും സൗധയും പോലും വിറകിനായിറങ്ങിയോടാറുണ്ട്. ഇന്ന് പക്ഷേ, പന്നിവേട്ടയുടെ കാര്യമറിയാവുന്നതിനാല്‍ അവര്‍ രണ്ടുപേരും പുറത്തിറങ്ങിയില്ല. പക്ഷേ, നാട്ടിലെ മറ്റുള്ള പെണ്ണുങ്ങള്‍ക്കൊന്നും അതറിയില്ലായിരുന്നു.
സായിപ്പിന്റെ റബ്ബര്‍ തോട്ടത്തിലും വെട്ടുവഴിയുടെ കോണിലുമൊക്കെയായി വിറകു പെറുക്കാന്‍ തോര്‍ത്തും തലയില്ക്കെട്ടിയിറങ്ങിയ പെണ്ണുങ്ങള് ആദ്യം കേട്ടത് ഒരട്ടഹാസമാണ്. പിന്നെ വളരെ വിചിത്രമായ ഒരു കാഴ്ച കണ്ട് അവര്‍ സ്വയം മറന്ന് നിന്നുപോയി. ആര്‍പ്പുവിളിയോടെ ആയുധങ്ങളുമായി ഓടിയടുക്കുന്ന ഒരു സംഘം. അവര്‍ക്കു മുന്നില്‍ നാലു കാലില്‍ ഓടി വരുന്ന മനുഷ്യരെപ്പോലെ രണ്ട് പന്നികള്‍… അതോ മനുഷ്യരോ..? മുഖത്തേക്കടിച്ചു കയറുന്ന മഴയും, കൂടിവരുന്ന ഇരുളും ആ കാഴ്ച ഭാഗികമായി മറയ്ക്കുന്നുണ്ടായിരുന്നെങ്കിലും, അമ്മയോടൊപ്പം ഒരാവേശത്തിന് വിറകു പെറുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരഞ്ചാംക്ലാസുകാരിക്ക് ആ കാഴ്ച സയന്‍സ് പുസ്തകത്തിലെ പരിണാമ ചിത്രത്തിന്റെ വിപരീത ദിശയിലുള്ള ഒരാവിഷ്കാരം പോലെ തോന്നി.
ഫലശ്രുതി
കുന്നുകയറിയുള്ള ഓട്ടത്തിനിടയില്‍ അവര്‍ അഞ്ചുപേര്‍ വളരെ പ്രധാനപ്പെട്ട ഓരോ തീരുമാനങ്ങളിലെത്തിയിരുന്നു.
ഇവിടെ നിന്ന് രക്ഷപ്പെട്ടു പോയാല്‍ ഈ എസ്റ്റേറ്റ് തന്നെ ഉടനേ വിറ്റിട്ട് കിട്ടുന്നതും വാങ്ങിപ്പോണമെന്ന് സായിപ്പ് സലീം തീരുമാനിച്ചു. ഇത്രയുമായ സ്ഥിതിക്ക് സായിപ്പിനെത്തന്നെ വിവാഹം കഴിച്ച് ഇനിയുള്ള കാലം ഈ നാട്ടില്‍ കഴിഞ്ഞ്, മഴയുള്ള ദിവസങ്ങളില്‍ സ്വന്തം റബ്ബര്‍ എസ്റ്റേറ്റിന്റെ തുറസ്സില്‍ വിറകിനായെത്തുന്ന പെണ്ണുങ്ങള് കാണ്‍കെ തന്നെ സായിപ്പുമായി രമിക്കണമെന്ന് മുംതാസ്. തന്റെ മുംതാസ് ഒരിക്കലും തെറ്റുകാരിയല്ലെന്നും, എത്രയുംവേഗം അവളെ വിവാഹം കഴിച്ച്, അവളെ സന്തോഷിപ്പിക്കാന്‍, ആ മുഖം നിറച്ചുള്ള ചിരി കാണാന്‍ വേണ്ടതെല്ലാം ചെയ്ത് ജീവിക്കണമെന്നും സുനി. സ്വന്തം പുരയിടത്തിലിത്രനാളും കയറിയിറങ്ങിയ പന്നിയെ താനിതുവരെ കാണാത്തതെന്താണെന്ന രഹസ്യം കണ്ടെത്തണമെന്ന് കുമാരപിള്ള. നമ്മളാണുങ്ങള്ക്ക് കണ്ടെത്താന്‍ കഴിയാത്ത പന്നികളെ പെണ്ണുങ്ങള് മാത്രം എങ്ങനെ കണ്ടെത്തിയെന്നറിയണമെന്ന് സുര.