പറന്നുപോയ വാക്ക്

ബിനുരാജ് ആർ. എസ്.
പറന്നുപോയ വാക്കുതേടിയിറങ്ങിയതായിരുന്നു, ക്രിസ്തു
ശിഷ്യരോട് അവസാനമായി പറയാൻ കരുതിവെച്ച വാക്ക്
നെഞ്ചിലേറ്റ മുറിവിലൂടെ, പക്ഷേ, വാക്ക് പറന്നുപോയി
മൂന്നാംനാൾ മുതൽ തേടി നടക്കുകയാണ്.
വഴിയിൽ ക്രിസ്തു കൃഷ്ണനെ കണ്ടു
വേടന്റെ അമ്പുകൊണ്ട മുറിവിലൂടെ പറന്നുപോയ
ഗീതോപദേശത്തിലെ അവസാന വാക്ക്
തേടിയിറങ്ങിയതായിരുന്നു, പാവം.
ഒരുമിച്ചുള്ള നടത്തത്തിൽ അവർ ഗാന്ധിയെ കണ്ടു
വെടികൊണ്ട വേദനയിൽ,
മര്യാദരാമനെ ധ്യാനിച്ച്,
ലോകത്തോട് പറയാനോങ്ങി,
വീഴ്ചയിൽ, തൊണ്ടയിൽനിന്ന് തെറിച്ചുപോയ
വാക്കു തെരഞ്ഞു നടക്കുകയായിരുന്നു, ഗാന്ധി.
മൂവരുംകൂടി പത്രത്തിലൊരു പരസ്യം കൊടുത്തു
– നഷ്ടപ്പെട്ടുപോയി,
ചീഞ്ഞുനാറിയ, മുഴുത്ത ഒരു തെറി
കണ്ടെത്തുന്നവർ അറിയിക്കുക
പ്രതിഫലം പ്രതീക്ഷിക്കാം-

വര: നിധിൻ വി.എൻ.