
ഉലയ്ക്കും മട്ടിൽ

ബിനീഷ് പുതുപ്പണം
റോഡു വശത്തുള്ള
അവളുടെ വീട്ടുമുറ്റത്ത്
ചെമന്ന കടലാസുപൂക്കൾ
നിറഞ്ഞു നിൽക്കുന്നത്
നാളുകൾക്കുശേഷം
വീണ്ടും കണ്ടു
സ്നേഹിച്ച കാലത്ത്
വാതോരാതെ സംസാരിച്ച
അതേ പൂവുകൾ.
പാലിച്ച് പാലിച്ച് അവളാമുറ്റം
പൂങ്കാവനമാക്കി
ബസിൽ പോകുമ്പോളൊക്കെയും
ഞാനവിടം നോക്കി നിൽക്കും
വാക്കിന്റെ മുള്ളിനാൽ മുറിഞ്ഞ്
നീലിച്ചുപോയ അവളെമാത്രം
ഒരിക്കലും കണ്ടില്ല.
ഉള്ളിൽ തീപേറുന്ന പൂക്കളെല്ലാം
ചുവന്നിരിക്കുന്നതെന്തേ
എന്നോർത്തു പോകേ
പൊടുന്നനെ മുറ്റത്ത് കണ്ടു
അകക്കാമ്പുലയ്ക്കും മട്ടിൽ
ചുവന്ന സാരിയിലൊരു പൂവിനെ
അന്നേരം
ഓർമകൾകൊണ്ടെന്റെ
ചെമ്പൂവാം നെഞ്ചിൽ
ഏറെ മുള്ളുകൾ തറച്ചു.
1 Comment
അതിമധുരനൊമ്പരം