
“മരിക്കുമ്പോൾ ധീരമായി മരിക്കാം..” – ബിന്ദു അമ്മിണി

ബിന്ദു അമ്മിണി
ഓരോ മണ്ഡലകാലവും എനിക്ക് ഭീഷണികളുടെ കാലമാണ്. അത് വർഷാവർഷം കൂടിക്കൊണ്ടിരിക്കുകയുമാണ്. പലപ്പോഴും പത്തനംതിട്ട, അതുപോലെ മറ്റ് തെക്കൻ ജില്ലകളിൽനിന്നാണ് ഭീഷണികളുണ്ടാകുന്നത്. ഫോൺ കോൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ, ഇത് രണ്ടുമാണ് ഭീഷണികളുടെ വഴി. പരാതികൾ പലതും കൊയിലാണ്ടിയിലും, മറ്റ് പല സ്റ്റേഷനുകളിലും നില നിൽക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവിൽ പോലീസ് പ്രൊട്ടക്ഷൻ ഉള്ളോരാളാണ് ഞാൻ. ആ ഉത്തരവ് നിലനിൽക്കുന്ന സമയത്തു തന്നെയാണ് എനിക്ക് നേരെ, 2019 നവംബർ 26ന് കമ്മീഷണർ ഓഫീസിന്റെ മുന്നിൽ വെച്ച് കെമിക്കൽ സ്പ്രേ ആക്രമണവും അത് പോലെ തന്നെ, അവസാനം 2021 ഡിസംബർ 18 ന് കാപ്പാട് റോഡിൽ വെച്ച് ഉണ്ടായ അക്രമണവും നടന്നത്. കാപ്പാട് റോഡിൽ നടന്നതിനെ ഒരു ആക്സിഡന്റ് ആക്കിത്തീർക്കാൻ പല ആളുകളും പല കോണിൽ നിന്നും ശ്രമിക്കുന്നുണ്ടായിരുന്നു.
ഈ സംഭവം നടക്കുന്നതിന് കുറച്ച് ദിവസം മുന്നേയും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ഇന്നോവ കാർ ഏകദേശം ഇടിക്കാൻ കണക്കാക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് ഞാൻ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുള്ളതാണ്. സ്പെഷ്യൽ ബ്രാഞ്ചിൽ dysp ആയിട്ടുള്ള ഒരാളോടും എന്നെ ഒറ്റയ്ക്കുള്ള സമയത്ത് വണ്ടി ഇടിപ്പിക്കാനുള്ള സാധ്യത ഉണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

ഇത് ബിന്ദു അമ്മിണി എന്നൊരു വ്യക്തിക്ക് നേരെ ഉണ്ടായൊരു ആക്രമണമല്ല, മറിച്ച് സംഘപരിവാർ കേരളത്തിലെമ്പാടും അഴിച്ചു വിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ ഭാഗമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആസൂത്രിതമായി സ്ത്രീകൾക്കെതിരെ പൊതുവിലും, മുസ്ലിം, ദളിത്, ആദിവാസി കമ്മ്യൂണിറ്റിയിലുള്ള സ്ത്രീകൾക്കെതിരെ പ്രത്യേകമായും, അതിഭീകരമായുള്ള അതിക്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്തെങ്കിലും തരത്തിൽ വലതുപക്ഷ വിരുദ്ധ ആശയങ്ങൾ മുന്നോട്ട് വെക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്.

ഭരണകൂടം എന്ത് ചെയ്യുന്നു എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.
ഈ ഇൻസിഡന്റ് കഴിഞ്ഞതിനു ശേഷവും പോലീസിനോട് വിവരം പറഞ്ഞിട്ടുണ്ട്. അവർക്ക് എന്തെങ്കിലും മുന്നൊരുക്കങ്ങൾ ചെയ്യാമായിരുന്നു. അത് ചെയ്തില്ല. പോലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണ്. എനിക്ക് നേരെ മുമ്പുണ്ടായ പല കേസുകളിലും പോലീസിന്റെ നടപടി ഇതുപോലെ തന്നെയായിരുന്നു. സംഘപരിവാർ ഗൂണ്ടകൾക്കും കോട്ടേഷൻ സംഘടനകൾക്കും കാര്യങ്ങൾ വളരെ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് പ്രത്യേകിച്ച് അങ്ങനെ ക്രൈം ചെയ്യാനും മാത്രമുള്ള പേർസണൽ ശത്രുക്കളൊന്നുമില്ല. ഇതെല്ലാം ശബരിമല വിഷയത്തോടെ തുടങ്ങിയതാണ്. എത്ര കാലം കാത്തിരുന്നിട്ടായാലും പകരം ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു.
എനിക്കെതിരെ ആക്രമണം നടത്തുന്നവരെ പൊന്നാട അണിയിച്ചു സ്വീകരിക്കുന്ന ഒരു സമൂഹമായി കേരളം മാറി എന്നുള്ളതാണ് സത്യം. അവസാനം ബസ്സിൽ വെച്ച് നടന്ന അക്രമണത്തിന് കാരണക്കാരായവരെ സംഘപരിവാർ ഗ്രൂപ്പ് കൊയിലാണ്ടിയിൽ വെച്ച് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഏതെങ്കിലും തരത്തിൽ എന്നെ അറ്റാക്ക് ചെയ്ത് കഴിഞ്ഞാൽ അല്ലെങ്കിൽ എന്റെ സ്ത്രീത്വത്തെ അപമാനിച്ചു കഴിഞ്ഞാൽ സ്വീകരണം കിട്ടുന്ന ആളുകളായിട്ട് ഈ ക്രിമിനലുകൾ ഇവിടെ ആഘോഷിക്ക പെടുകയാണ്.
മുമ്പ് ബസിൽ വെച്ച് നടന്ന അക്രമമാണെങ്കിലും, അവസനം നടന്നതാണെങ്കിലും സ്റ്റേറ്റിനെയാണ് ഞാൻ ഒന്നാം പ്രതിയായി കാണുന്നത്. കോടതി ഉത്തരവ് നിലനിൽക്കെ എന്നെ ആക്രമികളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്നതിൽ സ്റ്റേറ്റിന് ഒരു പരിധി വരെ റോളുണ്ടെന്ന് എനിക്ക് പറയേണ്ടി വരും. പോലീസിന്റെ നിഷ്ക്രിയത്വം ഇത്തരം സംഭവങ്ങൾ നടന്നതിന് ശേഷവും തുടരുമ്പോഴാണ് ഞെട്ടലുണ്ടാകുന്നത്. ആദ്യത്തെ കേസ് തന്നെ എവിടെയെത്തി? കൃത്യമായരീതിയിലുള്ള അന്വേഷണം നടന്നോ, എന്നൊക്കെ ചോദിച്ചാൽ, ഫലപ്രദമായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഈ കേസിന്റെ തുടക്കത്തിൽ അന്വേഷണം നല്ല രീതിയിലാണ് എന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. പക്ഷെ ഇത്രയും ദിവസമായിട്ടും പ്രതികളെ കണ്ടെത്തിയിട്ടില്ല.
സ്ത്രീകളെ ആക്രമിക്കുന്നവർക്ക് എതിരായി അതിശക്തമായ നിലപാട് സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. സംഘ പരിവാറിനെ കയറൂരിവിടുന്ന സമീപനത്തിൽ നിന്ന് സ്റ്റേറ്റ് പിന്മാറണം. ഇവിടെ വനിതാ മതിൽ നടന്നു, ഞാനൊക്കെ അതിനെ പിൻതുണച്ച ആളാണ്. പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ പങ്കെടുക്കാൻ പറ്റാതെ പോയി. പല വിപ്ലവകാരമായ നിലപാടുകളും മുന്നിലേക്ക് വയ്ക്കാൻ ശ്രമിച്ച ഒരു ഭരണകൂടാവുമാണിത്, gender ന്യൂട്രൽ യൂണിഫോം, ലൈംഗിക ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ. ഇങ്ങനൊരു ഭരണകൂടത്തിന് മുമ്പിലാണ് നിരന്തരമായി അക്രമങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ നിൽക്കുന്നത്. എനിക്ക് നേരെ അവസാനമായി നടന്ന കൊലപാതക ശ്രമം, എന്നെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെ നടന്നതാണത്. ഓട്ടോ പിറകിൽ നിന്നല്ല മുൻപിൽ നിന്നാണ് ഇടിക്കുന്നത്. നാട്ടിലെ ഒരു വാർഡ് മെമ്പർ പോലും എന്നോട് വിളിച്ചന്വേഷിച്ചില്ല. അവിടെ എം എൽ എ, എം പി, ഒക്കെയുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുണ്ട്. സി പി ഐ(എം എൽ) (ഞാൻ എം എൽ അല്ല), ഒഴികെ വേറൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും വന്ന് കാണുകയോ വിളിച്ചന്വേഷിക്കുകയോ ചെയ്തിട്ടില്ല.
എന്തുതരം പുരോഗമനമാണ് ഇവർ മുന്നോട്ട് വെക്കുന്നത്? women’s justice മൂവ്മെന്റ് ന്റെ ആളുകൾ മാത്രമാണ് വീട്ടിൽ വന്ന് സന്ദർശിച്ചത്. ബിന്ദു അമ്മിണി എന്നൊരാൾ ശബരിമല വിഷയത്തിൽ കൊല ചെയ്യപെട്ടാലും, ഞങ്ങൾക്ക് വലുത് മറ്റു താല്പര്യങ്ങളാണ് എന്ന നിലപാടാണ് മുഖ്യധാരാ പാർട്ടികളും അവരുടെ മറ്റ് വർഗ്ഗ-ബഹുജന സംഘടനകളുമൊക്കെത്തന്നെ സ്വീകരിച്ചിട്ടുള്ളത്.

ഞാൻ ഇപ്പോൾ നേരിടുന്നത് രണ്ട് തരത്തിലുള്ള വിവേചനമാണ്, സ്ത്രീ എന്ന തരത്തിലും, ദളിത് എന്ന തരത്തിലും. ഒരേ ഉത്തരവിലൂടെയാണ് കനക ദുർഗ്ഗയ്ക്കും എനിക്കും പോലീസ് പ്രൊട്ടക്ഷൻ ലഭിച്ചിട്ടുള്ളത്. കനക ദുർഗ്ഗ വളരെ അടുത്ത സുഹൃത്താണ്, പക്ഷെ സ്റ്റേറ്റിന്റെ സമീപനം നോക്കു; ദളിത് ആയിട്ടുള്ള എനിക്ക് പ്രൊട്ടക്ഷൻ തരാൻ സ്റ്റേറ്റ് സന്നദ്ധരല്ല, പക്ഷെ കനക ദുർഗ്ഗയ്ക്ക് പ്രൊട്ടക്ഷൻ തുടരുന്നുണ്ട്. ഇവിടെ പ്രിവിലേജ്ഡും അണ്ടർ പ്രിവിലേജ്ഡും ആയിട്ടുള്ളവരോട് രണ്ട് സമീപനമെടുക്കുന്നത് കാണാൻ കഴിയും.
പ്രിവിലേജ്ഡ് ആയിട്ടുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മാത്രമേ പോലീസിനുള്ളൂ. മെച്ചപെട്ട ജീവിത സാഹചര്യങ്ങൾ ഇല്ലാത്തവരുടെ ജീവൻ രക്ഷിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് കേരള പോലീസ് എത്തിച്ചേർന്നത് വളരെ പരിതാപകരമാണെന്ന് പറയേണ്ടി വരും.

എന്നെ വിളിച്ച്, “നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്” എന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്. മിക്കവാറും യുവജങ്ങളാണ്. അത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. പക്ഷെ നമ്മൾ പ്രതീക്ഷിക്കുന്ന ചില ആളുകളുണ്ട്; ഫെമിനിസ്റ്റുകൾ, മറ്റ് ആക്റ്റീവിസ്റ്റുകൾ, ഇവരിലൊക്കെ കൃത്യമായി ഒരു സവർണ്ണബോധം പ്രവർത്തിക്കുന്നത് കാണാൻ കഴിയും. ഞാൻ ദളിതായത് കൊണ്ട് തന്നെയാണ് ഇത്ര ഭീകരമായി അക്രമിക്കപെട്ടുകൊണ്ടിരിക്കുന്നത്. ഒരിക്കൽ ആക്രമിക്കപെട്ടതല്ല. ആക്രമിക്കപെട്ടുകൊണ്ടേയിരിക്കുകയാണ്.
നമ്മളോട് വേദി പങ്കിടാൻ തന്നെ ആളുകൾ വൈമുഖ്യം കാണിക്കുന്നു. ഒരു പോസ്റ്റ് പോലും ഷെയർ ചെയ്യാൻ ഭയക്കുന്നു. മിക്കവരും സേഫ് സോണിൽ ഇരുന്ന് കൊണ്ടുള്ള ആക്റ്റിവിസം മാത്രമാണ് ചെയ്യുന്നത്. അല്ലെങ്കിൽ ചിലപ്പോൾ പരോക്ഷമായി നമ്മളെ പിന്തുണക്കും. അവരവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിക്കൊണ്ട് മാത്രം പ്രതികരിക്കുക. ദളിത് സംഘടനകൾപോലും ഇത്തരമൊരു സംഭവത്തിൽ മൗനം പാലിക്കുന്നത് വളരെ സങ്കടകരമായ ഒരു അവസ്ഥയാണ്. ദളിത് ആയത് കൊണ്ടാണ് കൂടുതലായിട്ട് ആക്രമിക്ക പെടുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരത്തിൽ ഭീകരമായി ആക്രമിക്കപ്പെടുന്ന ഒരാൾക്ക് കിട്ടേണ്ട ഒരു പിന്തുണയും ആ സമൂഹത്തിൽ നിന്ന് കിട്ടിയിട്ടില്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്. മറുഭാഗത്ത് എനിക്കു നേരെ നടക്കുന്ന അക്രമങ്ങൾ ആഘോഷിക്കുന്ന സംഘപരിവാർ. മറ്റൊരു ഭാഗത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ, സെൻസേഷണലൈസ് ചെയ്യുന്നതിന് വേണ്ടി, എല്ലാ മാധ്യമ എത്തിക്സും മറന്നുകൊണ്ട് ചെയ്യുന്ന സ്റ്റോറികൾ. ഇത്തരത്തിൽ അധഃപതിച്ചു
പോകുന്നത് വളരെ ദയനീയമാണ്.

നമ്മളെ ഭീതിപ്പെടുത്തി നിർത്തുക എന്നൊരു തന്ത്രമാണ് സംഘപരിവാർ പയറ്റിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇവരുടെ ഭീഷണിയുടെ മുന്നിൽ മുട്ട് മടക്കി വീട്ടിലിരിക്കുക എന്നൊരവസ്ഥ ഉണ്ടാകില്ല. നമ്മൾ ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കുമ്പോൾ ധീരമായി മരിക്കാം എന്നുള്ളതാണ്. അതിപ്പോ ഏറ്റവും അവസാനത്തെ അക്രമം നടന്നപ്പോഴും, ഞാൻ അടുത്ത ദിവസം തന്നെ കോളേജിൽ വന്നു, ജോലികൾ ചെയ്തു. ശരിയാണ് എന്റെ ചുണ്ടുകളിൽ സ്റ്റിച്ച് ഉണ്ട് അത് വെച്ച് തന്നെ ക്ലാസ് എടുത്തു. നമ്മളെ ഏതെങ്കിലും ഒരു തരത്തിൽ തളർത്തികളഞ്ഞു എന്ന് കരുതുന്ന കുറെ ആളുകളുണ്ട്. ഞാൻ തലക്ക് ഗുരുതരമായി പരിക്കെറ്റ് തളർന്ന് പോയി എന്ന് പറഞ്ഞ് ചിരിക്കുന്നവർ, അങ്ങനെ ഒന്നും തളർന്നിട്ടില്ല. ഓരോ ആക്രമണങ്ങളും കൂടുതൽ ധൈര്യമാണ് തരുന്നത്. കൂടുതൽ ശക്തമായി തന്നെ മുന്നോട്ട് പോവും, ഈ ഭീഷണിയുടെ മുന്നിൽ ഒന്നും ഞാൻ തളരില്ല.