
മേൽക്കൂര

ബിൻസി അഭിലാഷ്
അക്ഷരങ്ങളുടെ നിഴലുകൾ കൊണ്ടായിരുന്നു വീടിന്റെ മേൽക്കൂര .
വള്ളികളും പുള്ളികളും
ദീർഘവും ചുറ്റിക്കെട്ടുവള്ളിയുമൊക്കെകൂടി തീർത്ത മേൽക്കൂര .
നിരയൊക്കാത്ത അക്ഷരങ്ങളുടെ വിടവുകളിലൂടെ , നിലാവ് നൂണ്ടിറങ്ങി ,
മഴയുടെ നൂലുകൾ പൊട്ടിയും പൊട്ടാതെയും വന്നു ,
ആകാശത്തിന്റെ തുണ്ടുകളും
പേരില്ലാത്ത മേഘച്ചിത്രങ്ങളും എത്തിനോക്കി.
ആ മേൽകൂര രൂപം മാറിക്കൊണ്ടേ ഇരുന്നു .
ചിലപ്പോൾ അവ കഥകൾ എഴുതി,
പാട്ടുകൾ ഈണത്തിൽ പാടി,
കത്തുകളെഴുതി പറത്തി വിട്ടു,
കഥകളുടെ കള്ളത്തരങ്ങളിൽ കണ്ണുപൊത്തി .
മഴയുള്ളപ്പോൾ അക്ഷരങ്ങളിലൂടെ മഴയിറ്റു .
അക്ഷരങ്ങൾ കരയുന്നുവൊ എന്ന് തോന്നി,
വെയിലും നിലാവും തീർത്ത നിഴലുകളിൽ
അക്ഷരങ്ങൾ മുങ്ങാം കുഴിയിട്ടു.
മേഘങ്ങൾ നിറഞ്ഞ അമാവാസികളിൽ ,
ആകാശം അനാഥമായി.
അപ്പോഴൊക്കെ മേൽക്കൂരയിലെ അക്ഷരങ്ങൾക് നാവും നനവും നഷ്ടമായി.
ഇത്രമേൽ കാലങ്ങൾ നിന്നും നിരങ്ങിയും പോയിട്ടും
ആ മേൽക്കൂര ഒരിക്കലും വാടിയില്ല,
പൊടിപിടിച്ചില്ല ,ഒരു പായല്‍ പോലും കിളിർത്തില്ല.
അക്ഷരങ്ങളുടെ ഓരോരോ സൂത്രപ്പണികൾ !
മറിച്ചും തിരിച്ചും നീട്ടിയും കുറുക്കിയും
അവ രൂപവും അർത്ഥവും മാറ്റി കൊണ്ടേ ഇരുന്നു ,,
കണ്ണും തുറന്നു കിടന്നവർക് ഒരിക്കലും
മടുത്തില്ല ,
രാവും പകലും മഴയും മഞ്ഞും നിലാവും നക്ഷത്രങ്ങളും ഒന്നും .
മേൽക്കൂരയിൽ അപ്പോഴും ചില്ലക്ഷരങ്ങളും സ്വരാക്ഷരങ്ങളും ട്രപ്പീസു കളിക്കുകയായിരുന്നു .
മലർന്നു കിടന്ന് ,അവളതു കണ്ടു ചിരിച്ചു ,
സ്വയം പറഞ്ഞു ,
അക്ഷരങ്ങൾക് നന്നായി കളിക്കാനറിയാം !!
വാക്കുകളിലൂടെ ,,,,
അർത്ഥങ്ങളിലൂടെ ,,,
നിശബ്ദതിയിലൂടെ ,,,