
ചിതകള്‍ സംസാരിക്കുമ്പോള്‍

ബിന്‍സി അഭിലാഷ്
മരിച്ചുവെന്നാല് നിശബ്ദമായെന്നു
വിശ്വസിക്കുന്നവരാരും
നിശ്ശബ്ദരല്ല .
കേട്ടിട്ടുണ്ടോ
മനുഷ്യന്റെ അവസാന ശബ്ദം ..
അവസാന വാക്ക് …
ഒരു ചിത കെട്ടടങ്ങും വരെ
നിങ്ങള്‍ കാത്തിരുന്നിട്ടുണ്ടോ ?
നിങ്ങള്‍ കേട്ടിട്ടുണ്ടാവണം
ക്കാതിരുന്നിട്ടുണ്ടെങ്കില് ,
തീയിലാളി
പൊട്ടി അടരുമ്പോള്‍
അവര്‍ ഉറക്കെയുറക്കെ
സംസാരിക്കുന്നത് .

തല പിളര്‍ത്തിയ
വേദനകളുടെ
വാക്കുകളെ ,
നെഞ്ചിലൊതുക്കിയ
സങ്കടങ്ങളുടെ
ഭണ്ടാരങ്ങളെ ,
നാവു വിഴുങ്ങിയ
ആഗ്രഹങ്ങളുടെ
കുന്നിമണികളെ ,
കണ്ണ് കൊതിച്ച
മുഖങ്ങളുടെ
ഓര്‍മകളെ ,
പിന്തിരിഞ്ഞു പോന്ന
ലക്ഷ്യങ്ങളുടെ സാധ്യതകളെ ,
കൂട്ടിച്ചേര്‍ക്കാന്‍ പരാജയപ്പെട്ട
സ്നേഹങ്ങളുടെ വലകണ്ണികളെ ,
പാതി വഴിയില്‍ കഥമാറ്റിയ
വിധിയുടെ തിരക്കഥകളെ .
അവസാനത്തെ അസ്ഥിയുടെ വിള്ളലുകളിലൂടെ
അപ്പോഴും ഒലിച്ചിറങ്ങുന്നുണ്ടാവും
വാഗ്ദാനങ്ങളുടെ തേന്നിറച്ച
കൊഴുത്ത ജീവന് ..
ചിതകളിലും
പ്രതീക്ഷയുടെ കണ്ണുകള്‍
അവസാന ആളലിനും ശേഷം
മൂകമായി പറയും
ഒക്കെയും തോന്നലുകളാണ് …
നീ …ഞാന്‍ ….
നമ്മള് …നമ്മുടെ …..
ഒക്കെയും
വെറും തോന്നലുകള്‍.
