
ആദ്യ ചുംബനം

ബിൻസി അഭിലാഷ്
മഴയറിയാത്ത മണ്ണിനോട്
അയാൾ പുഴയേപ്പറ്റി
കടലിനേപ്പറ്റി വാതോരാതെ
പറഞ്ഞു.
മഞ്ഞു കണങ്ങൾ തുടിച്ചു നിൽക്കുന്ന
പ്രഭാതത്തിലെ പുൽച്ചെടികളേപ്പറ്റി പറഞ്ഞു …
മഴവില്ലിന്റെ നിറങ്ങളെ പറ്റിയും
മഴത്തുള്ളികളുടെ ഭാരത്തെ പറ്റിയും
ആലിപ്പഴങ്ങളുടെ ഉത്ഭവത്തെ പറ്റിയുമൊക്കെ
പറഞ്ഞു കൊണ്ടേയിരുന്നു .
മഴയും പുഴയും കടലിന്റെ ബാല്യവും
യൗവ്വനവുമെന്നയാൾ കട്ടായം പറഞ്ഞു ..
കാറ്റുകൾ അയാളോട് തർക്കിക്കാൻ നിന്നില്ല
പാറക്കൂട്ടങ്ങൾ മുമ്പത്തേതിലും നിർജീവമായി
അനങ്ങാതെ നിന്നു .
വരണ്ട മണ്ണിൽ വിള്ളലുകളിലൂടെ
പൊന്തിവന്ന പേരറിയാത്ത പറക്കുന്ന ജീവി
അയാളെ കാണാത്തപോലെ
മണ്ണിനൊരുമ്മ കൊടുത്തു
യാത്രപറഞ്ഞു .
അടർന്നു വീഴുന്ന മൺപുറ്റുകളിലെ പാമ്പുകൾ
അയാളവിടെ ഉണ്ടെന്നു പോലും ശ്രദ്ധിച്ചില്ല .
അന്നൊരു പൗർണമിയായിരുന്നു
ആകാശത്തിനു മറവിപറ്റി
ദിക്കുതിരിഞ്ഞൊരു മഴ
അവിടെ ഓർക്കാപ്പുറത്തു പെയ്തു തോർന്നു .
ചേമ്പിലയിലെന്നപോലെ ഒരുതുള്ളി പോലും
മണ്ണിൽ താഴാതെ ഒഴുകിയകന്നു .
അയാൾ അത്ഭുതപ്പെട്ടു!
മഴനനയാത്ത മണ്ണുകൊണ്ടയാൾ
വീടുവെച്ചു …
നാടിറങ്ങി,
കണ്ടകാര്യം വാതോരാതെ പറഞ്ഞു …
പിറ്റേന്ന് അവിടമാകെ മേൽമണ്ണുപോയ ഭൂമി
മറയില്ലാത്ത പെണ്ണിനെ പോലെ മരിച്ചു മലർന്നു കിടന്നു .
മഴനനയാത്ത
മണ്ണിലയാൾ
മലർന്നു കിടന്നു
കരഞ്ഞു …
ആദ്യമായി
മണ്ണ് നനഞ്ഞു …
എന്നോ പറന്നുപോയ
പേരറിയാത്ത ആയിരമായിരം ജീവികൾ
അയാളെ ഒന്നിച്ചുമ്മവച്ചു ,,,,
അയാളാകെ പൊടിഞ്ഞു പൊടിഞ്ഞു
പറന്നുപോയി …
അയാളന്നായിരുന്നു
ആദ്യമായി ചുംബിക്കപ്പെട്ടതു ,,,