
സാമൂഹികക്ഷേമ മാനിഫെസ്റ്റോകൾ എന്തിന്റെ ഉറപ്പാണ് ?

ബിലാൽ ശിബിലി
കേരളം നിർണ്ണായകമായൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, സാമൂഹിക സുരക്ഷയാണ് മൂന്ന് മുന്നണികളുടെയും പ്രധാന വാഗ്ദാനം. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾക്ക് മുൻപില്ലാത്തവിധം ഗൗരവം ജനങ്ങൾ കൊടുക്കുന്നുണ്ട്. സാമൂഹിക സുരക്ഷക്ക് ഇത്രമേൽ മുൻഗണന കിട്ടിയ മറ്റൊരു തെരഞ്ഞെടുപ്പുമില്ല. മറ്റു രണ്ട് മുന്നണികളെയും തങ്ങളുടെ വഴിയിലേക്ക് നടത്തിക്കാനായി എന്നകാര്യത്തിൽ തീർച്ചയായും ഇടതുമുന്നണിക്ക് അഭിമാനിക്കാം. അത് തന്നെയാവാം എല്ലാ വിധ പ്രീപോൾ സർവ്വേകളിലും അവർക്ക് കിട്ടുന്ന കൃത്യമായ എഡ്ജിന്റെ കാരണവും.
വികസനവും ദേശീയരാഷ്ട്രീയവും വർഗീയതയും അഴിമതിയും ജോസ് കെ. മാണിയുടെ മുന്നണിമാറ്റവും ബി.ജെ.പി കൂട്ടുകെട്ട് ആരോപണങ്ങളും ശബരിമലയും ഒക്കെ ചാനൽമുറികളിലെ ചർച്ചാ വിഷയങ്ങളാണ്. പക്ഷെ, ഗ്രൗണ്ടിൽ സ്കോർ ചെയ്യുന്നത് ജനക്ഷേമം തന്നെയെന്ന് പറയാതെ വയ്യ.
മുന്നണികൾ അത് തിരിച്ചറിഞ്ഞതിന്റെ ഫലം പ്രകടന പത്രികകളിൽ ദൃശ്യവുമാണ്.
എൽഡിഎഫ് – 2500 രൂപ
യുഡിഎഫ് – 3000 രൂപ
എൻഡിഎ – 3500 രൂപ
സാമൂഹിക സുരക്ഷ പെൻഷൻ വാഗ്ദാനമാണിത്. ഇടതുമുന്നണി നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന രൂപയുടെ ഇരട്ടിയിലധികമാണ് മറ്റു രണ്ട് മുന്നണികളുടെയും വാഗ്ദാനം. വീട്ടുപകരണങ്ങൾ വാങ്ങിക്കാൻ ‘സ്മാർട്ട് കിച്ചൻ പദ്ധതി മുന്നോട്ട് വെക്കുന്നത് എൽ ഡി. എഫ് ആണെങ്കിൽ, വീട്ടമ്മമാർക്ക് പെൻഷൻ രണ്ട് കൂട്ടരും വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ ഇങ്ങനെ ചിലത് ഇതാദ്യമാണ്. ഒരു പക്ഷെ, തമിഴ്നാടും ജയലളിതയും പരിക്ഷിച്ചു വിജയിച്ച മോഡൽ.

“…സാമൂഹിക സുരക്ഷാപെൻഷൻ വീടുകളിൽ എത്തിക്കും. എൽ. ഡി. എഫ് വരും, എല്ലാം ശരിയാവും… ” – എന്ന് അഞ്ചു വർഷം മുൻപ് സി. പി. എം പ്രവർത്തകർ കേരളത്തിലെ ചുമരുകളിൽ എഴുതിയിരുന്നു. അതടക്കം 2016 മാനിഫെസ്റ്റോയിലെ 600 ൽ 570 വാഗ്ദാനങ്ങളും പാലിച്ചുവെന്നാണ് പ്രോഗ്രസ്സ് റിപ്പോർട്ട് നിരത്തി മുഖ്യമന്ത്രി അവകാശപെടുന്നത്. ആ അവകാശവാദത്തെ ജനങ്ങൾ മുഖവിലക്കെടുക്കുന്നുണ്ട് എന്ന ബോധ്യവും പേടിയും പ്രതിപക്ഷത്തിന് ഉള്ളത് കൊണ്ടാവണം ഡോ. ശശി തരൂരിനെ പോലൊരാൾക്ക് യു. ഡി.എഫ് മാനിഫെസ്റ്റോയുടെ ചുമതല ലഭിച്ചത്. പറഞ്ഞു വരുന്നത്, ഇടതുവഴിയിൽ സഞ്ചരിക്കാൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ച സർക്കാറിന്റെ സ്ട്രാറ്റജിയെ കുറിച്ച് തന്നെയാണ്.
കേരളം മാത്രമല്ല, ലോകം തന്നെ അത്രമേൽ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്നത് കൊണ്ട് മാത്രമാണ് പെൻഷനും റേഷനും കിറ്റും കുടംബശ്രീയുടെ 20 രൂപ ഊണും ഇത്രമേൽ ചർച്ചയാവുന്നത് എന്ന് നിസ്സംശയം പറയാം. കോവിഡുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകളേക്കാൾ ആഴമുള്ളതാണ് അത് സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം. അതിനാൽ തന്നെയാണ് അതിനെ നമ്മൾ മഹാമാരി എന്ന് വിളിക്കുന്നതും.
ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ പ്രയാസം കാണാൻ ഒരു സർക്കാറിന് കഴിഞ്ഞു എന്നത് തന്നെയാണ് മറ്റെല്ലാ രാഷ്ട്രീയ ആരോപണങ്ങൾക്ക് മേലെയും ഇടതുമുന്നണിക്ക് സ്കോർ ചെയ്യാൻ പറ്റുന്നതിന്റെ കാരണം. വൈകിയാണെങ്കിലും അത് തിരിച്ചറിയാൻ യു.ഡി.എഫിന് കഴിഞ്ഞതും അതവതരിപ്പിച്ചതും അവർക്കൊരു കിക്ക് സ്റ്റാർട്ട് കൊടുത്തിട്ടുണ്ട്. ഇടതുമുന്നണി പറഞ്ഞതിനേക്കാൾ 500 രൂപ കൂട്ടി എന്നതിനേക്കാൾ, ശശി തരൂർ അവതരിപ്പിച്ച നിർദേശങ്ങൾ സമൂഹത്തിൽ ചർച്ച ആക്കുന്നിടത്ത് മാത്രമേ അവർക്കതിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം, കഴിഞ്ഞസർക്കാറിന്റെ എട്ടു മാസത്തെ കുടിശികയടക്കം കൊടുത്തതീർത്ത സർക്കാറിന്റെ ഉറപ്പ് തന്നെ മേലെ നിൽക്കും.
മറ്റു രാഷ്ട്രീയ വിഷയങ്ങളെ അവഗണിക്കുകയല്ല. ആരോഗ്യ – വിദ്യാഭ്യാസ രംഗങ്ങളിലെ തിളക്കങ്ങൾ മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുന്നത് വരെയുള്ള ഒരുപാട് ഉറപ്പുകൾ ഇടതുമുന്നണി ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. കിഫ്ബി വഴിയുള്ള റോഡുകളും പാലങ്ങളും മലയോര ഹൈവേയും ജലപാതയും ഗെയിലും കെഫോണും ഹരിതകേരളവും പവർക്കട്ട് രഹിതകേരളവും പാലിക്കപ്പെട്ട ഉറപ്പുകളായി മുന്നിലുണ്ട്.
പോലീസിങ്ങിലെ അപാകതകൾ മുതൽ പി.എസ്.സിയിലെ സുതാര്യകുറവുകൾ വരെയുള്ള ഒട്ടനവധി കാര്യങ്ങൾ യു.ഡി. എഫ് മുന്നിൽ വെക്കുന്നുണ്ട്. പക്ഷെ, അവസാന കാലത്തുണ്ടായ സ്വർണ്ണക്കടത്ത് വിവാദങ്ങൾ വിഷയമാക്കുന്നത് പ്രതിപക്ഷത്തിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഫെഡറൽ തത്വങ്ങളെയാകെ ലംഘിച്ചും ബി. ജെ. പി നടത്തുന്ന ഓരോ നീക്കങ്ങളും, സംഘപരിവാർ വിരുദ്ധരാഷ്ടീയം ആഴ്ന്നിറങ്ങിയ ഈ മണ്ണിൽ ആർക്കാണ് ഗുണം ചെയ്യുക എന്ന കാര്യം വ്യക്തമാണ്.
ഇത്രയൊക്കെ രാഷ്ടീയ വിഷയങ്ങൾ ഇവിടെയുണ്ട്. പക്ഷെ ആവർത്തിക്കുന്നു, ഗ്രൗണ്ടിലെ ചർച്ച ക്ഷേമമാണ്. സുരക്ഷയാണ്. കാരണം, ഭക്ഷണത്തേക്കാൾ വലിയ രാഷ്ട്രീയം വേറെയില്ല. പട്ടിണിയേക്കാൾ വലിയ സമരവുമില്ല. ലോകം, രാജ്യം, കേരളം, ഇവിടങ്ങളിലെ സാധാരണക്കാർ, പാവപെട്ടവർ അത്രമേൽ സാമ്പത്തിക പ്രതിസന്ധിയിലാണ്. പെട്രോളിനും ഗ്യാസിനും അന്നന്ന് വില കൂട്ടിയിട്ട്, ഇവിടെ ഭരണം കിട്ടിയാൽ വില കുറക്കുമെന്ന് ഗീർവ്വാണം മുഴക്കുന്ന സംഘികൾക്ക് മനസ്സിലാവാത്ത രാഷ്ട്രീയമാണത്. അത് ബോധ്യപ്പെടാൻ അല്പമെങ്കിലും ലെഫ്റ്റാവണം. മാനിഫെസ്റ്റോയിലെങ്കിലും യു.ഡി.എഫ് ലെഫ്റ്റായിട്ടുണ്ട് എന്നതാണ് എൽ.ഡി.എഫിന്റെ രാഷ്ട്രീയവിജയം എന്നാണ് പറഞ്ഞുവന്നതിന്റെ ആകെത്തുക.
തുടർച്ചയോ മാറ്റമോ ഉണ്ടായേക്കാം. പക്ഷെ, പാവപ്പെട്ട മനുഷ്യരെ ഗൗരവമായി പരിഗണിക്കാനുള്ള ആ വഴികാണിച്ചുകൊടുക്കലുണ്ടല്ലോ, അത് ചരിത്രമാണ്.