
ദുൽഖർ സൽമാൻ എന്ന ക്രൗഡ് പുള്ളറും കോവിഡാനന്തര വിപണിയും

ബിലാൽ ശിബിലി
കോവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങൾക്ക് ശേഷം ജനജീവിതം മെല്ലെ പഴയപടി ആയി വരികയാണ്. ഒന്നര വർഷത്തിന് ശേഷം സ്കൂളുകളും കോളേജുകളും തുറന്നു. ടൂറിസ്റ് കേന്ദ്രങ്ങളിലെ ഉൾപ്പെടെയുള്ള നമ്മുടെ വിപണി മെല്ലെ ശരിയായി വരുന്നു. മാസ്ക് ഉണ്ട് എന്നതൊഴിച്ചാൽ കോവിഡിന് മുന്നേയുള്ള ജനത്തിരക്ക് എങ്ങുമുണ്ട്. പക്ഷെ, ആളുകളുടെ പർച്ചേസിംഗ് പവറിൽ കാര്യമായ വർധന ഉണ്ടായില്ല എന്നാണ് വ്യാപാരികളുമായി സംസാരിക്കുമ്പോൾ മനസ്സിലാവുന്ന കാര്യം. ഒന്നര വർഷത്തെ വിരസമായ അടച്ചുപൂട്ടലിന്റെ മടുപ്പ് മാറ്റിയെടുക്കാൻ കുടുംബസമേതം ജനം പുറത്തേയ്ക്കിറങ്ങുന്നുണ്ട്. പക്ഷെ, എൻട്രി ഫീ ഇല്ലാത്ത ബീച്ച്, പാർക്ക്, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആണ് എൻട്രി ഫീ കൊടുത്ത് കയറുന്ന ടൂറിസ്റ് ഇടങ്ങളേക്കാൾ തിരക്ക് കാണുന്നത്. രണ്ടാമത് പറഞ്ഞത് പോലെയുള്ള ഇടമാണ് സിനിമാ തിയറ്റർ.
കോവിഡ് കാലത്താണ് ഒ.ടി.ടി പ്ലാറ്റുഫോമുകൾ മലയാളികൾക്ക് ഇടയിൽ സജീവമാവുന്നത്. ഉടുത്തൊരുങ്ങി സിനിമാശാലയിൽ പോവാതെ തന്നെ ആറിഞ്ച് മൊബൈൽ സ്ക്രീനിൽ നോക്കി സിനിമ ആസ്വദിക്കാമെന്ന് നമുക്ക് ബോധ്യപ്പെട്ട കാലം. മലയാള സിനിമയ്ക്ക് പുതിയ ഒരുപാട് പ്രേക്ഷകരെ ലഭിച്ചു എന്നത് ഒരു പോസിറ്റിവ് ആയി നിൽക്കുമ്പോഴും, തിയറ്റർ വ്യവസായികളുടെ ചങ്കിടിപ്പ് അന്നന്ന് വർധിച്ചു വരികയായിരുന്നു. തിയറ്റർ ഓപ്പൺ ആയ ആദ്യ ആഴ്ചയിലെ അവസ്ഥ അതിന് ആക്കം കൂട്ടുന്നതുമായിരുന്നു. പത്തും പതിനഞ്ചും പേരെ വെച്ച് മാത്രം തമിഴ് സിനിമകൾ ഓടിക്കുമ്പോൾ തിയറ്റർ ഉടമകളുടെ പ്രതീക്ഷ കുറുപ്പും മരക്കാരും ആയിരുന്നു.
ഫാമിലി ഓഡിയന്സിന്റെ തള്ളിക്കയറ്റം ഉണ്ടാവുമോ എന്ന സംശയമാണ് ആന്റണി പെരുമ്പാവൂരിനുണ്ടായിരുന്നത്. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി നമ്മുടെ ഫീഡുകളിൽ മരക്കാർ ഒ.ടി.ടി യോ തിയറ്ററോ എന്ന ചർച്ച ദിവസവും വന്ന് കൊണ്ടിരുന്നത്. മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ സിനിമ ആയതിനാൽ ആന്റണി പെരുമ്പാവൂർ എന്ന പ്രൊഡ്യൂസറിന്റെ ഭാഗത്തും ന്യായമുണ്ടായിരുന്നു. അതിനാൽ തന്നെ ഒ.ടി.ടി ഒരു സേഫ് സോൺ ആയിരുന്നു.

അതേസമയം, സിനിമ എന്നത് അഭിനയതാക്കളുടെയോ, ഫിലിം മേക്കേഴ്സിന്റെയോ മാത്രമല്ല. തിയറ്റർ ജീവനക്കാർ, അവിടെ പോപ്കോൺ വിൽക്കുന്നവർ മുതൽ തിയറ്ററിന്റെ മുന്നിൽ കാത്ത് നിൽക്കുന്ന ഓട്ടോ തൊഴിലാളികൾ വരെ സിനിമയിൽ പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്നവരാണ്. അവരിലേക്കാണ് ദുൽഖർ സൽമാൻ എന്ന ഫിലിം പ്രൊഡ്യൂസർ മിശിഹായായി അവതരിച്ചിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ വരെ സേഫ്സോൺ നോക്കാൻ ശ്രമിച്ചപ്പോഴാണ്, നെറ്റ് ഫ്ലിക്സുമായി കരാറായ സിനിമ തിരിച്ചെടുത്ത് തിയേറ്ററിന് കൊടുത്ത് ദുൽഖർ എന്ന സിനിമാ വ്യവസായി സിനിമാവ്യവസായത്തിന് താങ്ങാവുന്നതാണ്.
ദുൽഖർ സൽമാൻ എന്ന സ്റ്റാർ മിനിമം ഗ്യാരന്റിയുള്ള നടനായി മാറുന്നത് നമ്മൾ കണ്ടതാണ്. പാൻ ഇന്ത്യൻ ലെവലിൽ അങ്ങനൊരു ഗ്യാരണ്ടി കൊടുക്കാൻ കുറുപ്പ് എന്ന ബഹുഭാഷാ ചിത്രത്തിനായിട്ടുണ്ട്. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്നത് ആ നടന്റെ ഫാൻ ബേസിന്റെ ആഴം കാണിക്കുന്ന ഒന്ന് തന്നെയാണ്. അവിടെയാണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ (ആറു കോടി മുപ്പത് ലക്ഷം) നേടി ദുൽഖർ സൽമാൻ എന്ന മമ്മൂട്ടിയുടെ ഏക മകൻ ബാപ്പച്ചിയുടെ പാത പിന്തുടരുന്നത്. കോവിഡ് കാരണം പകുതി സീറ്റുകളിൽ മാത്രം ഒക്കുപേൻസി ഉള്ളപ്പോഴാണ് ഈ നേട്ടം എന്നോർക്കണം.

ദുൽഖർ സൽമാൻ എന്ന നടൻ ഒരുപാട് പരിമിതികൾ ഉള്ള ആളാണ്. ഫഹദ് ഫാസിലെ പോലെയുള്ള ക്ലാസ്സിക്ക് ഐറ്റംസ് നമ്മൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാറില്ല. നിവിൻ പോളിയും ആസിഫലിയും ചെയ്യുന്ന എന്റർടൈനറും ചിലപ്പോൾ ദുൽഖറിൽ കിട്ടില്ല. പൃഥ്വിരാജിന്റെ ബ്രില്യൻസും ഉണ്ടാവാറില്ല. പക്ഷെ, മേല്പറഞ്ഞ ഒരു നടനും പറ്റാത്ത രീതിയിൽ പ്രേക്ഷകരെ ഫസ്റ്റ് ഡേ തിയറ്ററിൽ എത്തിക്കാൻ ദുൽഖറിന് പറ്റുന്നുണ്ട്. അതിനാൽ തന്നെ മലയാള യുവനടന്മാരിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ദുൽഖർ സൽമാൻ ആണെന്നത് നിസ്സംശയം പറയാൻ പറ്റും. സിനിമ എന്ന ബിസിനസ് ഇൻഡസ്ട്രിക്ക് അങ്ങനെയൊരു ക്രൗഡ് പുള്ളറെ അത്യാവശ്യവുമാണ്.
തിയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റിയിരിക്കുകയാണ് കുറുപ്പെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞതിന് ശേഷം കൂട്ടിച്ചേർത്തത് ദുൽഖർ സൽമാൻ എന്ന സൂപ്പർ താരത്തിന്റെ ജനനമാണിതെന്നാണ്. 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ നവംബർ 12ന് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് 505 സ്ക്രീനിൽ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണൽ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്നാണ് വേഫയർ പ്രൊഡക്ഷൻസിന്റെ ചീഫ് ഓപ്പറേഷൻ ഓഫീസർ ജയശങ്കർ പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കിയാണ് കുറുപ്പിന്റെ നേട്ടം. വേഫയർ പ്രൊഡക്ഷൻസ് ദുൽഖറിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് നിരീക്ഷകർ കുറുപ്പിനെ കാണുന്നത്.
ആദ്യ ദിനത്തിലെ തള്ളിക്കയറ്റം രണ്ടാഴ്ച തുടരാനായാൽ ഒരു നടൻ എന്ന രീതിയിലും അദ്ദേഹം അടുത്ത ലെവലിലേക്ക് കടക്കും. കാത്തിരിക്കാം.