ഡിറ്റക്ടീവ് ബല്‍റാമിന്റെ സ്വകാര്യ ദു:ഖങ്ങള്‍

ബിജു റോക്കി
കേസൊന്നുമില്ലാത്ത
സ്വകാര്യഡിറ്റക്ടീവാണ് ബല്‍റാം.
വേഷം മാറി നടന്നിട്ടും, ആര്‍ക്കും പിടികിട്ടുന്നില്ല
കണാരന്റെ മോനെങ്കിലും
സുപ്രന്റെ മോനല്ലേ എന്നു ചോദിക്കുന്ന ലോകം.
ഡബിള്‍ പോക്കറ്റില്‍
രഹസ്യക്യാമറകളുമായി
തടിച്ച രണ്ട് പേനകളുണ്ടെങ്കിലും
ആളുകള്‍ക്ക് വേണ്ടത്ര മീച്ചം പോര.
അരയിലെ ഉറയില്‍
പുറംലോകത്തേക്ക് കാര്‍ക്കിച്ച് തുപ്പാത്ത തുപ്പാക്കി.
ചെമന്ന തൊപ്പി,
അതില്തുന്നിയ പലതരം വര്‍ണത്തൂവലുകള്‍.
മുട്ടുവരെ കയറിനില്‍ക്കുന്ന സിപ്പുള്ള ഷൂസ്
ദുരൂഹതയുടെ പുകപൊന്താത്ത പൈപ്പ്
കഷ്ടപ്പെട്ട് കടിച്ചുപിടിച്ചിട്ടുണ്ട്.
സാധാരണക്കാരില്‍ സാധാരണക്കാരന്.
ആരും കണ്ട ഭാവം കാണിക്കുന്നില്ല.
ലാവെട്ടത്ത് അഴിച്ചിട്ട കോഴിയെപോലെ
സ്വകാര്യഡിറ്റക്ടീവ്
തേരാപാരാ
ഊണും ഉറക്കവുമില്ലാതെ
കേസ് അന്വേഷിച്ച് നടക്കുന്നു.
ഒരു തെളിവും കീഴടങ്ങിയിട്ടില്ല
പയ്യിനെ കെട്ടിയ
പിരിഞ്ഞുകയറിയ
കയറിന്റെ തുമ്പുപോലും കണ്ടെത്തിയിട്ടില്ല.
ഒരു കള്ളനെ പോലും കണ്ട് കൊതിമാറിയിട്ടില്ല
രാംസിംഗ് എന്ന ഗൂര്‍ഖ മാത്രമാണ് കൂട്ടുകാരന്.
അരേ സാലേ, എന്നുവിളിക്കും,
ഫൈന്‍, താങ്ക്യൂയെന്ന് എന്നും മറുപടിപറയും.
ഒരിക്കല്‍
മതില് ചാടിക്കടന്ന്
റോട്ടിലെത്തിയ കള്ളന്
നേരേ ചൊവ്വേ ബല്‍റാമിന്റെ കൈപ്പാങ്ങിന് കിട്ടി
വെള്ളഷര്‍ട്ടും വെള്ളമുണ്ടുമായി
വെളുത്തുതുടുത്ത ചൊങ്കന്‍
തോളത്ത് തട്ടി,
കണ്ണില്‍ നോക്കി
കണാരന്റെ മോന്, ഡിറ്റക്ടീവ് ബല്‍റാം അല്ലേയെന്ന് ചോദിച്ചു.
അതേയെന്ന് പറയുമ്പോള്‍
ബല്‍റാമിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി
