
എന്നെ പ്രണയിക്കുന്നവരോട്

ബിബിൻ ആന്റണി
ഉടലുരിഞ്ഞു നിൽക്കുമ്പോൾ
എന്നെ ഉടയാതെ ചുംബിക്കുക.
ചുണ്ടോരങ്ങളിൽ കുടചൂടുന്ന
കുഞ്ഞരിക്കൂണുകളെ
നഖക്ഷതമേൽക്കാതെ നുള്ളിയെടുക്കുക.
കണ്ണിലെ കാട്ടുവഴിയിലൂടെ
ഉള്ളെരിയുന്ന കൂരതേടി
യാത്ര പോവുക…
ഉടലുരിഞ്ഞുനിൽക്കുമ്പോൾ മാത്രം
എന്നെ മജ്ജയോളം മണക്കുക;
ഉള്ളിലെ ചുഴിയാഴങ്ങളിൽ നിന്നും
പെണ്ണുരുവങ്ങളെ പുണരുക
ആണടരുകളെ മുലയൂട്ടുക.
ഉടലുരിഞ്ഞുനിൽക്കുമ്പോൾ
എന്നെ പാഠപുസ്തകമാക്കുക,
പഠിക്കുക.
പടവുകൾ അളന്ന്,
ഇഞ്ചയും താളിയും തേച്ച്,
എൻ്റെ ഉറവകളിൽ
മുങ്ങി നിവരുക.
എൻ്റെ മഞ്ഞടരുകളിലെ കടലോർമ്മകളെ മാലകോർക്കുക.
കടലിരമ്പങ്ങളിൽ കുതുകംകൊള്ളുക.
ഉടലുരിഞ്ഞുനിൽക്കുമ്പോൾ മാത്രം
എന്നെ പ്രാണനോളം പ്രണയിക്കുക.