
സംഘപരിവാർ കാലത്തെ മുസ്ലിം സ്ത്രീ

ബാസില കെ
ജനുവരി 1-ന് ഇന്ത്യയിൽ പുതുവത്സരം പിറന്നത് നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ ‘ബുള്ളി ബായ്’ എന്ന GitHub ആപ്പിൽ വിൽപ്പനക്ക് വെച്ചു കൊണ്ട് ദുരുപയോഗം ചെയ്യപ്പെട്ടു എന്ന വാർത്തയിലൂടെയാണ്.
ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ പീഡിപ്പിക്കാനും അപമാനിക്കാനുമുള്ള ആദ്യ ശ്രമമായിരുന്നില്ല ബുള്ളി ബായി. ഏകദേശം ആറ് മാസം മുമ്പ്, സമാനമായ മറ്റൊരു ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. സ്ത്രീകളെ അപമാനിക്കാൻ ട്രോളൻമാർ പതിവായി ഉപയോഗിക്കുന്ന ‘സുള്ളി’ എന്ന പദമുപയോഗിച്ച് സുള്ളി ഡീൽസ് എന്ന മറ്റൊരു ആപ്പിൽ ഇവരെ വിൽപ്പനക്ക് വെച്ചിരുന്ന സംഭവങ്ങളുമുണ്ടായിരുന്നു..

ജനസംഖ്യയുടെ 20 ശതമാനത്തോളം ന്യൂനപക്ഷങ്ങളുള്ള ഒരു രാജ്യത്ത് ബ്രാഹ്മണിക്കൽ ഹിന്ദുത്വ ആധിപത്യം സ്ഥാപിക്കുന്നതിനായുള്ള ഭരണപക്ഷ പാർട്ടിയുടെ വിദ്വേഷ അജണ്ടകളുടെ ഭാഗമായിരുന്നു ഈയൊരു കൃത്യമെന്ന് നിസ്സംശയം പറയാം..
മുസ്ലിം സ്ത്രീകളെ അവരുടെ ഖബറുകളിൽ നിന്നെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് നിലവിലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച തീവ്രഹിന്ദു യുവജന സംഘടനയായ ഹിന്ദു യുവവാഹിനിയുടെ ഒരു നേതാവ് യോഗിയുടെ തന്നെ സാന്നിധ്യത്തിൽ, ആക്രോശിച്ചത് ഏതാനും വർഷങ്ങൾക്കു മുൻപേയാണ്.ഹിന്ദു പുരുഷന്മാർ മുസ്ലിം സ്ത്രീകളെ ബലാൽസഗം ചെയ്യണമെന്ന് ബിജെപി മഹിളാമോർച്ച നേതാവ് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിട്ടും അധിക കാലമായിട്ടില്ല.മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്നത് രാഷ്ട്രീയ അജണ്ടയായി കണക്കാക്കുന്നവരാണ് ഇന്ത്യയിലെ തീവ്ര ഹിന്ദു സംഘടനകൾ. ഇവർക്കിത് തങ്ങളുടെ മുസ്ലിം വംശീയ ഉന്മൂലനമെന്ന ലക്ഷ്യത്തിലേക്കുള്ള മാർഗങ്ങളിൽ ഒന്നു തന്നയാണെന്നാണ് മുസ്ലിം സ്ത്രീകളെ ലൈംഗികമായി പീടിപ്പിക്കണമെന്ന, ബലാത്സംഗം ചെയ്യണമെന്ന, സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയുമുള്ള ഇവരുടെ ആക്രോംശങ്ങളിലൂടെയും ആഹ്വനങ്ങളിലൂടെയും വ്യക്തമാകുന്നത്.
ഇന്ത്യയിലെ ഓരോ മുസ്ലിം സ്ത്രീകളും റേപ്പ് ചെയ്യപ്പെടേണ്ടവളാണ് എന്ന സംഘപരിവാറിന്റെ വിദ്വേഷ അതിക്രമത്തിന്റെ തുടർച്ചയാണ് ഇത്തരം സൈബർ അറ്റാക്കുകൾ.മുസ്ലിം വനിതാ ആക്ടിവിസ്റ്റുകൾ , പ്രൊഫഷണൽ , മാധ്യമ പ്രവർത്തന രംഗങ്ങളിലും മറ്റും സജീവസാന്നിധ്യമായ പ്രമുഖർ , മുൻനിര കലാകാരന്മാർ , സന്നദ്ധപ്രവർത്തകർ , വിദ്യാർത്ഥികൾ തുടങ്ങി പബ്ലിക് സ്പേസുകളിൽ പ്രതിഷേധം പങ്കുവെക്കുന്നവരെ കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു വെബ്സൈറ്റിലെ ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്.
വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ Find Your Deal of the Day എന്ന് വരുമത്രെ . പിന്നീട് ലേലത്തിൽ വെച്ചിരിക്കുന്ന വ്യത്യസ്ത മേഖലയിൽ നിന്നുള്ള ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഓരോന്നായി കാണിച്ചുതുടങ്ങും . ഇവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
ബുള്ളി ബായ് എന്ന ആപ്പിൽ കാണാതായ നജീബ്അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് മുതൽ എഴുത്തുകാരി റാണ സഫ്വി , നർത്തകിയും നടിയുമായശബാന ആസ്മി , ഡൽഹിഹൈക്കോടതി ജഡ്ജിയുടെ ഭാര്യ , മുതിർന്ന മാധ്യമപ്രവർത്തക സബാനഖ്വി , റേഡിയോ ജോക്കി സായിമ , സാമൂഹിക പ്രവർത്തക സിദ്റ , മാധ്യമപ്രവർത്തക ഖുർറ ത്തുൽഐൻ റെഹ്ബർ , ജെ എൻ യു വിദ്യാർത്ഥി നേതാവായിരുന്ന ഷഹല റാഷിദ്, വിദ്യാർത്ഥി നേതാക്കളായ ആയിഷ റെന്ന, ലദീദ ഫർസാന അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
തങ്ങളുടെ സമുദായതിനെതിരെയുള്ള അതിക്രമങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും പുറത്തുകൊണ്ട് വരുവാനും അതിനെതിരെ പ്രതികരിക്കുവാനും മുസ്ലിം വനിതാ ആക്റ്റീവിസ്റ്റുകൾ ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചിരുന്നു.. എന്നാൽ virtual ലോകത്തു നിന്നു പോലും മുസ്ലിം സ്വരങ്ങൾ അപ്രത്യക്ഷമാവണമെന്ന സംഘപരിവാർ നയത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള ആപ്പുകൾ..

വിദ്യാർത്ഥി നേതാവായ ആയിഷ റെന്നയുടെ ഫേസ്ബുക് പോസ്റ്റിൽ സംഭവത്തെ സംബന്ധിച്ച് അവർ ഇങ്ങെനെ പറയുന്നു
“സത്യം പറഞ്ഞാൽ, ബുള്ളി ഭായ് ആപ്പിൽ എന്റെ പേര് കണ്ടതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. ഒരു ഇന്ത്യൻ മുസ്ലീമിന് സംഘപരിവാർ ഭരിക്കുന്ന രാജ്യത്ത് സമാധാനപരമായി ജീവിക്കുക അസാധ്യമായിരിക്കുന്നു.രാജ്യത്തെ മുസ്ലീം സ്ത്രീകളെ അപകീർത്തിപ്പെടുത്താനും മനുഷ്യത്വരഹിതമാക്കാനും മനോവീര്യം തകർക്കാനുമുള്ള ശ്രമമായി ഇതിനെ കാണാം. പൊതു ഇടങ്ങളിൽ നിന്ന് ശബ്ദമുയർത്തുന്ന മുസ്ലീം സ്ത്രീകളെ നിർബന്ധിതമായി തടയുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമെങ്കിൽ, ആ ശ്രമങ്ങൾ പാഴായിപ്പോകുകയാണെന്ന് ഞാൻ വ്യക്തമാക്കേണ്ടതുണ്ട്. പിന്നോട്ട് പോകാൻ ഞങ്ങൾക്ക് പദ്ധതിയില്ല. സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്താൻ ഞങ്ങൾ തീർച്ചയായും ഉണ്ടാകും.”
ഭരണഘടനയും ജനാധിപത്യവും അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മുസ്ലിം പുരുഷന്മാർ തല്ലികൊല്ലപ്പെടുകയും മുസ്ലിം സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ഓൺലൈനിൽ വിൽപ്പന ചരക്കുകളായി പ്രത്യക്ഷപ്പെടുമ്പോഴും അവയെ എല്ലാം സ്വാഭാവികതയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് നാമെത്ര നാൾ നിശബ്ദരാവും?ഇത് കേവലമൊരു സൈബർ അറ്റാക്കല്ല മറിച്ച് മുമ്പ് സംഘ് പരിവാറിന്റെ ത്വാതികാചാര്യന്മാർ പലരും എഴുതി വെച്ചിട്ടുള്ള റേപ്പ് കൾച്ചർ എന്ന പൊളിറ്റിക്കൽ ടൂളിന്റെ പ്രകടമായ ഉദാഹരണമാണ്. കോവിഡിന്റെ മറവിൽ ഫാസിസത്തിന്റെ പടവാൾ പ്രതികരിക്കുന്നവന്റെ നെഞ്ചിൽ കുത്തി കയറ്റുന്ന ഭരണകൂടത്തിന്റെ മുന്നിൽ ഇനിയും നിശബ്ദരായിക്കൂടാ.

ബോയ്സ് ലോക്കർ റൂം കേസുകളിലെ പോലെ, സ്ത്രീവിരുദ്ധതയുടെ, ആണാധികാരത്തിന്റെ, ലൈംഗിക ദാരിദ്ര്യത്തിന്റെ തലങ്ങൾ മാത്രമല്ല സുള്ളി ഡീൽസ്& ബുള്ളി ഭായ് വിഷയത്തിലുള്ളത്. ഇത് കൃത്യമായും സംഘപരിവാർ വംശീയ അജണ്ടയുടെ ഭാഗം തന്നെയാണ്… ആ രീതിയിൽ തന്നെ അഭിസംബോധന ചെയ്യപ്പെടേണ്ടതാണ്.