
പ്രതീകങ്ങളല്ല… ഹിന്ദുത്വ ഭരണകൂടത്തിന് സ്വത്വം തന്നെയാണ് പ്രശ്നം

ബാസില കെ
സംഘപരിവാർ കാലത്തെ മുസ്ലിം സ്ത്രീ (ഭാഗം 2)
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായി ആമുഖത്തിൽ പറയുന്നത്. ആർട്ടിക്കിൾ 25 പ്രകാരം ഓരോരുത്തർക്കും താൻ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഒപ്പം മത സമൂഹങ്ങളുടെയും വിവിധ ജനവിഭാഗങ്ങളുടെയും ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കപ്പെടണമെന്നാണ് ഭരണഘടനയുടെ താല്പര്യം.
കർണാടകയിലെ ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ മുസ്ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ പുറത്താക്കിയ സംഭവം രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് വെളിപ്പെടുത്തുന്നത്. ശിരോവസ്ത്രം സ്ഥാപനത്തിന്റെ ഡ്രസ്സ് കോഡ് ലംഘനമാണെന്നാണ് കോളേജിന്റെ വാദം. ക്ലാസിൽ പ്രവേശിക്കണമെങ്കിൽ ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാനാണ് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്ലിം വിദ്യാർഥിനികളുടെ ഭരണഘടനാവകാശത്തെ ശിരോവസ്ത്രത്തിനുമേൽ ഇസ്ലാമോഫോബിയ വളർത്തിയെടുക്കാനും ഇന്ത്യയിൽ തങ്ങളുടെ ഏകശില സംസ്കാരമേ വിലപ്പോവൂ എന്ന ഫാഷിസ്റ്റു സന്ദേശം സ്ഥാപിച്ചെടുക്കാനുമാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്.
ശിരോവസ്ത്രം ധരിക്കാനുള്ള ആവശ്യത്തിനു മറുപടിയെന്നോണം സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ കാവി ഷാൾ അണിഞ്ഞുകൊണ്ടു മറുകാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സംഘ്പരിവാർ.ഇതിനെതിരെ
ദളിത് വിദ്യാർത്ഥികൾ നീല ഷാൾ ധരിച്ച് ജയ് ഭീം ഉയർത്തി, ഹിജാബ് ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുമുണ്ടയി.
ജയ് ശ്രീരാം വിളിച്ച് പാഞ്ഞടുത്ത അക്രമാസക്തരായ ഒരു കൂട്ടം സംഘപരിവാർ ആൺപറ്റത്തിനു മുന്നിലൂടെ തക്ബീർ മുഴക്കി ആർജവത്തോടെ നടന്നുപോയ ആ ഹിജാബിട്ട പെൺകുട്ടി ഇന്ന് ധീരതയുടെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമാണ്.
അങ്ങേയറ്റം സംഘർഷപ്പെട്ടു ജീവിക്കുന്ന ഒരു സാമൂഹിക വിഭാഗത്തിന്റെ വേദനയും രോഷവും പ്രതിഷേധവും ആണ് മുസ്കാനിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. പക്ഷേ അവിടെ കോളിളക്കം സൃഷ്ടിച്ച പ്രധാന പ്രശ്നം ജയ് ശ്രീരാം വിളിച്ചവർക്കുനേരെ അവൾ ഉയർത്തിപ്പിടിച്ച അല്ലാഹു അക്ബർ ആയിരുന്നു എന്നതാണ് പേടിപ്പിക്കുന്ന മറ്റൊരു സത്യം. സ്വന്തം വിശ്വാസവും വസ്ത്രവും അടിച്ചമർത്തപ്പെടുമ്പോൾ തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുകയല്ലാതെ ഒരു വിശ്വാസിക്ക് ചെയ്യാൻ കഴിയുന്ന മറ്റെന്ത് പ്രതിരോധമാണുള്ളത്.
സിഖ് സമുദായം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന അവരുടെ കൃപാണം(കത്തി ) കൊണ്ടു നടക്കാനുള്ള അവകാശം അവരുടെ മതകീയ അവകാശത്തിൽ പെട്ടതാണ് എന്ന് ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൃപാണം മൂർച്ചയുള്ള ഒരു ആയുധമാണ്. അത് മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയിൽ കൊണ്ടു നടക്കാനുള്ള അവകാശമുണ്ട്. മൂർച്ചയുള്ള ഒരായുധത്തിന് പോലും മതവിശ്വാസത്തിന്റെ പേരിൽ വലിയ ബഹുമാനവും ആദരവും കൽപിക്കുകയും, അനുവാദം നൽകുകയും ചെയ്യുന്ന ഭരണകൂടങ്ങൾ പക്ഷേ മുസ്ലിം പെൺകുട്ടികളുടെ വിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് മതേതരത്വത്തിന്റെ പുറത്ത് നിർത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

ആർട്ടിക്കിൾ 11 പ്രകാരം അംഗീകരിക്കപ്പെട്ട മതിയായ ജീവിതനിലവാരത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ് മതപരമായ വസ്ത്രാവകാശം. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും ആർട്ടിക്കിൾ 25 പ്രകാരവും ഹിജാബ് അടക്കമുള്ള വസ്ത്രത്തിനുള്ള അവകാശം ഭരണകൂടത്തിന് തടയാനാവില്ല.
മതം അനുശാസിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നവരേയും താൻ മുസ്ലിമാണ് ഹിന്ദുവാണ് പറയുന്നവരെയെല്ലാം വർഗീയവാദികൾ ആയി മുദ്രകുത്തുന്ന പൊതുബോധത്തേയും അതിഭീകരമായി തന്നെ നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്.