
മോദിയുടെ വാക്സിൻ രാഷ്ട്രീയത്തെ കേരളം പ്രതിരോധിക്കുന്ന വിധം

ബഷീർ വള്ളിക്കുന്ന്
ഇന്ത്യയുടെ വാക്സിനേഷന്റെ ചരിത്രം ലോകത്തിലെ വലിയ ജനസംഖ്യയുള്ള ഒരു രാജ്യം നടത്തിയ രോഗപ്രതിരോധത്തിന്റെ ഐതിഹാസിക വിജയചരിത്രം കൂടിയാണ് . ആരോഗ്യപ്രവർത്തകരും അംഗനവാടി ടീച്ചർമാരും കുടിലുകളിലും കൂരകളിലും കയറിയിറങ്ങി കണക്കെടുപ്പുകളും കുത്തിവെപ്പുകളും നടത്തി നൂറ് കോടിയിലധികം മനുഷ്യരുള്ള ഒരു രാജ്യത്തെ മഹാമാരികൾക്കെതിരെയുള്ള രോഗപ്രതിരോധത്തിന്റെ ലോകമാതൃകമാക്കി മാറ്റിയ ചരിത്രമാണത്.
ജവാഹർലാൽ നെഹ്റുവിൽ തുടങ്ങി ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതിരുന്ന വലിയ മനുഷ്യരുടെ കാലടിപ്പാടുകൾ ഇന്ത്യയുടെ ആരോഗ്യചരിത്രത്തിലുണ്ട്. വസൂരി, കോളറ, ടി ബി, പോളിയോ തുടങ്ങി എല്ലാ കുത്തിവെപ്പുകളും സൗജന്യമായി നൽകി, ജനങ്ങളെ കൃത്യമായി ബോധവത്കരിച്ച്, സർക്കാർ മിഷിനറികളും സന്നദ്ധ സാമൂഹ്യ സംഘടനകളും തോളോട് തോൾ ചേർന്ന് നേടിയെടുത്ത ആരോഗ്യ ചരിത്രം ലോകരാജ്യങ്ങളുടെ പ്രതിരോധ ഭൂപടത്തിൽ എണ്ണം പറഞ്ഞ ഒന്നാണ്.

ആ ഇന്ത്യയാണ് ഇന്ന് ലോകം മുഴുക്കെ സൗജന്യമായി വാക്സിൻ നൽകുമ്പോൾ അതിന് കൊള്ളപ്പണം ഈടാക്കി മനുഷ്യരെ കൊലക്ക് കൊടുക്കാൻ ഒരുങ്ങുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ശവപ്പറമ്പുകളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന വാർത്തകൾ വരുന്നുണ്ട്. അപ്പോഴും വാക്സിന് കൊള്ളപ്പണം ഈടാക്കി കോർപ്പറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുയാണ് അവർക്ക് ദാസ്യവേല നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടം. ലോകത്തിന്റെ വാക്സിൻ ഹബ് എന്ന് ഇന്ത്യയെ സ്വയം പരിചയപ്പെടുത്തുമ്പോഴും സ്വന്തം ജനതക്ക് വാക്സിൻ നൽകാത്ത മനുഷ്യദ്രോഹികളുടെ ഭരണകൂടമായി മോദി സർക്കാർ മാറുകയാണ്.
ഒരുവർഷത്തിലേറെയായി ഈ മഹാമാരി ലോകത്തെ പിടിച്ചു ഞെരുക്കിയിട്ടും പ്രഥാമിക ജീവൻ നിലനിൽപിന് വേണ്ട ഓക്സിജൻ തയ്യാറാക്കുന്നതിന് പോലും ആസൂത്രണം നടത്താൻ കഴിയാത്ത പിടിപ്പുകേടിനെ നാം എന്ത് പേരിട്ട് വിളിക്കും.. ലോകത്തെ പല രാജ്യങ്ങളിലേക്കും ഓക്സിജൻ കയറ്റിയയച്ചിട്ടും സ്വന്തം ജനതക്ക് ശ്വാസവായു നൽകാൻ കഴിയാത്ത മനുഷ്യദ്രോഹികളെ എന്ത് പേരിട്ട് വിളിക്കും.

പിടിപ്പു കേടിന്റേയും മനുഷ്യത്വമില്ലായ്മയുടെയും നൈരന്തര്യം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോഴും കേരളമെന്ന തുരുത്ത് ഒരു തിരുത്തായി നിലനിൽക്കുന്നു എന്നത് എന്ത് മാത്രം ആശ്വാസകരമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിച്ചു, ഇവിടെ എല്ലാവര്ക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന്. അതിനുള്ള പണം ഈ സംസ്ഥാനം കണ്ടെത്തുമെന്ന്. മനുഷ്യരെ മരണത്തിന് വിട്ടു കൊടുക്കില്ലെന്ന്.
ഓക്സിജൻ ക്ഷാമം മുന്നിൽ കണ്ട് നേരത്തെതന്നെ അതിന് വേണ്ട മുന്നൊരുക്കങ്ങളും ഉത്പാദന സംവിധാനങ്ങളും തയ്യാറാക്കി കേരളം. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത് പ്രകാരം ഇന്നത്തെ അവസ്ഥയിൽ പ്രതിദിനം കേരളത്തിന് ആവശ്യമുള്ളത് 74.25 മെട്രിക് ടൺ ഓക്സിജൻ ആണ്, കേരളത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നത് 219.22 മെട്രിക് ടണ്ണും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രൂക്ഷമായ ഓക്സിജൻ പ്രതിസന്ധി നേരിടുമ്പോഴും ആവശ്യം കഴിഞ്ഞു മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാൻ കേരളത്തിന് സാധിക്കുന്നു. അതാണ് കഴിഞ്ഞ ആഴ്ചയിൽ ഡൽഹി ഹൈക്കോടതി കേരള മാതൃകയെന്ന് പേരെടുത്ത് പറഞ്ഞു പ്രശംസിച്ചത്.
കേരളം പ്രതിരോധത്തിന്റെ മറ്റൊരു ജനകീയ മാതൃക കൂടി കാണിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ അതൊരു തരംഗമായി മാറുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ കൂട്ടത്തോടെ പണം സംഭാവന ചെയ്യുന്ന ക്യാമ്പയിൻ കാറ്റ് പിടിച്ചു വരുന്നു. കേന്ദ്രത്തിന്റെ കഴുത്തറപ്പൻ നയങ്ങൾക്കെതിരെ സൗജന്യ വാക്സിൻ നൽകി പ്രതിരോധം തീർക്കുന്ന സംസ്ഥാന സർക്കാരിനെ നെഞ്ചോട് ചേർത്ത് പിടിച്ചു നിർത്താൻ സാധാരണ മനുഷ്യർ അവരുടെ വിഹിതം നൽകുന്ന അതിമനോഹരമായ കാഴ്ച. മണിക്കൂറുകൾ കൊണ്ട് സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദശലക്ഷങ്ങളാണ് പാവപെട്ട മനുഷ്യർ സംഭാവനയായി നൽകിയത്, ആ ഒഴുക്ക് തുടരുകയാണ്. സർക്കാരിനൊപ്പം നിന്ന് കൊണ്ടുള്ള ഈ ജനകീയ ജാഗ്രത ഒരു പ്രതിരോധം കൂടിയാണ്, ഇന്ത്യയുടെ ആരോഗ്യചരിത്രത്തെ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വിറ്റ് തുലക്കാൻ ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ കൊച്ച് തുരുത്ത് സമ്മതിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണത്.

ഈ മഹാമാരിയെ കേരളം അതിജീവിക്കും. മഹാമാരിയെ മാത്രമല്ല, അതിനേക്കാൾ അപകടകാരിയായ ഫാസിസത്തേയും കേരളം അതിജീവിക്കും. അതിജീവിച്ചു മുന്നോട്ട് പോകാനും ചെറുത്ത് നിൽപ്പിന്റെ പ്രതിരോധം തീർക്കാനും ഇന്ത്യക്ക് കരുത്ത് പകരാൻ കേരളം മുന്നിലുണ്ടാകും. വേറിട്ടൊരു ജനതയാണത്. അങ്ങനെയങ് തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത മനുഷ്യരാണ് അവിടെ ജീവിക്കുന്നത്.