
ചുവന്നതെരുവ് എഴുതുന്ന കവിത

ബഷീര്‍ മുളിവയല്‍
ചുവന്ന തെരുവ് എഴുതുന്നകവിതയുടെ തുടക്കും എന്തായിരിക്കും!
തൂങ്ങിയാടുന്ന മുല റൗക്കക്കുള്ളില് ഉയര്‍ത്തി നിറുത്തി
നെഞ്ചുന്തിച്ചു നില്ക്കുന്ന പ്രായമുള്ള വളോ,
പൂമൊട്ട് പോലെ വിരിഞ്ഞ
മാറിടം പാതികാട്ടി ദുപ്പട്ടയിട്ടൊരുങ്ങി നില്ക്കുന്ന കൗമാരക്കാരിയോ?
കണ്ണുകളില്‍ കാമത്തിന്റെ ശൂലമുന കൂര്‍പ്പിച്ചുവെച്ചു
ചുണ്ടില്‍ മീട്ടാപ്പാനിന്റെ
ചെഞ്ചോരയൊലിപ്പിക്കുന്ന മദാലസ യൗവ്വനമോ ?
ആ കവിത
ആര്‍ക്ക് നേരെയാകും
പ്രതിഷേധത്തിന്റെ മുഷ്ടിചുരുട്ടുക
പെണ്ണുടലുകളെ വില്പനക്ക് വെച്ച് നിസ്സംഗതയുടെ കറുത്ത കണ്ണടയിട്ട ഭരണകൂട
മുതലാളി മാര്ക്കെതിരെയോ?
പെണ്ണിനെ തനിക്ക്
ഉഴുതുമറിക്കാനും,
വിത്തെറിയാനും
കായ്കനികള്‍ ഭുജിക്കാനുമുള്ള മണ്ണെന്നു കരുതിയവന് നേരെയോ?

ചുവന്ന തെരുവിന്റെ കവിതയെ അശ്ലീലം എന്ന് ജനിക്കും മുന്നേ ചില നിരൂപകര്‍ വിധി എഴുതിയേക്കാം,
കവിതയിലെ വരികള്‍ക്കിടയില്‍ തന്റെ മുഖം ഉണ്ടെങ്കിലോ എന്ന് ഭയന്ന് ചിലര്‍ നിരോധിച്ചേക്കാം
എത്ര മനോഹരമായ വര്‍ണ്ണനകള്‍ കൊണ്ട് മൂടിയാലും ചുവന്നതെരുവെഴുതിയ കവിതയില്‍ ചില വാക്കുകളില്‍ നിസ്സഹായത നിഴലിട്ടത് കാണാം
എത്ര ബിംബങ്ങള്‍ കൊണ്ടലങ്കരിച്ചാലും
ചിലയിടത്തെങ്കിലും
ഭാഷ പരുക്കാനായിപ്പോകും!
എത്ര സുന്ദരവൃത്തത്തിലും , താളത്തിലും എഴുതാന്‍ ശ്രമിച്ചാലും
താളപ്പിഴകള്‍ വന്നു കൊണ്ടേയിരിക്കും
ചുവന്ന തെരുവിന്റെ കവിത ആര്‍ക്കും എളുപ്പത്തില്‍ വായിച്ചു മനസിലാക്കാനാകില്ല
അതിന്റെ ആഴവും, പരപ്പും സമുദ്രത്തേക്കാള്‍ വിശാലമാണ്
അത്രമാത്രം അനുഭവങ്ങളുടെ കനല് കട്ടകള്‍ പേറിയാണ് ചുവന്ന തെരുവ് ജീവിക്കുന്നത്
ആ തീ പകര്‍ന്ന കവിത
തൊട്ടാല്‍ പൊള്ളാതിരിക്കുമോ?