
ഭയം

അവിനാശ് ഉദയഭാനു
ഇത്
കല്ലുകളുടെ ഒരു കിഴവന് പാത
ചുളിഞ്ഞുണങ്ങിയ തൊലിപ്പുറം
നനച്ചൊഴുകും വിയര്പ്പുറവകള്.
വശങ്ങളില് പാറുന്നു
പച്ച വറ്റി നരച്ച മുടിനാരുകള്‍
തോളുകളുയര്‍ത്തി ചുമച്ചാല്‍
പല്ലുകള്‍ കൊഴിഞ്ഞ് വീഴുന്ന
ദുര്‍ബലമായ തുറന്ന മോണ.

ഈ വണ്ടി,
ചക്രങ്ങളുടെ ഒരു വീട്.
ചിതറിത്തെറിച്ചോടാനുള്ള
കുഞ്ഞുചക്രങ്ങളുടെ പരിശ്രമങ്ങളെ
വിരല്‍ത്തുമ്പ് മുറുക്കിയും
ചെവിക്ക് പിടിച്ചും
നിയന്ത്രിക്കുന്ന തള്ളച്ചക്രം.
ചവിട്ടിയകറ്റിയാലും
അരുമയായി കാല്പ്പാദങ്ങളിലുരുമ്മുന്ന
വളര്‍ത്തു പെഡലുകള്‍.
ഭയം
തിരിച്ചറിയല്‍ രേഖകള്‍
എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥി.
അതിന്റെ പലായനത്തിന്റെ പാത
ഉടല്, ഒരു പെന്‍ഡുലം.