
ഇരുട്ടില്‍

അവിനാശ് ഉദയഭാനു
ഇരുട്ടായിരുന്നു.
മുറിയിലൊറ്റക്കായിരുന്നു.
കത്തിത്തീര്‍ന്ന തിരിയെ
മെഴുകറയിലടക്കി
മേശക്കാലുകള്‍
മുട്ടുകുത്തി പ്രാര്‍ത്ഥിക്കവേ
നാടോര്‍മ്മ വന്നു
നാട്ടിലെ പള്ളിയും.

മാനാഞ്ചിറപ്പള്ളിയുടെ കീശയില്‍
കുത്തിവെച്ച പേനകള്‍ പോലെ
നിരന്നിരിക്കുന്ന ചെരുപ്പുകുത്തികള്‍.
തുകലിലെ
തുന്നു വേണ്ടുന്ന മുറിവുകളിലേക്ക്
കരുണാര്‍ദ്രമായി നീളുന്ന
അവരുടെ നോട്ടക്കൂര്പ്പ്.
വാതില്‍ തുറന്ന് പുറത്തിറങ്ങി.
മാനത്ത്
നൂല് കോര്‍ത്ത്
തെളിഞ്ഞു നില്ക്കുന്ന
സൂചിമുന.
ചെരിപ്പുകള്‍ അഴിച്ചു നല്കി
പ്രപഞ്ചം
കരിയിലകള്‍ക്ക് മേലെ
പതുക്കെ നടന്നു.