
ജ്ഞാനത്തിന്റെയും പ്രതിഷേധത്തിന്റെയും ജ്വാലാമുഖം

വിശ്വനാഥ്
“ചിത്രം മൂകമായ കവിതയും കവിത മൊഴിയുന്ന ചിത്രവുമാണ് ” – സിമോണൈഡ്സ്
ആദില കബീറിന്റെ “അവർണ്ണ ” എന്ന പുതിയ കവിതാസമാഹാരത്തിന്റെ മുഖചിത്രം ഈ ചിന്തയാണ് മനസ്സിലേക്ക് കൊണ്ട് വന്നത്. കവിതയെക്കുറിച്ചല്ലെങ്കിലും സെയിന്റ് അഗസ്റ്റിൻ പറഞ്ഞത് പ്രസക്തമാണ്.
“നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിൽ, എനിക്കറിയാം; നിങ്ങൾ ചോദിച്ചാൽ, എനിക്കറിയില്ല.”
കവിതയെ ഇങ്ങിനെയൊക്കെയേ നിർവ്വചിക്കാനാവൂ. കവിയുടെ മാനസികമായ പ്രകമ്പനങ്ങൾ ഭാഷയുടെ അകമ്പടിയോടെ പുതുരൂപം പ്രാപിക്കുന്നു. .കവിതകൾ ധാരാളമായി എഴുതപ്പെടുന്ന കാലമാണിത് (ആഴത്തിൽ വായിക്കപ്പെടുന്നുണ്ടോ എന്നത് ചർച്ചാവിഷയം ആണ് ). നവീനമായ ഭാഷയിലും ശൈലിയിലുമൊക്കെ വിചിത്രമായ ധാരാളം സാഹസികപരീക്ഷണങ്ങൾ നടത്തുന്നു എന്നതും ശ്രദ്ധിക്കണം. കവിതയുടെ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ചുവടു വയ്പ്പ് എന്ന നിലയിലാണ് ഇതിനെ നാം കാണേണ്ടത്.
കാലത്തിനൊപ്പം വെറുതെ സഞ്ചരിക്കുകയല്ല കവി, സമാന്തരമായ ഒരു കാലം സൃഷ്ടിക്കുക കൂടിയാണ്. തന്റെ ചുറ്റുമുള്ള മനുഷ്യരെ തന്മയീഭാവത്തോടെ നിരീക്ഷിക്കുവാനും ഒപ്പം നിൽക്കാനുമുള്ള മനസ്സാണ് കവിയെ കൂടുതൽ പ്രകാശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ്, മതത്തേക്കാളും തത്വചിന്തയേക്കാളും ഔന്നത്യത്തൽ കവിതയെ പീഠമിട്ട് ഇരുത്തുവാൻ മാത്യു ആർനോൾഡിനെപ്പോലെയുള്ളവർ തയ്യാറായത്. ഇവിടെ, ആത്മനിഷ്ഠമായ ചിന്താപടലങ്ങളിൽ ഒരു തീർത്ഥയാത്ര നടത്തിയാണ് ആദില കവിതകളെ ആനയിക്കുന്നത്.
“The art of uniting pleasure with truth by calling imagination to the help of reason” എന്ന് കവിതയെക്കുറിച്ചു ജോൺസൻ പറഞ്ഞിട്ടുണ്ട് . സുന്ദരമായ നിരീക്ഷണമാണിത്. ആദിലയുടെ കാവ്യലോകത്തെ ഈ നിരീക്ഷണത്തിൽ അല്പം മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
. “The art of uniting awareness with empathy by calling reality to the help of creation.”

“അവർണ്ണ ” ആദിലയുടെ മൂന്നാമത്തെ പുസ്തകമാണ്. 41 കവിതകളുടെ സമാഹാരം. ശ്രദ്ധാപൂർവ്വം സമീപിക്കേണ്ട ധാരാളം കവിതകൾ ഇതിലുണ്ട്. പുതുകവിതകളുടെ പൊതുസവിശേഷതയായി പരാമർശിക്കാറുള്ള സങ്കീർണ്ണതയും വൈചിത്ര്യവും ഒന്നും ആദിലയുടെ കവിതകളിൽ ഇല്ല എന്നത് സാധാരണ വായനക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന സുവിശേഷമാണ്. വായനക്കാരെക്കൂടി കണ്ടുകൊണ്ടാണ് രചനകൾ സംഭവിച്ചത് എന്നറിയുന്നത് ഒരു നിറവാണ്.
സൗന്ദര്യത്തിനു നാം നൽകുന്ന നിർവ്വചനങ്ങൾ പലതാണ്. അവർണ്ണ എന്ന ആദ്യ കവിത തുടങ്ങിയപ്പോൾ മനസ്സിൽ വന്നത് “സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പു വച്ചിട്ടില്ല ” എന്ന കല്പറ്റ നാരായണന്റെ വാക്കുകളാണ്. സകല ജീവജാലങ്ങളും തുല്യവേദനയിലൂടെയും ആനന്ദത്തിലൂടെയും കടന്നു പോകുന്ന നിമിഷമാണ് പുതുജീവന്റെ പിറവി എന്നത്. തന്റെ ജ്ഞാനവും ചിന്തയും ഒക്കെ അടുത്ത ജീവന് വേണ്ടി പകർന്നു നൽകുന്ന ആ നിമിഷം, നമ്മിൽ നിന്നും പുതിയൊരു നമ്മെ സൃഷ്ടിക്കുന്ന ഈശ്വരത്വം.
അവർണ്ണയുടെ ഈ നിമിഷം ആദില എഴുതുന്നത് ഇങ്ങിനെ ..
“കവച്ചേ കാൽ വച്ചിരിക്കു ,
ന്നിടുക്കിൽ നിന്നൊരു കുഞ്ഞിൻ
തല മാത്രം തെറിച്ചിട്ടീ
പുറം ലോകം മണക്കുന്നൂ .
‘പുലയാടി പെറാൻ കണ്ടൊരിടം കണ്ടോ ?’ കടക്കാരൻ
‘പട്ടി ചത്താലെന്തിനിത്രക്കാള് കൂടാൻ ?’ പോലീസേമാൻ “
റോഡരികിൽ പിടയുന്ന ഒരു മനുഷ്യസ്ത്രീയെ ഈ നെറികെട്ട സമൂഹം കാണുന്നത് ഇങ്ങിനെയൊക്കെയെന്ന് കവി. ദിവസവും കാണുന്ന നൂറു കണക്കിന് ദൃശ്യങ്ങളിൽ ഒന്ന് മാത്രമാണ് സാധാരണക്കാരന്, എന്നാൽ ഓരോ ദൃശ്യവും കവിയുടെ മനസ്സിലേക്ക് ചുട്ടു പഴുത്ത ലാവയാണ് കോരിയൊഴിക്കുന്നത്. അത് അവസാനിക്കുന്നില്ല, ദൃശ്യങ്ങളുടെ ഈ നിലക്കാത്ത പ്രവാഹം കവിക്ക് സദാ വേദന മാത്രമാണ് നൽകുന്നത്. ആ വേദനയെ തന്റെ ഭാഷയുടെ ഭാഗമാക്കി കവി നമുക്ക് നൽകുന്നു.
“മനോഹരി, മദാലസ, മാദകതേൻ തുളുമ്പുന്നോൾ
ചണച്ചൂടിൽ പൊതിഞ്ഞിട്ടാണവൾ നിത്യം മയങ്ങുന്നോൾ “
എന്ന് എഴുതുമ്പോൾ കൃത്രിമമായും യാന്ത്രികമായും സൃഷ്ടിക്കുന്ന സൗന്ദര്യത്തിന്റെ ഭാവനാഭൂമികയിൽ നിന്നും യാഥാർഥ്യത്തിന്റെ വനങ്ങളിലേക്ക് അവർണ്ണയെ കൂട്ടിക്കൊണ്ടു വരുന്ന കവിയെ നമുക്ക് കാണാം. തഴയപ്പെട്ട , വെറുക്കപ്പെട്ട , ഒറ്റപ്പെട്ട അവർണ്ണ. അവളിലും ദേവിയുണ്ടെന്ന് എന്തെ മനുഷ്യർ അറിയാതെ പോകുന്നു?. വേദനയുടെ വർഷങ്ങളിലൂടെ കടന്നു പോകുവാൻ വിധിക്കപ്പെട്ട അവളുടെ കുഞ്ഞ് മുലപ്പാലിന്റെ സ്വാദറിയാതെ, അടുത്ത അവർണ്ണയായി തെരുവിലേക്ക്…
വന്യമായ സ്വാതന്ത്ര്യത്തിന്റെ പുച്ഛരസമാണ് “കാട്ടുപൂക്കൾ ” എന്ന കവിതയിലുള്ളത്. പൂക്കൾ ഇവിടെ ചിലത് പറയാനുള്ള മാധ്യമങ്ങൾ മാത്രമാകുന്നു. സമൂഹം പ്രതീക്ഷിക്കുന്നത് പോലെ, അനുസരണയോടെ, വിധേയത്ത്വത്തോടെ ജീവിക്കുന്ന മനുഷ്യൻ “റീത്തിൽ ചത്തിരിക്കുന്ന ” പൂക്കൾക്ക് സമമാണ്. “കരുതി വയ്ക്കപ്പെടുന്ന പൂക്കൾ, നിർഭാഗ്യത്തിന്റെ നിറഭേദങ്ങൾ ” എന്ന പ്രയോഗത്തിൽ ഈ ആശയം വേഷം മാറി പ്രത്യക്ഷപ്പെടുന്നത് കാണാം. ബാഹ്യമായ കെട്ടുകാഴ്ചകളിൽ അഭിരമിക്കാതെ, തന്റെ വന്യസ്ഥലിയിൽ, സ്വാതന്ത്ര്യത്തോടെ, ധിഷണയോടെ, ബൗദ്ധികമായ സത്യസന്ധതയോടെ ജീവിക്കുന്ന കലാപകാരിയായ ജൈവമനുഷ്യൻ കാട്ടുപൂക്കളോട് ചേർന്നിരിക്കുന്നു. അതാണ് “കാട്ടിലാണെങ്കിലും കൂട്ടിലല്ല ഞങ്ങൾ, വിലയിടിഞ്ഞാലും വീണ്ടും പൂക്കുന്നവർ ” എന്ന് കാട്ടുപൂക്കൾ പറയുന്നത്.
അതിശക്തവും അതിലോലവുമായ വിചാരലോകങ്ങളുടെ ഉന്മാദപൂർണമായ സമന്വയമാണ് “കെട്ടിത്തൂക്കുന്നവരെപ്പറ്റി ” എന്ന രചന, ന്യായാധിപന്റെയും ആരാച്ചാരുടെയും മനസ്സുകളിലൂടെ സഞ്ചരിച്ച പല കൃതികളും ഉണ്ടാവാം. തൂങ്ങിയാടിയവരെപ്പറ്റി അധികം വായിച്ചിട്ടില്ല. കേവലമായ ശരീരനാശത്തോടുള്ള കവിയുടെ പ്രതികരണമല്ല ഇവിടെ വായിക്കുന്നത്. ഭീകരമായ ആ അവസാനനിമിഷങ്ങളെ നിഷ്കളങ്കത കലർന്ന വിറയലോടെയാണ് ആദില ആവിഷ്കരിക്കുന്നത്.
” ഊഞ്ഞാലയിലല്ലാതെ
ആടിക്കളിക്കുന്നതിന്റെ രസത്തിൽ
ഒറ്റയ്ക്ക് ചിരിച്ചു മണ്ണു കപ്പിക്കാണും .
കയറു പൊട്ടിത്താഴെവീഴുമ്പോ
ഇറങ്ങിയോടിക്കളയണമെന്നോ ,
ഇണങ്ങുന്നൊരു കയറു വേണമെന്നോ
കരയും പോലെ കൊതിച്ചിട്ടുണ്ടാവും ..”
പ്രചണ്ഡമായ വേഗതയോടെ വായനക്കാരന്റെ ആത്മാവിലേക്ക് പാഞ്ഞു വരുന്ന രാക്ഷസപ്പല്ലുള്ള ചക്രങ്ങൾ പോലെയാണീ വരികൾ. ഭാഷയിലും ശൈലിയിലും ആദില നടത്തുന്ന ഈ കാടൻ നൃത്തം നമ്മെ ഭ്രമിപ്പിക്കും.
“കെട്ടാൻ പോകുന്ന കയറിനെ
കെട്ടുന്ന നേരത്തു മാത്രം കാട്ടുന്ന
ഏകപക്ഷീയതയിൽ പരിഭവിച്ച് ,
നേരത്തെയൊന്ന് കയ്യിൽ കിട്ടിയെങ്കിലെന്ന് ആശിച്ചിരിക്കും.”
കയറു നേരത്തെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന് മാത്രമേ നമുക്ക് ആലോചിക്കാൻ കഴിയൂ. എന്നാൽ അടുത്ത നിമിഷം ഇല്ലാതാകാൻ പോകുന്ന തന്റെ അസ്തിത്വം അയാളെ ഇങ്ങിനെയൊക്കെയാവും പീഡിപ്പിച്ചു രസിക്കുന്നത്. അയുക്തിയുടെയും ഉന്മാദത്തിന്റെയും ദൃശ്യങ്ങൾ ആ മനസ്സിൽ മിന്നി മറയും. കാലത്തിന്റെ സുരക്ഷിതമേഖലയിലാണ് നമ്മൾ, ആ ജീവനാകട്ടെ കാലം കൈവിട്ട അസത്തും.
“കെട്ടിത്തൂക്കാൻ പോകുന്നവർ
പിന്നെന്തൊക്കെ കരുതുമെന്നാണ്
നിങ്ങൾക്ക് തോന്നുന്നത് ?”
വേദനയുടെ നിമിഷങ്ങളെ, വല്ലാതെ താമസിച്ചു പോയ പശ്ചാത്താപത്തിന്റെ കണ്ണീർക്കണങ്ങളെ, ആ കയറിന് മുന്നിൽ അനാവരണം ചെയ്യുന്ന കവി. ഒരു നിമിഷം ആ കുരുക്കിന് മുന്നിൽ വായനക്കാരനും വിറങ്ങലിച്ചു നിൽക്കും. അത് തന്നെയാണ് ഈ കവിതയുടെ ഉജ്വലമായ ക്രാഫ്റ്റ്.
ലളിതമായ ഒരു രചനയാണ് “പാവം നീ കവിതേ “.
“എത്ര തുണിയുടുപ്പിച്ചിട്ടും നാണം
മറയാത്തവൾ , പെറ്റു ഞാനെന്നറിഞ്ഞിട്ടും
പൊക്കിൾക്കൊടിയറ്റു പോകാത്തവൾ “
കവിതയുടെ നഗ്നതയാണ് അതിന്റെ സൗന്ദര്യം, അതിന്റെ കരുത്ത്. ഭാഷയിൽ സ്നാനം ചെയ്ത്, അലങ്കാരങ്ങളൊക്കെ ചാർത്തി, കവികൾ കവിതയെ പ്രദർശിപ്പിക്കുന്നു. എന്നാൽ ഒരിക്കലും കവികൾക്ക് പിടികൊടുക്കാത്ത കുരുത്തം കെട്ട ഒരു ജന്മമാണ് കവിത. അതിന്റെ മൗലികത കാത്തുസൂക്ഷിക്കുവാൻ കവികളുടെ സഹായം ആവശ്യമില്ല.
കവിതയിൽ , ആ പ്രളയത്തിൽ , മുങ്ങി മരിക്കണം എന്നാണ് കവിയുടെ ആഗ്രഹം . “നെറി കെട്ട കവി” യുടെ തപസ്സ് അനന്തമായി നീളുന്നു.(നിലവാരം കുറഞ്ഞ ചില കവിതകളെ, പരിഹാസ്യമായ പ്രദർശനപരതയോടെ ഉയർത്തിപ്പിടിക്കുന്ന ചില കവികളെ കാണുമ്പോഴും ആ കവിതകൾ വായിക്കുമ്പോഴും, എനിക്ക് പറയാൻ തോന്നിയിട്ടുണ്ട് ..”പാവം നീ കവിതേ …”)
ഒരു കൂടം പോലെ സമൂഹത്തിന്റെ സങ്കുചിതമായ ബോധത്തിലേക്ക് പതിക്കുന്ന രചനയാണ് “ആയുഷ്മാൻ ഭവതി.” എങ്ങനെയാവണം സ്ത്രീ എന്ന് സമൂഹം എഴുതി വച്ചിട്ടുണ്ട് (പുരുഷന് അങ്ങിനെയൊന്നും ഇല്ലല്ലോ )
എക്കാലവും കലാപത്തിന്റെയും മാറ്റത്തിന്റെയും ദിശകളിലേക്ക് തിരിയുന്ന കവിയുടെ യാനം ഇവിടെയും പതിവ് തെറ്റിച്ചിട്ടില്ല.
“പെണ്ണേ ..
നിന്റെ നിലപാടുകളോടല്ല ,
നിലവിളികളോടാണ് ഞങ്ങൾക്ക് ഹരം .
ഒഴുകുന്ന കണ്ണുനീരിനെ
കവിതയാക്കുന്നതിലാണ് ഏറെ സുഖം ..
ആയതിനാൽ അഭിപ്രായങ്ങൾ
അടുക്കളവാതിലുവഴി ഒഴിച്ച് കളയുക
പൂമുഖവാതിൽക്കൽ പൂന്തിങ്കളാവുക ..
എണ്ണ വറ്റാതെ എരിഞ്ഞു കത്തുക ..
ആയുഷ്മാൻ ഭവതി.”
യാഥാസ്ഥിതികമായ ചിന്തയുള്ള കവിയെക്കാൾ അപകടകാരിയായി ആരുമില്ല തന്റെ അടഞ്ഞ വീടിനുള്ളിൽ, പഴഞ്ചൻ ഭാഷയിലും ശൈലിയിലും ആശയങ്ങളിലും, സ്വയം അഴുകി ജീർണ്ണിച്ചു ഇല്ലാതാകുന്ന കവി പുതുകവികൾ ആ ഗണത്തിൽ ഏതായാലും പെടുന്നില്ല .ഇവിടെ പുതിയ കാലത്തിലും സ്ത്രീ നേരിടുന്ന യാതനകളെ കവി ലളിതമായി ചിത്രീകരിക്കുന്നു.
“ഒഴുകുന്ന കണ്ണുനീരിനെ കവിതയാക്കുന്നതിലാണ് ഏറെ സുഖം ” എന്ന ചിന്ത പലർക്കുമുള്ള ഉണർത്തുപാട്ടാണ് (ഉണരാൻ സാധ്യത ഇല്ലെങ്കിലും ). സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും പീഡനങ്ങളുമൊക്കെ അടുത്ത ഒരാഴ്ചത്തേക്കുള്ള ഫേസ്ബുക് പോസ്റ്റുകളിൽ മാത്രമായി ചുരുങ്ങുന്ന, ദുർബലമായ പ്രതിഷേധങ്ങളെ ആക്രമിക്കുകയാണ് കവി . സൈബർ ലോകത്തിലെ യാന്ത്രികമായ പ്രതിഷേധങ്ങൾക്ക് ആയുസ്സ് എത്രയുണ്ടെന്ന് നമുക്കറിയാമല്ലോ?
ഭാവനയുടെ സമുദ്രങ്ങളെ കുടിച്ചു വറ്റിക്കുവാനും സർഗ്ഗാത്മകതയുടെ വനങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാനും കവി തയ്യാറാവുന്നു. ഈ വരികൾ അതിന്റെ സാക്ഷ്യങ്ങളാണ്.
“നോവ് കടിച്ചു പൊട്ടിച്ച്
വലിച്ചു കുടിക്കുന്ന അട്ടയാകണം ,
ഓരോ മുറിവിലും ഊറിക്കൂടുന്ന
സ്നേഹത്തിന്റെ കറുത്ത കൊഴുപ്പ് കുടിച്ച്
ഉന്മാദത്തിന്റെ ഏങ്ങലടിക്കണം.”(അട്ട )
“പട്ടിണി മാത്രം തിന്നു മയങ്ങും
കുട്ടികളെ തീ നക്കീടാം ,
ഉയരും നാവുകളമ്പലനടയിൽ
അറ്റു പിടഞ്ഞു നിലച്ചീടാം.”
“മടിയാണ് ദൈവമുറങ്ങും മുറിയിൽ
ശാസ്ത്രത്തിന്റെ കടം പറയാം .
കണ്ണ് തിരുമ്മിയുണർന്നാലുടനടി
നൽകാം വിപ്ലവനാരായം “(ജാഗ്രതൈ )
ഉറങ്ങുന്ന ദൈവത്തിനു വിപ്ലവനാരായം നൽകുവാൻ കവിക്ക് മാത്രമേ സാധിക്കൂ.
ബാല്യ -കൗമാരങ്ങളുടെ ആനന്ദക്കാഴ്ചകളിൽ നിന്നും നരകം മണക്കുന്ന അഗ്നിപുത്രിയായി ഇല്ലാതായ ജീന ! “പഴകിയ വെന്തിറച്ചി മൂക്കിൽ പറ്റിയിരിക്കുംപോലെ നീയിങ്ങിനെ ഇപ്പോഴും !!!”(ഗന്ധകജീന )
ആത്മവിമർശനം നടത്തുന്ന ദുർബലനായ മനുഷ്യജീവിയുടെ പിറുപിറുക്കലുകളാണ് “തിരക്ക് ” എന്ന രചന. വിചിത്രവും ഗംഭീരവുമായ ആശയലോകത്തെ വായനക്കാരനിലേക്ക് പകരുന്ന കവി .
“തൊണ്ടക്കുഴിയിൽ നിന്ന് കൊളുത്തൂരിയെടുത്ത്
നാക്കു വലിച്ചു പുറത്തിടണം .
രണ്ടു ദിവസം വെള്ളത്തിലിട്ടു വെച്ചു ,
ഒരാഴ്ചത്തെ വൃത്തികേടുകൾ
ഉരച്ചു കഴുകണം’’
“വിരലഞ്ചും അടർത്തി
അറേബ്യനത്തറിൽ മുക്കി
ചോരനാറ്റം തോൽപ്പിച്ച്
തിരിച്ചു മടക്കി വെക്കണം .
കണ്ണൂരിയെടുത്ത്
കണ്ടില്ലെന്നു നടിച്ചു ട്രാഷിലിട്ട്
ആസുരക്കാഴ്ചകൾ ക്ളോസറ്റിലിട്ടു ഫ്ലഷ് അടിക്കണം ..”
ഭാരതത്തെ ഭോഗിച്ച് നശിപ്പിക്കുന്ന അധികാരത്തിന്റെ ആശയസംഹിതകളെ അവജ്ഞയോടെ ചൂണ്ടിക്കാട്ടുന്ന കവിയാണ് “നമോവാകം ” എന്ന രചനയിലുള്ളത്. “ഭക്തിയാണാകെ ഭരിക്കാൻ കിട്ടിയ ഭാഷയെന്നതും നേരു തന്നെ ” എന്നതിൽ എല്ലാമുണ്ട്. സങ്കുചിതമായ ദേശീയതയുടെ ദുർബലമായ ആധാരശിലകളെ തച്ചുടക്കേണ്ട കാലം സമാഗതമായി എന്നും കവിയിലെ മനുഷ്യൻ ഓർമിപ്പിക്കുന്നു. കൊന്നിട്ട് കൊള്ള ചെയ്യുന്നവനാണോ, മയക്കിക്കിടത്തി കൊള്ള ചെയ്യുന്നവനാണോ ഭേദം എന്ന വിചിത്രമായ ചിന്തയാവരുത് ജനാധിപത്യത്തിന്റെ സിംഹാസനങ്ങളിൽ ഇരിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
ഗൃഹാതുരമായ കാലത്തിന്റെ എതിർദിശയിൽ നിൽക്കുന്ന പ്രകൃതി നാശത്തിന്റെയും വൈകൃതങ്ങളുടെയും ഇന്നിനെ വേദനയോടെ കാണുന്ന കവിയാണ് “നഷ്ടം ” എന്ന കവിതയിൽ ഉള്ളത്.
കാടിനു നൽകേണ്ട കളർ കോമ്പിനേഷൻ എന്താണെന്ന് അഞ്ചു വയസ്സുള്ള കുട്ടി ചോദിക്കുമ്പോൾ അമ്മയ്ക്കുണ്ടാവുന്നത് ഞെട്ടലല്ല ,ഒരു തരം മരവിപ്പാണ്.
ഈ സമാഹാരത്തിലെ ശക്തമായ രചന “കരളുകറി -സീക്രെട് റെസിപ്പീ ” ആണ് . കാവ്യശരീരത്തെ തെരഞ്ഞെടുക്കുന്നത് ഒരു കലയാണെന്ന് പറയാറുണ്ട്. ഇവിടെ മനുഷ്യന്റെ മനസ്സിന്റെ സഹസ്രദളങ്ങളെയും വിടർത്തികാട്ടുവാൻ വിചിത്രമായ ഘടനയാണ് കവി ഉപയോഗിക്കുന്നത്.
“ചേരുവകൾ
ഇനം 1
കുഴിച്ചു മൂടിയ സ്വപ്നങ്ങൾ -2 കിലോഗ്രാം
നഷ്ടപ്രതീക്ഷകൾ – 1 കിലോഗ്രാം
നോവ് (ആഴത്തിലുള്ളത് ) – 500 ഗ്രാം
നഷ്ടബോധം (തോതനുസരിച്ച് )
ഇങ്ങിനെ പോകുന്നു കരളിന്റെ റസിപ്പീ ..
പാതകം ചെയ്യുന്ന വിധം.( പാചകം ചെയ്യുന്ന വിധം എന്നതിനെ കവി ധിക്കാരത്തോടെ മറിച്ചിടുന്നു)
പ്രതീക്ഷകളും സ്വപ്നങ്ങളും കൊത്തി നുറുക്കി
തിളയ്ക്കുന്ന തലയോട്ടിയിൽ
ആയുഷ്കാലം മുഴുവൻ അടച്ചു വെക്കണം .
അടിക്കു പിടിക്കാതിരിക്കാൻ ,ഇനം രണ്ട് ,
നിരാശയും നിസ്സംഗതയും നിസ്സഹായതയും
അനുസരണയെണ്ണയിൽ മൂപ്പിച്ചത്
ഇതിൽ ചേർത്തിളക്കാം..
തലച്ചോറു പിളർന്ന് ഒരലർച്ച കേൾക്കുമ്പോൾ
നോവും നഷ്ടബോധവും ചേർത്തോളൂ ..”
“ആർക്കും അവകാശപ്പെടാനില്ലാത്ത ഒരപൂർവ്വ ഡിഷ് തയ്യാറായിക്കഴിഞ്ഞു .നാട്ടുകാരുടെ നാക്കിലയിൽ
വീട്ടുകാരുടെ അഭിമാനപാത്രങ്ങളിൽ
അച്ചടക്കരൂപിണിയായി വിളമ്പൂ ..
സ്തുതിപാഠകരുടെ രുചിമുകുളങ്ങളിൽ
വിശന്നിരിക്കൂ ..”
സഹജവും ലളിതവുമായ ചിന്തകളുടെ മേൽ കവി തീ കോരിയിടുന്നു . മനുഷ്യജീവിതത്തെ അകന്നു മാറി നിന്ന് സഹതാപത്തോടെ കാണുന്ന വായനക്കാരൻ ..ആരുടെയൊക്കെ താത്പര്യപ്രകാരമാണ് നമ്മൾ ജീവിക്കേണ്ടത് എന്ന ചിന്ത നമ്മെ ദഹിപ്പിക്കുന്ന ചിതയായി മാറുന്ന ഇക്കാലത്ത് “ഉണങ്ങാത്ത മുറിവുകളിലൂടെ മാത്രമേ ബോധം/വെളിച്ചം കൊണ്ട് വരാനാവൂ” എന്ന റൂമി ചിന്ത കവിക്കറിയാം.
“നോക്കൂ ദൈവമേ ” ഉന്നതമായ ദർശനമാണ് പ്രസരിപ്പിക്കുന്നത്. കവിയുടെ അബോധമനസ്സ് അതീതമായ സഞ്ചാരങ്ങൾ നടത്തുമ്പോൾ മാത്രമാണ് ഇത്തരം ചിന്തകളെ ഭാഷയിലേക്ക് പരാവർത്തനം ചെയ്യുവാൻ സാധിക്കുന്നത്.
“സലാം പ്രപഞ്ചമേ..” എന്ന ബഷീറിയൻ പ്രയോഗം പോലെയാണ് “എനിക്കേ ..നിന്നോട് പേടിയില്ല.. പ്രേമമാണ്. മനസ്സിലായോ? ” എന്ന ആദില ദൈവത്തോട് പറയുന്നത്. യാന്ത്രികമായ, സംഘടിത മതങ്ങളുടെ തടവറയിലായിപ്പോയ , ദുർബലമായ ദൈവസങ്കൽപ്പത്തിനടുത്ത് ,കൂടുതൽ വ്യക്തതയുള്ള , സ്വാതന്ത്ര്യമുള്ള , നിഷ്കളങ്കതയുള്ള ഒരു ദൈവചിത്രം കവി വരക്കുന്നു . കവി ഇവിടെ വിശ്വാസിയോ അവിശ്വാസിയോ അല്ല. “ദൈവഭയം ” എന്ന ചാട്ടവാറു കൊണ്ട് ദുർബലരായ മനുഷ്യരെ നിയന്ത്രിക്കുന്ന , ചൂഷണം ചെയ്യുന്ന പ്രാകൃതമായ ആ ധ്വംസനത്തെയാണ് കവി ഇല്ലാതാക്കുന്നത്.
“നമുക്കിടയിലെ ബന്ധമറിയാത്ത ചിലർ
രഹസ്യോപദേശം നല്കുന്നുണ്ടെനിക്ക് ,
നിന്നെ ഭയക്കണമെന്ന് ,
ചുമ്മാ ബഹുമാനിക്കണമെന്ന് ,
കരഞ്ഞും കള്ളക്കണക്കുരഞ്ഞും വേണ്ടതൊക്കെ വാങ്ങിയെടുക്കണമെന്ന് ..”
ഇതിൽ എല്ലാമുണ്ട് ..
പ്രണയത്തിന്റെ സ്വീകാര -നിരാസങ്ങളെ സൈബർ യുഗത്തിന്റെ ഭാഷയിൽ ബന്ധിപ്പിക്കുന്ന “ബ്ലോക്ക് ബട്ടൺ ” എന്ന രചന ..”ഹൃദയത്തിനൊരു ബ്ലോക്ക് ബട്ടൺ ” എന്ന ചിന്ത വളരെ പ്രസക്തമാണ് .
മഴയുടെ കാമുകിയായ പെണ്ണില ,
സൂര്യന്റെ ചതിയിൽപ്പെട്ട്
പിഴച്ച പെണ്ണാകുന്നു ..
ഇലയെ ഉപേക്ഷിച്ചു മറഞ്ഞ മഴയാൽ അപമാനിതയായി സ്വയം ഹത്യ ചെയ്യുന്ന “പെണ്ണില”..(പെണ്ണില )
സൂക്ഷ്മമായി ചെതുക്കിയെടുക്കുന്ന ശില്പങ്ങളാണ് ഇത്തരം രചനകൾ . മൗലികമായ ആശയങ്ങളെ അയത്നലളിതമായി കവിതയിലേക്ക് ചേർക്കുന്ന സുന്ദരമായ കല ഈ കവിക്ക് വശമുണ്ട്.
“ആയുഷ്മാൻ ഭവതി ” യുടെ മറ്റൊരു മുഖമാണ് “കുലപ്പെണ്ണ് ” എന്ന കവിത . സദാ അവന്റെ അടിമ മാത്രമാകുന്ന അവളെയാണ് എവർക്കുമിഷ്ടം. അവൻ രൂപീകരിക്കുന്ന സിദ്ധാന്തങ്ങളെ അനുസരിക്കുന്നവൾ, അവന്റെ കരുത്തിനെ ആരാധിക്കുന്നവർ, അവന്റെ നിഴലായി നടക്കുന്നത് അഭിമാനമെന്നു പറയുന്നവൾ, അവനില്ലെങ്കിൽ ഞാനില്ലെന്ന ആത്മഹത്യാപരമായ വാക്കുകൾ മനഃ പാഠമാക്കിയവൾ.. കാലികപ്രസക്തമായ രചനയാണ് “കുലപ്പെണ്ണ് “.. ഒടുവിൽ ഇബ്സന്റെ “പാവവീട് ” നാടകത്തിലെ നായികയെപ്പോലെ ആണാധിപത്യത്തിന്റെ ഈ ശ്മശാനത്തിൽ നിന്നും നടന്നകലേണ്ടി വരും ,ഏതൊരു പെണ്ണിനും..
കവിയുടെ കാലദർശനം ക്ഷണികമായ പ്രത്യക്ഷപ്പെടുന്നത് “ഈ നിമിഷം ” എന്ന രചനയിലാണ് . ഗഹനമായ കാല ചർച്ചകളൊന്നും ഉണ്ടാവുന്നില്ല എങ്കിലും ശ്രദ്ധേയമായ ചിന്തകളാണിവ.
“ഈ നിമിഷമെന്നാൽ ഈയൊരൊറ്റ നിമിഷമെന്നല്ല ,
പ്രതീക്ഷയോടെ കാത്തിരുന്നൊരു ഭൂതകാലമതിനുണ്ട് ..
ഈ നിമിഷമെന്നാൽ ഇപ്പോഴെന്നുമല്ല ..
ഇന്നലെയും നാളെയും കൊണ്ട് മാത്രം
പൂരിപ്പിക്കാവുന്നൊരു ശൂന്യത
അത് നിവർത്തി വയ്ക്കുന്നുണ്ട്.”
“പ്രതീക്ഷയുമോർമ്മയും കൂട്ടി മുട്ടുന്നൊരു പാളത്തിൽ തല വച്ച് ഈ നിമിഷം സ്വയമാസ്വദിക്കുന്നുണ്ട് ” എന്നെഴുതുമ്പോൾ “Live in Present/Here and Now” പോലെയുള്ള ദർശനങ്ങളാണ് തെളിയുന്നത്.
വായനക്കാരുടെ അബോധത്തിലേക്ക് സ്നേഹത്തോടെ നടത്തുന്ന അധിനിവേശങ്ങളാണ് ആദിലയുടെ ഓരോ രചനയും . ഭാഷ കൊണ്ട് തീർക്കുന്ന ചിത്രയവനികകൾ നമ്മെ ആനന്ദിപ്പിക്കുന്നു ,അതിനപ്പുറം വ്യവഹാരികലോകത്തെ കൂടുതൽ സൂക്ഷ്മമായി വീക്ഷിക്കുവാനും പരിഗണിക്കാനുമുള്ള പ്രചോദനവും കവി നൽകുന്നു . ഇത് സഹജമായി സംഭവിക്കുന്ന ഒന്നാണ് . മാനുഷികവും പ്രാപഞ്ചികവുമായ ഭാവങ്ങളുടെ നിഗൂഢമായ ലയനം മിക്ക രചനകളിലും കാണാം . ഒറ്റ വായനയിൽ പിടി തരുന്ന കവിതകളാണ് ഇവ എന്ന് കരുതരുത്, നിരന്തരമായ സഞ്ചാരം ആവശ്യമാണ് . അപ്പോൾ മാത്രമേ പുതിയ മാനങ്ങൾ തെളിഞ്ഞു വരികയുള്ളൂ.
കവിതകളുടെ എണ്ണത്തിൽ ഒരിക്കലും ശ്രദ്ധിക്കുന്നില്ല എന്നതാണ് ഈ കവിയെ ശ്രദ്ധിക്കാനുള്ള ഒരു കാരണം . ധാരാളം സമയമെടുത്ത് , കവിത തന്നിലേക്ക് വരുമ്പോൾ മാത്രമാണ് അത് ഭാഷയിലേക്ക് മാറുന്നത് . കൂടുതൽ സർഗാത്മകമായ രചനകളിലൂടെ വായനക്കാരെ ആനന്ദിപ്പിക്കുവാൻ ആദിലക്ക് സാധിക്കട്ടെ .
അവർണ്ണ ധാരാളമായി വായിക്കപ്പെടട്ടെ, ചർച്ച ചെയ്യപ്പെടട്ടെ എന്നും ആശംസിക്കുന്നു .