
വേണമെങ്കിൽ നോക്കൂ ഇത് ഞാനാണ്

അതുൽ പൂതാടി
വേണമെങ്കിൽ നോക്കൂ
ഇത് ഞാനാണ്
ആശുപത്രിച്ചുവരിൽ ചാരി മാത്രം
വാക്കിന്റെ
തൊണ്ട് തല്ലുന്നവൻ
എന്നും നിങ്ങൾ കടന്നുപോകാറുള്ള വഴിയിൽ
നദിയോരത്ത് നിൽക്കുന്ന ഒറ്റമരം,
എന്റെ തണ്ട്
പൊഴിച്ചിൽ കാലം;വേനൽ
നിത്യമൗനത്തിന്റെ ജലത്തിൽ
വീണലിയുന്ന പച്ചിലക്കാടെ,ന്റെ
ചിറക്
വെള്ളത്തിൽ
തീരമെന്ന് മറവിയുണ്ടാകുന്ന
തോണിയാണ് ഞാൻ
ഉപ്പുവെള്ളം തട്ടി
ഒരു പഴയ പോട് തെളിയുന്നു
ഇലുമ്പിക്ക നീര് പോലെ
തൊട്ടാൽ പുളിപ്പ്
ആലിപ്പഴക്കണ്ണ്

പ്രേമത്തിന്റെ സുഷിരങ്ങളിൽ നിന്ന് അവസാനത്തെ പുഴുവിനെയും
പറിച്ചെടുത്ത്
വേദനയുടെ കൂട്ടുകാരൻകിളി
കൊത്തിപ്പിരിഞ്ഞ തണുപ്പിലാണ്
നിങ്ങൾ വരുന്നത്
രണ്ടേ രണ്ടു നിറങ്ങളുടെ
നൂറായിരം ചരിവുകളിൽ
കരിമരുത് കൊത്തി
വെള്ളം തരുന്നവർ
നിങ്ങൾ തൊടുമ്പോൾ
ഞാനൊരു ചകിരി
പിരിക്കുന്ന യന്ത്രം
വട്ടത്തിലും നീളത്തിലും
ശരിപ്പെടുത്തി വച്ച്
സ്നേഹമെന്ന്
പായൽതുണ്ട് കെട്ടുന്നു
കാറ്റും കോളും വന്നുപോകുന്നു
വേണമെങ്കിൽ
വേണമെങ്കിൽ മാത്രം കേൾക്കൂ
പരസ്പരം പൊത്തിപ്പിടിച്ച്
നിത്യനിദ്രാഭിരതിയുടെ ഞരമ്പിന്
ഞങ്ങൾ തീ അണയ്ക്കലാണ്
ഇത്തിരി വെള്ളം