
നോട്ടം

ആതിര സദാനന്ദ്
കരയിൽ നീന്തുകയും,
കടലിൽ നടക്കുകയും ചെയ്യുന്ന രണ്ടുപേർ
മുഖാമുഖമായിരുന്ന്
കണ്ണുകൾ ഇരുവരിലേക്കും തുറന്നു വച്ചു…
നോട്ടങ്ങളുടെ
ഉപ്പ് രസമുള്ള തിരകളൊന്നും
അവരെ നീറ്റിയില്ല…
ആത്മാവിൻറെ നിഴൽ ഇല പോലെയുതിർന്നു വീണു..
അവർക്കിടയിൽ തണലില്ല, മഴ നനച്ച കാറ്റില്ല..
മേഘങ്ങളുടെ തീയേറ്റൊരു
സൂര്യൻ എരിഞ്ഞു വിയർക്കുന്നു..
കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക്
ഒരാൾക്ക് നടന്നു കയറാനുള്ള ദൂരമേയുള്ളൂ..
ഇരുവരും അവനവനിൽ
നിന്നിറങ്ങി
അങ്ങോട്ടുമിങ്ങോട്ടും
ഉലാത്തി,
കൺപീലികളാൽ നൃത്തം ചെയ്തു..
രണ്ടുപേർക്കും നോട്ടം അവസാനിപ്പിച്ച് എഴുന്നേൽക്കണമെന്ന് തോന്നി,
വേണ്ട, എഴുന്നേക്കേണ്ട എന്നും തോന്നി..
ശ്വാസത്തിൽ നിന്നും അരയന്നങ്ങൾ വായുവിലേക്ക് നീന്തുന്നു..
ആകാശത്തിന്റെ മഴപ്പഴുതുകളിലൊന്നിൽ
ഒരു താക്കോൽ വീണ് തിരിയുന്ന ശബ്ദം..
ഇരുവരുമൊന്നും പറഞ്ഞില്ല.
കൺകോണുകളിൽ ഹൃദയത്തിന്റെ രഹസ്യങ്ങൾ ജീവനൊഴിഞ്ഞ ശംഖുകളായ് വന്നടിയുകയാണ്!..
കണ്ണുകൾക്കുള്ളിലെ കറുത്ത തടാകത്തിൽ നിന്ന്
വെള്ളിമീനുകളുതിർന്നു
വീഴാൻ തുടങ്ങിയതോടെ, ഇരുവരും നോട്ടങ്ങൾ
കൊണ്ട് യാത്ര പറഞ്ഞു പിരിഞ്ഞു,
കാറ്റിലകൾ പോലെ മൗനം
അടർന്നു..