
ഒറ്റ്

ആതിര എ.
വേദനിക്കുന്നു
വേദനിക്കുന്നു
എന്നുപറഞ്ഞു
കരയുന്ന അപൂർവയിനം
പക്ഷിക്കുഞ്ഞുങ്ങളെ
വിൽക്കുന്ന കടയിലാണ്
വിൽക്കാനല്ല എന്ന പേരിൽ
തൂക്കിയിട്ടിരിയ്ക്കുന്ന നിന്നെ
ഞാൻ കാണുന്നത്
മീന്കുഞ്ഞിനാൽ വിഴുങ്ങപ്പെടെണ്ടി വരുന്ന
ചൂണ്ടയുടെ നിസ്സഹായത
പോലെ
നിർവികാരമായി,
കെണിയുടെ അറ്റത്തു
ധ്യാനത്തിലിരിക്കുന്ന
നിന്റെ നീണ്ടയുടൽ
ആകാശമുടുപ്പ് , ഭൂമി നിനക്കു
പുതപ്പ്
ശൂന്യതയിൽ നിന്ന്
പെറ്റു വീഴുന്ന അപായ സൈറണിന്റെ
നിലവിളി പോലെ
നിന്റെ നോട്ടം
കുരുങ്ങി തെറിച്ചു വീഴുന്ന
വെയിലിന്റെ വലത്തൊട്ടിൽ
ഓരോ കൂടിക്കാഴ്ചകളിലും
ഭാഷ മാറിപ്പോയ
രണ്ടു പേരെ പോലെ
വിരലുകൾ കൊണ്ടു
നമ്മൾ മിണ്ടാൻ ശ്രമിക്കുന്നു
ഞാൻ നിന്റെ മൂക്കു ചുവന്ന
കരച്ചിലുള്ള സിഡി
ഓര്മയിലിട്ടു കറക്കുന്നു
വാങ്ങാനും വിൽക്കാനും
വിലയിടാനും
പറ്റാത്ത സ്നേഹമേ
എന്നർത്ഥം വരുന്നൊരു
പാട്ട്
പിന്നണിയിൽ പാടി തുടങ്ങുമ്പോൾ
കാപ്പിക്കപ്പുകൾക്കപരിചിതമായ
നിശബ്ദതയുടെ ഒത്ത നടുക്ക് വെച്ച്
കണ്ടതും കാണാത്തതുമായ
ഭൂപടങ്ങളെ
നമ്മൾ മുറിച്ചെടുക്കുകയാണെന്നും
നീ കടൽ നീലയുടെ
ഉപ്പു കയ്ക്കുന്ന
നാവികനാണെന്നും
നങ്കൂരമിട്ടു കിടക്കുന്ന
ഏതോ ഓരോര്മയുടെ
കപ്പൽ പായയിൽ
കാറ്റു പോലെ
കുടുങ്ങി
കിടക്കുകയാണെന്നും
ഞാൻ നിനക്കു തർജമ
ചെയുന്നു
നമ്മുടെ ലിപി
ദ്രവിച്ചു പോയിരിക്കണം
പോകെ പോകെ
നിന്നെയൊളിപ്പിക്കാൻ
വഴികളില്ലാത്തതിനാൽ
അപ്പങ്ങൾക്കും
കേക്കുകൾക്കും
ഇടയിലൂടെ
മെഴുകുതിരി കത്തിച്ചു വച്ചൊരു
പ്രാർത്ഥനയായി,നോക്ക്
ഞാൻ ഇതാ നിന്നെ ഒറ്റികൊടുക്കുന്നു…