
പ്ലേറ്റ് കറക്കി ഗിന്നസ് ബുക്കിൽ
ഒരു ഗിന്നസ് ജേതാവിന്റെ അനുഭവകുറിപ്പുകൾ
ഭാഗം ഒന്ന്

അശ്വിൻ വാഴുവേലിൽ
(2 മണിക്കൂർ 10 മിനിറ്റ് 4 സെക്കൻഡ് നേരം വിരലിൽ പ്ലേറ്റ് സ്പിൻ ചെയ്തു ഗിന്നസ് റെക്കോർഡ് നേടിയ അശ്വിൻ വഴുവേലിൽ എഴുതുന്ന അനുഭവക്കുറിപ്പ്)
ആദ്യം തന്നെ പറയട്ടെ വിജയിച്ചവന്റെ കഥകളൊന്നും തന്നെ നിങ്ങളോട് പറയാൻ എനിക്കില്ല. നിങ്ങളോടെന്നല്ല ആരോടും പറയാൻ എനിക്കില്ല. പറയാനുള്ളത് മുഴുവൻ ഇതു വരെയും പിടിച്ചു നിന്ന ഒരുവന്റെ ജീവിതാനുഭവങ്ങൾ മാത്രം.
പക്ഷെ ഒന്ന് ഞാൻ നിങ്ങളോട് പറയാം. നിങ്ങൾ തിരയുന്നത് എന്താണോ അത് നിങ്ങളെയും തിരഞ്ഞുകൊണ്ടിരിക്കുന്നു. മറ്റൊന്ന് ലഭിക്കാൻ ഒന്നും നമുക്ക് നഷ്ട്ടമായതല്ല. നമുക്ക് മുൻപിൽ കുറച്ചുകാലം മാറിനിൽക്കുന്നതാകും. നമ്മുടേതായ ഒരു സ്പേസ് നമ്മൾ ഇഷ്ട്ടപ്പെടുന്ന ഇടങ്ങളിൽ എന്നും ബാക്കിയുണ്ടാകും. നിരന്തരം അതിലേക്ക് കണ്ണോടിക്കുന്നവർ അവിടെ എത്തുക തന്നെ ചെയ്യും.
എനിക്ക് പറയാനുള്ളതും അത്തരത്തിലുള്ള ഒരു സംഭവമാണ്. അതിന് മുൻപ് ഞാൻ എന്നെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താം. എന്റെ പേര് അശ്വിൻ വാഴുവേലിൽ. പേരിന് മുന്നിൽ വേണമെങ്കിൽ ഗിന്നസ് അശ്വിൻ എന്ന് ചേർക്കാം. ആ മുന്നിലെ ഗിന്നസ് എങ്ങനെ വന്നു എന്നതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്. അത്യന്തം സംഭവബഹുലവും, ആകുലതകളും, ഉറക്കമില്ലാത്ത രാത്രികളും അതിൽ അടങ്ങിയിരിക്കുന്നു.
മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ കടമ്പനാട് പഞ്ചായത്തിൽ തൂവയൂർ മാഞ്ഞാലിയിൽ ബാബുനാഥ് വാഴുവേലിലിന്റെയും ഇന്ദിരഭായ് യുടെയും മകനായി 1995 ഡിസംബർ പതിനാലിന് ആയിരുന്നു എന്റെ ജനനം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആയിരുന്നു. എന്ന് വെച്ചാൽ എനിക്ക് മൂത്തതുമില്ല ഇളയതുമില്ല. ക്രിക്കറ്റ് ബാറ്റ് വാങ്ങിക്കാൻ നിവർത്തി ഇല്ലാത്തതിനാൽ സ്ലിപ്പർ ചെരുപ്പിനെ ബാറ്റ് ആക്കിയും റബർ ബോൾ വാങ്ങിക്കാൻ പൈസ ഇല്ലാതിരുന്ന കാലത്ത് പേപ്പർ ചുരുട്ടി റബർ കൊണ്ട് കെട്ടി ഒരു കല്ലും എടുത്തു വെച്ച് പന്താക്കി മാറ്റി കളിച്ചിരുന്ന എൽ പി യൂപി സ്കൂൾ കാലം.
ഓരോ ആഴ്ചയിലും പുതിയ ബാലരമ ഇറങ്ങുമ്പോൾ കെ എസ് ആന്റണി എഴുതിയിരുന്ന ചുരുളഴിയാത്ത രഹസ്യങ്ങൾ കാത്തിരുന്നു ആകാംഷയോടെ വായിച്ചിരുന്ന സമയം.
ആ കാലത്താണ് കൃത്യമായി പറഞ്ഞാൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് (അന്ന് പതിനൊന്ന് വയസ്സ് ആകുന്നതേ ഉള്ളു ) മനോഹരൻ മംഗളോദയം പറയുന്ന പോലെ ജീവിതത്തിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. സിനിമകൾ എന്നും പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. അക്കാലത്താണ് മലയാളത്തിന്റെ ക്ലാസിക്കൽ ഹിറ്റ് ആയ മണിച്ചിത്രത്താഴിന്റെ തമിഴ്പതിപ്പായ ചന്ദ്രമുഖി സിനിമ റിലീസ് ചെയ്യുന്നത്. ചന്ദ്രമുഖി സിനിമയിൽ രജനീകാന്തു പട്ടം വിരലിൽ വെച്ചു കറക്കുന്ന ഒരു പാട്ട് ശ്രദ്ധയിൽ പെട്ടത്. രജനീകാന്തിന് പട്ടം വിരലിൽ വെച്ചു കറക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കായികൂടാ എന്ന ചിന്ത എന്നിൽ അലയടിച്ചു. അപ്പോഴാണ് ഒരു പ്രശ്നം, പട്ടം സ്വന്തമായില്ല. ശരി, പട്ടത്തിനെ പോലെ രൂപമുണ്ട് ബുക്കിന്. എങ്കിൽ ബുക്ക് ഉപയോഗിച്ച് നോക്കാം എന്ന് തീരുമാനിച്ചു.
പിന്നീട് അവിടെ നിന്ന് ഇങ്ങോട്ട് ബുക്ക് കറക്കി മഹാവിഷ്ണു ആകാനുള്ള കഠിനാധ്വാനം ആയിരുന്നു. ജ്യോതി ടീച്ചർ ലസാഗുവും ഉസാഗയും പഠിപ്പിക്കുമ്പോഴും ശോഭ ടീച്ചർ ഈഖ് രസീലി ലായേ ആജ് എന്ന് ഉറക്കെ ഹിന്ദി കവിത ചൊല്ലുമ്പോഴും മായ ടീച്ചർ നീല ലിറ്റ്മസിനെ ചുവപ്പാക്കി മാജിക് കാണിക്കുമ്പോഴും ഞാൻ അതിനെയൊന്നും വകവെക്കാതെ ശില്പി കമ്പനിയുടെ ഒട്ടകത്തിന്റെ ഫോട്ടോയുള്ള ബുക്ക് കറക്കാനുള്ള ശ്രമം തുടർന്ന്കൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ അതിൽ വിജയിച്ചു.
ഒരു ഏഴാം ക്ലാസുകാരന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമവാക്യമായ നീളം ഗുണം വീതി എന്നത് വിസ്തീർണ്ണം എന്നാണെന്നു വിശ്വസിച്ചിരുന്ന കാലം. ആ സമവാക്യം പഠിപ്പിക്കുന്ന സമയത്ത് അഭിഷേക് ബച്ചന്റെ ചിത്രമുള്ള ബുക്ക് വിരലിൽ വെച്ചു കറക്കുന്നതും ജ്യോതി ടീച്ചർ ക്ലാസിനു പുറത്താക്കുന്നതും. പിന്നീട് അവിടെ നിന്ന് ഇങ്ങോട്ട് ഈയൊരു പ്രവർത്തിയുടെ പേരിൽ പുറത്ത് തന്നെ ആയിരുന്നു മിക്കപ്പോഴും. ചൂല് കൊണ്ടുള്ള അമ്മയുടെ അടി, മീൻവെള്ളം കോരി മുഖത്ത് ഒഴിക്കൽ അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട് പറയാൻ.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അത് ഉണ്ടാകുന്നത്. മലയാളം ക്ലാസ്സ് ആണ് രംഗം പഠിപ്പിക്കുന്നത് ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ സനൽ സർ പഠിപ്പിക്കുന്നത് മാധവിക്കുട്ടിയുടെ നെയ്പായസം. സാർ ഉറക്കെ വായിക്കുന്നു. എല്ലാ വിദ്യാർത്ഥികളും തല കുമ്പിട്ടുകൊണ്ട് പുസ്തകത്തിലേക്ക്. മൊട്ടുസൂചി വീണാൽ പോലും കേൾക്കും എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി കലർത്തിയിട്ടില്ല.
“ഓഫീസിലെ സഹപ്രവർത്തകരോട് വേണ്ടവിധത്തിൽ യാത്ര പറഞ്ഞു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്ന് വിളിക്കാം കാരണം ആ വലിയ നഗരത്തിൽ അയാളുടെ വില അറിയാവുന്നവർ മൂന്ന് പേർ മാത്രമേയുള്ളു. അവർ അയാളെ വിളിക്കുന്നത് അച്ഛാ എന്നാണ് അയാൾ അന്നത്തെ ദിവസത്തെ സംഭവങ്ങൾ ഓരോന്ന് ഓരോന്നായി ഓർത്ത് നോക്കി. ഇന്ന് തികളാഴ്ച്ച അല്ലേ ഇങ്ങനെ മൂടി പുതച്ചു ഉറങ്ങിയാ പറ്റോ. അവൾ മൂത്ത കുട്ടിയെ ശകാരിക്കുക ആയിരുന്നു…”. സനൽ സർ ഇത്രയും പറഞ്ഞു ഞങ്ങളുടെ മുഖത്തേക്ക് നോക്കിയതും മൂന്നാമത്തെ ബെഞ്ചിലെ ഒരത്തിരുന്നു മലയാളം പുസ്തകം വിരൽ തുമ്പിൽ വെച്ച് കറക്കുന്ന എന്നെയാണ് കണ്ടത്.

പിന്നീട് ഉണ്ടായത് എടുത്തു പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. രണ്ടു ഡിവിഷനുകളും ഒരുമിച്ച് നടത്തിയ ക്ലാസ്സ് ആയിരുന്നു അന്നത്തേത്. ഓഡിറ്റോറിയത്തിൽ രണ്ടു ഡിവിഷനിലുമായി എഴുപത്തിമൂന്ന് കുട്ടികൾ. ഞാൻ എട്ടാം ക്ലാസ്സ് എ ഡിവിഷനിൽ ആയിരുന്നു. സർ നോക്കി, ഞാൻ എഴുന്നേറ്റു. യാതൊരു ദാക്ഷണ്യവുമില്ലാതെ തുടക്ക് തന്നെ കിട്ടി മൂന്നോ നാലോ എണ്ണം. (വർഷങ്ങൾക്ക് ശേഷം അന്നത്തെ അടികൊണ്ട ദിവസം ക്ലാസിൽ ഉണ്ടായിരുന്ന മായ പറഞ്ഞിട്ടുണ്ട്. ആ അടി കണ്ടു മായയും കണ്ണടച്ച് ഇരുന്നു പോയി എന്ന്. അത്രക്ക് ഉണ്ട് സനൽ സാറിന്റെ ഒരു തുടക്കടി ) ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകേണ്ട ഒന്നായ പുസ്തകം കറക്കി എന്നുള്ളത് വലിയ തെറ്റാണ് അന്നും ഇന്നും.
അന്നത്തെ ദിവസത്തോടെ മറ്റൊരു സംഭവം കൂടി ഉണ്ടായി. സ്കൂൾ പാർലമെന്റ് ഇലക്ഷൻ അടുത്ത് വരുന്ന സമയമായിരുന്നു. ക്ലാസിൽ നിന്നും സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഇലക്ഷന് ഞാൻ നിൽക്കണം എന്നാവശ്യവുമായി അരുണും റീനുവും ഹരിയും വന്നു. ഞാനും സമ്മതം മൂളി. എതിർസ്ഥാനാർഥി സ്കൂളിലെ ഫുട്ബോൾ താരവും കണക്ക് സർ വാസുദേവൻപിള്ള സാറിന്റെ അരുമശിഷ്യൻ രാഹുൽ (വലിയ രാഹുൽ ക്ലാസിൽ രണ്ടു രാഹുൽ ഉണ്ട് അത്കൊണ്ടാണ് അങ്ങനെ പ്രത്യേകം പറഞ്ഞത് ) അങ്ങനെ നോമിനേഷൻ കൊടുക്കുന്ന ദിവസമെത്തി. അരുണിന്റെ പിന്തുണയോടെ നോമിനേഷൻ പേപ്പർ ഒപ്പിട്ടു കൊണ്ട് പ്രിൻസിപ്പൽ ഗിരിജ ടീച്ചറിന്റെ മുറിയിലേക്ക് എത്തിയ എനിക്ക് നേരിടേണ്ടി വന്നത് മറ്റൊരു പ്രശ്നം ആയിരുന്നു.
എന്റെ നോമിനേഷൻ പേപ്പർ കണ്ടപ്പോഴേ ഗിരിജ ടീച്ചറിന്റെ ചോദ്യം. “എടൊ ഇയ്യാളാ ഉണ്ണിക്കുട്ടൻ ബസിൽ അല്ലേ വരുന്നത് മാഞ്ഞാലിൽ നിന്ന് അല്ലിയോ വണ്ടിയി കയറുന്നത് “അതീവ വിനയത്തോടെ എന്റെ മറുപടി “അതേ ടീച്ചർ”
“ആ വെയിറ്റിങ് ഷെഡിന്റെ മുന്നിൽ വെച്ച് താൻ അല്ലേ ബുക്ക് കറക്കി നിൽക്കുന്നെ”
ആ ചോദ്യം അക്ഷരാർദ്ധത്തിൽ എന്നെ ഞെട്ടിച്ചു ഇന്നലെ സനൽ സാറിന്റെ കയ്യിന്നു തുടക്ക് എണ്ണം പറഞ്ഞ നാലെണ്ണം കിട്ടിയതേ ഉള്ളു. ഇന്ന് ഇനി ഇവരുടെ വക ആകുമല്ലോ എന്ന് ഉറപ്പിച്ചു. ഒപ്പം നിന്ന അരുണിനോട് ആയി ടീച്ചറിന്റെ ചോദ്യം “നിങ്ങൾ ഒരുമിച്ച് അല്ലേ നടക്കുന്നെ അപ്പൊ തനിക്ക് അറിയാമായിരിക്കുമല്ലോ”… അരുണിന്റെ ഭാഗത്ത് നിന്നും നീണ്ട മൗനം. ഒരുനിമിഷത്തേക്ക് പിറകിലേക്ക് നോക്കിയ ഞാൻ കണ്ടത് ഒൻപതിൽ നിന്ന് നോമിനേഷൻ കൊടുക്കാൻ വന്ന ഉല്ലാസ് ചേട്ടനും പത്തിൽ നിന്നും നോമിനേഷൻ കൊടുക്കാൻ വന്ന പേര് അറിയാത്ത ചേച്ചിയും അമർത്തി പിടിച്ചു ചിരിക്കുന്നത് ആണ്.
എന്റെയും അരുണിന്റെയും മൗനം നീണ്ടുപോയി. ആ മൗനത്തിനെ ഭഞ്ജിച്ചുകൊണ്ട് ടീച്ചറിന്റെ മറുപടി വന്നു ആ കറക്കുകമ്പനിക്കാരൻ അവിടെ നിക്ക്. എന്നിട്ട് മറ്റെയാൾ പോ. ദയനീയമായി എന്നെ നോക്കിക്കോണ്ട് അരുൺ ഓഫീസ് മുറിയിൽ നിന്നും ഇറങ്ങി പോയി. ചരിത്രത്തിൽ ആദ്യമായി നോമിനേഷൻ കൊടുക്കാൻ പോയ ഒരാൾ പ്രതിചേർക്കപെട്ടിരിക്കുന്നു. വരാന്തയുടെ തിണ്ണയിൽ ടീച്ചർ പോകാൻ പറയുന്നതും കാത്ത് മണിക്കൂറുകൾ തള്ളി നീക്കി. ഒടുവിൽ സ്കൂളിലെ പിയൂൺ സന്തോഷ് ചേട്ടൻ വഴി സന്ദേശമെത്തി നിന്നെ ടീച്ചർ വിളിക്കുന്നു.
വിറക്കുന്ന കയ്യും കാലുമായി ടീച്ചറിന്റെ അടുത്തേക്ക്.
“ബുക്ക്, പേന എന്നൊക്കെ പറയുന്നത് ജീവിതത്തിലെ വഴിത്തിരിവിന്റെ ഭാഗമാ. ബുക്ക് എന്ന് പറയുന്നത് സരസ്വതി ദേവിയാണ്. അപ്പൊ ബുക്ക് വിരലിൽ വെച്ച് കറക്കുക എന്ന് പറഞ്ഞാൽ അതിന്റെ അർഥം സരസ്വതി ദേവിയെ കറക്കുക എന്നതാണ്. അത്കൊണ്ട് സ്കൂൾ ഇലക്ഷന് നിൽക്കാൻ താൻ ഒട്ടും യോഗ്യൻ അല്ല. കാരണം കുട്ടികളെ നയിക്കേണ്ടവന് ആദ്യം വേണ്ടത് ദൈവത്തിന്റെ കടാക്ഷമാണ്. ടീച്ചർ ദിവസവും രാവിലെ ഞാൻ അമ്പലത്തി പോകുന്നതാ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നതും ഞാൻ തന്നെയാ (അമ്മൂമ്മ മരിച്ചതിൽ പിന്നെ രാവിലെ വിളക്ക് കത്തിക്കാറില്ല ) മൂന്നാം ക്ലാസിൽ പഠിക്കുമ്പോ മുതല് എല്ലാവർഷവും ശബരിമലയിലും പഴനിയിലും പോകുന്നതുമാ അപ്പൊ എനിക്ക് ദൈവത്തിന്റെ കടാക്ഷം ഇല്ല എന്നൊക്കെ പറഞ്ഞാൽ. ഇതൊക്കെ ചോദിക്കണം ഉണ്ട് എന്നല്ലാതെ തൊണ്ട കുഴിയിൽ നിന്നും ഒച്ച പുറത്ത് വന്നില്ല. എന്തായാലും ടീച്ചർ അടിച്ചില്ലല്ലോ അതിന് ടീച്ചറിന് മനസാൽ നന്ദി പറഞ്ഞു ഓഫീസിൽ നിന്നും പുറത്തിറങ്ങി. അങ്ങനെ സ്കൂൾ ലീഡർ സ്വപ്നം പൊലിഞ്ഞു.
ഇപ്പോൾ മണ്ണടി സ്കൂളിലേക്ക് കയറി ചെന്നാൽ ചുമരുകളിൽ കാണാൻ കഴിയുന്നത് ക്രിസ്റ്റനോ റൊണാൾഡോ ആർമി മെസി ഉയിർ എന്നൊക്കെ ചുമരുകളിൽ എഴുതി വെച്ചിരിക്കുന്നത് ആണ്. (അവസാനം മണ്ണടി സ്കൂളിൽ ചെന്നത് 2019 നവംബർ പതിനാലിന് ആണ് )ഞാൻ പഠിക്കുന്ന സമയത്ത് അങ്ങനെ ഒന്നും തന്നെ ഇല്ല. പക്ഷെ ഇന്ന് ഇല്ലാത്ത പലതും അന്ന് ഉണ്ട്. ചുമരുകളിൽ അന്ന് എഴുതി കൂട്ടി വെച്ചിരുന്നതിൽ ചിലത് ആണ് ഹരിപ്രീത പ്ലസ് അജു കണ്ണൻ പ്ലസ് ആതിര. രാഹുൽ (കൊച്ചു രാഹുൽ വലിയവന് അത്തരം ഒന്നും തന്നെയില്ല ) സന്ദീപ് പ്ലസ് അപർണ സബിറ പ്ലസ് ജോൺ എന്നൊക്ക. സ്കൂളിൽ അവസാനം പോയപ്പോ പോലും അന്ന് എഴുതി വെച്ചത് പലതും ഉണ്ടോ എന്നറിയാൻ അന്വേഷണം നടത്തി പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല. എല്ലാം മാഞ്ഞു പോയി കാണണം.ഇതിലെ അജു ഹരിപ്രീതയെ സാഹസികമായി കല്യാണം കഴിച്ചു എന്നത് ഒഴിച്ചാൽ ഇതിലെ നായികമാർക്ക് മറ്റ് നായകൻമ്മാരെ ജീവിതത്തിൽ കിട്ടി എന്ന് വേണം പറയാൻ. കണ്ണനും ആതിരയും എന്തായാലും ഒന്നിക്കും എന്ന് തന്നെ ആയിരുന്നു അന്ന് പാണൻമ്മാർ പാടി നടന്നിരുന്നതും. പക്ഷെ എന്തോ അവളിപ്പോ വേറെ ആരെയോ കെട്ടി. 2019 ന്റെ തുടക്കത്തിൽ നമ്പർ തപ്പി എടുത്തു അവൾ എനിക്കൊരു മെസ്സേജ് അയച്ചപ്പോ ആണ് അവൾക്ക് കുഞ്ഞും ആയി എന്ന സത്യം അറിയുന്നത്. രാഹുൽ പ്രേമിച്ച അൽഫിയയെ കൊട്ടാരക്കര വെച്ച് കണ്ടു. അവളുടെ സിന്ദൂരക്കുറി കണ്ടു ഞാൻ ഞെട്ടി പോയി. ഒന്നും കൂടി ഇത് അവള് തന്നെ അല്ലേ എന്ന് ഉറപ്പിക്കാൻ സൂക്ഷിച്ചു നോക്കി. ഇല്ല ആള് തെറ്റയില്ല ഇത് അവള് തന്നെ. ജോണിന്റെയും സബിറയുടെയും വിവരം ഒന്നും തന്നെ ഇത് വരെയും കിട്ടിയിട്ടില്ല.
ഇവരെപ്പറ്റി പറഞ്ഞത് മറ്റൊന്നിനും വേണ്ടിയല്ല. ഇവരൊക്കെ പ്രേമിക്കാൻ നടക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാട്സ്ആപ്പ് ഫേസ്ബുക് ഒന്നും ഇല്ല. പ്രേമലേഖനം എന്ന കലാപരിപാടി ഇവർക്കൊക്കെ വേണ്ടി എഴുതിയത് ഞാൻ ആയിരുന്നു. അതിലൊന്ന് വിജയിച്ചു എന്നതിൽ സന്തോഷവും ഒന്ന് മാത്രമെ വിജയിച്ചുള്ളൂ എന്നതിൽ വിഷമവും ഉണ്ട്.
പെൺകുട്ടികളെ പറ്റി അന്നൊക്കെ പല അപക്വമായ ധാരണകളും ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
“നീ ആ പെണ്ണിനെ കണ്ടോ “
ഏത് ആ മുഖക്കുരു പെണ്ണോ.
നിനക്ക് സീരിയസ് റിലേഷൻഷിപ്പിൽ താല്പര്യം ഇല്ലെന്ന് അല്ലേ പറഞ്ഞത്.നേരം പോക്കല്ലേ വേണ്ടത്. നീ ആ മുഖത്തെ കുരുകണ്ടോ. ഹോർമോണിന്റെ ലക്ഷമാണത്. സ്കൂൾ പഠനകാലത്തു പ്ലസ് ടു വിൽ പഠിക്കുന്ന ടെൻസി ചേച്ചിയേ നോക്കി സന്ദീപ് ഒരു ദിവസം സെഫിനോട് പറഞ്ഞ ഡയലോഗ് ആണിത്. സ്കൂൾ പഠനകാലത്തു പെൺകുട്ടികൾ ഏറ്റവും കൂടുതൽ അപമാനിക്കുപ്പെട്ടിട്ടുള്ളതും ഇത്തരം അപക്വമായ ധാരണകളുടെ പേരിൽ ആയിരുന്നു. അതിൽ ഞാനും പങ്കാളിത്തം വഹിച്ചിട്ടുണ്ട്
ആൻഫ്രാങ്കിന്റെ ഡയറികുറിപ്പിൽ പറയുന്ന പോലെ “മിസിസ് വാൻഡോവിന്റെയും മിസ്റ്റർ വാൻഡോവിന്റെയും വഴക്കിന്റെ കഥകൾ കിറ്റീ നിനക്ക് അരോചകമാകുന്നുണ്ടോ”എന്നത് പോലെ ചിലപ്പോൾ ഈ ബുക്ക് കറക്കും അടി കൊള്ളലും നിങ്ങൾക്ക് മടുക്കുന്നുണ്ടോ എന്ന് പോലും സത്യത്തിൽ എനിക്ക് അറിയില്ല. നിങ്ങൾക്ക് ഇത് വായിച്ചു എന്നെ കളിയാക്കി ചിരിക്കുകയോ അതല്ല എങ്കിൽ നിങ്ങൾക്ക് നെടുവീർപ്പ് ഇടുകയോ ചെയ്യാം. അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ ഒരു ശതമാനം പോലും അതിശയോക്തി കലർത്തിയല്ല ഇതിലെ ഓരോ വരിയും പിറവിയെടുത്തിരിക്കുന്നത്. അപരിചിതരായ നിങ്ങൾക്ക് ചിലപ്പോൾ മനസിലാവില്ല പേറ്റുനോവിനേക്കാൾ വേദനയുള്ള ചില അവസ്ഥകൾ.
(തുടരും…)-
Longest duration spinning a plate on the finger | Guinness World Records