
ഒറ്റമുറി പ്രണയത്തെ സംബന്ധിച്ച്

അശ്വനി ആർ ജീവൻ
ഒറ്റമുറി വീട്
അകത്ത്,
കട്ടിൽക്കാലിനു ചോട്ടിൽ
എന്റെ പുസ്തകങ്ങൾ
ഹാങ്ങറിൽ
അവന്റെ പട്ടാള യൂണിഫോം.
മേശപ്പുറത്ത്
എന്റെ പേന… അവന്റെ തോക്ക്
തടിപ്പലകത്തട്ടിൽ
എന്റെ കൈലേസ്… അവന്റെ തൊപ്പി
കസേരയിൽ
എന്റെയും അവന്റെയും ബെൽറ്റ്
എന്റെ മാത്രം വാച്ച്…
പുറത്ത്,
വാതിലിനരികിൽ
ഞങ്ങളുടെ കറുത്ത നായക്കുട്ടി
രണ്ട് പൊട്ടിയ ചെരിപ്പുകൾ
പുതിയ ജോഡി ബൂട്ട്
പൂവിടാത്ത നാല് പൂച്ചെടികൾ
വറ്റിപ്പോയ ഒരു കിണറ്
റോഡിൽ,
നേരം തെറ്റിയോടുന്ന ഒരു ബസ്സ്
മൂന്നു നാല് പെണ്ണുങ്ങൾ
ഒരു പെട്ടിക്കട … കടക്കുള്ളിലൊരുവൻ
നട്ടുച്ച വെളിച്ചം
അകത്ത്,
വേദന
വിയർപ്പ്
കയിപ്പ്
ചിരി
പുറത്ത്,
വേദന
വിയർപ്പ്
കയിപ്പ്
ചിരി
അകത്ത് പുറം
പുറത്ത് അകം
കഴിഞ്ഞു!
ഞങ്ങൾ ഇണ ചേരുകയായിരുന്നു!
(ഞാൻ യൂണിഫോമെടുത്തു വായിക്കുന്നല്ലോ
അവൻ പുസ്തകമെടുത്തു ധരിക്കുന്നല്ലോ
മടങ്ങിപ്പോകൂ വായനക്കാരാ
പൊട്ടിയ ചെരിപ്പുകളിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ അവ തിരിച്ചെടുത്തു കൊൾക !)