
ഇത് ഞങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദം
അശ്വനി ആര്. ജീവന്
സാഹിത്യത്തെ ലിംഗാധിഷ്ഠിതമായോ അല്ലെങ്കില്‍ വ്യത്യസ്ത സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളില്‍ അധിഷ്ഠിതമായോ വേര്‍തിരിച്ച് കാണേണ്ടതുണ്ടോ എന്നൊരു ചോദ്യം ഈ അടുത്ത കാലത്തായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തികച്ചും നിഷ്കളങ്കമെന്ന് തോന്നിക്കാവുന്ന ഈ ചോദ്യം ആണധികാര സമൂഹത്തിന്റെ ഉല്പന്നമാണെന്നത് നിസ്തര്‍ക്കം. സാഹിത്യമെന്നത് ഒരു വ്യക്തിയുടേയോ സമൂഹത്തിന്റേയോ പ്രതിനിധാനമാണ്. എന്നിരിക്കെ, അതില്‍ അടങ്ങിയിരിക്കുന്ന മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനൊപ്പം അത് അറിഞ്ഞോ അറിയാതെയോ മുന്നോട്ടു വക്കുന്ന പുരുഷാധികാര വ്യവസ്ഥിതിയുടെ ഉപോല്പന്നങ്ങള് നിഷിധമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്.
സ്ത്രീ- ട്രാന്‍സ് ജെന്‍ഡര്‍- ദലിത്- ഗോത്ര എഴുത്തുകള്‍ എന്ന സാമാന്യ വിശേഷണത്തിനുള്ളില്‍ നില്ക്കുന്ന എഴുത്തുകള്‍ പാട്രിയാര്‍ക്കല്‍ സമൂഹത്തിലെ അരികുവല്ക്കരണങ്ങള്ക്കെതിരായി ഉയര്‍ന്നു വന്നവയാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പാട്രിയാര്‍ക്കല്‍ സ്വഭാവം മനസ്സിലാക്കുകയും അതിനെ അംഗീകരിക്കുകയുമാണ് ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയും വിശേഷാല്‍ കലാ- സാഹിത്യ പ്രവര്‍ത്തകര്‍ പ്രാഥമികമായി ചെയ്യേണ്ടത്. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന വിഭാഗമെന്ന നിലയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. പുതിയ കാലത്ത് സ്ത്രീ-പുരുഷ തുല്യത നമ്മുടെ സമൂഹത്തില്‍ കൈവന്നു കഴിഞ്ഞു എന്ന വളരെ വിചിത്രമായ വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇത് തികച്ചും കണ്ണടച്ച് ഇരുട്ടാക്കല്‍ ആണ്. തന്റെ ജീവിത പരിസരത്തെ കേവലം രണ്ടോ മൂന്നോ ഉദാഹരണങ്ങളില്‍ നിന്നും വൈവിധ്യങ്ങളാല്‍ സമൃദ്ധവും അതേ സമയം തന്നെ ഹൈറാര്‍ക്കികള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ വിലയിരുത്തരുത്.
ഇന്ന് നമ്മുടെ സമൂഹത്തിലെ ഓരോ വിഭാഗങ്ങളും സ്വയം പര്യാപ്തത കൈവരിക്കുകയും സ്വാഭിപ്രായങ്ങള്‍ പറയുന്നതിന് സ്വയം സജ്ജരാവുകവും ചെയ്തു കൊണ്ടിരിക്കുന്ന സമയമാണിത്. അതിന്റെ അനുരണനങ്ങള്‍ എഴുത്തിലും കലകളിലും രാഷ്ട്രീയത്തിലും മറ്റെല്ലാ മേഖലകളിലും സ്പഷ്ടമായി കാണാവുന്നതാണ്. തുല്യത കൈവന്നിട്ടുണ്ട് എന്ന് പലരും വിചാരിക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരം മുന്നേറ്റങ്ങള്‍ എത്രയോ നേരത്തേ സംഭവിക്കേണ്ടതായിരുന്നു. കമ്പ്യൂട്ടറുകളും റോബോട്ടുകളും ലോകം കീഴടക്കുന്ന ഈ കാലഘട്ടത്തിത്തിലാണ് നമ്മളില്‍ ചിലര്‍ക്ക് ആദ്യ ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ അവസരം കിട്ടുന്നത് എന്ന ഒരൊറ്റ തിരിച്ചറിവ് മതി നാം ഒരുപാട് മുന്നിലാണ് എന്ന ചിന്തക്ക് മാറ്റം വരാന്‍. ഇതൊക്കെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സംഭവിക്കുന്നതല്ലേ കേരളത്തില്‍ ഇങ്ങനെയൊന്നുമില്ല എന്നു വാദിക്കുന്നവര്‍ സ്വന്തം കുടുംബത്തിനകത്തേക്കും സൗഹൃദ സദസ്സുകളിലേക്കും ചുറ്റുവട്ടത്തേക്കുമൊക്കെ ഒന്നു കണ്ണോടിക്കുക. കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ച് ഉപേക്ഷിച്ച നിരവധി സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കവിടെ കാണാം.
ആണധികാര വ്യവസ്ഥകളോട് പ്രതികരിക്കുന്ന സ്ത്രീകളെ തളര്‍ത്താനും തകര്‍ക്കാനും താറടിക്കാനുമുള്ള ശ്രമം എല്ലാക്കാലത്തും സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയകള്‍, സ്ത്രീകളുടെ ശരീരത്തിലേക്കും സ്വകാര്യതയിലേക്കും ഇടിച്ചു കയറുന്നതിനുള്ള ഉപാധിയായി പലരും സ്വീകരിച്ചു. ഇതിനെതിരെ പരസ്യമായി പ്രതികരിച്ച സ്ത്രീകളില്‍ പലരും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായി. അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ആണധികാരത്തിന്റെ മീശത്തുമ്പുകളില് ഒതുങ്ങിപ്പോവുകയും ചെയ്തിരുന്ന പല സ്ത്രീകള്‍ക്കും സമൂഹ മാധ്യമങ്ങള്‍ വഴി തങ്ങളുടെ കഴിവുകള്‍ ലോകത്തിന്റെ മുന്‍പിലേക്ക് എത്തിക്കാന്‍ സാധിച്ചു. സാഹിത്യത്തില്‍ വളരെ മികച്ച രീതിയില്‍ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. സ്ത്രീയുടെ ഉടമസ്ഥര്‍ എന്ന ഭാവേന സ്ത്രീ ശരീരത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ച് പൊതുവെയും എഴുതിക്കൊണ്ടിരുന്ന പല പുരുഷ എഴുത്തുകാരുടെയും എഴുത്തിനെ ഈ മുന്നേറ്റം നിഷ്ഫലമാക്കി. ആര്‍ത്തവം, പ്രണയം, കുടുംബ ബന്ധനങ്ങള്‍, സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നു വേണ്ട എന്തിനേക്കുറിച്ചും എഴുതാന്‍ ഇന്ന് നമ്മുടെ സ്ത്രീ എഴുത്തുകാര്‍ സ്വയം പര്യാപ്തരാണ്.
ഈ എഴുത്തുകള്‍ ചിലരെയെങ്കിലും ചൊടിപ്പിച്ചതിന്റെ ഫലമാണ് സ്ത്രീകളില്‍ എഴുത്തുകാര്‍ ഇല്ലെന്നും സ്ത്രീ എഴുത്തുകള്‍ കൊണ്ട് ഉപകാരമില്ലെന്നും സ്ത്രീകള്‍ എഴുതുന്നതിനെ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലെന്നും മറ്റുമുള്ള നറേറ്റീവുകള്‍. അതിനോട് ചേര്‍ത്തു കെട്ടാവുന്ന അഭിപ്രായപ്പെകടനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. സ്ത്രീ കവികളോ സ്ത്രീ എഴുത്തുകാര്‍ പൊതുവിലോ ആര്ക്കുമെറിയാവുന്ന ഒരു മരമല്ല എന്നു മാത്രം മറുപടിയായി പറഞ്ഞു വക്കുന്നു. പ്രതികരിക്കാനുള്ളിടത്ത് പ്രതികരിച്ചും പ്രവര്‍ത്തിച്ചും തന്നെയാണ് ഓരോ നവോത്ഥാന മുന്നേറ്റങ്ങളും ഇവിടെ ഉണ്ടായിട്ടുള്ളത്.
മുദ്ധു പളനിയുടെ ‘രാധികാ സാന്ത്വനം’ നൂറ്റി അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1910 ല്‍ പുന:പ്രസിദ്ധീകരിക്കാനുള്ള കഠിന പരിശ്രമങ്ങള്‍ക്കിടയില്‍ ബാംഗ്ലൂര്‍ നാഗരത്നമ്മ എന്ന ശക്തയായ സ്ത്രീക്ക് പലയിടത്തും ചോദിക്കേണ്ടി വന്ന ‘ഔചിത്യത്തിനെ പറ്റിയും നാണക്കേടിനെ പറ്റിയുമുള്ള ചോദ്യങ്ങള്‍ എന്തിന് സ്ത്രീകള്‍ക്കെതിരെ മാത്രം; എന്തു കൊണ്ട് പുരുഷന്മാര് അതില്‍ ഉള്‍പ്പെടുന്നില്ല’ എന്ന ചോദ്യം കാലങ്ങള്‍ക്കിപ്പുറത്തു നിന്ന് പിന്നേയും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ‘കേരളപ്പെണ്‍ കവികള്‍’ പോലെയുള്ള സാഹിത്യത്തിലെ സ്ത്രീ കൂട്ടായ്മകളുടെ പ്രസക്തി ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതും അതുകൊണ്ട് തന്നെയാണ്.
കടന്നുവന്ന വഴികളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ട് ഇവിടെയുള്ള പെണ്ണുങ്ങളും ഇതര ലിംഗക്കാരും ഇനിയും മുന്നോട്ടു പോവുക തന്നെ ചെയ്യും. പുരുഷാധികാര വ്യവസ്ഥിതിയുടെ കാപട്യം ഇനിയും ഫലിക്കുകയില്ല. ഒരൊറ്റ കൂവലാണെങ്കിലും അതവിടെ ഉയരുക തന്നെ ചെയ്യും.