
‘ഒരു കൊടം പാറ്’: കാലത്തിന്റെ നീതി

അശ്വനി ആർ. ജീവൻ
ദലിതയായ പി.കെ. റോസി സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ കൊട്ടകകൾ കത്തിച്ച കേരളത്തിന്റെ സിനിമാ ചരിത്രത്തിൽ നിന്നും ദലിത് ജീവിതങ്ങൾക്ക് ചരിത്രപരമായി നീതി ലഭ്യമാക്കിയതിന്റെ ‘കറ്റ്’ (മിടുക്ക്) മൃദുലാ ദേവി എസ്. എഴുതി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലൂടെ പുറത്തു വന്ന ‘ഒരു കൊടം പാറ്’ എന്ന ഗാനത്തിന് അവകാശപ്പെടാം. ചരിത്രത്തിൽ ആദ്യമായാണ് പറയ വിഭാഗത്തിന്റെ തനത് ഭാഷയായ ‘പാളുവ’യിൽ നിന്നും ഒരു സിനിമാ ഗാനം ഉണ്ടാകുന്നത്. അത് എഴുതിയത് ഒരു സ്ത്രീയാണ് എന്നതും കാലത്തിന്റെ നീതിയായി എടുത്തു പറയേണ്ടതുണ്ട്.
സവർണ സിനിമകൾ പൊതു സമൂഹത്തിൽ രൂപപ്പെടുത്തി വച്ചിട്ടുള്ള ആദിവാസി – ദലിത് ജീവിതങ്ങളുടെ പൊളിച്ചെഴുത്താണ് ഈ ബദലുകൾ മുൻപോട്ട് വയ്ക്കുന്ന മറ്റൊരു രാഷ്ട്രീയം. കേരളത്തിന്റെ ഭാഷാ പരിസരം മലയാളത്തിന്റേത് മാത്രമല്ലെന്നും തനത് ഭാഷകളുടെ ശക്തമായ സാന്നിധ്യം കൂടി അതിനുണ്ടെന്നും ‘ഒരു കൊടം പാറ്’ ഓർമിപ്പിക്കുന്നു. റാവുള- പണിയ ഭാഷകളിൽ എഴുതപ്പെട്ട ‘കുറു കുറെ ബ്രോസ്’ ഈ അടുത്ത കാലത്ത് ശ്രദ്ധേയമായിരുന്നു. വരേണ്യ മലയാളത്തെ പുകഴ്ത്തിയും മറ്റ് ഭാഷകളെയും പ്രാദേശിക വകഭേദങ്ങളെയും ഇകഴ്ത്തിയുമുള്ള കേരളത്തിലെ സിനിമകൾ ഇനി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

കേരളത്തിലെ ചലച്ചിത്ര ഗാന രചനാ രംഗത്തും സിനിമാ രംഗത്ത് പൊതുവായുമുള്ള ആണഹന്തകളെ കൂടി ഈ ഗാനം ചോദ്യം ചെയ്യുന്നുണ്ട്. കറുപ്പ് നിറം, തനത് ഭാഷ എന്നിവയൊക്കെ കേരളത്തിലെ പ്രേക്ഷകരുടെ മുന്നിൽ അവഹേളിച്ചതിനുള്ള കൃത്യമായ മറുപടിയാണ് മൃദുല ദേവി എസ്. എഴുതിയ ഈ ഗാനം. പറയ സമൂഹത്തിനു മാത്രം പ്രാപ്യമായിരുന്ന തനത് ഭാഷക്ക് ചലച്ചിത്ര ഗാന രംഗത്ത് ഒരിടം ഉണ്ടായിരിക്കുന്നു എന്നുള്ളത് വിപ്ലവകരവും ചരിത്രപരവുമായ നാഴിക്കല്ലാണ്. തനത് ഭാഷകളുടെ ‘കറ്റ്’ കേരളത്തിലെ സിനിമാ ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ