
‘മീറ്റൂ മൂവ്മെന്റ്’ അഥവാ പൊയ്മുഖങ്ങള്‍ വെളിപ്പെടുമ്പോള്‍

വേദനയും അപമാനവും അളക്കുന്നതിന് നമുക്ക് മാപിനികളില്ല. അത് ശമിപ്പിക്കുവാനുള്ള സംഹാരികള്‍ മാത്രമേയുള്ളു. ശരീരത്തിനും മനസ്സിനും ഒരു പോലെ വേദനിക്കുമ്പോള്‍ അതിന്റെ ആഴവും പരപ്പും വളരെ കൂടുതല്‍ ആയിരിക്കും. മനസ്സിന്റെ മുറിവ് ഉണക്കാന്‍ തുറന്നു പറച്ചിലുകള്‍ ഒരു പരിധി വരെ മനുഷ്യരെ സഹായിച്ചേക്കാം. അതു തന്നെയാണ് ‘മീ റ്റൂ’ മൂവ്മെന്റിനും നമ്മുടെ സമൂഹത്തിലുള്ള പ്രസക്തി.
ലൈംഗിക അതിക്രമങ്ങളും അപമാനങ്ങളും അതിജീവിച്ച വ്യക്തികള്‍ അവര്‍ക്കു നേരിട്ട ആഘാതങ്ങളെപ്പറ്റി തുറന്നു പറയുന്ന വേദിയാണ് ‘മീ റ്റൂ’ മൂവ്മെന്റ് എന്നു വേണമെങ്കില്‍ പറയാം. ‘ഞാനും’ എന്നാണ് ‘മീ റ്റൂ’ എന്ന വളരെ ചെറിയ വാക്യത്തിന്റെ അര്‍ത്ഥം. 2006 ല്‍ ആക്ടിവിസ്റ്റും ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച വ്യക്തിയുമായ തരാന ബര്‍ക്ക് സമൂഹ മാധ്യമമായ ‘മൈ സ്പെയ്സ്’- ലൂടെയാണ് ഇന്നു കാണുന്ന അര്‍ത്ഥത്തിലുള്ള ‘മീ റ്റൂ’ മൂവ്മെന്റിന് തുടക്കം കുറിച്ചത്. ഏകദേശം 2018 ന്റെ അവസാനത്തോടു കൂടിയാണ് ഇന്ത്യയില്‍ ‘മീ റ്റൂ’ വിന്റെ അലയൊലികള്‍ ഉണ്ടാവുന്നത്. തുടര്‍ന്ന് ഇത് കേരളത്തിലെ സ്ത്രീകള്‍ക്കും തുറന്നു പറച്ചിലുകള്‍ക്ക് ധൈര്യം നല്കി.
‘മീ റ്റൂ’വിലൂടെ നിരവധി പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണു കഴിഞ്ഞു. ഇക്കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ കേരളത്തിലെ ചില പുരോഗമനവാദികളുടെ കപടമുഖങ്ങള്‍ സമൂഹത്തിനു മുന്നില്‍ വെളിവാക്കപ്പെട്ടു. ലൈംഗിക അതിക്രമങ്ങളും തുടര്‍ന്നുണ്ടാവുന്ന ആഘാതങ്ങളും അതിജീവിച്ച വ്യക്തികള്‍ തങ്ങളെ അക്രമിച്ച ആളുകളുടെ പേര് തുറന്നു പറയാനെടുക്കുന്ന സമയം പ്രധാനപ്പെട്ടതാണ്. അതിനുള്ള ധൈര്യം ലിംഗഭേദമെന്യേ നമ്മള് ആര്‍ജിച്ചെടുക്കേണ്ടതാണ്.
‘അമ്മയെ തല്ലുമ്പോഴും രണ്ടുണ്ട് പക്ഷം’ എന്ന് പറയുന്നതു പോലെയാണ് പൊതുവില്‍ നമ്മുടെ സോഷ്യല്‍ മീഡിയകളിലെ ആളുകളുടെ പെരുമാറ്റം. പലപ്പോഴും ഒരു സ്ത്രീ താന്‍ അനുഭവിച്ച ആഘാതങ്ങള്‍ തുറന്നു പറയുമ്പോള്‍ ചേരി തിരിഞ്ഞ് അവരെ ആക്രമിക്കുന്നതിനും അപമാനിക്കുന്നതിനും സമൂഹത്തിന് സങ്കടകരമായ സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ഒരു ആരോപണം കപടമാണെന്ന പൂര്‍ണ ബോധ്യമാണെങ്കില്‍ അത് തെളിയിക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്നിരിക്കേ സൈബറിടത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അഴിച്ചു വിട്ട് നല്ല പിള്ള ചമഞ്ഞിരിക്കുന്നത് ആര്‍ക്കും ഭൂഷണമാവില്ല.
ഒരാളുടെ ശരീരത്തിന്റെ ആത്യന്തികമായ അവകാശം ആ ആള്‍ക്ക് മാത്രമാണ്. ഒരാളുടെ ലൈംഗിക സ്വാതന്ത്ര്യത്തേക്കാള്‍ മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടണം. ഈ അര്‍ത്ഥത്തില്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതു പോലും തെറ്റാണെന്ന് പറയേണ്ടതുണ്ട്. ഇത് പ്രായപൂര്‍ത്തിയായ വ്യക്തികളുടെ കാര്യമാണ്. കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെയൊന്ന് ചിന്തിക്കേണ്ടത് പോലുമില്ല. ‘പീഡോഫീലിയ’ പോലും ഫാഷനായി കരുതുന്ന ചിലര്‍ ഇവിടെയുണ്ട് എന്നത് ദൗര്‍ഭാഗ്യകരമാണ്.
ലിംഗഭേദമെന്യേ നമ്മുടെ കുഞ്ഞുങ്ങള്‍ ഈ സമൂഹത്തില്‍ സുരക്ഷിതരല്ല എന്നും സൗഹൃദങ്ങളും ആത്മബന്ധങ്ങളും മുതലെടുക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ നമ്മള് തിരിച്ചറിയേണ്ടതുണ്ട് എന്നും ‘മീ റ്റു’ തുറന്നു പറച്ചിലുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മുഖം മൂടികള്ക്കുള്ളിലെ കപടതകള് വെളിച്ചത്തിലേക്കെത്തിക്കാന്‍ ‘ഞാനും’ എന്ന് ധൈര്യമാര്ജിച്ച എല്ലാവരെയും ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. പുരോഗമനമെന്നാല്‍ മറ്റുള്ളവരുടെ ശരീരത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റമാണെന്ന് തെറ്റിദ്ധരിക്കരുത് എന്ന് ഇനിയുമുറക്കെ പറയേണ്ടതുണ്ട്. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസമുറപ്പാക്കുകയും നിയമങ്ങളെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു കൊണ്ട് സ്വന്തം ശരീരത്തെ പോലെ അന്യന്റെ ശരീരത്തെയും മാനിച്ചു കൊണ്ട് നമുക്ക് മുന്നോട്ടു പോകാം.