
നടക്കാനിറങ്ങുന്ന ഏകാന്തത

അശോകൻ മറയൂർ
നിശബ്ദതയുടെ കാലാവസ്ഥയുള്ള
കുന്നിനു മുകളിലേക്കു ഞാനെത്തുമ്പോൾ
അതുവരെ ആ കുന്നിനുമുകളിൽ
തലവെച്ചു കിടന്ന പകൽ
തല പെട്ടെന്നുള്ളിലേക്കു വലിക്കും .
താഴ്വരയിലെ പക്ഷികൾ
കല്ലിടുക്കുകളിലേക്കു
നീന്തിത്തുടങ്ങും
താഴ്വരമൊത്തം നിശബ്ദത കൊണ്ടു മൂടിയ
എന്റെ നിഴൽ
ഒരു പരുന്തിനെ പോലെ
അവിടങ്ങളിലെ
ആഴങ്ങളിൽത്തട്ടി കുന്നിൻ മുകളിലേക്കു
വട്ടമിട്ടു വരുന്നതായ് കാണാം.