
മുറി(വ്)

ആഷ് അഷിത
അടഞ്ഞുപോയ വീടിന്റെ
വരാന്തയില്‍
വിരലീമ്പിയിരിക്കുന്നു,
ഏകാന്തത.
കാത്തിരിപ്പു ബെഞ്ചില്‍
മറന്നുവെച്ച കുഞ്ഞിനെ പോലെ.
ആരുമില്ലെന്ന തോന്നലില്‍
അകത്തേയ്ക്കെടുത്തെങ്കില്,
ആരോ ഉണ്ടെന്ന തോന്നലില്‍
അകം നിറയും.
രണ്ടേകാന്തതകള്‍
കെട്ടിപ്പിടിക്കുമ്പോള്‍
വളരും, വലുതാകും
മുറിയെ മൂടുവോളും
വലിയൊരേകാന്തത.

നിവൃത്തിയില്ലാതെ
ചുമരില്‍ കുന്നുകളെ
കുത്തിനിര്‍ത്തും നമ്മള്
അവയ്ക്കിടയിലൂടെ
കിളികളെ പറത്തിവിടും
ചുണ്ടുകളുടെ ആകൃതിയില്‍
ഒട്ടിച്ചുവെയ്ക്കും
തികട്ടിവരും ഉമ്മകളെയെല്ലാം
മരങ്ങളുടെ വേരുകളെ
കാലില്‍ കൊരുത്തു വെയ്ക്കും
ഉറവ് തേടി പരസ്പരം
തിരഞ്ഞുകൊണ്ടിരിക്കും
വീര്‍പ്പുമുട്ടും ശ്വാസം
കടത്തിക്കൊണ്ടു പോകുമോ
പ്രേമമെന്ന പോലുള്ള
വേദനകളെയെല്ലാം?
മുറിയൊറ്റ,
മുറിവായി
നമ്മളിലാഴപ്പെടുന്ന
നേരത്ത്,
പുറത്തേയ്ക്കുള്ള
കുതറിച്ചയില്‍
ഞാനോ നീയോ
ഒറ്റു കൊടുക്കുന്നത്!
അകമോ പുറമോ
ഒഴിഞ്ഞു പോകുന്നത്!
EOM