
കടൽ കടക്കുമ്പോൾ മാത്രം കാണുന്നത്

ആര്യ ടി.
കടലിനിപ്പോൾ
പഴയ, ഈന്തപ്പനകളുടെ
മറവു പറ്റിയ
ചുഴിഞ്ഞ നോട്ടങ്ങളില്ല…
ഓരം പറ്റിയ നടത്തങ്ങളെ മുറിച്ചു മുറിച്ച്
നമ്മൾ,
കടലിനെ കോർക്കുന്ന വലക്കാരനെ കാണുന്നു…
മീനുകളിലേക്ക്
കടൽ ആഞ്ഞുവീശുകയായിരുന്നു
അയാളപ്പോൾ…
കടൽ
നമുക്കു കുറുകേയാണ്…
തിരത്തള്ളലുകളിൽ ഞാൻ
തരംഗവും
നീ ചുഴിയുമാകുന്നു..
നിയെൻെറ അപരയാകുന്നു…
ഞാൻ ചിരിക്കുമ്പോൾ കരഞ്ഞും
ഞാൻ കരയുമ്പോൾ ചിരിച്ചും
നീയെന്നെ പ്രണയിച്ചു കളയുന്നു.
അയാൾ വീണ്ടും
കടൽ കോർക്കുന്നു.
വലനോട്ടങ്ങളിൽ നമ്മൾ
മീനുകൾക്കു കുറുകേ
നടന്നുപോകുന്നു…