
കവിത മണക്കുന്ന തളർന്ന അക്ഷരങ്ങൾ
വിദ്യാ പൂവഞ്ചേരിയും സമകാലിക മലയാള പെൺകവിതയിലെ പ്ലാത്തിയൻ വിഷാദവും

ഡോ. അരുണ്ലാല് മൊകേരി
മലയാള സാഹിത്യത്തിൽ വിലാപകാവ്യങ്ങൾക്ക് സജീവമായ ഒരു ചരിത്രമുണ്ട്. ആശാന്റെ പ്രരോദനവും വി.സി.യുടെ ഒരു വിലാപവും നാലപ്പാട്ടിന്റെ കണ്ണുനീർത്തുള്ളിയും മുതൽ ചങ്ങമ്പുഴയുടെ രമണനും തകർന്ന മുരളിയും വരെ വിലാപങ്ങൾക്ക് രേഖപ്പെട്ട വിലാസങ്ങൾ മലയാളത്തിൽ ഉണ്ട്. കവിയുടെ വിലാപത്തിന് ഊർജ്ജമുണ്ട്. ഒച്ചയുണ്ട്. കരച്ചിലിന്റെ നെടിയ ശ്വാസമെടുപ്പുകളും തുറവുമുണ്ട്. അതിലുപരി പാശ്ചാത്യ സാഹിത്യത്തിലെ വിലാപകാവ്യ ചരിത്രവുമായി വളരെ ഗാഢമായ വേരുബന്ധങ്ങൾ ഉണ്ട്. കാറ്റുലസ്, ജോൺ ഡൺ, ഗെഥേ, മിൽട്ടൺ, തോമസ് ഗ്രേ, കീറ്റ്സ്, കോളറിഡ്ജ്, ടെന്നിസൺ, ആർനൾഡ് തുടങ്ങി നമ്മുടെ കവികളെ സ്വാധീനിച്ച, നമ്മുടെ കവികൾ അനുകരിച്ച ലോകകവികളിൽ വിശ്രുത വിലാപകാവ്യങ്ങൾ എഴുതാത്തവരായിട്ടാരുണ്ട്! പക്ഷേ, ഇവിടെ വിലാപകാവ്യങ്ങളല്ല വിഷയം; വിഷാദകാവ്യങ്ങളാണ്. ലോകസാഹിത്യത്തിലും മലയാളത്തിലും ആൺകവികൾ ദുഃഖങ്ങൾക്ക് ഉച്ചസ്ഥായിയാർന്ന വിലാപങ്ങളിൽ ബഹിർസ്ഫുരണങ്ങൾ നൽകിയപ്പോൾ ചരിത്രത്തിന്റെ അകത്തളങ്ങളിലെ സഞ്ചിതനിശ്ശബ്ദത സർഗ്ഗാത്മകമായി ഊറി നിന്ന പെൺകവിത വിഷാദകാവ്യത്തിന്റെ മൂകമൂശകൾ പണിത് തീർക്കുകയായിരുന്നു. ഒരു പക്ഷേ ലോകപെൺകവിതയിൽ വിഷാദകാവ്യഭാവുകത്വം ഏറ്റവും തീവ്രമായി ആവിഷ്കരിക്കപ്പെട്ടത് സിൽവിയ പ്ലാത്തിന്റെ കവിതയിലാണ്. എഴുതിയ അഞ്ഞൂറോളം കവിതകളിലൂടെ പ്ലാത്ത് തന്റെ വിഫലമായ ആത്മഹത്യാശ്രമങ്ങളെക്കുറിച്ചും, അച്ഛന്റെ അകാലമരണത്തെക്കുറിച്ചും, ഭർത്താവിന്റെ തിരസ്കാരത്തെക്കുറിച്ചും, ഗർഭകാലത്തെക്കുറിച്ചും, പ്രസവാനന്തരവിഷാദ കാലത്തെക്കുറിച്ചും, മനസ്സിന്റെ മേൽ തനിക്ക് നിരന്തരം നഷ്ടപ്പെടുന്ന നിയന്ത്രണത്തെക്കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. പല സ്ഥായികളിൽ ഈ വിഷവൃത്തം (vicious circle) ആൻ സെക്സ്റ്റന്റെയും മറിന സ്വറ്റയെവയുടെയും അന്നാ അഖ്മത്തോവയുടെയും, കമലാദാസിന്റെയും ഒക്കെ കവിതകളിൽ ആവർത്തിക്കുന്നത് നമുക്ക് കണ്ടു പിടിക്കാൻ കഴിയും. ഈ പ്ലാത്തിയൻ വിഷാദാവിഷ്കാരത്തിന്റെ തുടർച്ചയും വിടർച്ചയുമാണ് വിദ്യാ പൂവഞ്ചേരിയുടെ കവിതകളിൽ നാം അനുഭവിക്കുന്നത്. ഇതിൽ വിലാപമില്ല; ചീറലുകളുണ്ട്, നഖമുനകളുടെ നീറ്റലുകളുണ്ട്, കടുത്ത തലവേദനകളുടെ അർദ്ധബോധത്തിൽ പുറന്തള്ളുന്ന അമർത്തിപ്പിടിച്ച ശാപവാക്കുകളുണ്ട്; പക്ഷേ നിശ്ചയമായും വാവിട്ട് കരഞ്ഞ് കരച്ചിൽ കൊണ്ട് ദുഃഖക്കറ കഴുകിക്കളയുന്ന വിലാപങ്ങൾ ഇല്ല. തന്റെ കവിതയിലേക്ക് നോക്കുമ്പോൾ കാണുന്ന പൊരുളുകളെക്കുറിച്ച് വിദ്യ തന്റെ ആദ്യസമാഹാരമായ നീലനിറമുള്ള വേരുകളിൽ ഇങ്ങനെ എഴുതുന്നുണ്ട് :
നാഭിച്ചുഴിയിൽ
അമർത്തിവെച്ച
നോവിന്റെ സുഖവും
ഇരുട്ടിന്റെയാലസ്യവും
പൊട്ടിത്തെറിച്ച ഉടലും
ഉടയാടയും
കവിത മണക്കുന്ന
തളർന്ന
അക്ഷരങ്ങളും മാത്രം.
ഒവൻ അടുപ്പിൽ തല കുടുക്കി ആവിയിൽ സ്വയമൊടുങ്ങിയ സിൽവിയ പ്ലാത്തിന്റെ വംശാവലിയിൽ വന്ന് നിൽക്കുന്നു പൊട്ടിത്തെറിച്ച ഉടലും ഇരുട്ടിന്റെ ആലസ്യവും നോവിന്റെ സുഖവും പേറുന്ന, കവിത മണക്കുന്ന, തളർന്ന ഈ മലയാളം അക്ഷരങ്ങൾ. യെളബുഗ എന്ന ഉൾനാടൻ റഷ്യൻ ഗ്രാമത്തിലെ സെമിത്തേരിയൊടടുത്തുള്ള മെലിഞ്ഞ മരത്തിൽ തൂങ്ങി നിന്ന സ്വറ്റയേവയെ ആരാണാ സ്ത്രീ എന്നറിയാതെ ഏതോ കുഴിയിലടക്കി ഗ്രാമീണർ: കവിത മണക്കുന്ന തളർന്ന അക്ഷരങ്ങൾ ചരിത്രത്തിന് ഇന്നും കണ്ടെത്താനാവാത്ത സ്വറ്റയേവയുടെ ആ അജ്ഞാത കുഴിമാടത്തിൽ പൂക്കൾ വെച്ച് കാവലിരിക്കുന്നു. വിഷപ്പുക തുറന്ന് വിട്ട് മോഹാലസ്യത്തിലൂടെ മരണം തേടിയ ആൻ സെക്സ്റ്റന്റെ ഗാരേജിൽ ചെന്ന് മുട്ടി നോക്കുന്നു കവിത മണക്കുന്ന തളർന്ന ഈ അക്ഷരങ്ങൾ. ഇവയുടെ യാത്രയിൽ വിഷാദ കാവ്യശാഖയുടെ ലോകഭൂപടം ഒന്നു കൂടി വികസിക്കുന്നു; ഒരു തിര നീട്ടി കടൽ ഒരു തുടം മണൽ എടുക്കും പോലെ വിദ്യയുടെ കവിതകളാൽ വിഷാദം ഒന്നു കൂടെ ചെറുങ്ങനെ ജയിക്കുന്നു.

മൂന്നു കവിതാസമാഹാരങ്ങളാണ് വിദ്യയുടെതായിട്ട് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. നീലനിറമുള്ള വേരുകൾ, അമ്മിണി, എളങ്കൂർ: 676112. എളങ്കൂറിലെ കവിതകളെ മുൻ നിർത്തി വിഷാദ കാവ്യം എന്ന പെണ്ണെഴുത്ത് സാധ്യതയെപ്പറ്റി ആലോചിക്കുക എന്നതാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം. 2018 ൽ പുറത്തിറങ്ങിയ നീലനിറമുള്ള വേരുകൾ ചെറിയ ഒരു തുടക്കമായിരുന്നു. നാൽപ്പത്തിയാറ് കവിതകളാണ് സമാഹാരത്തിൽ അടങ്ങിയിരുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കിടപ്പെടുകയും ചർച്ചക്ക് വന്നതുമായ ഒരു കവിതകളായിരുന്നു പലതും. ആ രജിസ്റ്ററിൽ വായിക്കപ്പെടാൻ എഴുതുന്ന കവിതകൾക്ക് ഉള്ള പൊതു സ്വഭാവമായ കുറുക്കം, തീവ്ര വൈകാരികത, പെട്ടെന്നാകർഷിക്കുന്ന പദപ്രയോഗങ്ങൾ എന്നിവ ഈ കവിതകളിൽ പൊതുവേ കാണാം. അമ്മിണി എന്ന രണ്ടാം സമാഹാരം 2019 ലാണ് പുറത്തുവരുന്നത്. ശീർഷകത്തിലെ അപരവ്യക്തിത്വം (alterego) മുതൽ നീളമേറിയ കവിതാശരീരങ്ങൾ വരെ പ്രകടമായ മാറ്റങ്ങൾ അമ്മിണി എന്ന സമാഹാരത്തെ വ്യത്യസ്തമാക്കി. വ്യത്യാസങ്ങൾക്കിടയിലും ഈ സമാഹാരങ്ങൾ അവയുടെയടിസ്ഥാന ആത്മീയ ദൗത്യത്തിൽ സമരസപ്പെട്ടു തന്നെ നിന്നു: ഏകാകിയുടെയും തിരസ്കൃതയുടെയും വിഷാദപ്രകാശനം.
ആദ്യ രണ്ടു സമാഹാരങ്ങളിലെയും പോലെ എളങ്കൂർ: 676112 എന്ന പുസ്തകത്തിലെയും കവിതകൾ ആത്യന്തികമായി അന്വേഷിക്കുന്നത് വിഷാദത്തിന്റെ സർഗ്ഗാത്മക പ്രകാശനത്തിനുള്ള കൗശലങ്ങളാണ്. ചിലപ്പോൾ അത് “പൂച്ച”, “ഉറുമ്പുകൾ”, “തണുത്ത കിളികൾ”, ചിറകിറുന്നു ചാവുന്ന പാറ്റകൾ എന്നിങ്ങനെ പുറപ്പെടുന്നു എങ്കിൽ മറ്റു ചിലപ്പോൾ അത് “പിടിച്ചുവെച്ചുമ്മ”കളിലും “വായനക്കാരന് മനസ്സിലാകാത്ത പക്ഷിപാതാളങ്ങളിലും” (വിവർത്തനം എന്ന കവിത) ” പിറവിയുടെ വേദനയിൽ അകന്നു വരുന്ന ഇടുപ്പെല്ലിലും” (ആ പാട്ടിൽ എന്ന കവിത) അകപ്പെടുന്നു. ബിംബങ്ങളുടെ സമൃദ്ധമായ ഒരു പ്രതലം ഈ ബഹുവിധപ്രകാശനോദ്യമങ്ങളുടെ ഫലമായി എളങ്കൂരിലെ കവിതകളിൽ വന്നു ചേരുന്നുണ്ട്. ക്യാറ്റ് വാക്ക് എന്ന കവിത ശ്രദ്ധിക്കുക. അജ്ഞാതമായ ഒരു നഗരത്തിലൂടെ നടക്കുന്ന എഴുത്താളിന്റെ മുന്നിലേക്ക് എവിടെ നിന്നോ വന്നു വീഴുന്ന ഒരു പൂച്ചയിലാണ് ക്യാറ്റ് വാക്ക് തുടങ്ങുന്നത്. പൂച്ചയുമായി ചേർന്നു നിൽക്കുന്ന ബിംബകല്പനകളുടെ ഒരു കുത്തൊഴുക്കിലേക്ക് പിന്നീട് കവിത ധൃതിയിൽ ചെന്നുകയറുന്നു. പൂച്ച രോമങ്ങൾ, പൂച്ചയുടലിന്റെ മിനുപ്പ്, പൂച്ചനാവ്, പൂച്ച മുരൾച്ച, പൂച്ചമണം, പൂച്ചനഖം എന്നിങ്ങനെ കവിതയുടെ ശരീരവും അതിലാഖ്യാനം ചെയ്യപ്പെടുന്ന നഗരത്തിന്റെ ഭരണവും പൂച്ചയ്ക്ക് കീഴ്പ്പെടുകയാണ്.
മണ്ണ്
മരങ്ങൾ
മനുഷ്യർ
ജനലുകൾ വാതിലുകൾ വള്ളിച്ചെടികൾ
മൈതാനങ്ങൾ
ബാൽക്കണികൾ
സർപ്പക്കാവുകൾ
എവിടെയും പൂച്ചയുടെ കാൽപ്പാദങ്ങൾ
പൂച്ചരോമങ്ങൾ.
കീഴ്പ്പെട്ട നഗരവും കീഴടക്കപ്പെടുന്ന ഒരു (പെൺ)ശരീരവും തമ്മിലുള്ള അതിർത്തി, അനന്തരം, കവിത സമർത്ഥമായി മാച്ചുകളയുന്നു.
ഉടൽ തൊടുന്ന പൂച്ച!
ഉടൽ നുണയുന്ന പൂച്ച!
ഉടൽ മണക്കുന്ന പൂച്ച!
തിരിച്ചു നടക്കുന്ന പൂച്ച!
ഉണർന്ന നഗരം പിന്നെ ഉറങ്ങിയില്ല.
കണങ്കാലിൽ ഉരുമ്മി നിന്ന ഓമനയിൽ നിന്ന് വാമനസമം സർവ്വതിലും കയറി തന്റെ പ്രവിശ്യ അടയാളപ്പെടുത്തിയതിനു ശേഷം തിരിച്ചു നടക്കുന്ന, വേട്ടക്കാരനാവുന്ന, പൂച്ചയിൽ നിന്ന് നഗരമോ ഉടലോ പിന്നെ മുക്തി പ്രാപിക്കുന്നില്ല. മാർജ്ജാരാവിഷ്ടമായ നഗരവും പൂച്ച നക്കിയ ഉടലും
പൂച്ചയനക്കങ്ങളെ പുനരാവിഷ്കരിക്കാൻ
ഉണർന്നു തന്നെയിരുന്നു.
ഉണർച്ചകളിൽ
എണ്ണിയാലൊടുങ്ങാത്ത
പൂച്ചക്കാൽപ്പാടുകൾ.
ഒരു രക്ഷസ്സിന്റെ ദംശനത്താൽ ഇര രക്ഷസ്സായ് മറുപിറവിയെടുക്കും പോലെ പൂച്ചയാവേശിച്ച നഗരത്തിന്/ പെണ്ണിന് പതുക്കെ പൂച്ചയായി മാറാതെ രക്ഷയില്ല എന്നാവുന്നു; ക്യാറ്റ് വാക്ക് അവസാനിക്കുന്നതിങ്ങനെ:
കണങ്കാലിൽ
പൂച്ചരോമങ്ങളുടെ നനുത്ത തലോടൽ,
ഉടൽ.
നിറയെ പൂച്ചകളുള്ള
പൂച്ചക്കണ്ണുകൾ തിളങ്ങുന്ന
പൂച്ചമണമുള്ള നഗരം.
സിൽവിയ പ്ലാത്തിന്റെ കവിതകളിൽ പൊതുവിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ് പുരാണവത്കരണം. താൻ അനുഭവിച്ച പീഡകളെ ഒരു സാദാ കുമ്പസാര കവിത ആയി എഴുതാതെ അതിനെ ചരിത്രത്തിന്റെയോ പുരാണത്തിന്റെയോ അടരുകളുമായി ബന്ധിപ്പിച്ച് സങ്കീർണവും മിക്കപ്പൊഴും സർറിയലും ആയ ആഖ്യായികകളായി അവർ മാറ്റിയെടുക്കുമായിരുന്നു. അവരുടെ ഡാഡി എന്ന കവിതയിൽ നിന്ന് നാസി പീഡന ക്യാമ്പുകളുടെ കനത്ത ബിംബപ്രതലം വേധിച്ചിട്ടു വേണം തന്റെ ജർമ്മൻ വംശജനായ പിതാവിനെക്കുറിച്ചുള്ള ചീറലുകൾ കണ്ടെടുക്കാൻ. ലേഡി ലാസറസ് എന്ന പ്ലാത്തിയൻ കവിതയുടെ ബിബ്ലിക്കൽ ചട്ടക്കൂടുകൾ എത്ര സമർത്ഥമായാണ് വിഫലമായ ആത്മഹത്യാശ്രമങ്ങളെ ലാസറിന്റെ ഉയിർപ്പിന്റെ അപനിർമ്മാണമായി ചമയ്ക്കുന്നത്. ലേഡി ലാസറസിൽ ഒരു പൂച്ചയുണ്ട്: ഇംഗ്ലീഷ് പഴമൊഴികളിലെ ഒൻപത് വട്ടം ചത്ത് ഉയിർക്കുന്ന പൂച്ച. അത് മുപ്പതാം വയസ്സിലെ സിൽവിയ തന്നെയാണ്.
I am only thirty.
And like the cat
I have nine times
to die.
പൂച്ച ബാധിച്ച നഗരത്തിന്റെ കഥ പല ഇടങ്ങളിലും പ്ലാത്തിന്റെ സർറിയൽ ലോകങ്ങളെ ഓർമ്മിപ്പിക്കുന്നു. പെണ്ണുടലും പെൺപട്ടണവും പൂച്ചക്കണ്ണുകൾ പതിപ്പിക്കാനുള്ള പ്രേതതീരങ്ങളാക്കി മാറ്റുന്ന ആൺ/പൂച്ചയുടെ നിഷ്കരുണവും നിസ്സംഗവുമായ വേട്ടയുടെ ആഖ്യാനം എന്ന നിലയിൽ ക്യാറ്റ് വാക്കിന്റെ രാഷ്ട്രീയം നിസ്സംശയമായും പ്രതിരോധവും വിഷാദവും കലരുന്ന സ്ത്രീപക്ഷ കവിതയുടെ ആ സവിശേഷ തലത്തിൽ തിളങ്ങി നിൽക്കുന്നു.
നിശ്ചലം എന്ന കവിതയിൽ വെളിച്ചപ്രാണികളാണ് വിഷാദത്തിന്റെ ബാഹ്യപ്രകാശനത്തിന് കവി തിരഞ്ഞെടുക്കുന്ന രൂപകം. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ വായനയിൽ ഇരിക്കുന്ന കവി. ജനലിലൂടെ കാറ്റ്.
മറിയാൻ തുടങ്ങുന്ന പേജുകൾ
അക്ഷരങ്ങളുടെ
കിതപ്പ്.
ഇവിടേക്കാണ് മത്സരിച്ചു കുതിച്ച് രണ്ടു കറുത്ത പ്രാണികൾ വന്ന് കേറുന്നത്. കവിത പുസ്തകത്തിൽ നിന്നും വായനയിൽ നിന്നും പെട്ടെന്ന് പാടെ മാറുന്നു. കുതിച്ചു വന്ന രണ്ടു പ്രാണികൾ:
തീയിൽ തട്ടിയൊരേസമയം
പുസ്തകത്തിനുള്ളിലേക്കും
നിലത്തേക്കുമായി തെറിച്ചുവീണു.
പുസ്തകത്തിൽ വീണ പ്രാണിയെ ഞാൻ
പതുക്കെയെടുത്തു നിലത്തു കിടത്തി.
വിളക്കിനിരുവശങ്ങളിലായവ
മടങ്ങിയ കാലുകൾ മുകളിലേക്കാക്കി മലർന്നു കിടന്നു.
എനിക്കും വിളക്കിനുമിടയിലിപ്പോൾ
മരണത്തിന്റെ വേട്ട
ചിറകുകൾ കരിഞ്ഞു വെന്ത ഇരകൾ.
അപ്രതീക്ഷിതമായി പ്രതിയാകേണ്ടിവന്ന തീ.
സാക്ഷിയായ വെളിച്ചം.
എന്തോ ഓർത്ത്
പെട്ടന്നു ഞാൻ പുസ്തകം മടക്കി.
എണീറ്റ് വാതിലടച്ചു.
ജനൽപ്പാളികളടച്ചു കൊളുത്തിട്ടു.
ഒറ്റയൂത്തിനു വിളക്ക് കെടുത്തി.
ഇരുട്ടിലൂടെ നടന്നുവന്ന്
കണ്ണുകളടച്ച്
പ്രാണികൾക്കിടയിൽ
മലർന്നു കിടന്നു.
കവിത അവസാനിക്കുന്ന ആ നിശ്ചലദൃശ്യം (Tableaux) ആണ് തലക്കെട്ടിലെ “നിശ്ചലം.” ജെസ്താസ്, ഡിസ്മാസ് എന്ന് പേരായ രണ്ട് കള്ളൻമാർക്കിടയിൽ കുരിശിൽ തറഞ്ഞു കിടക്കുന്ന ക്രിസ്തു ആണ് ഈ Tableaux യുടെ പ്രാഗ്മാതൃക. പുസ്തകത്തിൽ വീണ കറുത്ത പ്രാണി ഒരു വേള ഡിസ്മാസ് ആണ്: ദയവിന് വേണ്ടി യേശുവിനോട് കേണ കള്ളൻ. പശ്ചാത്താപമില്ലാത്ത ജെസ്താസ് ആവണം നിലത്ത് തെറിച്ചത്. മൂന്ന് പേർക്കും മുകളിൽ ജ്വലിച്ചു നിന്ന, ക്രമേണ സാക്ഷ്യം നിഷേധിക്കപ്പെടുന്ന, വെളിച്ചം ഈ നിശ്ചലദൃശ്യത്തിന്റെ നടത്തിപ്പുകാരനും വിധിയും ആണ്. സ്വയം വരിക്കുന്ന വേദനയുടെ ഈ നിശ്ചലദൃശ്യത്തിൽ പക്ഷേ, മേൽപ്പറഞ്ഞ പ്രാഗ്മാതൃക വായനയുടെ ഒരു തലം മാത്രമേ ആകുന്നുള്ളു. തികച്ചും ജൈവവും ഗ്രാമ്യവും പരിചിതവുമായ വിഷാദത്തിന്റെ പല ലവണങ്ങൾ നോക്കി നോക്കി നിൽക്കേ ഈ ബിബ്ലിക്കൽ നിശ്ചലതയിൽ നിന്നും ഒലിച്ചിറങ്ങുന്നത് കാണാം. അവിടെയാണ് വിദ്യയുടെ പ്ലാത്തിയൻ രചനാകൗശലം വായനയെ ആഴപ്പെടുത്തുന്നത്.
തേനീച്ചകളെയും തേനീച്ചക്കൂടുകളെയും അതിലെ റാണിപ്പെണ്ണുങ്ങളെയും അടിമയാണുങ്ങളെയും ആധാരപ്പെടുത്തി പ്ലാത്ത് രചിച്ച ഒരു പിടി കവിതകളുണ്ട്. പെൺകൂട്ടമാണ് പ്ലാത്തിയൻ ഭാവനയിൽ തേനീച്ചകൾ. തന്റെ സ്വകാര്യനഷ്ടങ്ങളും മുറിവുകളും (trauma എന്ന അർത്ഥത്തിൽ) വിഹ്വലതകളും ഏതൊക്കെയോ തലത്തിൽ എല്ലാ പെണ്ണുങ്ങളോടും പങ്കിട്ടെടുക്കാൻ തേനീച്ചക്കവിതകളിലൂടെ പ്ലാത്ത് ശ്രമിക്കുന്നുണ്ട്. തേനീച്ചകളുടെ മൂളക്കവും കൂട്ടമായ ആക്രമണങ്ങളും ഇരമ്പിനിൽക്കുന്ന അക്രമവും താന്താങ്ങളിലുള്ള ഈറയും അക്ഷമയും പ്ലാത്തിന്റെ പെൺ ലോകത്തിന്റെ മുദ്രകളാണ്. വിദ്യയുടെ കവിതകളിലും ഉണ്ട് പെൺലോകങ്ങളുടെ ആഖ്യാനങ്ങൾ. ഇവിടെയും പെൺലോകം സ്വസ്തിയുള്ള സമാധാനം മാത്രം പുലരുന്ന മാതൃദായക്രമം പാലിക്കപ്പെടുന്ന ഒരു ആമസോണിയൻ ഫെമിനിസ്റ്റ് ഇടമല്ല. വിദ്യയുടെ കവിതകൾ തീവ്രമായ പെൺപങ്കാളിത്തം അനുഭവിക്കുന്നത് മരണത്തിന്റെയും പ്രേത ജീവിതത്തിന്റെയും കുതിപ്പുകളിലൂടെയാണ്. തുലാമാസ സന്ധ്യ എന്ന കവിത നോക്കുക.
തുലാമാസസന്ധ്യകൾക്ക്
ഗതികെട്ട മരണത്തിന്റെ നിറമാണെന്ന് പറഞ്ഞ പെൺകുട്ടിയെ
ഇന്നലെ കണ്ടു.
എപ്പോഴും പിന്നിയിട്ടു കണ്ടിരുന്ന അവളുടെ മുടി
നന്നായി മെലിഞ്ഞിരുന്നു.
ഞാനീ മുടിത്തുമ്പിൽ സൂര്യനെ തൂക്കി
ആട്ടിയാട്ടി നടക്കുമെന്നു പറഞ്ഞവൾ
പൊട്ടിച്ചിരിച്ചതോർത്തു.
കവിത തുടങ്ങുമ്പോൾ കളിക്കൂട്ടുകാരെന്നു തോന്നിക്കുന്ന ഈ പെണ്ണുങ്ങൾ കവിത പുരോഗമിക്കേ വിരാടവനിതകളായി പ്രകടിക്കുന്നു. ഒരുത്തി ജീവിതത്തിന്റെ അടി കൊണ്ട് നിഴലായി പടരുന്നു. മറ്റവളുടെ നെഞ്ചിൽ കരുതലിന്റെയും കേഴലിന്റെയും അക്ഷരങ്ങൾ വേവുന്നു.
അന്ന് ഞാനവളുടെ കണ്ണുകളിൽ
പിടിച്ചുവെച്ചുമ്മവെച്ചിരുന്നു.
ഇന്നലെ കണ്ടപ്പോൾ
അവളുടെ കണ്ണുകൾക്ക് പഴയ തിളക്കമുണ്ടായിരുന്നില്ല.
നനഞ്ഞ കണ്ണുകളിൽ ഒരു പാഴ്മരം വളർന്നതുകണ്ടു.
ഒരിക്കൽ കൂടി ഞാനവയെ അമർത്തിച്ചുംബിച്ചു.
അതിന്റെയിലകളിൽ നിന്ന്
തുലാമാസപ്പച്ച എന്റെയുടലിലേക്കു പടർന്നു.
എനിക്ക് വേരുകൾ വന്നു.
ഇലകൾ വന്നു.
രക്ഷിക്കാനും ചേർത്ത് പിടിക്കാനും കൊതിച്ച് കൊതിച്ച് പ്രപഞ്ച ബിംബങ്ങളെ കവി കൈയിലെടുത്താടുന്നു. സൂര്യനും മേഘവും അവൾക്ക് കളിക്കോപ്പുകളാവുന്നു.
ഞങ്ങൾക്കു മുകളിൽ മഞ്ഞും മഴയും
വെയിലും പെയ്തു.
ഏറ്റവും മുകളിലേക്കു വളർന്നു പൊങ്ങിയചില്ലയിലെ
ഇലത്തുമ്പിലപ്പോളൊരു സൂര്യൻ വന്നിരുന്നു.
ഞാനതിനെയിറുത്തെടുത്ത്
അവളുടെ മെലിഞ്ഞ മുടിത്തുമ്പിൽ കെട്ടിയിട്ടു.
ആട് …
ആട്…
ചിരിക്ക് …
കവിത ഈ വിരാടാഹ്വാനത്തിൽ അവസാനിക്കുന്നു. പെൺപാരസ്പര്യത്തിന്റെ മെറ്റാഫിസിക്കൽ ലയം തിങ്ങി നിൽക്കുന്ന തുലാമാസ സന്ധ്യയുടെ
വിരുദ്ധചിത്രമാണ് ഹല്ല പിന്നെ എന്ന കവിത. ഇവിടെ ചിത്രീകരിക്കപ്പെടുന്ന പെൺകൂട്ടിൽ അഴുക്കു പിടിച്ച കാമനയുടെയും അക്രമത്തിന്റെയും നഖങ്ങൾ എഴുന്നു നിൽക്കുന്നു.
കുളത്തിൽ,
ഷിമ്മീസിനടിയിലൂടെ
പുറത്തു നിർമ്മാസോപ്പ് പതപ്പിച്ചുരച്ചു
കൊടുക്കുമ്പോളവളോട് പറഞ്ഞു:
ഇന്നലത്തെ സ്വപ്നത്തില് ഞങ്ങള് കല്യാണം കഴിച്ചു. അവനാദ്യമുമ്മവെച്ചതിപ്പോഴും
സ്വപ്നത്തിലല്ല,
ശരിക്കെന്ന പോലെ.
അന്നു വൈകുന്നേരം സ്കൂൾ വിട്ടിട്ടവനെക്കണ്ടപ്പോഴവന്റെ കൺകോണിലിത്തിരി നിർമ്മാസോപ്പിന്റെ പത
പിറ്റേന്ന്
സോപ്പ് പതപ്പിച്ചുരയ്ക്കുമ്പോളവളുടെ മുതുക് ഞാൻ മാന്തിപ്പൊളിച്ചു.
ആസക്തിയുടെയും അമർഷത്തിന്റെയും മൂർച്ച ഉള്ള ഭാഷയാണ് ഈ കവിതയ്ക്ക്. അവൻ സ്വപ്നത്തിലെ നായകനാണ്. തുലാമാസസന്ധ്യ വെളിപ്പെടുത്തുന്ന സഖിത്വം ആസക്തിക്ക് ബദലാവുന്നില്ല ഹല്ല പിന്നെയിൽ. സിൽവിയ പ്ലാത്തിന്റെ ഏക നോവലായ ബെൽ ജാർ നായിക എസ്തറിന്റെ വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ദുരന്തത്തിലേക്കുള്ള പടുവീഴ്ചയുടെയും ആഖ്യായികയാണ്. മനോരോഗാശുപത്രിയിൽ എസ്തറിന്റെ സഖിയാണ് ജോവാൻ എന്ന പെൺകുട്ടി. ജോവാൻ കോളജിൽ എസ്തറിന്റെ സീനിയർ ആയിരുന്നു. ഉൾവലിഞ്ഞ സ്വഭാവമുള്ള എസ്തറിന് ചുറുചുറുക്കുള്ള , പ്രകാശം നിറഞ്ഞവളായ, ജോവാനോട് അസൂയയായിരുന്നു. എസ്തറിന്റെ കാമുകനായിരുന്ന ബഡ്ഡിയെ അവളിൽ നിന്ന് തട്ടിയെടുക്കുന്നു പോലുമുണ്ട് ജൊവാൻ. ആശുപത്രിയിലെ വാർഡിൽ തകർന്ന മനസ്സുമായി ഇവർ രണ്ടു പേരും അന്യോന്യം കണ്ടെത്തുന്നേടത്ത്, തന്റെ തന്നെ മറ്റൊരു പതിപ്പായി ജോവാനെ എസ്തർ മനസ്സിലാക്കുന്നേടത്ത് നോവൽ അസൂയയുടെയും കാലുഷ്യത്തിന്റെയും അട്ടികൾ തകർന്ന് കലങ്ങുന്ന ഒരു വിചിത്രമായ വൈകാരികതലം കൈവരിക്കുന്നു. വിദ്യയുടെ പെൺകുട്ടികൾ / പെണ്ണുങ്ങളും ഈ സ്നേഹ-വൈരാഗ്യത്തിന്റെ (Love-hate) പാറ്റേണുകളിലാണ് ഒരുക്കപ്പെട്ടിട്ടുള്ളത്. പലതിനോടും ഉള്ള അമർഷം കുശുമ്പിന്റെയും, ക്രൂരമായ അസൂയയുടെയും, ചോരയുടെയും പേരിൽ വിദ്യയുടെ പെൺലോകത്ത് ചിതറിക്കിടക്കുന്നത് കാണാം. മേൽപ്പറഞ്ഞ സിൽവിയ പ്ലാത്തിന്റെ പെൺലോകകൽപ്പനയുമായി ഇതു ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്.
ആത്മഹത്യയോടുള്ള പ്ലാത്തിയൻ ഒബ്സെഷനും വിദ്യയുടെ കവിതകളിൽ പ്രകടമാണ്. വെളിച്ചം ചിലപ്പോൾ ഇങ്ങനെയുമാണ് എന്ന കവിത തർക്കൊലയുടെ ലാവണ്യചർച്ചയാവുന്നത് കാണൂ. ആത്മഹത്യക്കു വേണ്ടുന്ന പല മോഹനമാർഗ്ഗങ്ങളും അന്വേഷിച്ചു ചെല്ലുന്നു ഈ കവിത:
ആഗ്രഹിച്ചുണ്ടായ
മഞ്ഞപ്പൂക്കളെ മണക്കവേ
പരാഗരേണുക്കൾ
മൂർദ്ധാവിലേക്ക് വലിച്ചു കയറ്റി…
മഴവിൽ നിറമുള്ള
നീർക്കുമിളയുടെയുള്ളിൽക്കിടന്ന്
ഉരുണ്ടുരുണ്ട്
ശ്വാസം മുട്ടി …
ഇഷ്ടപ്പെട്ട പുസ്തകത്തിലെ
പൊടി ശ്വസിച്ച്
തുമ്മിത്തുമ്മി…
മനോഹരമായ ആത്മഹത്യ സ്വപ്നം കാണുന്ന ഈ പെൺകുട്ടി Dying is an art, I do it exceptionally well എന്നെഴുതിയ കവയിത്രിയെ ഓർമിപ്പിക്കുന്നത് യാദൃശ്ചികമല്ല.
ഒളിഞ്ഞും മറഞ്ഞും വക്രിച്ചും അസ്വസ്ഥതകളെ എഴുതുന്നതാണ് വിദ്യയുടെ കവിതാ കൗശലത്തിലെ പ്രധാന ഈട് എന്നിരിക്കിലും പലേടത്തും വിദ്യ വിഷാദത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നുമുണ്ട്. വിഷാദിയുടെ പകൽ എന്ന കവിത അത്തരമൊരു സന്ദർഭമാണ്. വിഷാദത്തിന്റെ മോഹനീയമെന്നു തോന്നിക്കുന്ന വരവിൽ നിന്ന് കവിത
“കൈയിലിട്ടുരുട്ടുന്ന കുപ്പിഗ്ലാസുമായി
വരാന്തയുടെ മൂലയിൽ
നീട്ടിവെച്ച കാലിലെ
തള്ളവിരൽനഖം
കണ്ണെടുക്കാതെ നോക്കുന്ന” വിഷാദിയിലേക്ക് പടം മറിയുന്നു.
കവിതയുടെ അവസാന പാദം വിഷാദത്തിന്റെ അണപൊട്ടലിലേക്ക് കുതിച്ചു ചെല്ലുന്നതിനുള്ള ആ കുഞ്ഞു മിടിപ്പിലേക്ക് വാക്കുകൾ കേന്ദ്രീകരിക്കുന്നു.
ഒറ്റ വട്ടമൊന്ന് ചിരിച്ചാൽ മതി.
എന്തു പറ്റിയെന്ന് ചോദിച്ചാൽ മതി.
ചുമലിലൊന്ന് തൊട്ടാൽ മതി.
ഒരണ പൊട്ടും
ഒരു കടലു കത്തും.
ഒരു മല നിരങ്ങി നീങ്ങും.
ഒരു പേമാരിയിൽ ഭൂമി പിളരും.
ബെൽജാറിലെ നായികയുടെ വിഷാദാധിക്യത്തിന്റെ ചിത്രങ്ങളോട് വളരെയടുത്തു നിൽക്കുന്നവയാണ് ഈ കവിതയിലെ വിഷാദിയുടെ ചിത്രണങ്ങൾ. ഒന്ന് തൊട്ടാൽ ഭൂമി പിളരുന്ന വിഷാദത്തിന്റെ പേമാരി ഗ്രസിക്കുന്ന മനസ്സിന്റെ സൂക്ഷ്മവും സമഗ്രവുമായ ഈ വിവരണമാണ് വിദ്യാ പൂവഞ്ചേരിയുടെ കവിതകളെ ലോകസാഹിത്യത്തിലെ പെൺ കവിതകളിലെ വിഷാദകാവ്യവഴക്കത്തിലേക്ക് ചേർത്ത് നിർത്തുന്നത്. ഇതിനെക്കുറിച്ച് കവി ബോധവതിയാണ് താനും. മഴയെക്കുറിച്ച് എന്ന കവിതയുടെ അവസാന ഭാഗത്ത് വന്നു സീൽക്കരിക്കുന്ന ഈ ആത്മവിശ്വാസം ശ്രദ്ധിക്കുക:
ഒറ്റ നിമിഷം കൊണ്ട്
ഒരു കവിതയിലൂടെ
നിങ്ങളെയെനിക്ക് നിരാശരാക്കാം
വിഷാദികളാക്കാം.
കാരണം
എന്നെ പോലെത്തന്നെ
നിങ്ങളെല്ലാവരും
വികാരപരമായി വിഡ്ഢികളാണ്.
മലയാളത്തിലെ സമകാല പെൺകവിതയിൽ വിഷാദാഖ്യാനം ഒരു പുതുമയല്ല. ഈ പ്ലാത്തിയൻ ഭൂമിക്ക് അവകാശികൾ നിറയെയുണ്ട്.
പിടിച്ച് പിടിച്ച്
കയറി വരുന്ന
പല നിറങ്ങളുള്ള
എന്റെ പോപ്പിൻസ് വേദനകൾ
ഹൃദയത്തിലേയ്ക്കെറിഞ്ഞിട്ടും
നീ വിഴുങ്ങുന്നില്ല.
ഞാൻ വാശിപിടിച്ചു കരയും.
ഇറങ്ങിപ്പോകാൻ സാധ്യതയുള്ള
എല്ലാ വഴികളേയും
മുന്നേ കൂട്ടി പിന്നിയിടും.
എന്നെഴുതിയ പത്മ ബാബുവിന്റെ കവിതകളിൽ ഈ ഭൂമിയുടെ അവകാശം കിടപ്പുണ്ട്.
ആരറിയാനാണ്?
പൊളിഞ്ഞടർന്ന കുങ്കുമച്ചുവരിൽ
പുതിയ നിറം ചേർത്തടിക്കുമ്പോൾ
മാഞ്ഞു പോയ
കുഞ്ഞുതാമരച്ചിത്രങ്ങളുടെ
നൊമ്പരങ്ങൾ
എന്നെഴുതിയ സംപ്രീത കേശവന്റെ കവിതകളിൽ ഈ ഭൂമിയുടെ അവകാശമുണ്ട്.
കണ്ണാടിക്കു മുന്നിൽ തപസ്സിരിക്കുക
കടും ചുവപ്പുസാരി വിടർത്തിയിടുക
വിസ്തരിച്ചു വിഭ്രമിച്ചു കണ്ണെഴുതുക
ലേശം കൂടി വട്ടത്തിൽ പൊട്ടു തൊടുക
എപ്പഴുമൊരു മൂളിപ്പാട്ടും തേച്ച്
ചുണ്ടൽപം ചുവപ്പിക്കുക
ചുറ്റും നോക്കി ചുമ്മാതങ്ങു ചിരിക്കുക
ഇന്നെന്താ വിശേഷമെന്ന്
അപരിചിതർക്കു പോലും സന്ദേഹമുണ്ടാക്കുക
ഉള്ളിലലറിക്കരഞ്ഞ് മുടിപിടിച്ചു വലിച്ച്
തലചുമരിലിട്ടിടിക്കുന്ന ഒരുത്തിയെ
കൊന്നു ചവിട്ടിത്താഴ്ത്തുക
എന്നെഴുതിയ കല സജീവന് ഈ ഭൂമിക്കഷ്ണം സ്വന്തമാണ്.
വിഷാദവുമായി
അനുരാഗത്തിലായ ഒരുവൾ
തന്റെയുള്ളിലെ കാടിന്റെ ഗഹനതയിൽ
ഏറ്റവും ഇരുണ്ട മരത്തിന്റെ
എത്താച്ചില്ലയിൽ
ഇല്ലാവെയിലിന്റെ
പൊൻകയർ കൊണ്ട്
ഒരൂഞ്ഞാലിടുന്നു.
നിശ്ശബ്ദത അവളോടൊപ്പം
ഊഞ്ഞാൽപ്പടിയിലിരിക്കുന്നു.
ബോധവും അബോധവും
ഇരുപുറവും നിന്ന്
നാളെയിലേക്ക് അവളെ
മെല്ലെ ഉന്തുന്നു
എന്നെഴുതിയ ലോപയുടെ അവകാശവും ഈ ഭൂമിയിൽ ഭദ്രം.
“കാറ്റതിന്റെ മണത്തിൽ നിന്ന്
മൂർച്ഛയതിന്റെ തോന്നലിൽ നിന്ന്
ഭ്രമങ്ങളവയുടെ നിറത്തിൽ നിന്ന്
ചായങ്ങളവയുടെ കാഴ്ചയിൽ നിന്ന്
ഒഴിഞ്ഞ് പോവുന്നു
ഉണ്ടായിരുന്നവയെല്ലാം
പിരിഞ്ഞു പോയ്ക്കഴിഞ്ഞാൽ
ഞാനെന്റെ ഉടലിൽ നിന്നും
വേർപ്പെട്ടു പോകും
പാട്ടിൽ നിന്നതിന്റെ ചുവയെന്ന പോലെ” എന്നെഴുതുമ്പോൾ രഗില സജിയും,
“കുനിഞ്ഞു കുനിഞ്ഞു
ജീവിക്കുന്നൊരുവളുടെ കവിത
നിവർന്നു നിൽക്കാൻ എത്ര പണിപ്പെടുന്നുണ്ടെന്ന്
ഒരുവൻ അറിയണമെന്നില്ല” എന്നെഴുതുമ്പോൾ നിഷി ജോർജ്ജും,
“ഞാൻ
നിന്റെ ദുരിതഗ്രന്ഥികളാൽ
തുറക്കപ്പെടുന്ന
വെറുമൊരു ഓവുചാൽ” എന്നെഴുതുമ്പോൾ ചിഞ്ചു റോസയും,
“വാക്കുകൾ ഉള്ളിൽക്കിടന്ന്
തലതല്ലിക്കരയുമ്പോൾ
നീയെന്നോട് നിശ്ശബ്ദയായിരിക്കാനാവശ്യപ്പെടുന്നു.
മൗനമാണത്രേ എന്റെയാഭരണം.” എന്നെഴുതുമ്പോൾ ഇ. സന്ധ്യയും മലയാളത്തിന്റെ പെൺലോകത്തിലെ വിഷാദകാവ്യസാധ്യതയിൽ പുതിയ വിത്തുകൾ എറിയുന്നു.
പെട്ടെന്നോർമ്മയിൽ വന്ന, കൈയിൽ തടഞ്ഞ പ്രതിനിധികളെ എടുത്തുവെന്നു മാത്രം: മലയാളത്തിൽ അച്ചടിയിലും സൈബറിടത്തിലും സജീവമായി എഴുതുന്ന പുതിയ പെൺകവികൾ മിക്കവരും മേൽപ്പറഞ്ഞ വിഷാദാഖ്യാനലാവണ്യശാസ്ത്രത്തിൽ പ്രവീണരാണ്. ആണുങ്ങൾ തങ്ങളുടെ നല്ലപാതിയുടെ വേർപാടിലും, “സഹ ഇടയന്റെ” ദുരന്തത്തിലും വികാരപ്പെട്ട് ചമച്ച വിലാപകാവ്യം എന്ന കാലഹരണപ്പെട്ട ദുഃഖവിസ്താരത്തിന് സുഖമരണം ആശംസിച്ച് കവിതയുടെ നവവിഹായസ്സ് പെണ്ണുങ്ങളെഴുതുന്ന വിഷാദകാവ്യങ്ങളാൽ നീലിച്ചു കർക്കടകം പോലെ കനക്കുന്നു. വിയോഗിനീ വൃത്തത്തിനു പകരം കുറുകിയ ഗദ്യം; തത്വചിന്താ പദ്ധതികൾക്കു പകരം പെൺതന്മയുടെ ഉറപ്പുകൾ; വേദിക് ആത്മീയതയുടെ ഇടങ്ങളിൽ തിരളുന്ന, കരു പേറുന്ന, പെറുന്ന, പെറാത്ത, തളർന്ന, തകർന്ന, ഉണർന്ന, കീഴടക്കപ്പെട്ട, വിസമ്മതിക്കുന്ന, രാജിയാവുന്ന, ഉയിർത്തെണീറ്റ, വിധം വിധമായ ഉടലുകൾ. വിദ്യാ പൂവഞ്ചേരിയുടെ എളങ്കൂർ 676112 എന്ന സമാഹാരം മലയാളത്തിലെ സമകാല പെൺ കവിതയിലെ വിഷാദകാവ്യങ്ങളുടെ അടുക്കിലേക്ക് നെഞ്ചുയർന്ന് ചെന്നുകയറുന്ന ഒരടരാണ്: ഇതിന്റെ വായനകൾ ഈ വകുപ്പിന്റെ വിവിധ മാനങ്ങളിലേക്ക് വെളിച്ചം വീശുമാറാകട്ടെ.