
കാറ്റായും കടലായും ഒരുവള്‍

അരുൺ ടി. വിജയൻ
വളരെപ്പതുക്കെ
ഉള്ളിലെ തീയിലേക്ക്
തണുപ്പ് കടത്തിവിട്ട്
മകളുടെ കുഞ്ഞുകൈകള്‍ നീട്ടി
കൂട്ടുകാരിയുടെ ശാസനകള്‍ കാട്ടി
അമ്മയുടെ തൊട്ടിലാട്ടി
പടര്‍ന്നു കയറിയ
ഒരുവളുണ്ടായിരുന്നു
തെരുവിലെ
അരണ്ട മഞ്ഞവെളിച്ചത്തിലൂടെ
അവളെന്നെ കൂട്ടുനടത്തി
ഇടയ്ക്കെപ്പോഴോ
കാറ്റിന് ശക്തികൂടി
എന്നെ അടിച്ച് താഴെയിട്ട്
ആ ചുഴലിയെങ്ങോ പോയ്
നിങ്ങളാരും ഒന്നുമറിഞ്ഞില്ല
ഒരുവളുണ്ടായിരുന്നു
ചെറിയ തിരകളായി വന്ന്
കാലിനെ നനച്ച്
പിന്നെയും വന്ന്
ഒരിക്കലും പിരിയില്ലന്ന്
പറഞ്ഞവള്‍
താളം മുറുക്കി
ആര്‍ത്തലച്ച്
ദാഹം തീര്‍ത്തവള്‍
ഉറങ്ങാത്ത രാത്രികളെ
മയക്കിക്കിടത്തിയ
കടല്‍ പോലെ വന്നവള്‍
അവളുടെ കണ്ണുകളില്‍
എന്നെ തളച്ചിട്ടിരുന്നു
ചുണ്ടുകളിലെ ലഹരിയില്‍
പൂട്ടിയിട്ടിരുന്നു
വിരല്‍ത്തുമ്പില്‍
ഉറക്കിക്കിടത്തിയിരുന്നു
ഉണരുമ്പോള്‍
അവളില്ല
ഇനി കാറ്റായും
കടലായും വരില്ലെന്ന്
ഒരു കുറിപ്പ് മാത്രം