
നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും

അരുൺകുമാർ പൂക്കോം
ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ, അനുഭവ് സിൻഹ സംവിധാനം ചെയ്ത തപ്പഡ് എന്നീ സിനിമകളിൽ ഭർത്താവിൻ്റെ വീട് വിട്ട് നായിക അച്ഛൻ്റെയും അമ്മയുടെയും വീട്ടിലേക്ക് പോകുന്നതിനെ പറ്റി ചിന്തിക്കുമ്പോഴൊക്കെയും ഓർമ്മയിൽ എത്താറുള്ളത് 2016 വർഷത്തിൽ എഴുതുകയും മലയാളത്തിലെ ചില പ്രമുഖ ആനുകാലികങ്ങൾക്ക് അയച്ചു നൽകിയപ്പോൾ പ്രസിദ്ധീകരിക്കാതെ പോകുകയും ചെയ്ത നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന ലേഖനത്തെ കുറിച്ചാണ്. ഒരു പക്ഷേ ആ ലേഖനത്തിൽ വളരെ കുറച്ച് ഖണ്ഡികകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ആ ലേഖനം എഴുതി തീർന്നതിന് ശേഷവും ഒട്ടേറെ സമയങ്ങൾ എന്താണ് അത്തരത്തിൽ എന്നൊന്നും യാതൊരു നിശ്ചയവും ഇല്ലാത്ത വിധത്തിൽ അപഹരിക്കുകയായിരുന്നു. മറ്റ് യാതൊരു എഴുത്തും സാധ്യമാകാത്ത വിധം ഒരു ഒഴിയാബാധ പോലെ ആ ലേഖനം 2017 വർഷത്തിലും മനസ്സിനെ പിന്തുടർന്നു കൊണ്ടേയിരുന്നു.
എന്തുകൊണ്ടാണ് ആ ലേഖനം പ്രസിദ്ധീകരിക്കാതെ പോകുന്നത് എന്നതിന് പൊതുവേ പല ലേഖനങ്ങൾക്കും ഒപ്പം ചേർക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെയും മറ്റും അവലംബങ്ങൾ ഇല്ലായ്മ കാരണമാകാം എന്ന തോന്നിച്ച ഉണ്ടായി. അത്തരം അവലംബങ്ങൾ ചേർക്കാൻ കഥകളും കവിതകളും മറ്റും എഴുതുകയും അവയെ പറ്റി ചിന്തിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലക്ക് പരിമിതികളുണ്ടായിരുന്നു. വൈഞ്ജാനിക ലേഖനങ്ങൾ എഴുതുക എന്നത് ഏറെ വിശാലത ആവശ്യപ്പെടുന്ന മറ്റൊരു മേഖലയാണ് താനും.
ഗീത ഹിരണ്യൻ എഴുതിയ ഒരു കവിത പ്രസിദ്ധീകരിക്കാതെ വന്നപ്പോൾ തെല്ല് കൂടി പുരുഷ വിദ്വേഷം ചേർത്ത് അയക്കാൻ പറഞ്ഞതിനെ കുറിച്ചും അത്തരത്തിൽ ചെയ്തതോടെ പ്രസിദ്ധീകരിച്ചു വന്നതിനെ കുറിച്ചും ഹിരണ്യൻ എഴുതി കണ്ടത് അക്കാലത്താണ്. നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന ലേഖനം എഴുതുന്നത് മലയാളത്തിലെ ആനുകാലികങ്ങൾ പലതും സ്ത്രീകളുടെ വേഷങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളെ പറ്റി നിരന്തരം ചർച്ചകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കാലത്താണ്. പല ആനുകാലികങ്ങളിലും പത്രങ്ങളിലും അത്തരം വിഷയങ്ങൾ നിറഞ്ഞു നിന്നിരുന്ന കാലമാണത്. ആ കാലത്ത് ഇറങ്ങിയിരുന്ന ഇംഗ്ലീഷ് പത്രങ്ങളോ ഇംഗ്ലീഷ് ആനുകാലികങ്ങളോ പക്ഷേ അത്തരം കാര്യങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നുമുണ്ടായിരുന്നില്ല.
ആയിടക്കാണ് ലേഖനം അയച്ചു കൊടുത്തിരുന്ന ഒരു പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററെ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് കാണുന്നത്. അദ്ദേഹവുമായി എനിക്ക് മുൻപരിചയമൊന്നും ഇല്ലാതിരുന്നതിനാൽ പരിചയപ്പെടുകയും ലേഖനം അയച്ചു നൽകിയതിനെ കുറിച്ച് പറയുകയുമായിരുന്നു. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലൊന്നും യാതൊന്നും പറയുകയുണ്ടായിട്ടുമില്ല. അയച്ചു നൽകിയവ പ്രസിദ്ധീകരിക്കുന്നില്ല എന്ന് പറഞ്ഞാൽ യാതൊരു വിഷമവും തോന്നുകയില്ലെന്ന് മാത്രമല്ല, അത്തരത്തിൽ ഒരു മറുപടി തന്നല്ലോ എന്ന് തോന്നുക മാത്രമേ ഉണ്ടാകാറുള്ളു. ആ പ്രസിദ്ധീകരണത്തിൻ്റെ അടുത്ത ലക്കം എടുത്തു നോക്കിയപ്പോൾ അതുവരെ ഇല്ലാത്ത വിധം മറ്റൊരു പ്രസിദ്ധീകരണത്തിൽ അക്കാലത്ത് കണ്ടു വന്ന വിധത്തിൽ അയച്ചു നൽകിയവയെ പറ്റി ആരും അന്വേഷിക്കരുത് എന്ന് അറിയിപ്പ് വരികയാണുണ്ടായത്. ലേഖനത്തെ കുറിച്ച് ചോദിച്ചതിനെ തുടർന്നാണോ അത്തരത്തിൽ അറിയിപ്പ് വരാൻ തുടങ്ങിയത് എന്നൊരു സംശയം കൂടെ പോന്നു എന്നല്ലാതെ മറ്റ് യാതൊന്നും സംഭവിക്കുകയുണ്ടായില്ല. അത്തരം അറിയിപ്പ് ആനുകാലികങ്ങളിൽ വെക്കുന്നതിൽ അത്രയൊന്നും യോജിപ്പുള്ള മനസ്സല്ല കൂട്ടിനുള്ളത്. അത്തരം അറിയിപ്പുകൾ വെക്കാതെ തന്നെ എത്രയോ മികച്ചതും ജോലിത്തിരക്കുള്ളതുമായ പ്രസിദ്ധീകരണങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട്. അതോടെ എഴുത്തും ആനുകാലികവായനയുമൊക്കെ തെല്ലൊന്ന് മാറ്റി വെച്ച് കാരംസും ചെസ്സുമൊക്കെ ഒറ്റക്ക് കളിക്കുക എന്നൊരു ശീലത്തിലേക്ക് തെല്ല് മാറുകയായിരുന്നു. കൂടെ ജയിംസ് മാസൻ്റെ ദി ആർട് ഓഫ് ചെസ്സ് എന്ന പുസ്തകവും അരുൺ ദേശ്പാണ്ഡെയുടെ പ്ലെയേർസ് ഗൈഡ് ഫോർ കാരം, കാരം – ടെക്നിക് ഏൻ്റ് സ്കിൽ എന്നീ പുസ്തകങ്ങളും ഒറ്റക്കുള്ള കളിക്കൊപ്പം കൂട്ടിനുണ്ടായിരുന്നു. വിചാര വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന വായനയിൽ നിന്നും മാറി നടക്കാൻ ചെസ്സിൻ്റെയും കാരം കളിയുടെയും പുസ്തകങ്ങൾ അക്കാലത്ത് ഏറെ സഹായിച്ചിട്ടുണ്ട്.
ട്രൂ കോപ്പി തിങ്ക് എന്ന വെബ് പ്രസിദ്ധീകരണത്തിൽ എഴുത്തുകാരി കെ.ആർ.മീരയുടേതായി സാമൂഹ്യ വിരുദ്ധത തുടങ്ങുന്നത് ന്യൂസ് റൂമിൽ നിന്ന് എന്ന ലേബലിൽ ഒരു വീഡിയോ 2020 വർഷത്തിൽ പ്രസിദ്ധീകരിച്ചു വന്നതിൽ സ്ത്രീകളുടെയും കുട്ടികളുടെയും റിപ്പോർട്ടുകൾ സ്ത്രീകൾക്ക് മാത്രം എഴുതാനായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് എന്നും ഒരു ആൺകുട്ടി പോലും പുതിയ കാലത്ത് സ്ത്രീകളുടെ അവകാശങ്ങളെ പറ്റി, തുല്യതയെ പറ്റി എഴുതുന്നില്ല എന്നുമൊക്കെ അഭിപ്രായപ്പെടുന്നതായി കണ്ടിട്ടുണ്ട്. അത് ഉണ്ടാക്കുന്ന വലിയൊരു സാമൂഹിക പ്രതിസന്ധിയുണ്ട് എന്നും കെ.ആർ.മീര അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ വീഡിയോ കണ്ടപ്പോഴും നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന ലേഖനമാണ് ഓർമ്മയിൽ വന്നത്. വി.ടി.ഭട്ടതിരിപ്പാട് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിക്കുമ്പോഴും ജിയോ ബേബി ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ പ്രദർശിപ്പിക്കുമ്പോഴും സമൂഹത്തിൽ നിന്നും ലഭിക്കുന്ന സ്ത്രീപക്ഷ സമീപനം അവയുടെ ദൃശ്യപരത കൊണ്ട് കൂടി ലഭിക്കുന്നതായിരിക്കാം. അവർ രണ്ടു പേരും സ്ത്രീപക്ഷ നിലപാടുകൾ നാടകത്തിലും സിനിമയിലും എടുത്ത പുരുഷൻമാരാണ്. പക്ഷേ എഴുത്തിലെ പുരുഷൻ്റെ സ്ത്രീപക്ഷ നിലപാടുകൾക്ക് അത്രമേൽ സ്വീകാര്യത ലഭിക്കുന്നില്ല എന്നാണ് തോന്നുന്നത്.
സത്യത്തിൽ നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന ലേഖനം എഴുതാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. അടുക്കളയിൽ പെട്ടു പോയപ്പോൾ അതൊരു വലിയ വിഷയമാണ് എന്ന് ജിയോ ബേബിക്ക് തോന്നാൻ ഇടവന്നതിനെ കുറിച്ച് അദ്ദേഹം പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ലോക്ക് അപ്പ് എന്ന ഷോർട്ട് ഫിലിം ജിയോ ബേബിയുടെ അടുക്കള അനുഭവങ്ങളുടെ പുറത്ത് അദ്ദേഹം കുടുംബത്തോടൊപ്പം ലോക്ക് ഡൗൺ കാലത്ത് ഹാസ്യാത്മകമായി തീർത്തതായി കാണുന്നുമുണ്ട്. മറ്റ് ചില സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായതിനെ തുടർന്നാണ് നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന ലേഖനം എഴുതുന്നത്. ആ ലേഖനം എഴുതാൻ വഴി വെച്ച ഒട്ടേറെ കാര്യങ്ങളിൽ വളരെ മിഴിവോടെ മനസ്സിൽ നിൽക്കുന്നത് വീട്ടിൽ നിന്നും മറ്റൊരു താമസസ്ഥലത്തേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷയിൽ അടുത്ത് ഇരുന്നു കൊണ്ട് വീട്ടിലെ പുസ്തകങ്ങളിൽ നിന്നും ടോട്ടാച്ചാൻ മാത്രമേ കൊണ്ടു പോരുന്നുള്ളു എന്ന് ജീവിതത്തിലെ കൂട്ടുകാരി പറഞ്ഞത് ഓർമ്മയിലുണ്ട്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയ യാത്രയൊന്നുമായിരുന്നില്ല അത്. തെത്സുകോ കുറോയാനഗി എഴുതിയ ടോട്ടോച്ചാൻ അവളുടെ പ്രിയപുസ്തകമായിരുന്നു. വായിക്കാറുണ്ട് എന്നല്ലാതെ അവൾ പുസ്തകങ്ങളോട് അത്രമേൽ താല്പര്യമുള്ള വ്യക്തിയൊന്നുമല്ല. സിനിമാനടി ആനി പറഞ്ഞു കണ്ടതു പോലെ മുതിർന്നവർക്കുള്ള പ്രസിദ്ധീകരണങ്ങളേക്കാൾ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാനാണ് താല്പര്യം ഏറെ കണ്ടിട്ടുള്ളത്. ഒരു നാൾ പുസ്തകശാലയിൽ നിന്നും പല പുസ്തകങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ വാങ്ങിയ ടോട്ടോച്ചാൻ എങ്ങനെയോ അവളുടെ പ്രിയപുസ്തകമാകുകയായിരുന്നു. ആ യാത്രയിലും സമാനമായ മറ്റ് യാത്രകളിലും അവളുടെയും മറ്റ് ബന്ധുക്കളായ സ്ത്രീകളുടെയും പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ഒന്നിച്ചുള്ള ദൂരയാത്രകളിലുമൊക്കെ മനസ്സിൽ തോന്നിയവയാണ് സ്ത്രീകളുടെ നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന അവസ്ഥകളെ പറ്റിയുള്ള ചിന്തകൾ എന്നതാണ് സത്യം. ജിയോ ബേബിയുടെ ദ ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ, അനുഭവ് സിൻഹയുടെ ഥപ്പട് എന്നീ സിനിമകൾ കണ്ടപ്പോൾ അതിലെ നായികമാർക്ക് ഭർത്താവിൻ്റെ വീട്ടിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങളോടെ ഇറങ്ങിപ്പോന്നു കൊണ്ടുള്ള അവരുടെ അച്ഛനമ്മമാരുടെ വീട്ടിലേക്കുള്ള മടക്കത്തിൽ വഴിയിൽ എവിടെയും സ്ത്രീ സൗഹൃദപരമായ മറ്റിടങ്ങൾ യാതൊന്നും ഇല്ലല്ലോ എന്ന് തോന്നാൻ ഇടവരുത്തിയതും നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും എന്ന ലേഖനമാണ്. സോഷ്യൽ മീഡിയയിൽ കവിതകളും കുറിപ്പുകളും എഴുതുന്ന കൂട്ടത്തിൽ ആദ്യ ആദിയ നമ്മളിൽ മിക്കവർക്കും മടങ്ങിച്ചെല്ലാൻ ഒരു വീടില്ല, നമ്മുടെ കല്യാണം കഴിയുന്നതോടെ അന്നുവരെ താമസിച്ച വീട് സഹോദരങ്ങളിൽ ഒരാളുടെ ഷെയർ മാത്രമാകും, ഭർത്താവുമൊത്ത് ചെന്നാൽ മാത്രം വില കിട്ടുന്നയിടം എന്ന് ഒരു കുറിപ്പിൽ എഴുതി കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു അവസ്ഥയെ തപ്പഡ്, ദ ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൺ എന്നീ സിനിമകൾ പരിശോധിക്കുകയായി കണ്ടിട്ടില്ല. സത്യത്തിൽ ആ സിനിമകൾ സിനിമ ഒരിടത്ത് വെച്ച് തീർക്കേണ്ടതിനാൽ തീർന്നു എന്നു മാത്രമേയുള്ളു.
അഥീന ഡെയ്സി തൻ്റെ സോഷ്യൽ നെറ്റ് വർക്ക് ഇടത്തിൽ കൂടെയുള്ള ഓരോരുത്തരും എങ്ങോട്ടെങ്കിലുമൊക്കെ പോകുമ്പോൾ നമുക്ക് മാത്രം പോകാൻ ഇടങ്ങളുണ്ടാവില്ല എന്ന് അമ്മ, അമ്മമ്മ എന്നിവരെ കൂടി പരാമർശിച്ച് മൂന്നു തലമുറകളുടെ കാര്യങ്ങളായി സ്ത്രീകൾക്ക് പോകാൻ ഇടങ്ങൾ ഇല്ലാത്തതിനെ കുറിച്ച് ഒരു വിവരണം എഴുതി കണ്ടിട്ടുണ്ട്. ആ കുറിപ്പിനോട് ചേർന്നു നിൽക്കും വിധം ഒട്ടേറെ സ്ത്രീകളുടെ അഭിപ്രായങ്ങളും ആ കുറുപ്പിന് ലഭിച്ചതായി കണ്ടിട്ടുണ്ട്. ജോളി ച്ചിറയത്ത് മുസിരിസ് പോസ്റ്റ് എന്ന മീഡിയ/ വാർത്ത കമ്പനിയിൽ ജീവിതം പറയുന്ന കൂട്ടത്തിൽ നാട്ടിൻപുറത്തെ വായനശാലകൾ പെൺപിള്ളേർക്കുള്ളതല്ലല്ലോ എന്ന് പറയുന്നതായും കണ്ടിട്ടുണ്ട്. പൊതുജന വായനശാല എന്ന രീതിയിലാണ് വായനശാലകൾ രൂപീകരിക്കപ്പെട്ടതെങ്കിലും സ്ത്രീകളിൽ വലിയ ശതമാനത്തിനും അവയെ കാര്യമാത്ര പ്രസക്തമായി ഉപയോഗിക്കാൻ പറ്റുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. അത്തരം ഇടങ്ങൾ പോലും ഇല്ലാതിരിക്കുമ്പോൾ സ്ത്രീകൾ വീട്, ജോലി സ്ഥലം, ജോലി ഇല്ലാത്തവർക്ക് വീട് മാത്രം, ചെറിയ ചുറ്റുവട്ടങ്ങൾ എന്ന അവസ്ഥയിലേക്കുമൊക്കെ ഒതുങ്ങി പോകുന്നുണ്ട്.
എവിടെയും പ്രസിദ്ധീകരിക്കാതെ വന്നപ്പോൾ സോഷ്യൽ നെറ്റ് വർക്കിൽ എഴുതിയത് വെറുതെ കളയേണ്ട എന്ന ചിന്തയോടെ 2017-ൽ ആ ലേഖനം ചേർക്കുകയായിരുന്നു. സോഷ്യൽ നെറ്റ് വർക്കിൽ അത്രമേൽ ശ്രദ്ധിക്കുന്നതായൊന്നും കാണാതെ വന്നപ്പോൾ നേരിട്ട് പരിചയമൊന്നുമില്ലാത്ത മൂന്ന് സ്ത്രീ ആക്റ്റിവിസ്റ്റുകൾക്ക് ആ ലേഖനം അയച്ചു നൽകുകയുണ്ടായിട്ടുണ്ട്. ഒരു കാലം ചിന്തിച്ചു കൂട്ടിയ ചിന്തകൾ ആർക്കെങ്കിലും അവരുടെ ചിന്തകളിൽ ഉപകാരപ്പെടുന്നെങ്കിൽ ഉപകാരപ്പെടട്ടെ എന്ന തോന്നിച്ചയായിരുന്നു ആയത് ചെയ്യാൻ പ്രേരിപ്പിച്ചത്. അവരത് വായിച്ചിട്ടുണ്ടോ എന്നൊന്നും പറയാൻ പറ്റാത്തത് മറുപടികൾ ലഭിച്ചിട്ടില്ലാത്തത് കൊണ്ടാണ്. എങ്കിലും വർഷാവർഷം ചില സ്ത്രീ സൗഹൃദ പദ്ധതികൾ വരുമ്പോൾ അത്തരം കാര്യങ്ങൾ വരുന്നതിൽ ചെറിയ മട്ടിലെങ്കിലും ആ ലേഖനം ഉപകരിച്ചിട്ടുണ്ടോ എന്നൊരു സംശയം മനസ്സിൽ തോന്നാറുണ്ട്.
ഒരു കാലം എവിടെയെങ്കിലും പ്രസിദ്ധീകരിച്ചു കാണാൻ വൈയക്തികമായ ഒട്ടേറെ കാരണങ്ങളാൽ അതിയായി ആഗ്രഹിച്ച ലേഖനമാണത്. പ്രസിദ്ധീകരിക്കാൻ പറ്റാത്ത വിധം ന്യൂനതകൾ ആ ലേഖനത്തിന് ഒരു പക്ഷേ കാണുമായിരിക്കാം.
ഇതെൻ്റെ രക്തമാണ്, ഇതെൻ്റെ മാംസമാണ്, എടുത്തുകൊൾക എന്നൊക്കെ ആലങ്കാരികമായി പറയും മട്ടിൽ വൈയക്തികമായ പല കാരണങ്ങളാൽ ആ ലേഖനം മറ്റുള്ളവരിലേക്ക് എത്തണമെന്ന് അതിയായ ആഗ്രഹം എന്നുമെന്നും കൂടെയുണ്ട്.
നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളും
സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന വിവിധ തരം അസ്വാതന്ത്യങ്ങളെ കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ സ്ത്രീകളില്‍ പലരും എഴുതി കാണാറുണ്ട്. ഏതാണ്ട് ഇരുള് പടരാന്‍ തുടങ്ങുമ്പോഴേക്കും പൊതുഇടങ്ങളില്‍ നിന്നും ഏറെക്കുറെ സ്ത്രീകളും അവരവരുടെ വീടെത്തിക്കഴിഞ്ഞിരിക്കും എന്ന അവസ്ഥയോട് അത്തരം എഴുത്തുകളെ ചേര്‍ത്ത് വായിക്കാം. നേരങ്ങളല്ലാത്ത നേരങ്ങളും ഇടങ്ങളല്ലാത്ത ഇടങ്ങളുമുണ്ട് എന്ന അവസ്ഥ സമൂഹത്തില്‍ വലിയ തോതില്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. ആളുകള്‍ക്ക് ഒന്നിച്ച് ഇരിക്കാവുന്ന പൊതുവായ തുറസ്സുകളും കലാസാംസ്കാരികപ്രവര്‍ത്തനങ്ങളും മറ്റും നടത്താന്‍ ഉതകുന്ന കെട്ടിടങ്ങളുമൊക്കെയുളള നഗരങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പൊതുജനങ്ങളുമായുള്ള ഇടകലരലുകള്‍ അത്തരം മേഖലകള്‍ അത്രയൊന്നും ഇല്ലാത്ത ഇടങ്ങളില്‍ തുലോം കുറവായിരിക്കും.
വന്‍നഗരങ്ങളിലെ പെണ്‍കുട്ടിയുടെ ശരീരഭാഷകള്‍ സ്വതന്ത്രവും താന്‍പോരിമ ഉള്ളതുമായിരിക്കുമ്പോള് ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ ബസ് സ്റ്റോപ്പുകളിലും മറ്റും തന്നെ ആരൊക്കെയോ ശ്രദ്ധിക്കുകയാണ് എന്ന ധാരണയോടെയാകും പെരുമാറുന്നത്. ഒരു ബസ് സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി പരിചയമില്ലാത്ത മറ്റുള്ളവര്‍ക്ക് ഒപ്പം നില്ക്കുമ്പോള് മറ്റേതെങ്കിലും ഒരു ബസ് റോഡില്‍ മുന്നില്‍ വന്നു നില്കുമ്പോള് ബസിന്റെ മുന്‍ഭാഗത്തെ വശങ്ങളിലൂടെ മുന്നോട്ടേക്ക് ബസിലുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന വിചാരത്തോടെ നോക്കുന്നതായും ബസ് നീങ്ങിത്തുടങ്ങുമ്പോള്‍ പൊടുന്നനെ മുഖം തിരിച്ച് ബസിന്റെ പിന്നിലെ ഭാഗത്തേക്ക് വശങ്ങളിലൂടെ നോക്കുന്നതായുമുള്ള അവസ്ഥയുണ്ട്. അത്തരം യാതൊന്നും നഗരങ്ങളിലെ ബസ് സ്റ്റോപ്പുകളില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടി ചെയ്യില്ല എന്നുമാത്രമല്ല തന്റേതായ കാര്യങ്ങളിലേക്കും ബസിലേക്കുമൊക്കെ വലിയ പ്രാധാന്യമൊന്നും കല്പിക്കാത്ത വിധം അവര്‍ ശ്രദ്ധ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യും.
വലിയൊരു അര്‍ത്ഥത്തില്‍ അത്തരം ഒരു അവസ്ഥ സ്ത്രീകള്‍ മാത്രം നേരിടുന്ന ഒന്നല്ല. ഗ്രാമങ്ങളില്‍ തല താഴ്ത്തി നടക്കുന്നവര്‍ നഗരങ്ങളില്‍ തല ഉയര്‍ത്തി നടക്കുന്നു എന്ന് എഴുത്തുകാരനായ സുധീഷ് കോട്ടേമ്പ്രം പറഞ്ഞു വെക്കുന്നത് അത്തരം അവസ്ഥകളോട് ആണ്‍പെണ്‍ ഭേദമില്ലാതെ ചേര്‍ത്തുവെക്കാവുന്നതാണ്. പ്രബലരായവരുടെ ഖാപ്പ് പഞ്ചായത്തുകള്‍ നിശ്ശബ്ദമായി സമൂഹത്തില്‍ എല്ലായിടത്തും മറ്റു വ്യക്തികളുടെ ശരീരഭാഷകളെ പോലും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.
പത്രങ്ങളിലും ആനുകാലികങ്ങളിലും സെന്‍സേഷണലൈസ് ചെയ്യപ്പെടുന്ന പല വിഷയങ്ങളില്‍ ഒന്ന് സ്ത്രീകളുടെ വസ്ത്രങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളും അവയെ തുടര്‍ന്നുള്ള സംവാദങ്ങളുമാണ്. വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന തീയേറ്ററുകളിലൂടെയും കടകളിലൂടെയും ഹിന്ദി സിനിമകളിലെ നായികമാര്‍ ധരിച്ച വേഷങ്ങള്‍ ഊരുകള്‍ താണ്ടി പലയിടങ്ങളിലേക്ക് എത്തിയതിനെ പറ്റി ആലോചിച്ചാല്‍ വസ്ത്രങ്ങളുടെ മനുഷ്യരിലേക്കുള്ള വ്യാപനത്തെ സഹായിക്കുന്ന ശ്യംഖലകളെ തിരിച്ചറിയാനാകും. പലരുടെയും എഴുപതുകളിലെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളില്‍ കാണുന്ന സീനത്ത് അമന്റെ കോളറുള്ള ഷര്‍ട്ട് വെറുമൊരു വസ്ത്രം മാത്രമല്ല, അത്തരമൊന്നിന്റെ അവശേഷിപ്പിച്ചു പോയ തെളിവുകളില്‍ ഒന്നാണ്. മുംബൈ, കല്‍ക്കത്ത, ചെന്നൈ, ദല്‍ഹി പോലുള്ള വന്‍നഗരങ്ങള്‍ മറ്റ് കൊച്ചുനഗരങ്ങളെയും ഗ്രാമങ്ങളെയുമൊക്കെ തുണിക്കടകളാല് ബന്ധിപ്പിച്ചതിന്റെ തെളിവുകളില്‍ ഒന്ന് കൂടിയുമാണ് അത്.
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ വന്നപ്പോള്‍ അവയില്‍ പലതും എഴുതിയവര്‍ ആലോചിക്കാതെ പോയത് പൊതുവേദികളില്‍ സ്ത്രീകള്‍ വലിയ തോതില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒന്നായ കേരളസംഗീതനാടകഅക്കാദമിയും മറ്റും വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ന്യത്തന്യത്ത്യങ്ങളുടെയും സംഗീതപരിപാടികളുടെയും അതിലുപരി മറ്റ് തുറകളിലെ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളുടെയും വാര്‍ത്തകള്‍ പത്രങ്ങളില്‍ പലതും പരിപാടി നടക്കുന്ന ജില്ലകള്‍ക്ക് അപ്പുറത്തേക്ക് ചില ദിവസങ്ങളിലെ വിശേഷാല്പേജുകളില് മാത്രമല്ലാതെ വാര്‍ത്താപ്രാധാന്യത്തോടെ നല്‍കാത്തത് എന്താണ് എന്നതിനെ കുറിച്ചാണ്. അതിലുമുപരി വലിയ ഗുണഫലങ്ങളൊന്നും അവശേഷിപ്പിക്കാത്ത വെറും വിവാദങ്ങളിലേക്ക് മികച്ച വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും കാഴ്ചപ്പാടുകളും നേടിയെടുത്ത സ്ത്രീകളെ കണ്ണി ചേര്‍ത്ത് വസ്ത്രങ്ങളെ കുറിച്ച് ചിന്തിപ്പിച്ചും പറയിപ്പിച്ചും അരിക് ചേര്‍ക്കുന്നതിനെ കുറിച്ചും കൂടിയാണ്.
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്നത് പോലെ തന്നെ ഏതെങ്കിലും മേഖലയില്‍ വിജയിക്കുന്ന സത്രീകളുടെ കാര്യത്തിലും തിരിച്ചും പറയുന്നത് കേള്‍ക്കാറുണ്ട്. തികച്ചും ആപേക്ഷികമായ ഒരു കാര്യമാണത്. സത്യത്തില്‍ ഏതെങ്കിലും വ്യക്തിയൊന്നുമല്ല മറ്റൊരു വ്യക്തിയുടെ വിജയരഹസ്യം. സൂക്ഷ്മനിരിക്ഷണത്തില് കാണുക ഏതെങ്കിലുമൊക്കെ സ്ഥാപനങ്ങളുടെ പങ്കായിരിക്കും. അതിലുപരി അവയുടെ ശ്യംഖലകളാവും. ഉദാഹരണത്തിന് പുസ്തകശാലകളുടെയും ന്യൂസ് സ്റ്റാന്റുകളുടെയും ശ്യംഖലകള്‍ എഴുത്തുകാരുടെ വിജയത്തിന് പിന്നിലുണ്ട്. ശാസ്ത്രഞ്ജരുടെ കാര്യത്തിലും ഗവേഷണസ്ഥാപനങ്ങളും അവയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രസിദ്ധീകരണങ്ങളുടെയും ശ്യംഖലകളുണ്ട്. മറ്റുള്ളവരേക്കാള്‍ ജീവിതത്തില്‍ വിജയിച്ചവരായി ദ്യശ്യമാധ്യമങ്ങളിലും മറ്റും തോന്നുന്നവരുടെ കാര്യത്തിലും തീയേറ്ററുകളുടെയും വിനിധ ചാനലുകളുടെയും സ്റ്റുഡിയോകളുടെയും കേബിള്‍ ഓപ്പറേറ്റര്‍മാരുടെയും മറ്റും സ്ഥാപനങ്ങളുടെ ശ്യംഖലകളുണ്ട്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തിന്റെ കാര്യത്തിലും സിം കാര്‍ഡുകളും റീ ചാര്‍ജ്ജ് കൂപ്പണുകളുമൊക്കെ വില്‍ക്കുന്ന കടകളുടെ അതിവിപുലമായ ശ്യംഖല കാണാന്‍ കഴിയും.
സ്ത്രീപുരുഷഭേദമെന്യേ മറ്റുള്ളവരെ അപേക്ഷിച്ച് സമൂഹമധ്യേ വിജയിച്ചു എന്ന് കരുതപ്പെടുന്ന മനുഷ്യരുടെ ഏത് മേഖലകളിലെ വിജയത്തിന് പിന്നിലും സ്ഥാപനങ്ങളും അവയുടെ ശ്യംഖലകളുമുണ്ട്.
പുരുഷമേധാവിത്വം എന്ന് പൊതുവെ പറയപ്പെടുന്ന മേഖലകളെ പരിശോധിച്ചാലും അത്തരം സ്ഥാപനങ്ങളുടെ ശ്യംഖലകളെ കാണാന്‍ കഴിയും. പുരുഷമേധാവിത്വം എന്ന് പറയപ്പെടുന്നത് സ്ത്രീവിരുദ്ധമായ അവസ്ഥയാണ് എന്ന് കാണുന്ന ഇടത്തും ചെറുതല്ലാത്ത ചില ന്യൂനതകളുണ്ട്. അതാത് ജീവികളുള്ള അക്വേറിയത്തിലോ പക്ഷിക്കൂട്ടിലോ പുതുതായി ചിലതിനെ ചേര്‍ക്കുമ്പോള്‍ അവക്കുണ്ടാകുന്ന ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അവിടങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള അധികാരശ്രേണികള്‍ കാരണം ഉണ്ടാകുന്നതാണ്. . ഒരു ജീവിവര്‍ഗ്ഗം എന്ന നിലയില്‍ മനുഷ്യരുടെ കാര്യത്തിലും അത്തരം അവസ്ഥ ഏതൊരു സമൂഹത്തിലുമുണ്ട്. അവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് സ്ത്രീകള്‍ മാത്രമല്ല പ്രബലരെ അപേക്ഷിച്ച് ദുര്‍ബലരായ പുരുഷന്മാരും കൂടിയാണ്. വീടുകള്‍ക്കും അവിടെ നിന്നും പോയിവരുന്ന ഇടങ്ങള്‍ക്കും അപ്പുറം സമൂഹത്തിലെ മറ്റ് മേച്ചില്‍പുറങ്ങളെ ഒറ്റക്കോ കൂട്ടമായോ തേടാന്‍ നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍ മേല്പറഞ്ഞ ദുര്‍ബലരായ പുരുഷന്മാര്ക്ക് സത്രീകളെ സംബന്ധിച്ച് കരുതപ്പെടുന്ന നേരങ്ങളല്ലാത്ത നേരങ്ങള്‍ എന്ന ചിന്തയും ഇടങ്ങളല്ലാത്ത ഇടങ്ങള്‍ എന്ന അവസ്ഥയും സമൂഹത്തില്‍ തുലോം കുറവായതിനാല്‍ കഴിയും എന്നതിനാല്‍ അത്തരത്തിലുള്ള പാര്‍ശ്വവല്‍ക്കരണം പൊതുവെ മറ്റുള്ളവരാല്‍ തിരിച്ചറിയപ്പെടാതെ പോകുന്നതാണ്. അതിനാല്‍ തന്നെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവരുടെ മാത്രം പ്രശ്നങ്ങളല്ല, മറിച്ച് അവയില്‍ പലതും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന എല്ലാവരുടെയും പ്രശ്നങ്ങളാണ്.
സത്രീശാക്തീകരണത്തിന്റെ മേഖലകളില്‍ പക്ഷേ ഉദാഹരിക്കാന്‍ ഉതകുന്ന തരത്തില്‍ വാര്‍ത്തകള്‍ വായിക്കുന്നവരും പരിപാടികള്‍ അവതരിപ്പിക്കുന്നവരുമായ സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നു എന്നത് നിരന്തരം വീടുകളിലേക്ക് വരുന്ന കാഴ്ചകളിലെ വ്യക്തികള്‍ തീര്‍ക്കുന്ന മാനസികമായുള്ള താദാത്മ്യപ്പെടല്‍ കൊണ്ട് തോന്നുന്നതാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ എന്നതിന് ഉപരി സമൂഹത്തില്‍ സ്ത്രീകളുടെ പാര്‍ശ്വവല്‍ക്കരണം മാറുന്ന കാര്യത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്കൊന്നും അവ വഴി ഒരുക്കുന്നൊന്നുമില്ല. റേഡിയോയിലെ സ്ത്രീ ശബ്ദങ്ങള്‍ക്ക് ഇക്കാലം ദ്യശ്യഭാഷ്യമുണ്ടായി എന്ന മാറ്റമാണ് സമൂഹത്തെ ചേര്‍ത്ത് താരതമ്യപ്പെടുത്തുമ്പോള്‍ അവ തീര്‍ക്കുന്നത്. പുറംലോകത്ത് അവരില്‍ പലരും ആരാധനാശല്യം കണക്കിലെടുത്ത് മറ്റ് സ്ത്രീകള്‍ക്ക് അപ്രാപ്യരായി പെരുമാറുന്നവരാകാനും വഴിയുണ്ട്. എങ്കിലും ചില സമൂഹത്തില്‍ വിജയം വരിച്ചവര്‍ എന്ന തരത്തിലുള്ള തോന്നിച്ചകളും മറ്റുള്ളവര്‍ക്കുള്ള മാത്യകകളും അവര്‍ തീര്‍ക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാര്‍ത്താപ്രാധാന്യം ലഭിച്ച പല സംഭവവിശേഷങ്ങളെയും നിരീക്ഷിക്കുന്ന പക്ഷം അവയില്‍ പലതും തുണിക്കടകള്‍, ആശുപത്രികള്‍, തേയിലക്കമ്പനികള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെ ആയിരുന്നു എന്ന് കാണാന്‍ പറ്റും. സ്ഥാപനങ്ങളോ അവയുടെ ശ്യംഖലകളോ അത്രയൊന്നും ഇല്ലാത്തവരുടെ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള ചെറുത്തുനില്പുകള് എന്ന അര്‍ത്ഥത്തിലും അവയെ വായിക്കേണ്ടതായി വരും. അത്തരം മേഖലകളിലൊക്കെ തന്നെയും സ്ത്രീസൗഹ്യദപരമായ നിലപാടുകളാണ് സ്ത്രീപുരുഷഭേദമെന്യേ പൊതുസമൂഹം വലിയ തോതില്‍ കൈക്കൊണ്ടു കാണുന്നത്.
അതിനാല്‍ സ്ത്രീവിരുദ്ധത, പുരുഷമേധാവിത്വം എന്നിങ്ങനെയുള്ള വാക്കുകള്‍ എഴുത്തിലും സംവാദങ്ങളിലുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പകരം സമൂഹത്തിലെ അത്തരം അവസ്ഥകളെ കുറച്ചു കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് സ്ത്രീകള്‍ വേണ്ടത്. രാത്രികളില്‍ തങ്ങി കലാസാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടാന്‍ ഉതകുന്ന തരത്തിലുള്ള പെണ്‍വീടുകള്‍ നഗരങ്ങള്‍ തോറും വേണമെന്ന് ഷോര്‍ട്ട്ഫിലിം സംവിധായകയായ സിന്ധുഷെല്ലി ആവശ്യപ്പെട്ടു കണ്ടിട്ടുണ്ട്. വര്‍ക്കിങ്ങ് വുമണ്‍സ് ഹോസ്റ്റലുകള്‍ പോലെ അത്തരം പൊതുസ്ഥാപനങ്ങള്‍ ഏതൊരു മേഖലയിലും സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഉതകും വിധം നഗരങ്ങളില്‍ മാത്രമല്ല ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. നേരമല്ലാത്ത നേരം എന്ന് സ്ത്രീകളെ സംബന്ധിച്ച് വിവക്ഷിക്കപ്പെടുന്ന നേരമാകും മുമ്പ് സ്വന്തം വീടണയാന്‍ ധ്യതിപ്പെടുന്ന അവസ്ഥക്ക് തീര്‍ച്ചയായും സ്ത്രീകളെ സംബന്ധിച്ച് അതോടെ വലിയ തോതില്‍ പരിഹാരമുണ്ടാകും. അതുമാത്രമല്ല നേരത്ത് വീടെത്താത്തതില് വീട്ടിലുള്ള മറ്റുള്ളവര്‍ക്കുള്ള വേവലാതികള്‍ക്കും അത്തരം സ്ഥാപനങ്ങള്‍ വലിയ തോതില്‍ ആശ്വാസവുമാകും. എവിടെയും സ്ത്രീകള്‍ക്ക് അന്വേഷിച്ച് ചെന്ന് കഴിയാന്‍ പറ്റുന്ന ഇടങ്ങള്‍ തെല്ലൊന്നുമായിരിക്കില്ല സമൂഹത്തില്‍ സ്ത്രീശാക്തീകരണത്തെ ത്വരിതപ്പെടുത്തുന്നത്.
ഒട്ടേറെ കണ്‍വെന്‍ഷനുകളും പരിപാടികളും മറ്റും നടത്തിയിട്ടും സ്ത്രീകളുടെ കാര്യത്തില്‍ വലിയ ഗുണമൊന്നും ഉണ്ടായില്ല എന്ന മട്ടില്‍ ദയാബായി പറഞ്ഞതിന് ഒരുപക്ഷേ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഉപകരിക്കാന്‍ ഉതകുന്ന അത്തരം സ്ഥാപനങ്ങളുടെ അപര്യാപ്തതയാകും കാരണം. പല എഴുത്തുകാരികളും സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ സമൂഹത്തിലെ തങ്ങളുടെ ഇടങ്ങളും സൗഹ്യദങ്ങളും വിപുലീകരിക്കാന്‍ സഹായിച്ചതിനെ കുറിച്ച് എഴുതി കണ്ടിട്ടുണ്ട്. കൂടാതെ സോഷ്യല്‍ നെറ്റ്വര്ക്കുകള് ഉപയോഗിച്ചുകൊണ്ട് പല മേഖലകളില്‍ വലിയ തോതില്‍ സ്ത്രീമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാല്‍ അവയെ ഉപയോഗിച്ചു കൊണ്ടുതന്നെ സ്ത്രീകള്‍ക്ക് അത്തരം സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാവുന്നതാണ്.
പത്രദ്യശ്യമാധ്യമങ്ങളുടെ സഹായവും അത്തരം മേഖലയില്‍ തേടാവുന്നതാണ്. വയലറ്റ് പൂച്ചകള്‍ക്ക് ശൂ വെക്കാന്‍ തോന്നുമ്പോള്‍ എന്ന പ്രിയ.എ.എസിന്റെ കഥയില്‍ പറയുന്ന പൊതുഇടങ്ങളില്‍ സ്ത്രീകളുടെ ശൗചാലയങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ പോലും അത്തരം സ്ഥാപനങ്ങളുടെ ചെറിയൊരു ഭാഗമായും അവ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലായി തീര്ക്കേണ്ടവയായും കാണേണ്ടതാണ്. മറ്റാരുടെയും സഹായം കാത്തുനില്‍ക്കാതെ സ്ത്രീകള്‍ തന്നെയാണ് അത്തരം സ്ഥാപനങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടത്. പൊതുവെ പൊതുസമൂഹം സ്ത്രീസൗഹ്യദപരമാണ് എന്നതിനാല്‍ വലിയ തോതിലുള്ള സഹായസഹകരണങ്ങള്‍ തീര്‍ച്ചയായും മറ്റുള്ളവരില്‍ നിന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതുമാണ്.
പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള സ്ഥാപനങ്ങളെ ചിലപ്പോള്‍ സ്ത്രീകളില്‍ ചിലര്‍ തന്നെ സമൂഹത്തില്‍ തുല്യപങ്കാളിത്തമാണ് ആവശ്യം എന്ന ആശയം മുന്നോട്ട് വെച്ച് എതിര്‍ക്കാന്‍ സാധ്യതയുണ്ട്. കോളേജുകള്‍ പൊതുഇടമായിരിക്കുമ്പോള്‍ തന്നെ അവിടങ്ങളില്‍ തീര്‍ത്തിരിക്കുന്ന ഗേള്‍സ് റൂമുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കുന്ന സ്വാതന്ത്യത്തെയും സ്വാസ്ഥ്യത്തെയും കുറിച്ച് ചിന്തിക്കുന്ന പക്ഷം അത്തരം എതിര്‍പ്പുകളെ അവഗണിക്കാവുന്നതേയുള്ളൂ. അതുമാത്രമല്ല സമൂഹത്തില്‍ പുരുഷന്മാര് തീര്‍ത്തതും അവര്‍ക്ക് മേധാവിത്വം നല്‍കുന്നതുമായ പല സ്ഥാപനങ്ങളെയും പുരുഷന്മാര്ക്ക് മൊത്തമായി ഉപയോഗിക്കാന്‍ പറ്റാത്ത വിധം അവര്‍ക്ക് ഇടയില്‍ തന്നെ വലിയ തോതിലുള്ള പല തരം തരംതിരിവുകള്‍ ഉണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. അത്തരം തമ്മില്‍ ചേരാത്ത പല സ്ഥാപനങ്ങള്‍ അദ്യശ്യമായ വിധം തമ്മില്‍ ചേരുമ്പോഴുണ്ടാകുന്നതാണ് പുരുഷമേധാവിത്വം എന്ന് സമൂഹത്തില്‍ പൊതുവെ പറയപ്പെടുന്ന അവസ്ഥ എന്നും തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീകള്‍ തികച്ചും സ്വതന്ത്രരായി ഇടപഴകുന്നതാണ് പുരോഗമനാത്മകമായ സമൂഹത്തിന്റെ ലക്ഷണം എന്ന വളരെ പ്രശസ്തമായ ചിന്തയുടെ വ്യാപ്തിയെ ഉള്‍ക്കൊള്ളാന്‍ ഇത്രമേല്‍ വെകരുതായിരുന്നു എന്ന് ഇനിയെങ്കിലും തീര്‍ച്ചയായും തിരിച്ചറിയേണ്ടതുണ്ട്. ആണുങ്ങള് തീരുമാനിക്കുന്ന കാര്യങ്ങളില്‍ പെണ്ണുങ്ങള്‍ക്കെന്ത് കാര്യം എന്ന് പൊതുവെ ചോദിക്കപ്പെടുന്ന ചോദ്യത്തെ ഇല്ലായ്മ ചെയ്യാന്‍ സ്ത്രീകളുടെ പൊതുസ്ഥാപനങ്ങള്‍ തീര്‍ത്ത് അവയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ യാതൊന്നും ഉണ്ടാകാന്‍ വഴിയില്ല തന്നെ. എല്ലാറ്റിനുമുപരി സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള പല തരം കടന്നുകയറ്റങ്ങളില്‍ സുനിത ക്യഷ്ണന്, അനയോര ഘാട്ടൂണ് എന്നിവരെ പോലെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കാനും അത്തരം സ്ഥാപനങ്ങള്‍ സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യും.