
മണ്ണിനടിയിലെ നദികളില്‍ ചെങ്ങാടം തുഴയുന്നവര്ക്കൊപ്പം

ആർഷ കബനി
കഴിഞ്ഞ രാത്രി നിന്റെ കണ്ണുകള്‍ എന്നിലും,
എന്റെ കണ്ണുകള്‍ നിന്നിലും നമ്മള് ചൂഴ്ന്നെടുത്ത് വെച്ചുപിടിപ്പിച്ചു.
അതിനും മുന്‍പത്തെ രാത്രി ഇതുപോലെ തന്നെ ചുണ്ടുകളും,
അതിനും മുന്‍പത്തെ രാത്രി അതുപോലെ തന്നെ കൈകളും,
അതിനും മുന്‍പത്തെ രാത്രി അതുപോലെതന്നെ കാലുകളും,
അതിനും മുന്‍പത്തെ രാത്രി അതുപോലെതന്നെ ആമാശയവും,
അതിനും മുന്‍പത്തെ രാത്രികളില്‍ നമ്മുടെ ജനനേന്ദ്രിയങ്ങള്‍, മൂക്ക്,നാവ്, ചെവി,പല്ല്,മുലകള്‍…
നമ്മുടെ ദാഹം, വിശപ്പ്, ശ്വാസം, കാഴ്ച്ച ,കേള്‍വി, ശബ്ദം, വേദന.
ആന്തരാവയവങ്ങളെല്ലാം ഓരോ രാത്രിയിലായി കൈമാറി.
എന്റെ ഗര്‍ഭപാത്രം അതുപോലെ എടുത്ത് നിനക്കുതന്നു.
അതിനും മുന്‍പത്തെ രാത്രിയിലായിരുന്നു നമ്മള് പ്രണയം കൈമാറിയത്.
അതിന് മുന്‍പത്തെ രാത്രി നമ്മള് നീല പൂക്കളുള്ള ആ മലമുകളിലേക്കുപോയി,
പോകുന്ന വഴിയില്‍ പരസ്പ്പരം കൊത്തി നുറുക്കി-
രാത്രി സഞ്ചാരികളായ പക്ഷികള്‍ക്ക് നമ്മളെ തിന്നാന്‍ കൊടുത്തു.
മണ്ണിനടിയിലെ നദികളില്‍ ചെങ്ങാടം തുഴയുന്നവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.
അവര്‍ നിശബ്ദത മുറുക്കി ഒരു പാട്ട് മീട്ടുകയും,
നൃത്തം ചെയ്യുകയും ചെയ്തു.
ചുഴലിക്കാറ്റുപോലുള്ള പെണ്ണുങ്ങള് അവിടെയാകെ അലഞ്ഞുനടന്നു.
നമ്മുടെ കണ്‍കുഴി ശൂന്യതയില്‍നിന്ന് രണ്ട് മേഘങ്ങള്‍ ഊര്‍ന്നിറങ്ങി.
നിന്നിലിരുന്ന് എന്റെ തലമുടികള്‍ മഞ്ഞുകൊണ്ട് നനയുന്നത് ഞാന്‍ കണ്ടു.
വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ് നമ്മള് വീണ്ടും മലകയറാന്‍ തുടങ്ങി.
ഒടുവിൽ മിന്നാമിനുങ്ങുകളുടെ ആകാശം കണ്ടു,
താഴ് വാരത്ത് നമ്മള് താമസിച്ചിരുന്ന വീടും.
ആ നിമിഷം നമ്മള് നമ്മളെ പക്ഷികളുടെ ആമാശയത്തില്‍നിന്ന് തിരികെ വാങ്ങി.
ഓരോ രാത്രിയും കാത്തിരുന്ന് അവയവങ്ങളൊക്കെ വീണ്ടും പരസ്പ്പരം കൈമാറ്റം ചെയ്തു.
ഒടുവില്‍ എന്നിലെ നിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് നിന്നിലും,
നിന്നിലെ എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് എന്നിലുംവെച്ചു.
പതുക്കെ തുന്നിക്കൂട്ടിയവയെയൊക്കെ വേദനിപ്പിക്കാതെ നമ്മള് മലയിറങ്ങാന്‍ തുടങ്ങി.