
അലക്കല്‍ പലതരം പെണ്ണുങ്ങളുടെ വിചാരപ്പെടലുകള്‍

ആര്‍ഷ കബനി
ത്രേസ്യ
വീട്ടില്‍ വാഷിങ് മിഷ്യല്‍ വാങ്ങിയ ദിവസം
വലിയ വിഷാദത്തിലേക്ക് ത്രേസ്യ തെന്നിവീണു.
പ്രതീക്ഷിക്കാതെ കിട്ടിയ സമയത്തെ –
നിലത്തു വിരിച്ച് ഓരോ ഇഴയും വേര്‍പെടുത്തി.
കാലങ്ങളായി ഓടുന്ന ക്ലോക്ക് നിലച്ചതുപോലെ –
സമയത്തിന്റെ ധാരാളിത്തം.
ജീവിതമിങ്ങനെ നീണ്ടുകിടക്കുന്നതോര്ത്ത്
ചുമ്മാതിരുന്ന മുഴുവന്‍ നേരവും അവര്‍ വ്യാകുലപ്പെട്ടു.
ഓരോ പുതിയ പകലും അവരെ നിരാശപ്പെടുത്തി.
ആ വലിയ വിഷാദത്തില്‍നിന്ന് മോചിപ്പിക്കപ്പെടാനായി
ത്രേസ്യ തുടരെ കൊന്തചൊല്ലാന്‍ തുടങ്ങി.
പാത്തു
പുത്യ വീടുവെച്ചശേഷം
പണ്ട് അലക്കിക്കുളിച്ച കുണ്ട് –
പാത്തുവില്‍ വല്യ missing ആയി.
ചെറ്യ മീനുകള്‍ അടിവയറ്റിലൂടെ പായുമ്പോഴുള്ള ഞെട്ടല്‍ –
അവളിടക്കിടെ ഞെട്ടി.
പിന്നാമ്പുറത്തലക്കി –
ഇരുനിലയും കയറി
ടെറസില്‍ വിരിച്ച തുണികളില്‍
പറ്റിപ്പിടിച്ചിരുന്ന ചെങ്ങായിച്ചിമാരുടെ
ചിരികള്‍ അവള് അടര്‍ത്തി.
വെയിലില്‍
പാറപ്പുറത്ത്
കൈകോത്ത് കിടന്നപോലെ
ടെറസില്‍ മലര്‍ന്നുകിടന്നു.
അപ്പോഴൊക്കെ പുറത്തുചാടിയ കരച്ചിലിനെ
പാത്തു ചുണ്ടില്‍തന്നെ പൊത്തിവെച്ചു.

അനിത
മഴ വരുന്നത് തുമ്പികള്‍ക്ക് മുന്‍പേ അനിതയറിയും.
പകല്‍ മുഴുക്കെ അലക്കിവിരിച്ച തുണികളെ കുറിച്ച് അവള് ചിന്തിക്കും.
അവയുടെ ഉണക്കുനോക്കും.
നിറമിറ്റുന്ന കുപ്പായങ്ങളെ-
ചോരവാര്‍ന്ന ഹൃദയത്തോട് ഉപമിക്കും.
വിഷാദകാലത്തിന്റെ പാട്ടുപെട്ടിയാണ്
അലക്കുകല്ലെന്ന് –
അവള് ഒരു കവിതതന്നെ
എഴുതിക്കഴിഞ്ഞു.
നിഷ
നിഷ പെറ്റുകിടന്നിരുന്ന കാലം.
സഹായത്തിന് ആളെകിട്ടാതെ
കുട്ടിയുടെ മൂത്രത്തുണിയും ,
അപ്പിത്തുണിയും കെട്ടിയോന് അലക്കാന്‍ തുടങ്ങി.
പിറുപിറുത്തോണ്ട് തിണ്ണയിലിരുന്ന –
അയാളുടെ കൈനിവര്‍ത്തി.
അവള് വാസനിച്ചു.
‘ഹാ അലക്കുസോപ്പിന്റെ മണം’.
ആ നിമിഷം ജീവിതത്തിലാദ്യമായി
അവരിരുവരും പ്രേമത്തില്‍പ്പെട്ടു.
തങ്ക
കല്യാണം കഴിഞ്ഞതുമുതല്‍
അലക്കലിനായി മാറ്റിവെക്കപ്പെടുന്ന സമയം
തങ്കയെ വല്ലാതെ നിരാശപ്പെടുത്തി.
ജലമൃഗങ്ങളുടേതുപോലെ വഴുക്കുണങ്ങിയ വിരലുകളോട്,
അയാള്‍ക്കുള്ള നീരസവും മുറിവായി.
ഉണങ്ങാത്ത അടിവസ്ത്രങ്ങളുടെ പേരില്‍ –
അമ്മ കേട്ടിരുന്ന തെറികളുടെ ഓര്‍മ്മ ,
ഓര്‍മ്മകള്‍ക്ക് മുകളിലേക്ക് പൊന്തിവന്നു.
അന്നൊരു മഴക്കാലത്തിന്റെ ആദ്യ ദിനമായിരുന്നു.
തങ്ക അയാളെ അലക്കുകല്ലിലേക്ക് ക്ഷണിച്ചു.
പ്രേമത്തോടെ കവിളില്‍ വിരല്ചേര്ത്തു.
ചുണ്ടുകളില്‍ ഉമ്മവെച്ചു.
ഒരാലിംഗനത്തില്‍ കുടഞ്ഞ് –
സോപ്പുവെള്ളത്തിലേക്ക് കുതിര്‍ക്കാനിട്ടു.
1 Comment
അലക്കലും വിചാരപ്പെടലും ശ്രദ്ധേയമായ ഒരു വിഷയം. നിഷയും തങ്കയും കൂടുതലിഷ്ടമായി… കാത്തിരിക്കുന്നു ആർഷ കബനിയുടെ കവിതകൾക്കായി.