
ചുണ്ടുകളുടെ ബാധ

ആര്‍ഷ കബനി
മുത്തശ്ശി മരിക്കുന്ന സമയം
ദൂരെ നഗരത്തില്‍
ഞാനൊരു വൈകുന്നേര പ്രണയത്തിലായിരുന്നു.
ആര്ക്കുമുന്പിലും നഗ്നനാവാത്ത,
ഉടലില്‍ വേണ്ടുവോളം പരിഭ്രമം നിറഞ്ഞ –
ഒരുവനായിരുന്നു എന്റെ കാമുകന്.
നാലുമണി ചായകുടിച്ച്,
ഒരു പേപ്പര്‍തുണ്ട് വായിച്ചിരിക്കുമ്പോള്‍,
പെട്ടെന്ന് കുഴഞ്ഞുവീണ് –
മുത്തശ്ശി മരണപ്പെടുകയായിരുന്നു.
ജീവിച്ചിരുന്ന കാലം മുഴുക്കെ
അച്ചടക്കം ശീലിച്ച ഉടല്
ഒരു പ്രാവിനെപ്പോലെ –
നിലത്തേക്ക് അടര്‍ന്നുവീണു.
എല്ലായിപ്പോഴും കെട്ടിയൊതുക്കിയ മുടി
കൂടുതല്‍ വിനയത്തോടെ തറയിലമര്‍ന്നു.
പഴകിയ വെളുത്ത വസ്ത്രങ്ങള്‍ –
അല്‍പ്പംകൂടി ശരീരത്തിലേക്കൊട്ടി.
എല്ലാവര്ക്കും വെച്ചുവിളമ്പിയ വിരലുകള്‍
ആറിത്തണുത്തു.

മുത്തശ്ശിയുടെ കനം തിങ്ങിയ തലമുടി
എന്റെയും പാരമ്പര്യസ്വത്ത്.
കുഴിഞ്ഞ കണ്ണുകള്‍ –
എനിക്കും അതേപടി.
അവര്‍ കടിച്ചൊതുക്കിയ കരച്ചിലിനെ –
ഞാന്‍ കൂടെക്കൂടെ തുപ്പി.
മാമ്പഴപുളിശേരി കൊണ്ട് ദു:ഖംമായ്ക്കുന്ന
നാട്ടുവിദ്യ അവരെന്നെയും പഠിപ്പിച്ചു.
പ്രണയം അതിന്റെ പരിഭ്രമങ്ങളെ –
കൊഴിച്ചിട്ടുകൊണ്ടിരിക്കെ –
മുത്തശ്ശി മരിച്ചത് ഞാനറിഞ്ഞു.
എന്റെ മൂക്കിലേക്ക് കൈതപ്പൂക്കളുടെ മണം വീശിയടിച്ചു.
ഒരു നുണക്കുഴിച്ചിരി കവിളോടൊട്ടി.
മുത്തശ്ശി മരണപ്പെട്ട നിമിഷം –
അവരുടെ ചുണ്ടുകളുടെ ആത്മാവ്
എന്നില്‍ പ്രവേശിച്ചു.
വെറ്റിലച്ചാറൊലിപ്പിച്ച് –
ആ ചുവന്ന ചുണ്ടുകള്‍ അവനോട് പറഞ്ഞു.
കൊത്തിപ്പറിച്ച് അമര്‍ത്തി
എന്നെയൊന്ന് ഉമ്മവെക്ക് ചെക്കാ…