
പുകവലിക്കാരി

ആര്‍ഷ കബനി
നീ വലിച്ചൂതുന്ന പുക –
ആകാശത്തേക്ക് വിരിഞ്ഞിറങ്ങുന്ന
തവിട്ടുനിറ പക്ഷികള്‍.
നിന്റെ ശ്വാസത്തിനൊപ്പമലഞ്ഞ മത്ത് –
അവയുടെ കണ്ണില്‍.
എന്റെ പെണ്ണേ,
നീ പുകയൂതുമ്പോള്‍
ലോകമതിന്റെ ഓട്ടമവസാനിപ്പിച്ച്
നിന്നെ തുറിച്ചുനോക്കുന്നു.
ചുരുണ്ടഴിഞ്ഞുലഞ്ഞ നിന്റെ മുടി
പുകച്ചുരുളുകള്‍ക്കൊപ്പം കാറ്റില്‍ കലരുന്നു.
വ്യഭിചാരിയുടെ ആദ്യ അടയാളം –
ആളുകള്‍ കൂട്ടംചേരുന്നു.

അരയ്ക്ക് താഴ്പ്പോട്ട് –
ചിറകുവിരിച്ചു നില്ക്കുന്ന പാവാട .
അവയുടെ ആടിത്തിമര്‍ക്കലില്‍ –
പിന്തിരിഞ്ഞു നോക്കി
ലോകം വഴുക്കി വീഴുന്നു.
പറന്നുപോകുന്ന അപൂപ്പന് താടിയേയും
നിന്നെയും
അവര്‍ക്ക് മാറിപ്പോവുന്നു.
തനിക്കുമാത്രം ഹാനികരമാവും വിധം
മാറിനിന്നിട്ടും
ഒരുവളുടെ പുകവലിയില്‍ ലോകം അസ്വസ്ഥമാവുന്നു.
അപകടകരമാണ്
ഹാനികരമാണ്
ഒരുവളുടെ പുകവലി സമൂഹത്തിന്.
- കവിതാപരമായ മുന്നറിയിപ്പ്
പുകവലി ആരോഗ്യത്തിന് ഹാനികരം .