
അവൾ, അടുക്കള ,കഞ്ചാവ്

ആര്ഷ കബനി
പൂക്കളെ തീകൊളുത്തി പുകയൂതുന്നവളെന്നൊരു –
കവിത മുൻപെഴുതിയിരുന്നു.
എന്നാൽ, എന്തുകൊണ്ട് –
ലഹരിയുടെ ഇലകളെതന്നെ അവൾക്ക് പുകയൂതിക്കൂടാ എന്ന ചിന്തയിൽ –
ഇതെഴുതാൻ തുടങ്ങുന്നു.
കത്തുന്ന സ്റ്റൗവിൻ്റെ നീലവെളിച്ചത്തിലേക്ക് –
മുഖം ചേർത്ത്,
അവളൊരു ബീഡിച്ചുരുട്ടിന് തീ കൊളുത്തുന്നു.
സാഹസികമായി ഒളിച്ചുകടത്തിയ –
ഉണങ്ങിയ കഞ്ചാവിലകൾ,
കുരു കളഞ്ഞ്, തണ്ടുകളഞ്ഞ്,
ഞെരടി ബീഡി തെരുത്ത് ,
അടുക്കളയിൽ മേഘങ്ങളെ സൃഷ്ടിക്കുന്ന മാന്ത്രിക്കായിലേക്ക് –
അവൾ ഒറ്റുകൊടുക്കപ്പെടുന്നു.

യുഗങ്ങൾക്ക് മുൻപ്,
അധികാര നിയമങ്ങൾ രൂപപ്പെടുന്നതിനും മുൻപ്,
സ്നേഹം വന്യതയോടെ നദിക്കരകളിലേക്ക് അലയടിക്കുന്ന കാലത്ത്,
തീ കൂട്ടി ,
വട്ടംകൂടിയിരുന്ന്,
പുകയൂതിയ ഓർമ്മ –
ആ നിമിഷത്തിൽ അവൾക്ക് തിരിച്ചുകിട്ടുന്നു.
ഒരു ലഹരിയും, ഒരാനന്ദവും –
ഒരധികാരവും,
ആണിൻ്റേതുമാത്രമല്ലായിരുന്ന ആ കാലം.
ലിംഗ നിയമങ്ങളില്ലാതെ –
പോരടിക്കുകയും, വേട്ടയാടുകയും,
പ്രണയിക്കുകയും രതിയിലേർപ്പെടുകയും ചെയ്തിരുന്ന നാളുകൾ.
പുകച്ചുരുളുകളിൽ –
ആൺ പെൺ ചുണ്ടുകൾ,
ഒരുമിച്ച് പറന്നുയർന്ന തണുപ്പൻ രാത്രികൾ.
അവളൊരു പുകകൂടി ആഞ്ഞുവലിച്ച്,
ഭരണിയിൽ നിന്നൊരു ശർക്കര വായിലിടുന്നു.
അരി തിളക്കുന്ന ശബ്ദത്തിൽ –
വയലിൽ കളഞ്ഞുപോയ കൊലുസ് കലർന്നിരിക്കുമോയെന്ന് സംശയിച്ച് –
വാതിൽപടിയിലിരുന്ന് ഒരു പാട്ടു പാടുന്നു.
പിന്നെ, മീൻ വെട്ടി –
തലക്കൊപ്പം പൂച്ചയ്ക്ക് രണ്ടുടൽകൂടി നൽകി,
കുക്കറ് തീർക്കുന്ന മൂടൽമഞ്ഞിനെ –
വാതിൽ തുറന്ന് അകാശത്തേയ്ക്ക് കുടഞ്ഞിടുന്നു.
മറന്നുപോയ ഒരാൾക്കൊപ്പം കൈപിടിച്ച് –
മതിവരുവോളം നൃത്തം ചെയ്യുന്നു.
തൊലിയിലെ ഉറവച്ചുഴികളിലേക്ക് –
ചില്ലുകുപ്പിയിലെ മീനുകളെ പിടിച്ചിടുന്നു.
ഉടലിൽ ഇതുവരെ കണ്ടെടുക്കപ്പെടാതിരുന്ന –
പച്ചിലക്കൂട്ടങ്ങളേയും മിന്നാമിനുങ്ങുകളേയും തൊട്ടുനോക്കുന്നു.
നനഞ്ഞ പക്ഷിക്കുഞ്ഞുങ്ങൾക്ക് ചേക്കേറാൻ –
മുടിക്കെട്ട് വിടർത്തിയിടുന്നു.
ജലത്തിലെ കല്ലുകണക്കെ അവൾ ഭാരമറ്റവളാകുന്നു.
പൂക്കൾ തുന്നിയ പുകച്ചുരുളായി –
കാടുകളിലേക്ക് ചിറകുവിടർത്തുന്നു.
അവളുടെ നക്ഷത്ര വിരലുകൾക്കിപ്പോൾ,
ആ ആൺവീടൊരു ‘ആഷ്ട്രേ’.