
ആരോഗ്യം മറക്കുന്ന പ്രവാസികള്‍

ജോബി ബേബി
പെട്ടെന്ന് ഒരു ദിവസം പ്രിയ നാടിനേയും പ്രിയപ്പെട്ടവരെയും വിട്ട് ദൂരെ ദിക്കില്‍ ജീവിച്ചു തുടങ്ങുന്ന നിമിഷം മുതല്‍ കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ പിടയുകയായിരിക്കും ഓരോ പ്രവാസിയുടെയും ജീവിതം .ജനിച്ചുവളര്‍ന്ന നാടിനേയും പ്രിയപ്പെട്ടവരേയും കണ്ണെത്താ ദൂരത്താക്കി അന്യ ദേശത്തു പറിച്ചു നടപ്പെടുന്ന മലയാളികളുടെ പ്രവാസജീവിതത്തില്‍ അവര്‍ക്ക് നാട്ടില്‍ നില്ക്കുന്നതിനേക്കാള് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്
.അങ്ങനെയുള്ള ഓരോ വിദേശ വാസിയുടെയും ജീവിതത്തില്‍ പൊതുവായി
കാണാന്‍ കഴിയുന്നതും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രതിരോധിക്കാന്‍
കഴിയുന്നതുമായ രോഗങ്ങളിലേക്കും രോഗസാധ്യതകളിലേക്കും
ഒരെത്തിനോട്ടം .
ആര്‍ഷ ഭാരതത്തിലെ എക്കാലത്തെയും മികച്ച തന്ത്രജ്ഞനും ഭരണ
നിപുണനുമായ ചാണക്യന് പറഞ്ഞത് ”നിരന്തരം യാത്ര ചെയ്യുന്നവന്റെ
ആരോഗ്യം അനുദിനം ക്ഷയിക്കും എന്നാണ്”. കൃത്യസമയത് ആഹാരം
കഴിക്കാതിരിക്കുക,വ്യക്തി ശുചിത്വം,പരിപാലിക്കുവാന്‍
കഴിയാതിരിക്കുക,ശരിയായതും സമാധാനപരവും ആയ ഉറക്കം
ലഭിക്കാതിരിക്കുക സര്‍വ്വോപരി ജന്മനാടും സുഹൃത്തുക്കളും ബന്ധുക്കളും
നല്കുന്ന സുരക്ഷിതത്വം ലഭിക്കാതിരുന്നത് മൂലമുണ്ടാകുന്ന
അരക്ഷിതാവസ്ഥയും അതു കാരണമുള്ള മാനസ്സിക സമ്മര്‍ദ്ദവും തുടങ്ങി
ഒട്ടനവധി കാരണങ്ങള്‍”നിരന്തരം യാത്ര ചെയ്യുന്നവന്റെ”പ്രവാസിയുടെ
ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.ആധുനിക യാത്രാ
സൗകര്യങ്ങളും ജീവിത നിലവാരവും ലോകത്തിന്റെ ഏതു കോണിലും
ലഭിക്കുന്ന ബിസിനസ് ക്ലാസ് പരിചരണവും ഒരു പരിധിവരെ ”നിരന്തരം
യാത്രയിലൂടെ”ഉണ്ടാകുന്ന ഇത്തരം ദോഷവശങ്ങളെ ഒരു പരിധി വരെ
കുറയ്ക്കുന്നുണ്ട് എങ്കിലും പൂര്‍ണ്ണമായി മാറ്റുവാന്‍ ഒരു സ്റ്റാര്‍ സൗകര്യങ്ങള്‍ക്കും
കഴിയില്ല എന്നത് തികച്ചും യാഥാര്‍ഥ്യമാണ്.യാത്രകളിലും പ്രവാസത്തിലും
ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം(stress factor) കുറയ്ക്കുന്നത്തിനു വേണ്ടിയാണ് ബിസിനസ് ക്ലാസ് യാത്രയും ബിസിനസ് ക്ലാസ് ഹോട്ടലുകളും റിസോര്‍ട്ടുകളുമൊക്കെ.
പലപ്പോഴും ആരോഗ്യകാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ നല്കാന്
വിട്ടുപോകുന്നവരാണ് പ്രവാസികള്‍. അതിനാല്‍ തന്നെ ഒരു പ്രായത്തിനുശേഷം
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടും. എന്നാല്‍, കൃത്യമായി ചികില്സിക്കുകയും
ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്നങ്ങളില്‍ നിന്നും
രക്ഷപ്പെടാം.പെട്ടന്ന് ഒരുദിവസം പ്രിയ നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട്
ദൂരദിക്കില്‍ ജീവിച്ചു തുടങ്ങുന്ന നിമിഷം മുതല്‍ കരയ്ക്ക് പിടിച്ചിട്ട
മീനിനെപ്പോലെ പിടയുകയായിരിക്കും ഓരോ പ്രവാസിയുടെയും
ജീവിതം.അങ്ങനെയുള്ള ഓരോ വിദേശ വാസിയുടെയും ജീവിതത്തില്‍
പൊതുവായി കാണാന്‍ കഴിയുന്നതും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ
പ്രതിരോധിക്കാന്‍ കഴിയുന്നതുമായ ചില ആരോഗ്യ പ്രശ്നങ്ങളെ നോക്കാം.
മാനസ്സിക സമ്മര്‍ദ്ദം
അന്യദേശത്തെ പരിചയക്കുറവ് ,പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും
പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം ,നാട്ടിലും ജോലി ചെയ്യുന്ന സ്ഥലത്തും
ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയുള്ള അല്ലെങ്കില്‍
ജോലിസ്ഥിരതയില്ലായ്മയുടെയോ പിരിമുറുക്കം.ഗള്‍ഫ് നാടുകളില്‍ ചില
മേഖലകളില്‍ ഉണ്ടാകാവുന്ന വിവേചനം ,ജീവിത പങ്കാളിയുമായി
പിരിഞ്ഞിരിക്കുന്നതിന്റെ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം എന്നിവ
പലപ്പോഴും ചെറിയ തോതിലുള്ള വിഷാദ രോഗത്തിലേക്കു
നയിച്ചേക്കാം.അവിവാഹിതരായ പ്രായമായവര്‍ ജീവിതപങ്കാളിയുമായി
ദീര്‍ഘനാളായി ഒരുമിച്ചു കഴിയാതിരിക്കുന്നവര്‍ തുടങ്ങിയ ഗ്രൂപ്പില്‍
പെടുന്നവരുടെ ജീവിതദൈര്ഖ്യം കുറഞ്ഞിരിക്കുമെന്ന് പഠനങ്ങള്‍
തെളിയിക്കുന്നു.ഇക്കാരണങ്ങളാല്‍ തന്നെ ലോലമനസ്കരായവരെ
മദ്യപാനത്തിലേക്കും പുകവലിയിലേക്കും നയിച്ചേക്കാം തുടര്‍ന്ന്
അതുമൂലമുണ്ടാകുന്ന മുഴുവന്‍ ആരോഗ്യ പ്രശ്നങ്ങളിലേക്കും ഒരാളെ
എത്തിക്കാം.അടുക്കും ചിട്ടയുമുള്ള ജീവിത മെഡിറ്റേഷന്‍ (പ്രാര്‍ത്ഥന )
മനസികോല്ലാസത്തിനു സമയം കണ്ടെത്തുക ,വിനോദയാത്രകള്‍,യോഗ
തുടങ്ങിയവയിലൂടെയും കൃത്യമായ ഇടവേളകളില്‍ നാടും,വീടും
സന്ദര്‍ശിക്കുക,ജീവിത പങ്കാളിയെ കൂടെ കൂട്ടുക തുടങ്ങിയവയിലൂടെ
പൂര്‍ണമായല്ലെങ്കിലും ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ
അതിജീവിക്കാവുന്നതാണ് .മാനസികാരോഗ്യം നിലനിര്‍ത്തിയാല്‍ ഒരറ്റം വരെ
രോഗങ്ങള്‍ അമിതമായി ഉപദ്രവിക്കുന്നതില്‍ നിന്നും അകന്ന് നില്ക്കാം .
വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത
വളരെ കഠിനമായ പ്രവാസജീവിതം നയിക്കുമ്പോള്‍ മാനസികസംഘര്‍ഷം
സ്വാഭാവികമാകുന്നു. ഇത്തരം ആത്മസംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക്
നയിക്കപ്പെടുന്നു. പ്രവാസികളുടെ ആത്മഹത്യാനിരക്ക് മറ്റു
രാജ്യങ്ങളില്‍നിന്നും വിത്യസ്തമായി ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന
സാഹചര്യംകൂടിയാണിത്. ഇത്തരം ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്ന
ചില വസ്തുതകള്‍ ഇവയാണ്:
1 ഉറ്റവരില്‍നിന്നും ഏറെ അകലെയാണെന്ന തോന്നല്‍
2 അന്യതാബോധവും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളും
ജീവിതസുരക്ഷിതത്വം ഇല്ലെന്ന തോന്നലും.
3 ആര്‍ക്കും ശല്യമാവരുതെന്നതോന്നലും ക്ഷമയും മറ്റുള്ളവരില്‍
വിശ്വാസമില്ലായ്മയും
4 തൊഴില്‍സമ്മര്‍ദം, വിരല്‍ത്തുമ്പില്‍ അന്വേഷിക്കുന്നത് ലഭിക്കുന്ന
സൈബര്‍ലോകം, ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ.
ആത്മഹത്യാ എന്ന സമസ്യ പ്രത്യക്ഷത്തില്‍ മറ്റേതോ കാരണങ്ങളാല്‍
ബന്ധപെട്ടു നില്‍ക്കുന്നതാണ്. നാട്ടിലുള്ള തങ്ങളുടെ കുടുംബങ്ങളെ പിരിഞ്ഞിരിക്കുന്നതില്‍ മൂലം നിതാന്തമായ ഒരു നഷ്ടപ്പെടല്‍ മനോഭാവം മിക്ക പ്രവാസികളുടെയും ഒരു പ്രശ്നമായി തോന്നാറുണ്ട്. കടലിനക്കരെ ജീവിതം നയിക്കുന്ന പ്രവാസികളെ കുടുംബ പ്രാരാബ്ധങ്ങളും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളും വളരെ ആഴത്തില്‍ തന്നെ മുറിവേല്‍പ്പിക്കാറുണ്ട്.
പ്രവാസികള്‍ക്ക് അവരുടെ കുടുംബങ്ങളെയും സാമ്പത്തിക പ്രാരാബ്ധങ്ങളെയും
ശരിയായ അളവില്‍ മാനേജ് ചെയ്യാനുള്ള അറിവ് നല്കല് പ്രധാനമാണ്.
പ്രവാസികള്‍ക്ക് തങ്ങളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ നല്കുന്ന വൈകാരിക
പിന്തുണ മറ്റെല്ലാ കാര്യങ്ങളെക്കാളും വളരെയധികം പ്രാധാന്യമുള്ളതാണ്.
മാനസിക ആരോഗ്യം ആര്‍ജിക്കാന്‍ ഉദ്ദേശിച്ചുള്ള തെറാപ്പികള്‍ക്കൊപ്പം
അത്തരത്തിലുള്ള വൈകാരിക പിന്തുണയും പ്രവാസികള്‍ക്ക് പ്രധാനം
ചെയ്യപ്പെടേണ്ടതുണ്ട്. ശക്തമായ മാനസിക ആരോഗ്യമുള്ളവര്‍ക്കു ആത്മഹത്യാ
മനോഭവവം ഒരിക്കലും ഉണ്ടാവുകയില്ല. കുടുംബ ബന്ധങ്ങളില്‍ കാണപ്പെടുന്ന
അസ്വാരസ്യങ്ങളിലും മറ്റു സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ പിടിച്ചു
നില്ക്കാന് ശരിയായ മാനസിക ആരോഗ്യ അറിവുകള്‍ എല്ലാവര്ക്കും
നല്കപ്പെടേണ്ടതുണ്ട്.ഇത്തരം നിരവധി കാരണങ്ങള്‍ ഒരു പ്രവാസിയെ എന്നും
അലട്ടിക്കൊണ്ടിരിക്കുന്നു.ഇത്തരം സാഹചര്യങ്ങളില്‍ ജീവിതം ഒരു ഭാരമായി
അനുഭവപ്പെടുകയും ആത്മഹത്യ ഒരു ‘പരിഹാര’മായി അനുഭവപ്പെടുകയും
ചെയ്യുന്നു.
വിഷാദ രോഗത്തിന്റെ അടിമകളാകുന്ന പ്രവാസി ബാല്യങ്ങള്‍
2020 ഓട് കൂടി ആഗോള തലത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഹൃദ്രോഗം
കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരം നേടുക വിഷാദ രോഗം അഥവാ
ഡിപ്രഷന് ആണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിഷാദ രോഗം
വ്യക്തിത്വത്തിന്റെ പല മേഖലയില്‍ പ്രകടമാവുന്ന ഒരു സമസ്യയാണ്.
ഒരാളുടെ വ്യകതി ജീവിതത്തിലും, പ്രൊഫഷണല്‍ ജീവിതത്തിലും, സാമൂഹിക
സാമ്പത്തിക ജീവിതത്തിലും വിഷാദ രോഗത്തിന്റെ വ്യാപനം
ദര്‍ശിക്കാനാവും. വിഷാദ രോഗത്തില്‍ നിന്ന് ബോധമണ്ഡലത്തെ അകറ്റി
നിര്‍ത്താന്‍ വ്യക്തികള്‍ സ്വയം പരിശീലനം സിദ്ധിക്കണം. ചിട്ടയായ ജീവിതം,
ഭക്ഷണം, വ്യായായം എന്നിവ ശീലമാക്കിയാല്‍ വിഷാദ രോഗത്തെ
ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാവും. അതോടൊപ്പം സാമൂഹിക
ജീവിതവുമായി ബന്ധപ്പെട്ട ഘടകങ്ങളും സ്വായത്തമാക്കിയാല്‍
ജീവിതശുദ്ധിയിലേക്ക് ഒരു വ്യക്തിക്കുള്ള വഴി തുറക്കും.
സാമൂഹിക ബന്ധങ്ങളിലെ കൃത്യതയില്ലായ്മയാണ് ഗള്‍ഫ് നാടുകളിലെ പ്രവാസി
ബാല്യങ്ങളെ വിഷാദ രോഗങ്ങളിലേക്കു നയിക്കുന്നത് എന്നാണ് മനസിലാക്കാന്‍
സാധിക്കുന്നത്. പ്രവാസി കുടുംബങ്ങളില്‍ മിക്കവാറും മാതാപിതാക്കള്‍
ഇരുവരും ജോലിയുള്ളവരാണെങ്കില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ
അളവ് തുലോം കുറവായിരിക്കുമെന്നാണ് നിരീക്ഷിക്കപെടുന്നത്.
വിനോദമെന്നത് വീടിനു പുറത്തെ കളികള്‍ക്ക് അപ്പുറത്തേക്ക് വെറും
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ തളച്ചിടപ്പെട്ടത് കുട്ടികള്‍ക്കിടയില്‍ വിഷാദ
രോഗത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഗള്‍ഫ് നാടുകളില്‍ പ്രകടമായിട്ടുള്ള ഫാസ്റ്റ് ഫുഡ് രീതികളോടുള്ള
താല്പര്യത്തിന്റെ ഇരകള്‍ വിഷാദ രോഗത്തിന് അടിമകളായി തീര്‍ന്നു
കൊണ്ടിരിക്കുന്ന കുട്ടികളാണ് എന്നതാണ് വസ്തുത. പച്ചക്കറികള്‍ക്ക് പുറമെ
പഴം, ഡ്രൈ ഫ്രൂട്ട്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ തീരെ ഉള്‍പ്പെടാത്ത ഭക്ഷണ ക്രമം
കുട്ടികള്‍ക്കിടയില്‍ വിഷാദ രോഗത്തിന്റെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട് എന്നും
പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നമ്മുടെ മാനസിക ആരോഗ്യം എന്നത് പ്രധാനമായും നമ്മുടെ
ശരീരത്തിനുള്ളിലെ ന്യൂറോട്രാന്സ്മിറ്റര്ഴ്സ് (Neurotransmitters ) മായി വളരെ അധികം
ബന്ധപെട്ടായത് കൊണ്ട് അവയുടെ ആരോഗ്യകരമായ നില നില്പ് വളരെ
മുന്‍ഗണന പൂര്‍വം മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ പ്രവാസി ബാല്യങ്ങള്‍ക്കു
ഇവ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തടസ്സങ്ങള്‍
ഉള്ളതായാണ് മനസിലാക്കാനാവുന്നത്. തലച്ചോറില്‍ ന്യൂറോണ്‍
ട്രാന്സ്മിറ്റഴ്സിന്റെ പ്രവര്‍ത്തനം ശരിയായ അളവില്‍ നടപ്പിലാവായില്ലെങ്കില്
വിഷാദ രോഗം പോലുള്ള വിപത്തുകളിലേക്കു വഴുതിവീഴാന്‍ സാധ്യത
ഏറെയാണ്. തലച്ചോറിന്റെ രസതന്ത്രം നല്ലത് പോലെ
പ്രവര്ത്തികമായില്ലെങ്കില് അത് വിപരീത ഫലങ്ങളിലേക്കു മനുഷ്യനെ
ആനയിച്ചേക്കും.
ഇത് കൊണ്ട് എല്ലാമാണ് പ്രവാസി ബാല്യങ്ങളില്‍ കോപം, വിഷാദം,
പ്രയാസങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷിക്കുറവ് തുടങ്ങിയ നെഗറ്റീവ്
ശീലങ്ങള്‍ ഉണ്ടായി വരുന്നത്. ഇത്തരം മാനസിക രോഗങ്ങള്‍ക്ക് ശരിയായ
അളവില്‍ ഒരു വിദഗ്ധന്റെ വിവിധ തരം തെറാപ്പികള്‍, കൗണ്‍സലിംഗ്
സെഷനുകള്‍ എന്നിവ നേരത്തെ തന്നെ ലഭിച്ചാല്‍ വലിയ അളവില്‍ ഗുണം
ചെയ്യും. മാനസിക വൈകൃതങ്ങള്‍ ശരിയായ അളവില്‍
ചികില്സിക്കപെട്ടില്ലെങ്കില് ഭാവിയില്‍ വിവാഹം പോലുള്ള വിഷയങ്ങളില്‍
നിലവിലെ പ്രവാസി ബാല്യങ്ങള്‍ തീര്‍ത്തും പരാജയമയിതീരുമെന്നാണ്
അടുത്തിടെ നടന്ന ചില നിരൂപണങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രവാസി ബാല്യങ്ങളുടെ സ്വഭാവ രൂപീകരണവും മാതാപിതാക്കളുടെ
ജീവിത ശൈലിയും
നേരത്തെ വിഷാദ രോഗത്തിന്റെ കാര്യത്തില്‍ സൂചിപ്പിച്ചത് പോലെ
മാതാപിതാക്കളുടെ ജീവിത ശൈലികളും കുട്ടികളുടെ
സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രവാസികള്‍ ഗള്‍ഫ്
നാടുകളില്‍ എത്തിയിട്ടുള്ളത് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ഇതിനായി അവര്‍ സ്വന്തം ദേശം, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍
എന്നിവരെയെല്ലാം ഒരു തരത്തില്‍ ത്യജിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത്
മനസുകളില്‍ ഉണ്ടാക്കുന്ന ശൂന്യത ബോധം ചെറുതല്ല. അതെ സമയം ഇത്
തന്നെയാണ് പ്രവാസികള്‍ക്കിടയില്‍ വളരെക്കാലമായി നടന്നു
കൊണ്ടിരിക്കുന്ന പ്രതിഭാസവും എന്ന് നാം അംഗീകരിക്കണം.
തങ്ങള്‍ സമ്പാദിക്കുന്ന പണമാണ് കുട്ടികള്‍ക്കായി ഏറ്റവും കൂടുതല്‍
ഉപകരിക്കുക എന്നതാണ് മാതാപിതാക്കള്‍ കണക്കു കൂട്ടുന്നത്. അത് കൊണ്ട്
കുട്ടികളും കുടുംബങ്ങളുമായി ശരിയായ രീതിയില്‍ സമയം ചിലവഴിക്കാന്‍
പോലും പല പ്രവാസികള്‍ക്കും സാധ്യമല്ല എന്നതാണ് വസ്തുത. എന്നാല്‍ ഇത്
കുടുംബങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുമെന്ന് നാം
തീച്ചറിയണം. ബന്ധങ്ങള്‍ അഥവാ ബന്ധങ്ങളുടെ തീവ്രത നഷ്ടപെടുന്ന
തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ ഇവയെല്ലാം കാരണമായേക്കും.
കുടുംബങ്ങളിലെ സ്നേഹത്തിന്റെ അഭാവം പല കുഞ്ഞുങ്ങളെയും
ഇലക്ട്രോണിക് ഉപകരണങ്ങളുമായി അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്
എന്നതാണ് ഏറ്റവും പുതിയ നിരീക്ഷണം. ഒരു സമ്പൂര്‍ണ കുടുംബത്തിന്റെ മറ്റു
അവസ്ഥാന്തരങ്ങളെ കുറിച്ച് മനസിലാക്കാനുള്ള ശരിയായ സമയം അവര്‍ക്കു
ലഭിക്കുന്നില്ല എന്നതും ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഇത് അവരുടെ
സമൂഹവുമായുള്ള പെരുമാറ്റത്തിലും നിര്‍ണായക സ്വാധീനം ഉണ്ടാക്കും.
ഇലക്ട്രോണിക് സ്ക്രീനുകളെക്കാള്‍ മാതാപിതാക്കളോടാണ് കുഞ്ഞുങ്ങള്‍ക്ക്
അടുപ്പം ആവശ്യമുള്ളത് എന്നാണ് ശരിയായ മാനസിക ആരോഗ്യം പകര്‍ന്നു
നല്കുന്ന പാഠം. ഭാഷ, സംസ്കാരം എന്നിവയെല്ലാം പാതി വഴിയില്‍ വളര്‍ച്ച നിന്ന്
പോയ ഒരു സമൂഹത്തിന്റെ ഉത്പാദനമാണ് പുതിയ കാലത്ത് നാം കണ്ടു
കൊണ്ടിരിക്കുന്നത്
മൊബൈല്‍ ഫോണുകളില്‍ ആശ്രയിച്ചിരിക്കുന്ന പ്രവാസികളുടെ
ജീവിതം
മനുഷ്യന്റെ വികാസത്തിനും അവരുടെ അത്യന്തമായ പുരോഗമനത്തിനുമാണ്
സാങ്കേതിക വിദ്യകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍
മൊബൈല്‍ ഫോണുകള്‍ തന്നെ മറ്റൊരു ശാരീരിക അവയവമായി
തീര്‍ന്നിരിക്കുന്ന ആധുനിക യുഗത്തിനാണ് നാം സാക്ഷ്യം വഹിച്ചു
കൊണ്ടിരിക്കുന്നത്. ഒരു സെക്കന്‍ഡ് പോലും മൊബൈല്‍ ഫോണുകളെ
പിരിഞ്ഞരിക്കാന് കഴിയില്ല എന്ന അവസ്ഥയിലാണ് നാമെല്ലാവരും ഉള്ളത്
എന്നതാണ് വസ്തുത ഏതുകാര്യമായാലും അമിത ഉപയോഗം ഒരു പരിധി
കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം വിഷാദ രോഗത്തിനും,
പെരുമാറ്റ വൈകൃതങ്ങള്‍ക്കും കരണമായേക്കുന്നുവെന്നാണ് പ്രധാന പഠനങ്ങള്‍
സൂചിപ്പിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍ കുറയാനും ഡിജിറ്റല്‍ ലോകത്തുള്ള
മറ്റാരുമായോ നിരന്തരം ഇടപഴകാനുമൊക്കെയാണ് മൊബൈല്‍ ഫോണ്‍ പ്രേമം
കൊണ്ട് ഉണ്ടായി തീരുന്ന മറ്റൊരു പ്രധാന മാനസിക വൈകൃതം. കുറച്ചു
നേരത്തേക്ക് ആ ഇലക്ട്രോണിക് ഉപകരണം ഒന്ന് നിര്ത്തിവക്കുകയാണെങ്കില്
മനുഷ്യന്മാര്ക്കിടയില് ഉണ്ടാവുന്ന ഉത്കണ്ഠ, സന്ദേഹം എന്നിവ
വാക്കുകള്‍ക്കപ്പുറത്താണ്. ക്ഷീണം, ഉറക്കക്കുറവ്, കാഴ്ച പ്രശ്നങ്ങള്‍
എന്നിവയെല്ലാം തന്നെ മൊബൈല്‍ ഫോണുകള്‍ നമുക്ക് പ്രധാനം ചെയ്തു
കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ പെട്ടതാണ്.
നെറ്റ്വര്ക് റേഡിയേഷനുമായി ബന്ധപെട്ടു സൃഷ്ടിക്കപ്പെടുന്ന മറ്റു ജനിതക
പ്രശ്നങ്ങളുടെ ഗൗരവവും വരും തലമുറ മനസിലാക്കാന്‍ ഇരിക്കുന്നതെ ഉള്ളൂ.
വ്യക്തികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം നിര്‍മിക്കുന്ന സാമൂഹിക
അപരിചതത്വം വരും തലമുറകള്‍ക്കിടയിലെ പ്രധാനപ്പെട്ട വൈകൃതങ്ങളില്‍
ഒന്നായി മാറും. അത് കൊണ്ട് തന്നെ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ
ഉപയോഗത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ കാര്യമായ
ബോധവത്കരണം നടക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞാന്‍
അഭിപ്രായപ്പെടുന്നത്. പ്രവാസികള്‍ ഇക്കാര്യങ്ങളില്‍ കൃത്യമായ ആത്മ
നിയന്ത്രണം കൊണ്ടുവരുന്നതും അച്ചടക്കം ശീലിക്കുന്നതും കാര്യങ്ങളില്‍ ഒരു
പരിധി വരെ ഗുണം ചെയ്തേക്കും
സാമ്പത്തിക അച്ചടക്കമില്ലാത്ത പ്രവാസികള്‍
പ്രവാസികളുമായി ബന്ധപെട്ടു സാമ്പത്തിക സുസ്ഥിരത വളരെ വലിയ
വിഷയം തന്നെയാണ്. പ്രത്യേകിച്ച് എണ്ണ വില ദിനേനയെന്നോണം
അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ശക്തമായ ഒരു
സാമ്പത്തിക അടിത്തറയുണ്ടാക്കുക എന്നത് ഏതൊരു പ്രവാസിയെയും
സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. പ്രവാസികള്‍ക്ക് മാത്രമല്ല
വ്യക്തമായൊരു സാമ്പത്തിക പ്ലാന്‍ ഉണ്ടാവുക എന്നത് ഏതൊരു മുതിര്‍ന്ന
പൗരനെ സംബന്ധിച്ചിടത്തോളവും അത്യന്താപേക്ഷിതമായ അവസ്ഥയാണ്
സംജാതമായിരിക്കുന്നത്.
‘ വരവ് എട്ടണ, ചെലവ് പത്ത് അണ’ എന്ന രൂപത്തിലാവരുത് നമ്മുടെ
കാര്യങ്ങള്‍. ഇക്കാര്യത്തില്‍ വരവിനൊപ്പിച്ചു ചെലവ് കഴിക്കുക എന്ന പ്രാഥമിക
തത്വത്തില്‍ തന്നെ ഉറച്ചു നില്ക്കാന് നാം എല്ലാവരും തയ്യാറാവേണ്ടതാണ്.
ഇതിലുള്ള ഏറ്റക്കുറച്ചിലുകള്‍ നമ്മുടെ സാമ്പത്തിക ഭദ്രതയുടെ താളം
തെറ്റിക്കും എന്നത് ഒരു നഗ്ന സത്യമായി നാം മനസിലാക്കണം. ഇക്കാര്യത്തില്‍
പ്രവാസികളുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയെ കുറിച്ച് മനോഹരമായി
ചിത്രീകരിച്ചിട്ടുള്ള ജയറാം – കമല്‍ ടീമിന്റെ ‘സ്വപ്ന സഞ്ചാരി’ എന്ന സിനിമ
മികച്ച ഒരു റഫറന്‍സായി പ്രവാസികള്‍ക്ക് ഉപയോഗിക്കാം.
പണം ചെലവഴിക്കുമ്പോള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള
കാട്ടികൂട്ടലുകള്‍ അവനവന്റെ തന്നെ സാമ്പത്തിക ഭദ്രതയുടെ താളം
തെറ്റിക്കും എന്ന് നാം മനസിലാക്കണം.ഗള്‍ഫ് മലയാളികളില്‍ പൊതുവേ
കൊണ്ടുവരുന്ന ഒരു പ്രവണത രാവിലെ പ്രാതല്‍ കഴിക്കാതിരിക്കുക
എന്നതാണ്.വര്‍ക്കിംഗ് ക്ലാസ്സില്‍ പെടുന്നവരുടെ ഇടയില്‍ പ്രഭാതഭക്ഷണം
കഴിക്കാതിരിക്കുന്നതിനു പുറമേ പലപ്പോഴും ശരിയായ ഭക്ഷണം വൈകുന്നേരം
തിരിച്ചു താമസസ്ഥലത്തുവന്ന് സ്വയം പാചകം ചെയ്തു കഴിക്കുന്നതിലൂടെയാണ്
ലഭിക്കുന്നത്.ഫലത്തില്‍ ദിവസത്തില്‍ ഒരു നേരം മാത്രം ആഹാരം
കഴിക്കുകയെന്ന അപകടകരമായ ശീലം,ഇതുമൂലം ഒട്ടനവധി ആരോഗ്യ
പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്.കുടുംബത്തോടൊപ്പം ജീവിക്കാന്‍
കഴിയാത്തതിനാല്‍ പലപ്പോഴും അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി
ശീലിക്കുകയും അതുമൂലം വളരെ പെട്ടന്ന് തന്നെ ജീവിത ശൈലീരോഗങ്ങളായ
അമിത രക്തസമ്മര്‍ദ്ദം ,പ്രമേഹം തുടങ്ങിയ രോഗങ്ങളും ജംഗ് ഫുഡുകളുടെ
ഉപയോഗം മൂലം അമിതവണ്ണവും ,ഹൃദയ സംബന്ധമായ രോഗങ്ങളും , അതി
കഠിനമായ വേനലില്‍ ജോലി ചെയ്യുന്നവരില്‍ നിര്‍ജ്ജലീകരണവും
അതുമൂലം മൂത്രാശയ രോഗങ്ങളും വൃക്ക രോഗങ്ങളും ,ടി.ബി ,ത്വക്ക് രോഗങ്ങള്‍
പോലുള്ള പകര്‍ച്ചവ്യാധികളും ,ഒരു ന്യൂന പക്ഷത്തിനെങ്കിലും
സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിനും അതു വഴി പല ലൈംഗീക
രോഗങ്ങള്‍ക്കും കാരണമാകുന്നതായി കണ്ടു വരുന്നു.
കുട്ടികളില്‍ ജംഗ് ഫുഡിനോടുള്ള പ്രതിപത്തിയും തന്മൂലമുണ്ടാകുന്ന
അമിതവണ്ണവും,ഗള്‍ഫ് മേഘലയില്‍ കൂടുതലായി കണ്ട് വരുന്ന കൃത്യമായ
ഇടവേളകളില്‍ ആഹാരവും വെള്ളവും ശീലമില്ലാത്തതിനാലും
അതികഠിനമായ വേനലില്‍ പുറത്തു ജോലി ചെയ്യുന്നവരിലും ദീര്‍ഘ നാളായി
നിലനില്‍ക്കുന്ന നിര്‍ജ്ജലീകരണവും അതുമൂലം മൂത്രാശയ രോഗങ്ങളും
വൃക്കരോഗങ്ങളും ധാരാളമായി കണ്ട് വരുന്നു.സ്ഥലപരിമിതി മൂലം കൂടുതല്‍
ആളുകള്‍ ചെറിയ മുറികള്‍ ഡോര്‍മിറ്ററി പോലെ ഷെയര്‍ ചെയ്യുമ്പോള്‍ ടി.ബി
പോലെയുള്ള പകര്‍ച്ച വ്യാധികള്‍ പെട്ടന്ന് പകരുന്നതിനു
കാരണമാകും.അതികഠിനമായ ചൂടുള്ള കാലാവസ്ഥയിലും മണല്‍ കാറ്റിലും
ത്വക്ക് രോഗങ്ങള്‍ ധാരാളമായിക്കണ്ടു വരുന്നതിനോടൊപ്പം
സൂര്യപ്രകാശത്തിന്റെ അലര്‍ജിയും സൂര്യാഘാതത്തിന്റെ സാദ്ധ്യതകള്‍
ഉണ്ട്.ബാച്ചിലര്‍ ശൈലിയിലുള്ള ജീവിതരീതി ഒരു ന്യൂനപക്ഷത്തിനെങ്കിലും
സുരക്ഷിതമല്ലാത്തത് ലൈംകീക ബന്ധത്തിനും അതുവഴി പല ലൈംകീക
രോഗങ്ങള്‍ക്കും കാരണമാകുന്നതായി കണ്ട് വരുന്നു.എന്നാല്‍, ഇതുമായി
ബന്ധപെട്ടു നമുക്ക് പിന്‍പറ്റാന്‍ സാധിക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ഇവിടെ
പ്രദാനം ചെയ്യാന്‍ കഴിയും.
ജീവിതത്തില്‍ കൃത്യമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടാവുക. സാമ്പത്തിക
സാമ്പത്തികേതര വിഷയങ്ങളില്‍ എല്ലാം തന്നെ ഇങ്ങനെ ലക്ഷ്യങ്ങള്‍
നിര്‍ണയിക്കുന്നത് ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കി തീര്‍ത്തും. കുട്ടികളുടെ
വിദ്യാഭ്യാസം, ജീവിതപങ്കാളിയുടെ കരിയറുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍, വീട്
മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപക ജംഗമ വസ്തുക്കള്‍, വാഹനം,
കുടുംബത്തിന്റെയും തന്റെയും ആരോഗ്യം, എന്നിവയിലെല്ലാം വ്യക്തമായ
കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും ഉണ്ടായി തീരുന്നത് ജീവിത വിജയത്തിന് കൂടുതല്‍
ഉപകരിക്കും
നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട്
ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുന്നത് ഉപകാര പ്രദമായിരിക്കും. പ്രതിമാസ
വീട്ടു ചിലവ്, വ്യക്തിഗത ചിലവുകള്‍, ഭാവിയിലേക്ക് ആവശ്യമായ
ഇന്‍ഷൂറന്‍സ് അടക്കമുള്ള സാമ്പത്തിക സംവിധാനങ്ങള്‍, തൊഴില്‍
ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം കൃത്യമായ അവബോധം ഏവര്‍ക്കും
ഉണ്ടായിരിക്കണം.
സാമ്പത്തിക ബാധ്യത ഉള്ളവര്‍ അത് വീട്ടി തീര്‍ക്കാനുള്ള കൃത്യമായ പ്ലാനിങ്ങ്
നടത്തുക.
പ്രതിമാസ വീട്ടു ചിലവുമായി ബന്ധപെട്ടു കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുക.
ജീവിത പങ്കാളിയുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും
സഹകരണത്തോടെ ഇത് ചിട്ടപ്പെടുത്താനാവും.
നികുതിയിനത്തില്‍ നാം നല്കി കൊണ്ടിരിക്കുന്ന പണം എന്തെല്ലാമാണ്
എന്നതിനെ ബന്ധപെട്ടു അവബോധം ഉണ്ടാക്കുക.
സാമ്പത്തിക പ്ലാനിങ്ങുമായി ബന്ധപെട്ടു ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
അനുഭവസ്ഥരുടെ സഹായം തേടുക. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി
തീര്‍ക്കും
ലക്ഷ്യങ്ങള്‍ കൃത്യമായി തീര്‍ന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള
നടപടികള്‍ സ്വീകരിക്കുക.
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സമയ ബന്ധിതമായി സ്വയം അവലോകനം
നടത്തുക. ഏതൊരു പ്ലാനിങ്ങും വിജയത്തിലെത്തുന്നത് കൃത്യമായ നിരൂപണ
പ്രവര്‍ത്തനങ്ങളില്‍ കൂടിയാണെന്ന് മനസിലാക്കുക. നേരത്തെ പറഞ്ഞത്
പോലെ തന്നെ സാമ്പത്തിക വിഷയങ്ങളില്‍ വരവറിഞ്ഞു
ചിലവുകഴിക്കുന്നതിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്. നമ്മുടെ ചിലവുകള്‍
കൃത്യമായി നിയന്ത്രിച്ചാല്‍ തന്നെ ആരോഗ്യകരമായ സാമ്പത്തിക ഭദ്രത ഉറപ്പ്
വരുത്താം എന്നതാണ് അടിസ്ഥാന പാഠം.
അങ്ങനെ ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ഉണ്ടെങ്കിലും കേരളത്തിന്റെ
സമ്പദ്ഘടനയെ 1970-കള്‍ക്ക് ശേഷം നിയന്ത്രിച്ചു പോരുന്ന പ്രവാസികളുടെ പങ്ക്
വളരെ വലുതാണ് .അത് കേരളത്തിനെ വികസിത രാജ്യങ്ങളുടെതിന് തുല്യമായ
പല സൂചികകളിലേക്കും എത്തിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.അതിനാല്‍ തന്നെ പ്രവാസി മലയാളികളുടെ ആരോഗ്യവും വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു മേഘാലയാണ്. വ്യകത്മായ തയ്യാറെടുപ്പുകളും ശരിയായ രീതിയിലുള്ള വിസാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ജോലി തരപ്പെടുത്തുന്നതിലൂടെയും സമ്മര്‍ദ്ദ രഹിതമായ ഒരു പ്രവാസജീവിതവും ഒപ്പം
ആരോഗ്യവും സംരക്ഷിക്കാവുന്നതാണ്.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍).